ഒരു ചാരുകസേരയില്‍

കുഞ്ഞനും അപ്പൂപ്പനും കൂടി വീടിന്റെ മുന്‍വശത്ത് ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു. അപ്പൂപ്പന്‍ ചാരുകസേരയുടെ മടിയില്‍ ചാരിക്കിടന്നു.
കുഞ്ഞനോ, അപ്പൂപ്പന്റെ മടിയിലും.

പെട്ടെന്ന് അപ്പൂപ്പന്‍ മുറ്റത്തേക്ക് കൈ ചൂണ്ടിപ്പറഞ്ഞു, ‘നോക്ക് കുഞ്ഞുമോനേ, ഒരാമ’.

കുഞ്ഞന്‍, അപ്പൂപ്പന്റെ മടിയില്‍ നിന്ന് ചാടി നിലത്തേക്കിറങ്ങി ആമയെ എത്തിവലിഞ്ഞ് നോക്കി.

കട്ടിപ്പുറന്തോടുകാരന്‍ കറുത്ത നിറക്കാരന്‍ ആമ…

അവന്‍ കുഞ്ഞിക്കഴുത്തും തലയും ഗമയില്‍ നീട്ടിപ്പിടിച്ചുകൊണ്ട് എങ്ങോട്ടോ ഇഴഞ്ഞുപോവുകയാണ്.

‘എങ്ങോട്ടാ നീയ്?’, കുഞ്ഞന്‍ ഉറക്കെ ചോദിച്ചു.

ആമ, മുന്നോട്ടുമുന്നോട്ട് സാവധാനം ഇഴഞ്ഞുകൊണ്ടേയിരുന്നു.

‘ഞാന്‍ നിന്നെ അടുത്തുവന്നുനിന്ന് ഒന്നു കണ്ടോട്ടെ?’, കുഞ്ഞന്‍ നല്ല ഒച്ചയില്‍ വിളിച്ചു ചോദിച്ചു.എന്നിട്ട് ഓടി മുറ്റത്തേക്കിറങ്ങി.

കുഞ്ഞന്‍ ഓടിപ്പാഞ്ഞുചെന്ന് ആമയുടെ അടുത്ത് കുനിഞ്ഞിരിപ്പായി.

priya as, childrens stories, iemalayalam
പെട്ടെന്ന് ആമ, അവന്റെ കഴുത്തും തലയും അവന്റെ കട്ടിപ്പുറന്തോടിനുള്ളിലേക്ക് വലിച്ചൊളിപ്പിച്ച്, ഇഴച്ചില്‍ നിര്‍ത്തി അനങ്ങാപ്പാറപോലെ കിടപ്പായി.

‘കുഞ്ഞാ വെയിലു കൊള്ളണ്ട,കുഞ്ഞന്‍ അവന്റെടുത്തുനിന്ന് മാറി എന്നുറപ്പായാലേ ഇനി അവനനങ്ങൂ, ഇങ്ങുപോരേ ‘, അപ്പൂപ്പന്‍ കുഞ്ഞനെ തിരികെ വിളിച്ചു.

എന്നിട്ടും കുഞ്ഞനിത്തിരി നേരം കൂടി അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു.
എന്നിട്ട് അവനോട് ഒച്ചതാഴ്ത്തി പറഞ്ഞു, ‘എടാ ഞാന്‍ നിന്നെ ഉപദ്രവിക്കുകയൊന്നുമില്ല, നീ ഒന്ന് തല നീട്ട്, ഞാനൊന്ന് ശരിക്കു കാണട്ടെ നിന്നെ’.

ആമ അതൊന്നും കേട്ടമട്ടുകാണിക്കാതെ അനങ്ങാക്കിടപ്പു തടര്‍ന്നു,
മടുത്ത് കുഞ്ഞന്‍, അപ്പൂപ്പന്റെ മടിയിലേക്ക് തിരിച്ചുപോയി. കുഞ്ഞന്‍ അവന്റെ പോക്കറ്റില്‍ നിന്ന് ഒരു മിഠായി എടുത്ത് അപ്പൂപ്പനു കൊടുത്തു. പിന്നൊരെണ്ണം കൂടി എടുത്ത് അവനും തിന്നു.

