പൂത്തിരി പോലൊരു ന്യൂ ഇയര്‍
കുട്ടികള്‍ താഷിയുടെ വീട്ടുമുറ്റത്ത് ഒളിച്ചുകളിക്കുകയായിരുന്നു.
ആ വീട്ടിലെയും അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിലെയും കുട്ടികളുണ്ടായിരുന്നു കളിച്ചു തിമര്‍ക്കലില്‍.
ഒളിച്ചവരെ കണ്ടുപിടിക്കാന്‍ എപ്പോഴും താഷി തന്നെയാണ് നിന്നത്. ‘ഒളിക്കുന്നത് ഭയങ്കര കഷ്ടപ്പാടാണ്, കണ്ടുപിടിക്കാനാണ് എളുപ്പം,’ എന്നായിരുന്നു താഷിയുടെ പറച്ചില്.
ഏറ്റവും ചെറിയ കുട്ടിയായ അമ്മു, കഴുത്തിലൊരു വാട്ടര്‍ ബോട്ടിലും തൂക്കിയാണ് ഒളിച്ചു കളിക്കാന്‍ റെഡിയായത്. അവളുടെ അമ്മ, അവളെ എളിയിലെടുത്ത് കൊണ്ടുവന്ന് ആ കളിക്കൂട്ടത്തില് ചേര്‍ത്തിട്ട് തിരിച്ചുപോയതേ ഉണ്ടായിരുന്നുള്ളൂ. നാലുവയസ്സേ ഉണ്ടായിരുന്നുള്ളു അവള്‍ക്ക്.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
‘വാട്ടര്‍ബോട്ടിലും കഴുത്തില്‍ തൂക്കി ഓടാനും ഒളിക്കാനും സാറ്റടിക്കാനും ഒക്കെ വലിയ പാടാവും, അമ്മുക്കുഞ്ഞത് ഊരി വയ്ക്ക്,’ എന്നു പറഞ്ഞു മറ്റു കുട്ടികളെല്ലാവരും. ‘എനിക്കിടക്കിടക്ക് ദാഹിക്കും, ദാഹിക്കുമ്പോത്തന്നെ വെള്ളം കുടിച്ചില്ലെങ്കിലേ ഞാനെപ്പഴും ഇങ്ങനെ ചെറുതായിത്തന്നെയിരിക്കും, വെള്ളം കുടിച്ചാലേ ഞാന്‍ നിങ്ങളെയെല്ലാം പോലെ വലുതാകൂ,’ എന്നു പറഞ്ഞു അവള്.
‘ഓ നിന്നെക്കൊണ്ട് തോറ്റു,’ എന്നു പറഞ്ഞ് ചിരിച്ചു അപ്പോ മറ്റു കുട്ടികള്‍.
അവളുടെ വാട്ടര്‍ബോട്ടിലു മാത്രമായിരുന്നില്ല അവളെക്കൊണ്ടുള്ള കുഴപ്പം.
താന്‍ എവിടെ ഒളിക്കണമെന്ന് അമ്മുക്കുഞ്ഞിന് സ്വന്തമായി തീരുമാനിക്കാനേ പറ്റുന്നുണ്ടായിരുന്നില്ല. ‘ഞാനെവിടെ ഒളിക്കണം?’ എന്ന് അവള് കൂട്ടത്തിലേറ്റവും വലുതായ നീനച്ചേച്ചിയോട് ചോദിച്ചു നോക്കി. മൂന്നാംക്ളാസുകാരി നീനച്ചേച്ചി അവളോട് പറഞ്ഞു, ‘അമ്മുക്കുഞ്ഞ് ആ കാര്‍പോര്‍ച്ചിന്റെ തൂണിനു പിന്നിലൊളിക്ക്.’
അമ്മു അത്തവണ മാത്രമല്ല എല്ലാത്തവണയും ആ തൂണിനു പിന്നില്‍ത്തന്നെ ഒളിച്ചു. ‘ഇങ്ങനെ ഒരേ സ്ഥലത്തു തന്നെ ഒളിച്ചാല്‍ അമ്മുക്കുഞ്ഞേ, കണ്ണുപൊത്തി ഇരുപതു വരെ ചൊല്ലിത്തീരുമ്പോത്തന്നെ താഷിച്ചേട്ടന് നിന്നെ ചൂണ്ടിക്കാണിക്കില്ലേ, അപ്പോത്തന്നെ ‘അമ്മുക്കുഞ്ഞതാ തൂണിനു പുറകില്‍ എന്നു പറഞ്ഞ് സാറ്റടിക്കാന് പിന്നെ എളുപ്പമല്ലേ?’ എന്നൊക്കെ താഷിയും നീനയും അമ്മുവിനോട് ചോദിച്ചുനോക്കി.
അവരാരും പറയുന്നതൊന്നും മനസ്സിലാകാതെ അമ്മു, തൂണിനു പുറകില്‍ത്തന്നെ എപ്പഴുമെപ്പഴും ഒളിച്ചു.
‘നീയെന്തൊരു കുട്ടിയാണ്, നിനക്കെന്താ പറഞ്ഞാല്‍ മനസ്സിലാകാത്തത്?’ എന്നു ചോദിച്ച് അവളെ വഴക്കു പറഞ്ഞു താഷിച്ചേട്ടന്. അവള് കളിയൊക്കെ നിര്‍ത്തി, തൂണിനു പുറകില്‍ത്തന്നെ ഇരിപ്പായി കരഞ്ഞുകൊണ്ട്.
അപ്പോഴുണ്ട് അവളെത്തന്നെ നോക്കിക്കൊണ്ട് ഒരു മരംകൊത്തി വന്ന് അവളുടെ അടുത്തിരിപ്പായി.
‘നീയെന്താ മരത്തിലിരിക്കാതെ എന്റടുത്തു വന്നിരിക്കുന്നത് ?’ എന്നു ചോദിച്ചു അമ്മുക്കുഞ്ഞതിനോട്.
അപ്പോള്‍ മരം കൊത്തി, അമ്മുവിനെ തൊട്ടുതൊട്ടെന്നപോലെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
അമ്മു, കരച്ചിലിനിടയിലൂടെത്തന്നെ വാട്ടര്‍ ബോട്ടിലിന്റെ അടപ്പൂരി അതില്‍ വെള്ളം ഒഴിച്ച് കുടിച്ചു കൊണ്ടേയിരിപ്പായിരുന്നു അപ്പോഴെല്ലാം.
ഇടയ്ക്ക് അമ്മുവിന്റെ കൈ തട്ടി ആ അടപ്പിലെ വെള്ളം താഴെ വീണതും, മരം കൊത്തി ആ വെള്ളത്തില്‍ ചായ്ച്ചും ചരിച്ചും അതിന്റെ കൊക്കുമുട്ടിക്കാന് തുടങ്ങി.
‘ആഹാ, നിനക്ക് വെള്ളം വേണമല്ലേ മരം കൊത്തിക്കുട്ടപ്പാ?’ എന്നു ചോദിച്ച്, അപ്പുറത്തു കിടന്ന ചിരട്ടയിലേക്ക് വെള്ളമൊഴിച്ച് അത് മരംകൊത്തിയുടെ മുന്നിലേക്ക് നീക്കിവച്ചു അമ്മുക്കുഞ്ഞ്.
മരംകൊത്തി, ചിരട്ടയിലേക്ക് കൊക്ക് താഴ്ത്തി വെള്ളം കുടിക്കുകയും ഉറക്കെ ചിലയ്ക്കുകയും ചെയ്തു.
അപ്പോ അവിടേക്ക് വേറെയും കിളികള്‍ വന്നു.
എന്നിട്ട് ചിരട്ടയില്‍ നിന്ന് അവരും വെള്ളം കുടിക്കാന്‍ തുടങ്ങി. പിന്നെ എല്ലാരും കൂടി കലപില എന്ന് ചിലപ്പായി.
‘ഇങ്ങോട്ട് വാ ഇങ്ങോട്ട് വാ ഇവിടെ വെള്ളമുണ്ട്,’ എന്നു പറഞ്ഞ് അവർ വേറെയെല്ലാവരെയും വിളിക്കുകയാണെന്ന് അമ്മുക്കുഞ്ഞിന് മനസ്സിലായപ്പോള്‍, അവള് ഓടിച്ചെന്ന് താഷിച്ചേട്ടനെയും നീനച്ചേച്ചിയെയുമൊക്കെ വിളിച്ചു കൊണ്ടുവന്നു. എന്നിട്ട് കിളി ബഹളം, കിളികളുടെ വെള്ളംകുടിമേളം ഒക്കെ അവരെ കാണിച്ചു കൊടുത്തു.
‘പാവങ്ങൾ, വെള്ളം കിട്ടാതെ വലഞ്ഞിരിപ്പായിരുന്നെന്നാ തോന്നണത്,’ എന്നു പറഞ്ഞ് അവരെല്ലാം കളിമേളം നിര്‍ത്തി, കിളികളെ നോക്കി നില്‍പ്പായി. പിന്നെ പറമ്പില്‍ കിടന്ന ചിരട്ടകള്‍ പെറുക്കിയെടുത്ത് വെള്ളം നിറച്ചു വയ്ക്കാന്‍ തുടങ്ങി.
‘കളി തീര്‍ന്നില്ലേ, സന്ധ്യയായല്ലോ, വീട്ടില്‍ കയറാറായില്ലേ?’ എന്നു ചോദിച്ചു കൊണ്ട് അപ്പോ താഷിയുടെ അമ്മ വീടിനകത്തുനിന്ന് വന്നു.
‘എന്റെ വാട്ടര്‍ബോട്ടിലിലെ വെള്ളം കണ്ട് കൊതിപിടിച്ചു വന്നവരാ ഇവരെല്ലാം,’ എന്ന് അമ്മുക്കുഞ്ഞ്, അവിടൊക്കെ തത്തിനടക്കുകയും ഇടക്കു വന്ന് വെള്ളം കുടിക്കുകയും ചെയ്യുന്ന കിളികളെ താഷിച്ചേട്ടന്റെയമ്മയ്ക്ക് വല്യ ഗമയില്‍ പരിചയപ്പെടുത്തിക്കൊടുത്തു.
‘ആഹാ, കൊള്ളാല്ലോ. നമ്മുടെയൊക്കെ പറമ്പിലെ ഈ കിളികള്‍ക്ക്, അണ്ണാന്മാര്ക്ക്, കീരികള്‍ക്ക്, പൂച്ചകള്‍ക്ക്, പട്ടികള്‍ക്ക് ഒക്കെ കുടിക്കാനായി നമുക്ക് മണ്‍ചട്ടികള്‍ വാങ്ങി വെള്ളം നിറച്ചുവയ്ക്കാം ഇനി മുതല്‍,’ എന്നു പറഞ്ഞു താഷിയുടെ അമ്മ, അമ്മുക്കുഞ്ഞിനെ എടുത്തുപൊക്കിക്കൊണ്ട്.
അതിനിടെ താഷി വീടിനകത്തുപോയി കുറേ പൂത്തിരി എടുത്തു കൊണ്ടുവന്നു.
എല്ലാവരും പൂത്തിരി കത്തിക്കല്‍ ബഹളമായപ്പോള്‍, കിളികള്‍ മരക്കൊമ്പിലേക്ക് പറന്നു പോയി.
തന്റെ എളിയിലിരിക്കുന്ന അമ്മുക്കുഞ്ഞിന്റെ കൈയില്‍, കത്തിച്ച ഒരു പൂത്തിരി വളരെ സൂക്ഷിച്ചു വച്ചു കൊടുത്തു താഷിയുടെ അമ്മ.
‘ഇന്ന് വിഷുവാണോ?’ എന്നു ചോദിച്ചു അമ്മുക്കുഞ്ഞ്.
‘നാളെ പുതുവര്‍ഷം തുടങ്ങുകല്ലേ, അതിന്റെ ആഘോഷമാണ്, കുഞ്ഞമ്മൂ,’ എന്നു പറഞ്ഞു അവളുടെ നെറ്റിയിലുമ്മ വച്ചുകൊണ്ട് താഷി.
‘എല്ലാ ജീവികള്‍ക്കും അവരുടെ ദാഹം മാറും വരെ വെള്ളം കുടിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കലാണ് നമ്മുടെ ന്യൂ ഇയര്‍ തീരുമാനം അല്ലേ താഷിയുടെ അമ്മേ?’ എന്നു ചോദിച്ചു നീന.
‘ഭൂമിയുടെ അവകാശികളാണ് എല്ലാവരും,’ എന്ന് താഷിയുടെ അമ്മ പറഞ്ഞു.
‘നാളേം വരില്ലേ കളിക്കാന്‍?’ എന്നു ചോദിച്ച് അവരെല്ലാവരും സ്വന്തം വീടുകളിലേക്കു പോകുന്നതിനിടെ താഷിയമ്മയുടെ ഒക്കത്തിരുന്ന് അമ്മുക്കുഞ്ഞ് വിഷമത്തോടെ ചോദിച്ചു, ‘നാളെ ഞാനെവിടെ ഒളിക്കും?’
അവരെല്ലാം അതു കേട്ടതും ചിരിയായി.
‘കുഞ്ഞിനെ കളിയാക്കല്ലേ,’ എന്നു പറഞ്ഞു താഷിയുടെ അമ്മ. ‘അവള് കാരണമല്ലേ കിളികള്‍ക്ക് ദാഹിക്കുന്ന കാര്യം നമ്മളെല്ലാവരുമറിഞ്ഞത്, എത്ര കിളികളുടെ ദാഹമാ അമ്മുക്കുഞ്ഞ് കാരണം മാറിയത്, അതൊരു നല്ല കാര്യമല്ലേ?’ എന്നു ചോദിച്ചു താഷിയുടെ അമ്മ.
- Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
‘ദേ വരുന്നുണ്ട് നിന്റെയമ്മ നിന്നെ അന്വേഷിച്ച്,’ എന്നു പറഞ്ഞു ഗേറ്റിലേക്ക് വിരല്‍ ചൂണ്ടി നീന.
അമ്മുക്കുഞ്ഞ് അപ്പോ അമ്മയുടെ കൈയിലേക്ക് ചാടി. എന്നിട്ട് എല്ലാവരോടും ‘ബൈ’ പറഞ്ഞു.
‘കിളികള്‍ക്കും കൂട്ടുകാര്‍ക്കും വെള്ളം കൊടുക്കണം ഇനി മുതല്‍, ന്യൂ ഇയര്‍ തുടങ്ങുവാണ്,’ എന്നു പറഞ്ഞു നീനച്ചേച്ചി. ന്യൂ ഇയര്‍ വന്ന കാര്യം അമ്മ അറിഞ്ഞാരുന്നോ?’ എന്നവള്‍ പിന്നെ അമ്മയുടെ ഒക്കത്തിരുന്നങ്ങനെ വീട്ടിലേക്കു പോകും വഴി നിര്‍ത്താതെ വിശേഷം പറയാന്‍ തുടങ്ങി.
പൂത്തിരി കത്തും പോലെ തിളങ്ങിച്ചിരിക്കുന്ന അമ്മുക്കുഞ്ഞിനെ കാണാനാവും, മാനത്ത് മെല്ലെ മെല്ലെ തെളിഞ്ഞുവന്നു അമ്പിളി മാമ്മന്‍.
അമ്പിളിമാമ്മന്റെ പൂത്തിരികളാണ് നക്ഷത്രങ്ങള്‍ എന്നവള്‍ അമ്മയ്ക്ക് പറഞ്ഞു കൊടുത്തു. അമ്മ അതു കേട്ട് കുലുങ്ങിച്ചിരിച്ചു.