മീനമ്മയുടെ പുറകേ പോയവര്‍

ഒരു പൂച്ചക്കുഞ്ഞനും പട്ടിക്കുഞ്ഞനും വഴിയില്‍ വച്ച് കണ്ടുമുട്ടി. പൂച്ചക്കുഞ്ഞന്‍, വഴിയരികിലെ പിങ്കുവീട്ടിലെ മിനിക്കുട്ടിയുടെ പൂച്ചയായിരുന്നു.

പട്ടിക്കുട്ടനോ, ആ വീടിന്റെ എതിര്‍വശത്ത്, അതായത് വഴിക്കപ്പുറമുള്ള ഇളം പച്ച വീ്ട്ടിലെ ജോസൂട്ടന്റെയായിരുന്നു.

മിനിക്കുട്ടിയും ജോസൂട്ടനും തോളത്തു കൈയിട്ട് സ്‌ക്കൂള്‍ ബസില്‍ കയറാനായി ബസ്സ്‌റ്റോപ്പിലേക്കു പോയപ്പോഴാണ് പൂച്ചക്കുഞ്ഞനും പട്ടിക്കുട്ടനും അവരവരുടെ വീടുകളില്‍ നിന്ന്, സൂത്രത്തില്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് സവാരിക്കിറങ്ങിയത്.

അങ്ങനെ പോകെപ്പോകെയാണവര്‍ വഴിയില്‍ വച്ച് കണ്ടുമുട്ടിയത്. പരസ്പരം അവര്‍ കണ്ടപ്പോഴോ? അന്തം വിട്ടനങ്ങാതെ നില്‍പ്പായി രണ്ടുപേരും. പൂച്ചക്കുഞ്ഞന്‍ പേടിച്ച് വാല്‍ പൊക്കിപ്പിടിച്ചു. പട്ടിക്കുഞ്ഞനോ പേടി കൊണ്ട് ചെവി കൂര്‍പ്പിച്ചു പിടിച്ചുകൊണ്ട് പൂച്ചക്കുഞ്ഞനെ സൂക്ഷിച്ചുനോക്കിനില്‍പ്പായി.

പൂച്ചക്കുഞ്ഞന്‍ അതുവരെ ഒരു പട്ടിക്കുട്ടനെ കണ്ടിരുന്നില്ല. പട്ടിക്കുട്ടനതുവരെ ഒരു പൂച്ചക്കുഞ്ഞനെയും കണ്ടിരുന്നില്ല. ഇതെന്തു ജീവി എന്നു പരസ്പരം നോക്കിക്കൊണ്ട് കണ്ണു മിഴിച്ചു നില്‍പ്പായി അവര്‍.

priya as , childrens stories, iemalayalam
അപ്പോഴതുവഴി അവരുടെ രണ്ടാളുടെയും വീട്ടില്‍ വരാറുള്ള മീനമ്മ വന്നു.
അവരുടെ തലയിലെ മീന്‍കുട്ട കണ്ടതും അവര്‍ക്ക് രണ്ടാള്‍ക്കും കൊതിവന്നു, എന്നിട്ടവര്‍ രണ്ടാളും കൂടി മീനമ്മയുടെ പുറകെ ഓടി.

‘ഇന്ന് രണ്ടാളും ഒന്നിച്ചാണല്ലോ, എപ്പോ പരിചയപ്പെട്ടു രണ്ടാളും?’എന്നൊക്കെ അവരോട് കുശലം ചോദിച്ചു കൊണ്ട് മീനമ്മ നടന്നു.

മീനമ്മയുടെ പുറകെ ഓടും വഴി, അവര്‍ രണ്ടാളും ‘ഞാന്‍ മിനിക്കുട്ടിയുടെ പൂച്ചക്കുഞ്ഞന്‍, ഞാന്‍ ജോസൂട്ടന്റെ പട്ടിക്കുട്ടന്‍’എന്നു പറഞ്ഞ് പരസ്പരം പരിചയപ്പെട്ടു.

‘മ്യാവൂ, മ്യാവൂ’ എന്ന് പൂച്ചക്കുഞ്ഞനും ‘ബൗ, ബൗ’ എന്ന് പട്ടിക്കുട്ടനും നിര്‍ത്താതെ വര്‍ത്തമാനം പറയുന്നതു കേട്ട് മീനമ്മ അവരെ തിരിഞ്ഞുനോക്കി ചിരിച്ചു. എന്നിട്ട് ചോദിച്ചു, ‘മീന്‍ കിട്ടാന്‍ വേണ്ടീട്ടാണോ ഈ കോലാഹലമൊക്കെ? എന്നിട്ട് വഴീന്നൊരില പറിച്ച് കൊട്ടേന്നു രണ്ടു മീനെടുത്തുവച്ചു കൊടുത്തു അവര്‍.

മീനമ്മയുടെ പുറകെയുള്ള സഞ്ചാരം മതിയാക്കി, രണ്ടുപേരും വഴിയില്‍ത്തന്നെ നിന്ന് മീന്‍ നൊട്ടിനുണഞ്ഞ് സാപ്പിടാന്‍ തുടങ്ങി.