അതിനിടെ കുഞ്ഞന്‍, മരക്കൊമ്പത്തു വന്നിരുന്ന കാക്കയോട് വര്‍ത്തമാനം പറയാന്‍ തുടങ്ങി. കുഞ്ഞന്‍ പറയുന്നതിനെല്ലാം മറുപടിയായി കാക്ക ‘കാകാ’ എന്നു പറഞ്ഞു.

‘നീ എന്താണ് പറയുന്നത്, എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ’ എന്നു പരാതിപ്പെട്ടു കുഞ്ഞന്‍.

കാക്ക പിന്നെ കുറച്ചുനേരം മിണ്ടാതിരുന്ന് എന്തൊക്കെയോ ഈലോചിക്കാന്‍ തുടങ്ങി.

കുഞ്ഞനതിനിടെ മുറ്റത്തേക്ക് നോക്കുമ്പോഴുണ്ട്, ദാ നമ്മുടെ ആമച്ചാര് സൂത്രത്തില്‍ കഴുത്തും തലയും പുറത്തേക്കു നീട്ടുന്നു.

‘ദേ നോക്ക്,’ കുഞ്ഞന്‍ ആമയ്ക്കു നേരെ വിരല്‍ ചൂണ്ടി അപ്പൂപ്പനോട് രഹസ്യം പറഞ്ഞു.

priya as, childrens stories, iemalayalam
അവര് നോക്കിയിരിക്കെ, ആമ മെല്ലെമെല്ലെ ഇഴഞ്ഞ് പോയി.
കാക്ക, ആലോചന മതിയാക്കി വീണ്ടും ‘കാകാ,’ എന്ന് നിര്‍ത്താതെ ഒച്ചവയ്ക്കാന്‍ തുടങ്ങി.

‘ശ്,’ എന്നു ചുണ്ടത്തു വിരല്‍ വച്ച് ബഹളം ഉണ്ടാക്കുന്നതില്‍ നിന്ന് കാക്കയെ വിലക്കി കുഞ്ഞന്‍.

അതിഷ്ടപ്പെടാണ്ട് കാക്ക അപ്പോത്തന്നെ സ്ഥലം വിട്ട് പറന്നുപോയി.

‘ആമ, വല്യൊരു ഒളിച്ചു കളിക്കാരനാണ് അല്ലേ അപ്പൂപ്പാ?’ എന്നു ചോദിച്ചു കുഞ്ഞന്‍.

‘ശരിയാ, അവന് തല ഉള്ളിലേക്ക് വലിച്ചെടുത്ത് അനങ്ങാതെ കിടന്നാല്‍ അതൊരു ജീവിയാന്നു കണ്ടുപിടിക്കാന്‍ പോലും പറ്റില്ല ആര്‍ക്കും,’ എന്നു പറഞ്ഞു അപ്പൂപ്പന്‍.

‘നമ്മക്കെന്താ തല ഉള്ളിലേക്കു വലിക്കാന്‍ പറ്റാത്തത്?’ കുഞ്ഞന്‍ ചോദിച്ചു.

‘ഓരോ ജീവിക്കും ഓരോ രീതി,’ അപ്പൂപ്പന്‍ പറഞ്ഞു.

‘ആനയ്ക്ക് തുമ്പിക്കെ
കുരങ്ങന് വാല്
മയിലിന് പീലി, അല്ലേ അപ്പൂപ്പാ?’എന്നു ചോദിച്ചു കുഞ്ഞന്‍.

എന്നിട്ട് അപ്പൂപ്പന്റെ മടിയില്‍ കിടന്ന നീല മിഠായിക്കടലാസ് കണ്ണിനു നേരെ നിവര്‍ത്തിപിപടിച്ച് പച്ച മരങ്ങളെയെല്ലാം നീലമരങ്ങളായി കണ്ടുരസിക്കാന്‍ തുടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook