അനന്തുവിന് പിസ തിന്നാന്‍ കൊതിയായി.
അമ്മയാണെങ്കില്‍ ഓഫീസിലാണ്.
അനന്തു അമ്മയെ ഫോണ്‍ വിളിച്ചനുവാദം ചോദിച്ചു, ഞാന്‍ ഒരു പിസയ്ക്ക് ഓര്‍ഡര്‍ കൊടുത്തോട്ടെ? അമ്മ തന്ന പോക്കറ്റ്മണി എന്റെ കൈയിലുണ്ട്. അതില്‍ നിന്ന് ഞാന്‍ പണം കൊടുത്തോളം.
അമ്മയ്ക്ക് പാവം തോന്നി. വല്ലപ്പോഴുമല്ലേ അനന്തു ഇങ്ങനെ ഒരു പിസാമോഹം പറയാറുള്ളൂ.
വാങ്ങിക്കോ എന്നു പറഞ്ഞു അമ്മ ,
അനന്തു ഓര്‍ഡര്‍ ചെയ്തിട്ട് കൊതിയനായി പിസ വരുന്നതും കാത്തിരുന്നു .
ബാല്‍ക്കണിയില്‍ കസേരയിട്ട് ഇരുന്നാല്‍ ഡെലിവറിചേട്ടന്‍ ഗേറ്റു തുറന്നു വരുന്നത് എളുപ്പം കാണാം എന്നു വിചാരിച്ചു അവന്‍.
അവനങ്ങനെ ബാല്‍ക്കണിയില്‍ ചെന്നിരുന്നപ്പോഴുണ്ട് അണ്ണാറക്കണ്ണന്‍ ബിസിയായി മാവില്‍ തൂങ്ങിക്കിടക്കുന്ന മാങ്ങ കാരിക്കാരിത്തിന്നുന്നു. ഇടയ്ക്ക് ഒരു കൊമ്പില്‍ നിന്നു മറ്റെക്കൊമ്പിലേക്ക് ചാടുന്നു . അവന്റെ തിത്തോം തിത്തോം ചാട്ടത്തിനിടയ്ക്ക് മാവില്‍ പഴുത്തു കിടന്നിരുന്ന രണ്ടുമൂന്നുമാങ്ങകള്‍ താഴെ വീണു.
അനന്തു ബാല്‍ക്കണിയില്‍ നിന്നിറങ്ങി താഴെ വന്ന് പഴുത്ത മാങ്ങകള്‍ പെറുക്കിയെടുത്ത് സിറ്റൗട്ടിലെ കസേരയില്‍ വച്ചു .
അപ്പോഴേയ്ക്ക് രണ്ട് പൂച്ച വന്നു അവിടെല്ലാം കൂടെ ചുറ്റിത്തിരിയാന്‍ തുടങ്ങി. അവന്മാരിലൊരെണ്ണം കസേരയില്‍ ചാടിക്കയറി മാങ്ങ മണത്തു നോക്കി.
ഇറച്ചിയും മീനുമൊന്നുമല്ല അത് വെറും രണ്ടു മാങ്ങയാണ്, നീ അത് മണത്തുനോക്കിയിട്ടൊന്നും ഒരു കാര്യവുമില്ല. പൂച്ചകള്‍ ഫ്രൂട്ട്‌സ് കഴിക്കാറില്ലല്ലോ എന്നു പറഞ്ഞ് അനന്തു പൂച്ചകളെ രണ്ടിനെയും ഓടിച്ചുവിട്ടു.
ഇനി മുകളിലെ ബാല്‍ക്കണിയില്‍ തന്നെ ചെന്നിരുന്നേക്കാം ഡെലിവറി ചേട്ടനെ കാത്ത് എന്ന് അനന്തു വിചാരിക്കുമ്പോഴത്തേക്ക് ഒരു പച്ചക്കുതിര പറന്നുവന്നിരുന്നു അവന്റെ കൈയില്‍ .

നാളെ വിഷുവാണ്, കൈ നീട്ടമൊക്കെ കിട്ടും നിറയെ എന്നു പറയാനാണോ നീ വന്നത് എന്നു ചോദിച്ച് അവനെ ഒന്നു തൊട്ടു അനന്തു. അപ്പോഴവന്‍ കുതിച്ചു ചാടി അനന്തുവിന്റെ തോളത്തുകയറിയിരുന്നു. നീ അടുത്തു വന്നാല്‍ പൈസ കിട്ടും എന്നല്ലേ പറയാറ്, നീ അവിടെത്തന്നെ ഇരുന്നോ എന്നു പറഞ്ഞ് അവനെ പുന്നാരിച്ചു അനന്തു. പുന്നാരം ആര്‍ക്കാണിഷ്ടമില്ലാത്തത് ? ആ പച്ചക്കുതിര അവനോടൊട്ടി ഇരുന്നു.
