കേകയ്ക്ക് ഏറ്റവു മിഷ്ടപ്പെട്ട നിറം കറുപ്പാണ്. അതുകൊണ്ടാണ് അച്ഛനവൾക്കൊരു പ്ലെയിൻ കറുപ്പ് ബെഡ്ഷീറ്റ് വാങ്ങിക്കൊടുത്തത്.
അമ്മ പറഞ്ഞു. അതിൽ വല്ലതും പെയിന്റ് ചെയ്താൽ നല്ല ഭംഗിയാകും കേകാ. എന്നാൽപ്പിന്നെ അങ്ങനെയാകട്ടെ എന്നു വിചാരിച്ചു കേക.
തുണിയിൽ പെയിന്റ് ചെയ്യാൻ പ്രത്യേകതരം പെയിന്റുണ്ട്, ഫാബ്രിക് പെയിന്റ് എന്നാണതിന്റെ പേര് എന്ന് അമ്മ അവൾക്കു പറഞ്ഞു കൊടുത്തു.
അമ്മയും അവളും കൂടി കടയിൽ പോയി അത്തരം പെയിന്റും ചായ ബ്രഷുകളും വാങ്ങി.
കേക ആലോചിച്ചു, ബെഡ്ഷീറ്റിന്മേൽ എന്തു വരയ്ക്കണം? ഏതു നിറത്തിൽ വരയ്ക്കണം?
കിളികളെ വരയ്ക്കണോ? പൂക്കളെ വരയ്ക്കണോ? മരങ്ങളെ വരയ്ക്കണോ?അതോ ചിത്രശലഭങ്ങളെ വരയ്ക്കണോ?
അവളമ്മയുടെ അഭിപ്രായം ചോദിച്ചു. പല നിറങ്ങളിലുള്ള ചിത്രശലഭങ്ങളെ വരയ്ക്കുന്നതാണ് എനിക്കിഷ്ടം എന്നു പറഞ്ഞു അമ്മ.
എന്നാൽപ്പിന്നെ അങ്ങനെ തന്നെ എന്നു പറഞ്ഞു കേക വരയ്ക്കാൻ തുടങ്ങി.
ഒറ്റയിരിപ്പിന് വരച്ചാൽ നടുവുവേദനിക്കില്ലേ? അതു കൊണ്ട് ഇടവേളകളെടുത്താണ് കേട്ടോ കേക വരയ്ക്കാനിരുന്നത്. ഇടയ്ക്കവൾ കാപ്പി കുടിക്കാൻ പോയി, പിന്നെ കുളിക്കാൻ പോയി, അതു കഴിഞ്ഞ് കളിക്കാനും കഥ വായിക്കാനും പോയി.

വൈകുന്നേരമായപ്പോഴേക്ക് പെയിന്റിങ് തീർന്നു. പല മാതിരി നിറങ്ങളിൽ, ഡിസൈനുകളിൽ ബെഡ്ഷീറ്റിൽ നിന്ന് ഒരു ശലഭക്കൂട്ടം ഉയർന്നു പൊങ്ങുന്നതു പോലുണ്ടായിരുന്നു അവൾ വരച്ചു കഴിഞ്ഞപ്പോൾ.
അമ്മ കണ്ണിമയ്ക്കാതെ നോക്കി നിന്നു ബെഡ്ഷീറ്റ്. അസ്സലായിട്ടുണ്ട് എന്നു പറഞ്ഞു അമ്മ.
പെയിന്റുണങ്ങാനായി ഫാൻ കൂട്ടി വച്ചു കേക. എന്നിട്ടവളമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു, ഇതുണങ്ങുമ്പോൾ അമ്മയെടുത്തോ ഈ ബെഡ്ഷീറ്റ്.
കുഞ്ഞ് മോഹിച്ച് പെയിന്റു ചെയ്തതല്ലേ, ഇത് മോളെടുത്തോ, എന്നു പറഞ്ഞു അമ്മ.
അമ്മയ്ക്ക് മറ്റെപ്പോഴെങ്കിലും പെയിന്റ് ചെയ്തു തന്നാൽ മതി എന്നു പറഞ്ഞു അമ്മ.
രാത്രിയായില്ലേ, ഇനി പോയി കഞ്ഞി കുടിക്കാം എന്നിട്ടു വന്നു കിടക്കാം എന്നു പറഞ്ഞ് അമ്മയും കേകയും കൂടി പിന്നെ അടുക്കളയിലേക്കു പോയി.
അവർ തിരിച്ചു മുറിയിലേക്കു വന്നപ്പോ കണ്ട കാഴ്ചയെന്താണെന്നോ?ബില്ലി എന്ന പൂച്ച ഷീറ്റിന്മേലേക്കു ചാടാൻ തയ്യാറായി നിൽക്കുന്നു.
നീ മണ്ടത്തരമൊന്നും കാണിക്കല്ലേ, അതിലെ പെയിന്റുണങ്ങിയിട്ടില്ല, അതൊക്കെ നിന്റെ കാലിലാവും, ഞാനെത്ര കഷ്ടപ്പെട്ട് പെയിന്റു ചെയ്തതാണെന്നറിയാമോ? എന്നു ചോദിച്ച് ബില്ലി പൂച്ചയെ പിടിച്ചു മാറ്റി കേക. നിനക്കും വേണോ പെയിന്റ് ചെയ്ത ബെഡ്ഷീറ്റ് എന്നവൾ അവനെ കെട്ടിപ്പിടിച്ചു ചോദിച്ചു.

അവനീ, പൂമ്പാറ്റയൊക്കെ റിയലാണെന്ന് വിചാരിച്ചു അതിനെയെല്ലാം പിടിക്കാൻ വന്നതാണ്, അത്രയ്ക്കു ഭംഗിയായിട്ടുണ്ട് മോളുടെ പെയിന്റിങ് എന്നു പറഞ്ഞു അമ്മ. അതു കേട്ട് കേകയ്ക്ക് അഭിമാനമായി.
ആണോടാ, നീയിതെല്ലാം ഒറിജിനൽ ബട്ടർഫ്ലൈസ് ആണെന്നു വിചാരിച്ച് അവയെ പിടിച്ചു തിന്നാൻ വന്നതാണോ എന്ന് അവനെ എടുത്തു പൊക്കിച്ചോദിച്ചു കേക.
അല്ലേ, ശരിയ്ക്കുള്ള പൂമ്പാറ്റകളല്ലേ ഇതൊന്നും, ഇതെല്ലാം പെയിന്റ് പൂമ്പാറ്റകളാണെന്നാ നീ പറയുന്നത് എന്നെല്ലാം ചോദിക്കുമ്പോലെ തുരുതുരാ നാലഞ്ച് മ്യാവൂ കരച്ചിലുകൾ പാസ്സാക്കി ബില്ലി കേകയുടെ കൈയിൽ നിന്ന് കുതറിച്ചാടി പുറത്തേക്കോടി.
പെയിന്റ് പൂമ്പാറ്റകളെ റിയൽ പൂമ്പാറ്റകളാണെന്നു വിചാരിച്ചതിലെ അക്കിടി സഹിക്കാഞ്ഞാവും അവൻ ഓടിയത് അല്ലേ?
ചിത്രശലഭ ബെഡ്ഷീറ്റ് കാണിക്കാനും ബില്ലിക്ക് പറ്റിയ അമളിയുടെ കഥ പറഞ്ഞു കേൾപ്പിക്കാനുമായി അച്ഛനെ തിരഞ്ഞു കേക.
ഇനി അച്ഛനെന്താവും ബെഡ്ഷീറ്റ് കാണുമ്പോൾ പറയുക?