ഗ്രേസ് മൂന്നു കുഞ്ഞിപെണ്‍കുട്ടികളുടെ പടം വരച്ചു .പടത്തിനു താഴെ ഗ്രേസ്, G-R-A-C-E എന്ന് സ്പെല്ലിങ്ങുള്ള ഗ്രേസിലെ G എന്ന അക്ഷരം കൊണ്ട് ഒപ്പിട്ടു. അമ്മയ്ക്ക് ആ പടം ഇഷ്ടമായി. അമ്മ,ആ പെണ്‍കുട്ടികള്‍ക്ക് പേരിട്ടു . നീലയുടുപ്പിട്ടത് കാത്തു. നിറയെ പൂക്കളുടെ പടമുള്ള ഉടുപ്പിട്ടത് ചിത്ര. ഒരു താറാവിന്റെ പടം പെയിന്റു ചെയ്തു ചേര്‍ത്ത ഉടുപ്പിട്ടത് മിന്ന.
അമ്മയിട്ട പേരുകള്‍ ഗ്രേസിന് ഇഷ്ടമായി.
അമ്മ ആ പടം ഫ്രെയിം ചെയ്യിച്ച് മുന്‍വശത്തെ മുറിയിലെ ഭിത്തിയില്‍ തൂക്കി.
ഗ്രേസ്, ഭിത്തിയിലെ പടത്തിന്റെ ഭംഗി ചാഞ്ഞും ചരിഞ്ഞും നോക്കി തൃപ്തി വന്നശേഷം രാത്രി ഉറങ്ങാന്‍ പോയി.
ഗ്രേസ് ഉറങ്ങിയെന്നു ബോദ്ധ്യമായപ്പോള്‍, ചിത്രത്തിലെ മൂന്നു പെണ്‍കുട്ടികളും കൂടി ചിത്രത്തില്‍ നിന്നും അവരുള്ള മുറിയെ എത്തിനോക്കി . എന്നിട്ടവര്‍,പതുക്കെ ചിത്രത്തില്‍ നിന്ന് ചാടിയിറങ്ങി.
അവർ ആ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
മുറിയില്‍ നിറയെ ഗ്രേസ് ചിതറിയിട്ട കളിപ്പാട്ടങ്ങളും സ്കെച്ച് പെന്‍സിലുകളും അവള്‍ വരയ്ക്കുന്ന ഡ്രോയിങ് ബുക്കുകളുമായിരുന്നു . അവരതിലൊക്കെ തട്ടിത്തടഞ്ഞു വീഴാന്‍ പോയി.
ഇങ്ങനെയിട്ടാല്‍ പറ്റില്ലല്ലോ ഈ മുറി , നമുക്കിവിടം വൃത്തിയാക്കാം ,കാത്തു പറഞ്ഞു.
ചിത്രയും മിന്നയും അത് കേട്ടതു പാതി കേക്കാത്ത പാതി ഉടനെ സമ്മതിച്ചു.
ഒരര മണിക്കൂര്‍ കൊണ്ട് അവര്‍ മുറി വൃത്തിയാക്കി. പാവക്കുട്ടികളെയൊക്കെ അവരൊരിടത്ത് അടുക്കിവച്ചു. സ്കെച്ച് പെന്നുകളൊക്കെ ബോക്‌സിലെടുത്തി ട്ടു. വരപ്പുസ്തകങ്ങള്‍ മേശമേല്‍ എടുത്തു വച്ചു. ആഹാ , ഇപ്പോ മുറി കാണാന്‍ എന്തു ഭംഗി എന്നവര്‍ തമ്മിൽത്തമ്മില്‍ പറഞ്ഞു. പിന്നെ അവര്‍ അവിടെ ഓടിക്കളിക്കാന്‍ തുടങ്ങി. അവരുടെ ബഹളം കേട്ട് ഇടക്കൊക്കെ കണ്ണു തുറന്നു നോക്കിയെങ്കിലും നല്ല ഉറക്കത്തിലായിരുന്ന തിനാല്‍ ഗ്രേസിന് ഒന്നും ശരിയ്ക്കങ്ങോട്ട് പിടികിട്ടിയില്ല.