‘നിങ്ങടെ വീട്ടിലെ ആളുകളൊക്കെ വീട്ടിത്തന്നെയുണ്ടല്ലോ അല്ലേ, ഇന്നവര്‍ മീന്‍ വാങ്ങുമോ ആവോ?’ എന്നുറക്കെ ചോദിച്ച് മീനമ്മ മുന്നോട്ടു നടപ്പു തുടര്‍ന്നു.

priya as , childrens stories, iemalayalam
‘ഇന്നു വീട്ടില്‍ മിനിക്കുട്ടീടമ്മമ്മക്കു പനിയാ, മീന്‍ വാങ്ങില്ല, അതല്ലേ വീട്ടീന്നു ഞാന്‍ ചാടിപ്പോന്നത്,’എന്നു ‘മ്യാവൂ’ ഭാഷയില്‍ പൂച്ചക്കുഞ്ഞന്‍ കഴുത്തുയര്‍ത്തി നിന്ന് മീനമ്മയോട് പറഞ്ഞു.

‘ഞങ്ങടെ വീട്ടിലിപ്പോ ആരുമില്ല, അവരൊക്കെ ഓഫീസിപ്പോയി,’ എന്നു പട്ടിക്കുട്ടന്‍, മീനമ്മയുടെ സാരിത്തുമ്പില്‍ കളിയായി കടിച്ചു കൊണ്ട് ‘ബൗ, ബൗ’ ഭാഷയിലൂടെ പറഞ്ഞു.

മീനമ്മക്കുണ്ടോ ‘മ്യാവൂ മ്യാവൂവും’ ‘ബൗ ബൗവും,’ ഒക്കെ കേള്‍ക്കാന്‍ നേരം! കേട്ടാലും അവര്‍ക്കുണ്ടോ അതൊക്കെ മനസ്സിലാവുന്നു!

‘ഞങ്ങള് ഇത്രയൊക്കെ പറഞ്ഞിട്ടും മീനമ്മ മുന്നോട്ടു നടപ്പു തുടരുന്നതെന്താ?’ എന്നു മനസ്സിലാവാതെ പൂച്ചക്കുഞ്ഞനും പട്ടിക്കുട്ടനും തല ഉയര്‍ത്തി അവര്‍ പോകുന്നതും നോക്കി നിന്ന നേരത്ത് എന്താ സംഭവിച്ചതെന്നറിയാമോ?

ഒരു കാക്കച്ചനും ഒരു കാക്കച്ചീം കൂടി വന്ന് അവരുടെ മീന്‍ കൊത്തിയെടുത്ത് ഒറ്റപ്പറക്കല്‍.
അവര്‍ രണ്ടാളും ദേഷ്യവും സങ്കടവും വന്ന്, ആ കാക്കകള്‍ പറന്ന വഴിയേ ഓടാന്‍ തുടങ്ങി.

‘ബൗ, ബൗ,’ ‘മ്യാവൂ, മ്യാവൂ,’ ബഹളം കേട്ട് മീനമ്മ തിരിഞ്ഞുനോക്കി. എന്നിട്ട് അതു വഴി വന്ന പശുവമ്മയോട് പറഞ്ഞു, ‘രണ്ടിനേം കാക്കകള് പറ്റിച്ചു.’

priya as , childrens stories, iemalayalam
പശുവമ്മ കഴുത്തിലെ മണി കുലുക്കി അതു ശരിവച്ചു. എന്നിട്ട് വഴിയരികില്‍ നിന്ന് പുല്ലുതിന്നാന്‍ തുടങ്ങി. അപ്പോഴേക്ക് പൂച്ചക്കുഞ്ഞനും പട്ടിക്കുട്ടനും തിരികെ ഓടി വന്നു.

എന്നിട്ടവര് മീനിന്റെയും കാക്കകളുടെയും കാര്യം മറന്ന് പശുവമ്മയെ നോക്കി മിഴിച്ചു നിന്നു.
ഞാനൊരു പശുവമ്മയാണ്, പുല്ലാണ് ഞാന്‍ തിന്നുക എന്നു പറഞ്ഞത് കേട്ട് ‘എന്നാപ്പിന്നെ ഞങ്ങളും തിന്നു നോക്കാം പുല്ല്,’ എന്ന വിചാരത്തിലാവും അവര്‍ പുല്ലുകടിച്ചുനോക്കാന്‍ തുടങ്ങി.

എന്തൊരു ചവര്‍പ്പ് എന്നു പുല്ല് തുപ്പിക്കളഞ്ഞ്, ‘ഇന്നിനി സഞ്ചാരം മതി’ എന്നു തിരുമാനിച്ച് അവര്‍ അവരവരുടെ വീട്ടിലേക്ക് ഓടിപ്പോയി.

മരക്കൊമ്പില്‍ കൊണ്ടുവച്ച് മീന്‍ കൊത്തിത്തിന്നുന്ന കാക്കകളെ നോക്കി പശു ‘ഉംബേ,’ എന്നൊച്ചയെടുത്തു.

‘ദുഷ്ടമ്മാരേ, നിങ്ങളാ പാവങ്ങളുടെ മീന്‍ തട്ടിയെടുത്തത് ഒട്ടും ശരിയായില്ല,’ എന്നുതന്നെയാവും പശുവമ്മ പറഞ്ഞത്, അല്ലേ ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook