കാതറിൻ റോസ് എന്നായിരുന്നു കാക്കയുടെ പേര്. കാക്കയ്ക്ക് ആ പേരിട്ടതാരാണെന്നോ?നമ്മുടെ കുഞ്ഞു ജാനകിക്കുട്ടിയുടെ അച്ഛൻ .
അച്ഛൻ ആ പേരിടാന്നേരം പറഞ്ഞതെന്താണെന്നോ? അവളുടെ കാലോ വയ്യ. എന്നാപ്പിന്നെ അവൾക്ക് നല്ല ഒരുഗ്രൻ പേരെങ്കിലുമിരിക്കട്ടെ.
കാതറിൻ റോസ്. നല്ല ഉഗ്രൻ പേരല്ലേ? വേറെ ഏതെങ്കിലും കാക്കക്കുണ്ടാവുമോ ഇത്ര ഉഗ്രൻ പേര്?
കാതറിൻ റോസിന്റെ കാല് വയ്യ എന്നല്ലേ നമ്മൾ പറഞ്ഞുള്ളു, എന്താണ് വയ്യായ്ക എന്നു പറഞ്ഞില്ലല്ലോ. അതേ അവളുടെ വലത്തേ കാലിന് പാദമില്ല .അതായത് വിരലുകളില്ല. ഇടത്തേക്കാലു കുത്തി ചാടിച്ചാടിയാണവളുടെ നടത്തം. ആ നടത്തം കണ്ടാൽ ആർക്കായാലും സങ്കടം വരും. അങ്ങനെ സങ്കടം വന്നപ്പോഴാണ് കുഞ്ഞു ജാനകിക്കുട്ടിക്ക് അവളോട് പ്രത്യേക ഒരിഷ്ടം തോന്നിയത്.
അവളതിനെ കാണുമ്പോഴെല്ലാം അടുക്കളയിലേക്കോടിപ്പോയി തിന്നാൻ പറ്റിയ തെന്തെങ്കിലും എടുത്തു കൊണ്ടുവന്ന് അതിനു കൊടുക്കും. ആദ്യമെല്ലാം അവളതിനെ കാക്കേ എന്നു മാത്രമാണ് വിളിച്ചിരുന്നത്. അവളുടെ ശബ്ദം കേട്ടാലുടനെ മാവിൻ കൊമ്പത്തു നിന്ന് പറന്നിറങ്ങുന്ന ഒറ്റക്കാലൻ കാക്കയെ കുഞ്ഞു ജാനകിക്കുട്ടിയുടെ അച്ഛനും അമ്മയും ശ്രദ്ധിക്കാതിരിക്കുന്നതെങ്ങ നെ? അവൾക്ക് നല്ലൊരു പേരിടാതിരിക്കുന്നതെങ്ങനെ?
കുറേ ദിവസം അവർ മൂന്നാളും അവളെ നോക്കി കാതറിൻ റോസ് എന്നു വിളിച്ചതിൽപ്പിന്നെയാണ് അവൾക്ക്, അവർ തന്നെ വിളിക്കുന്നതാണെന്നു മനസ്സിലായത്.

അവൾക്കും ആ പേര് നല്ല ഇഷ്ടമായി.അവളിപ്പോ ചുറ്റുവട്ടത്തെ വെള്ളാരം കൊക്കിനും കരിവാലൻ പൂച്ചയ്ക്കും അടങ്ങിയേ ഇരിക്കാത്ത അണ്ണാരക്കണ്ണനു മൊക്കെ തന്നെ പരിചയപ്പെടുത്തിക്കൊടുക്കുന്ന തെങ്ങനെയെന്നറിയേണ്ടേ? അവൾ തല ഉയർത്തി നെഞ്ചു വിരിച്ചു നിന്ന് പറയും, ഞാനേ കാതറിൻ റോസ്. കുഞ്ഞുജാനകിക്കുട്ടിയുടെ ഏറ്റവും അടുത്ത ഫ്രണ്ടാ. അവളെനിക്ക് എന്തൊക്കെയാ കഴിക്കാൻ തരികാന്നറിയാമോ? കൽക്കണ്ടം, നെയ്യപ്പം, ജിലേബി ഒക്കെ അവൾ തന്ന് ഞാൻ കഴിച്ചിട്ടുണ്ട്. നിങ്ങൾക്കറിയാമോ ഇതിന്റെയൊക്കെ ടേസ്റ്റ്?
ഇല്ല, ഇല്ല എന്നവർ തലയനക്കും. അവരോട് കഷ്ടം തോന്നും കാതറിൻ റോസിന് .ഇനി അതൊക്കെ കിട്ടുമ്പോ നിങ്ങക്കും തരാമേ തിന്നാൻ, അവൾ പറയും.അവർ കാതറിന് ഉമ്മ കൊടുക്കും.
എന്നിട്ടവരങ്ങനെ കാത്തിരിക്കും കൽക്കണ്ടത്തിന്റെയും നെയ്യപ്പത്തിന്റെയും ജിലേബിയുടേയും സ്വാദറിയാൻ.
പിന്നെ കാതറിൻ റോസ് കുഞ്ഞു ജാനകിക്കുട്ടിയോട് ശിപാർശ പറയും അടുത്ത തവണ കുറച്ചു കൂടി കൽക്കണ്ടവും നെയ്യപ്പവും ജിലേബിയും വാങ്ങി വരണേ എന്നച്ഛനോടും അമ്മയോടും പറയണേ. ഞങ്ങളെതൊന്നും തിന്നിട്ടില്ല ഇതുവരെ എന്നു പറഞ്ഞ് എന്റെ പുറകെ നടപ്പാ വെള്ളാരംകൊക്കും കരിവാലൻ പൂച്ചയും അടങ്ങിയിരിക്കാ അണ്ണാറക്കണ്ണനും.