കാത്തുവും മിന്നയും ചിത്രയും കൂടി പ്രധാനമായും കളിച്ചത് ഓടിപ്പിടുത്തവും ഒളിച്ചുകളിയുമാിരുന്നു. ഇടയ്ക്ക് ഓട്ടത്തിനിടയിലവര്‍ ആരെങ്കിലുമൊക്കെ വീണു . ചിത്രയുടെ കാല് പൊട്ടി ചോര പൊടിഞ്ഞു വീഴ്ചയ്ക്കിടക്ക് . ചിത്രയുടെ ഉടുപ്പിലെ ഒരു പൂ ലേശം കീറി. മിന്നയുടെ ഉടുപ്പിലെ താറാവിന്റെ ചിറകിലെ പെയിന്റ് അല്പം പൊളിഞ്ഞുപോയി.

കളിച്ചു തകര്‍ത്തശേഷം, രാവിലെ ആകാറായപ്പോള്‍ മൂന്നു പെണ്‍കുട്ടികളും ചിത്രത്തിലേക്ക് തന്നെ കയറിപ്പോയി.
അവരെന്നിട്ട് പഴയപടി തന്നെ ഇരുന്നു ചിത്രത്തില്‍.
ഗ്രേസ് ഉണര്‍ന്നു പല്ലു തേച്ച് കാപ്പി കുടിച്ച ശേഷം മുന്‍വശത്തെ ആ മുറിയിലേക്കു വന്നു . മുറി ആരോ അടുക്കിയിരിക്കുന്നതു കണ്ട് നല്ല ഭഗി എന്നവളോര്‍ത്തു. വൃത്തിയാക്ക് എന്ന് തന്നോടു പറഞ്ഞു മടുത്തിട്ട് അമ്മ തന്നെ ചെയ്തതാവും അവള്‍ വിചാരിച്ചു. പിന്നെ അവള്‍ ചിത്രത്തിലെ പെണ്‍കുട്ടികളോട് രാത്രിയില്‍ അവള്‍ കണ്ട സ്വപനത്തെക്കുറിച്ചു പറഞ്ഞു . നിറയെ പൂക്കളുള്ള ഒരിടത്തുകൂടി അവള്‍ നടക്കുകയായിരുന്നു . മൂന്നു പെൺകുട്ടികള്‍ അവളെ വന്ന് തോണ്ടിവിളിച്ചു ചോദിച്ചു , ഞങ്ങളുടെ കൂടെ കളിക്കുന്നോ?
വരാം ,കളിക്കാന്‍ കൂട്ടുകാരാരുമില്ലാതെ ഞാന്‍ ബോറടിച്ചിരിക്കുകയാണ് എന്നു മറുപടി പറയുമ്പോഴേക്കും ഞാന്‍ വീണ്ടുമുറങ്ങിപ്പോയി.. അതു കൊണ്ട് ആ മൂന്നുപെണ്‍കുട്ടികളുടെ കൂടെ കളി നടന്നില്ല.
അവള്‍ തുടര്‍ന്നു. സ്വപ്‌നത്തില്‍ വെളിച്ചം പോരായിരുന്നു. എനിക്കവരുടെ മുഖം കാണാന്‍ പറ്റിയില്ല.
ഇടയ്ക്ക് ഗ്രേസ് പുരികം വളച്ച് സംശയഭാവത്തില്‍ ചോദിച്ചു , ഇനി നിങ്ങളെങ്ങാനുമായിരുന്നോ അത്?
അവളവരെ സൂക്ഷിച്ചുനോക്കി . ഇന്നലെ ഞാന്‍ വരച്ചു വച്ചതില്‍ നിന്ന് കുറേ മാറ്റങ്ങള്‍ കാണുന്നുണ്ടല്ലോ എന്നായി അവള്‍. ഒരാളുടെ ഉടുപ്പു കീറിയിരിക്കുന്നു. ഒരാളുടെ കാല്‍ പൊട്ടിയിരിക്കുന്നു. ഒരാളുടെ ഉടുപ്പിലെ പെയിന്റ് പൊളിഞ്ഞുപോയിരിക്കുന്നു. എന്താകാര്യം എന്ന മട്ടില്‍ അവളവരെ അടിമുതല്‍ മുടി വരെ നോക്കിനിന്നു.
