ഇഡ്ഢലിത്തട്ടിലെ ഇലയടകൾ
അമ്മ, കുഞ്ഞനോട് പറഞ്ഞു, ‘വാ, നമുക്ക് കുഞ്ഞനിഷ്ടമുള്ള ഇലയടയുണ്ടാക്കാം.’
ഇലയടയുണ്ടാക്കാന് വാഴയില വേണമല്ലോ. കുഞ്ഞന്‍ ചെറിയ കത്തിയുമായി മുറ്റത്തേക്കു പോയി, അവിടെ ആടിരസിച്ചു നിന്നിരുന്ന ഒരു വാഴയുടെ ആകാശം നോക്കി നിന്ന ഒരു വാഴക്കൈ വെട്ടിയെടുത്തു.
വാഴയുടെ നീളന്‍ ഇലക്കാണ് ‘വാഴക്കൈ’ ഒന്നു പറയുക. ‘ഇലകളാണ് വാഴയുടെ കൈയ്യുകള്‍, അതാണ് വാഴക്കൈ’ എന്നു പറയുന്നത് എന്നമ്മ പറഞ്ഞു കൊടുത്തു.
വാഴക്കൈ ഒരു കൊടി പോലെ ഉയര്‍ത്തിപ്പിടിച്ച്, ‘സിന്ദാബാദ് ഇലയട,’ ‘സിന്ദാബാദ് ഇലയട,’ എന്നു മുദ്രാവാക്യം വിളിച്ചാണ് കുഞ്ഞന്‍ അടുക്കളയിലേക്കു വന്നത്.
‘വല്ല പ്രാണിയോ വലയോ ഒക്കെ കാണും അത് ചതുരക്കഷണങ്ങളാക്കി കീറിയെടുത്തിട്ട് നല്ലോണം കഴുക്, എന്നിട്ട് നല്ലോണം തുടയ്ക്ക്,’ എന്നു പറഞ്ഞു അമ്മ.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
കുഞ്ഞന്‍ അതെല്ലാം ചെയ്തു കഴിഞ്ഞപ്പോഴേയ്ക്ക് അമ്മ അരിപ്പൊടി അടപ്പാകത്തില് വെള്ളവും ഉപ്പും ചേര്‍ത്തു കുഴച്ചുവച്ചു കഴിഞ്ഞിരുന്നു. വേറൊരു പാത്രത്തിലേക്ക് അമ്മ, ശര്‍ക്കര ചീകിയിട്ട് അതിലേക്ക് തേങ്ങ ചിരണ്ടിയതും ചേര്‍ത്തപ്പോള്‍, ‘തേങ്ങയും ശര്‍ക്കരയും കൂടി മെല്ലെ മെല്ലെ ഇളക്കിച്ചേര്‍ക്കുന്ന കാര്യം ഞാനേറ്റു,’ എന്നു പറഞ്ഞു കുഞ്ഞന്‍.
അപ്പണി കഴിഞ്ഞപ്പോ, ശര്‍ക്കരയും തേങ്ങയും പറ്റിപ്പിടിച്ച കൈയ്, കുഞ്ഞന്‍ നക്കിത്തോര്‍ത്തി. ‘അട തിന്നുന്നതിനേക്കാള്‍ രസം ഇങ്ങനെ നക്കിത്തോര്ത്താനാണെ’ന്നു പറഞ്ഞ് കുഞ്ഞനിരിക്കുമ്പോള്, അമ്മ അടുപ്പു കത്തിച്ച് ചെറിയ തീ നാളത്തില്‍ വാഴയിലക്കീറുകള് വാട്ടിയെടുത്തു.
‘വാട്ടിയെടുത്താലേ ഇല വേഗം മടങ്ങൂ. അല്ലെങ്കില്‍ ഇല ഒടിഞ്ഞ് അതിലൂടെ ശര്‍ക്കരവെള്ളം ഒലിക്കും’ എന്നമ്മ പറഞ്ഞു.
അമ്മ പിന്നെ അടകള്‍ കുക്കറിലെ ഇഡ്ഢലിത്തട്ടില് അങ്ങനെയിങ്ങനെ ചായ്ച്ചും ചെരിച്ചും വച്ച് പുഴുങ്ങിയെടുക്കാന്‍ പാകത്തിലാക്കി.
പിന്നെ അമ്മ കുക്കര്‍, അടുപ്പില്‍ വച്ചു. കുറേ നേരം വരണം ആവി. ആവിയിലാണ് അട പുഴുങ്ങിക്കിട്ടുക.
വേഗം വേവും അട. നല്ല ചൂടുണ്ടാവും. കുഞ്ഞനാവും ആദ്യ അട തിന്നുക. പ്ളേറ്റിലേക്ക് അടയിട്ട് അതിനെ പൊതിഞ്ഞിരിക്കുന്ന വാഴയില അമ്മ പൊളിച്ചു മാറ്റും.
ഉടുപ്പൂരി മാറ്റിയ ഒരു കുഞ്ഞുവാവയെപ്പോലെ അങ്ങനെ നാണിച്ച് കിടക്കും അട.
അടയുടെ അപ്പോഴത്തെ നാണം കാണാനാണ് ഏറ്റവും രസം.
അമ്മ, കുഞ്ഞന്‍ അങ്ങനെയൊക്കെ പറയുന്നത് കേട്ട് ചിരിക്കും, എന്നിട്ട് പറയും ‘ഇലയടയുടെ നാണം എന്ന് ഈ കുഞ്ഞന്‍ പറഞ്ഞാ ഞാനാദ്യമായിട്ട് കേള്‍ക്കുന്നത്.’
ഒരുവലിയ കണ്ടുപിടുത്തം നടത്തിയതുപോലെ കുഞ്ഞനപ്പോ സന്തോഷവും അഭിമാനവും ഒക്കെ കൂടിച്ചേര്ന്നങ്ങ് വരും.
‘എന്തൊരു സുന്ദരന്‍ ചിരിയാ കുഞ്ഞന്റേത്,’ എന്നു പറഞ്ഞ് അമ്മ അവനെ എടുത്തു പൊക്കും നിലത്തുനിന്ന്.
എന്നിട്ട്, ‘അയ്യയ്യോ, കുഞ്ഞന്‍ ഭാരം കൂടി വല്യ കുട്ടിയായി കേട്ടോ, എടുത്തു പൊക്കാനൊന്നും പറ്റില്ലേ എനിക്ക്,’ എന്നു പറഞ്ഞ് കിതക്കും.
അപ്പോ കുഞ്ഞന്‍, അമ്മയെ തെരുതെരെ ഉമ്മ വയ്ക്കും.
അങ്ങനെ ഉമ്മ വച്ചിരിക്കുമ്പോ ചിലപ്പോ അവര്‍ ഇലയട തിന്നുന്ന കാര്യമേ മറന്നു പോകും.