ശരി,ശരി ഞാനേറ്റു എന്നു പറഞ്ഞു കുഞ്ഞു ജാനകിക്കുട്ടി. എന്നിട്ടതൊക്കെ ടേസ്റ്റ് ചെയ്യാൻ കിട്ടിയപ്പോഴോ അവരുടെ സന്തോഷത്തുള്ളിച്ചാട്ടം ഒന്നു കാണേണ്ടതു തന്നെയായിരുന്നു കേട്ടോ. വെള്ളാരം കൊക്കിന് ഇഷ്ടമായത് ജിലേബി.അടങ്ങിയിരിക്കാ അണ്ണാരക്കണ്ണനിഷ്ടമായത് കൽക്കണ്ടം. കരി വാലൻ പൂച്ചക്കിഷ്ടമായത് നെയ്യപ്പവും കൽക്കണ്ടവും.
തീറ്റക്കൊതിയൊക്കെ ഒന്നടങ്ങിയപ്പോ വെള്ളാരംകൊക്കും കരി വാലനും അടങ്ങിയിരിക്കാ അണ്ണാറക്കണ്ണനും കാതറിൻ റോസിന്റടുക്കൽ പുതിയൊരു ശുപാർശയുമായി വന്നു. അതെന്താണെന്നറിയേണ്ടേ? അവർക്കും കാതറിൻ റോസ് പോലത്തെ സ്റ്റൈല് പേര് വേണമത്രേ? കാതറിൻ റോസ് അങ്ങനെ ഒരാവശ്യം പറഞ്ഞാൽ കുഞ്ഞുജാനകിക്കുട്ടി അതു കേൾക്കും, അവളച്ഛനോട് പേരു കാര്യം പറയും ‘അച്ഛൻ വലിയ വായനക്കാരനല്ലേ അച്ഛനെവിടെ നിന്നെങ്കിലും അവർക്കായി മൂന്ന് പേരുകൾ കണ്ടു പിടിച്ചു കൊണ്ടുവരും.

അങ്ങനെ അവർ മൂന്നാളുടെയും ആവശ്യം കാതറിൻ റോസു വഴി കുഞ്ഞു ജാനകിക്കുട്ടി വഴി അച്ഛന്റടുത്തെത്തിയിരിക്കുകയാണ്. ഈ ആവശ്യം കേട്ടതും അച്ഛൻ പേരുകളുമായി റെഡിയായി. അടങ്ങിയിരിക്കാ അണ്ണാറക്കണ്ണന് പേര് ക്രിസ്റ്റഫർ മുരളി. വെള്ളാരം കൊക്കിന് ജമീല പത്മിനി. കരി വാലൻ പൂച്ചയ്ക്ക് ബഷീർ ഗീവർഗ്ഗീസ്. പേരുകൾ കേട്ടതും അവര് സന്തോഷം കൊണ്ട് കൂവിയാർത്തു. അച്ഛനും കുഞ്ഞു ജാനകിക്കുട്ടിക്കും കാതറിൻ റോസിനും നന്ദി പറഞ്ഞു കൊണ്ട് അവരവരുടെ വീടുകളിലേക്ക് തിരികെപ്പോകും വഴി ജമീല പത്മിനി ബാക്കി രണ്ടു പേരോടുമായി ചോദിച്ചു, അല്ലാ കുഞ്ഞു ജാനകി ക്കുട്ടിയുടെ അച്ഛന്റെ പേരെന്താണ്. നമ്മളത് ചോദിക്കാൻ വിട്ടു പോയല്ലോ.
നാളെ ചോദിക്കാം എന്നവർ പിന്നെ തീരുമാനമായി. കുഞ്ഞു ജാനകി ക്കുട്ടിയുടെ അമ്മയുടെ പേരും ചോദിക്കണ്ടെ എന്നായി ബഷീർ ഗീവർഗ്ഗീസ്. വേണം,വേണം എന്നാർത്തു വിളിച്ചു ക്രിസ്റ്റഫർ മുരളി.
അച്ഛന്റെ പേര് അതാവുമോ ഇതാവുമോ അമ്മയുടെ പേര് അതാവുമോ ഇതാവുമോ എന്നൊക്കെ ആലോചിച്ചാലോചിച്ച് അവർക്ക് നിൽക്കപ്പൊറുതി വന്നില്ല. അവർ പറഞ്ഞു, നമുക്ക് മൊബൈൽ ഫോണില്ലാത്തത് കഷ്ടമായിപ്പോയി. ഉണ്ടായിരുന്നേൽ നിങ്ങടെ പേരെന്താന്ന് ഇപ്പോ വിളിച്ചു ചോദിക്കാമായിരുന്നു കുഞ്ഞു ജാനകിക്കുട്ടിയുടെ അച്ഛന്റെയോ അമ്മയുടെ യോ ഫോണിലേക്ക്.
ഇനി അടുത്ത ദിവസങ്ങളിലെങ്ങാനും കുഞ്ഞു ജാനകിക്കുട്ടിയുടെ അച്ഛനോട് ഇവർ മൊബൈൽ ഫോൺ വേണമെന്നു പറയുവോ എന്ന് അവരുടെ ചർച്ച കേട്ട പല്ലി അനങ്ങാപ്പല്ലിയായി മൂക്കത്തുവിരലും വച്ച് ഭിത്തിയിൽ ഒരിരിപ്പിരുന്നു കുറേ നേരം. പിന്നെയവൻ ഓടിപ്പോയി. ഫോണിന്റെ വില നോക്കാനാവും അവന്റെ ഓട്ടം, അല്ലേ? എന്തു തോന്നുന്നു കൂട്ടുകാരേ നിങ്ങൾക്ക്?