അപ്പോ നിങ്ങള്‍ തന്നെയായിരുന്നു ഇന്നലെ സ്വപ്നത്തില്‍ വന്ന കുട്ടികള്‍ അല്ലേ എന്നു ചോദിച്ചു അവള്‍. എന്നെ വിളിച്ചപ്പോ ഞാനുറക്കക്കൂടുതല്‍ കൊണ്ടു നിങ്ങളുടെ ഒപ്പം ചേരാതിരുപ്പോ നിങ്ങള്‍ തന്നത്താന്‍ കളിച്ചു അല്ലേ ?അവള്‍ തിരക്കി.
കുട്ടികള്‍ വരച്ച ചിത്രങ്ങളിലെ രൂപങ്ങള്‍ക്കും പാവകള്‍ക്കും മിണ്ടാനും കളിക്കാനും രാത്രിയിലല്ലേ പറ്റുള്ളൂ . അതുകൊണ്ട് അവര്‍ ഉത്തരമൊന്നും പറയാതെ മിണ്ടാതെ നിന്നു.
പക്ഷേ ഗ്രേസ് നല്ല ബുദ്ധിയുള്ള കുട്ടിയല്ലേ? തന്നെയുമല്ല കളിപ്പാട്ടങ്ങള്‍ക്കും കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ക്കും രാത്രിയില്‍ ജീവന്‍ വയ്ക്കുന്ന കഥയുള്ള ഒരു സിനിമ കണ്ടത് അവള്‍ക്കോര്‍മ്മയുമുണ്ടായിരുന്നു.
അവളൂഹിച്ചു കാര്യങ്ങളൊക്കെ.

അവള്‍ പറഞ്ഞു , ഇന്ന് രാത്രി നിങ്ങളെന്നെയും കളിക്കാന്‍ കൂട്ടണേ . ഞാനാണെങ്കില്‍ കളിക്കാന്‍ കൂട്ടില്ലാതെ ബോറടിച്ചിരിക്കുകയാണ് .നമുക്കിന്നു രാത്രി ഒരു പാടു കളിക്കാം.
അപ്പോൾ, ശരി,ശരി എന്നു പറയുമ്പോലെ കാത്തുവിന്റെ ഉടുപ്പിന്റെ അരിക് ഒന്നനങ്ങിയതുപോലെ തോന്നി ഗ്രേസിന്.
ഗ്രേസ് അന്നു പകല്‍ മുഴുവന്‍ എപ്പോ രാത്രിയാകും എന്ന് അമ്മയോട് ചോദിച്ചുകൊണ്ടേയിരുന്നു. ഈ കുട്ടിക്കെന്താ രാത്രിയാകാന്‍ ഇത്ര തിടുക്കം എന്നു ചോദിച്ചു അമ്മ. ഉറക്കം വരുന്നുണ്ടോ കുട്ടിക്ക് എന്നു തിരക്കി അമ്മ. ഈ മുന്‍വശമുറിയൊക്കെ നല്ല വൃത്തിയായല്ലോ , ഇതെപ്പോ അടുക്കിപ്പെറുക്കി ഗ്രേസ് എന്നു ചോദിച്ചു അമ്മ ഗ്രേസിനെ അഭിനന്ദിച്ചു.
എനിക്കിന്ന് രാത്രി കുറേ നല്ല നല്ല സ്വപ്‌നങ്ങള്‍ കാണണം, വേഗം രാത്രിയായെങ്കില്‍ എന്നു പറഞ്ഞു ഗ്രേസ്.
സ്വപ്‌നങ്ങള്‍ കാണാന്‍ വേണ്ടി നേരത്തേയാകണേ രാത്രി എന്നു പറയുന്ന കുട്ടി എന്നമ്മ ചിരിച്ചു.
രാത്രിയൂണു വേഗം കഴിച്ചു അന്ന് ഗ്രേസ്. ഗ്രേസ് പറഞ്ഞിട്ട് അമ്മയും നേരത്തേയൂണു കഴിച്ചു .എന്നിട്ടവര്‍ നേരത്തേ കിടന്നു . ഗ്രേസ് പക്ഷേ ഉറങ്ങിയില്ല. അമ്മ ഉറങ്ങിയതും അവള്‍ മെല്ലെ എണീറ്റു മുന്‍വശത്തേ നടന്നു . അവള്‍ ഭിത്തിയിലെ ചിത്രത്തിലേക്കു നോക്കി . അതിലാ മൂന്നു പേരു ഉണ്ടായിരുന്നില്ല.
അവരെവിടെ എന്നു നോക്കി ഗ്രേസ് നിന്നു . അവളങ്ങനെ നില്‍ക്കെ ആ മൂന്നു പെണ്‍കുഞ്ഞുങ്ങള്‍ പുറകില്‍ നിന്നു വന്ന് ഗ്രേസിനെ കെട്ടിപ്പിടിച്ചു.
പിന്നെ അവര്‍ നാലുപേരും ചേർന്ന് കളിയായി.
കളിയ്ക്കിടയില്‍ അവര്‍ വീഴുകയും കൈയും കാലും ചതയുകയും ഉടുപ്പു കീറുകയും ഒക്കെ ചെയ്തു.അവരുടെ ചിരിമേളം കൊണ്ടു മുറി നിറഞ്ഞു.
വെളുപ്പാറായപ്പോള്‍ അവരെല്ലാം കളിച്ചു ക്ഷീണിച്ചു .പിന്നെ അവര്‍ ആ കുഞ്ഞിപ്പെണ്‍കുട്ടികള്‍ മൂന്നുപേരും ഗ്രേസിന് ഉമ്മ കൊടുത്തിട്ട് ചിത്രത്തിലേക്കു തന്നെ കയറിപ്പോയി.
അതിനു മുമ്പ് അവരുടെ മുറിവുകളിലും ചതവുകളിലും മരുന്നു വച്ചു കൊടുക്കാനും അവരുടെ കീറിയ ഉടുപ്പില്‍ പിന്‍ കുത്തി കൊടുക്കാനും ഉടുപ്പിലെ താറാവുചിത്രത്തില്‍ നിന്നടര്‍ന്നു പോയ പെയിന്റ് വീണ്ടും ശരിയാക്കിക്കൊടുക്കാനും ഗ്രെയ്‌സ് മറന്നില്ല കേട്ടോ.
രാവിലെ ഗ്രേസ് പതിവുനേരമായിട്ടും എണീക്കാതിരുന്നപ്പോള്‍ അമ്മ വന്ന് അവളെ വിളിച്ചെണീപ്പിയ്ക്കാന്‍ നോക്കി . അവളോ ഉറക്കത്തോടുറക്കം തന്നെ. ഈ കുട്ടിക്കെന്താണിത്ര നേരത്തെയുറങ്ങിയിട്ടും ഉറക്കം മതിയാകാത്തത് എന്നു ചോദിച്ചു അമ്മ.
മുന്‍വശത്തെ മുറിയിലെ മൂന്നു പെണ്‍കുട്ടികളുടെ ചിത്രത്തിലെ ഉടുപ്പ് അപ്പോ ഒന്നു ചിരിക്കും പോലെ കാറ്റത്ത് ഇളകി. പക്ഷേ അമ്മയ്ക്കതൊന്നും മനസ്സിലായില്ല.. മനസ്സിലാവണമെങ്കില്‍ അമ്മ കുട്ടിയാകണ്ടേ?
വലിയവര്‍ക്കുണ്ടോ കുട്ടികളുടെ ലോകം മനസ്സിലാവുന്നു അല്ലേ?