അപ്പോഴേയ്ക്ക് ആ ഡെലിവറി ചേട്ടന്‍ വന്നു.അനന്തു , തോളിലെ പച്ചക്കുതിരയു മായി ഗേറ്റിനടുത്തേയ്ക്ക് ചെന്നു.പ്രായമൊന്നും അധികമില്ല, ഇത് ചേട്ടനല്ല കൂടിവന്നാല്‍ രണ്ടുമൂന്നു വയസ്സു കൂടുതല്‍ കാണും തന്നേക്കാള്‍ എന്നവന് തോന്നി .
അവനെ നോക്കി പയ്യന്‍ ഒരു കുഞ്ഞു ചിരി ചിരിച്ചു . എന്നിട്ട് ചോദിച്ചു , പിസ കഴിക്കാന്‍ റെഡിയായി ഇരിക്കുകയാണ് അല്ലേ ?
അനന്തു , അതെ എന്ന മട്ടില്‍ ചിരിച്ചു . എന്നിട്ട് കൈ നീട്ടി പൊതി വാങ്ങി.
അനന്തു ചോദിച്ചു , താങ്ക് യു ,എന്താ പേര് ?
പീറ്റര്‍ എന്നു പറഞ്ഞ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പയ്യന്‍.
അതിനിടെ ഒരു പഴുത്ത മാങ്ങ വീണു അവരുടെ ഇടയിലേക്ക്. പീറ്റര്‍ ഒരു നിമിഷം സംശയിച്ചുനിന്നിട്ട് അവനോട് ചോദിച്ചു , ഇത് ഞാനെടുത്തോട്ടെ? വിശന്നിട്ടാണ്. ഇന്ന് ഇതുവരെ ഒരു കട്ടന്‍ ചായ മാത്രമേ കഴിച്ചുള്ളു.
ഉച്ചനേരമായല്ലോ. ഒരു മണിയാകാറായല്ലോ ? ഇതുവരെ ഒന്നും കഴിച്ചില്ലേ എന്നു ചോദിച്ചുപോയി അനന്തു .
ഇല്ല , പറ്റിയില്ല എന്ന് പറഞ്ഞു പീറ്റര്‍ .
അനന്തു കുനിഞ്ഞ് ,താഴെ വീണ മാങ്ങ എടുത്തു കൊടുത്തു പീറ്ററിന്.
അപ്പോള്‍ പീറ്ററിന്റെ മുഖം വിടര്‍ന്നു സന്തോഷം കൊണ്ട് . അപ്പോ അനന്തു പറഞ്ഞു , പോവല്ലേ , മൂന്നാല് പഴുത്ത മാങ്ങയും കൂടി തരാം.
അവന്‍ പോയി സിറ്റൗട്ടിലെ കസേരയിലവന്‍ വച്ച മാങ്ങകളുമെടുത്ത് തിരികെ വന്നു .
അത് പീറ്റര്‍ വാങ്ങാനായി കൈ നീട്ടുമ്പോള്‍ അനന്തു പറഞ്ഞു , നില്‍ക്ക് ഞാനിപ്പോ മാങ്ങ പൂളിത്തരാം.
അനന്തു അകത്തു പോയി കത്തിയും പ്‌ളേറ്റും എടുത്തുവന്നു . അവന്‍ പീറ്ററിന് നിറയെ മാങ്ങ പൂളിക്കൊടുത്തു.

പീറ്ററത് മുഴുവന്‍ കൊതിയോടെ തിന്നു .
എന്റെ വിശപ്പുമുഴുവന്‍ മാറി , താങ്ക് യു കുട്ടാ എന്നു പറഞ്ഞു പീറ്റര്‍. പിന്നെ പീറ്റര്‍ ബൈക്കോടിച്ച് അടുത്ത ഓര്‍ഡര്‍ ഡെലിവര്‍ ചെയ്യാനായി പോയി.
ഞാനിവിടെ , അമ്മയുണ്ടാക്കി വച്ച ചപ്പാത്തിയും കറിയും തിന്നാന്‍ മടിച്ച് ,പിസ തിന്നാന്‍ കൊതിക്കുമ്പോള്‍ ഒന്നും കഴിക്കാന്‍ ഇല്ലാതെ ഇരിക്കുന്നവരുമുണ്ട് അല്ലേ ഈ ഭൂലോകത്തില്‍ എന്ന് മുറ്റത്തു തത്തിക്കളിച്ചുനടന്നിരുന്ന അണ്ണാറക്കണ്ണനോട് ചോദിച്ചു അനന്തു . അണ്ണാറക്കണ്ണന്‍ , അതെ അതെ എന്നു പറയുമ്പോലെ ചില്‍ ചില്‍ എന്നു ശബ്ദമുണ്ടാക്കി.
പിന്നെ അനന്തു പിസ തിന്നാനിരുന്നു.
ആ പീറ്ററിന് ഒരു കഷണം പിസ കൂടി കൊടുക്കാമായിരുന്നു എന്നോര്‍ത്തു അനന്തു .
പിസ വിശേഷമൊക്കെ പിന്നെ അവന്‍ അമ്മയോട് ഫോണ്‍ ചെയ്തു പറഞ്ഞു.
വല്ലാത്ത കാലമാണ് ,അപരിചിതരോടൊന്നും അങ്ങനെ കൂട്ടാവണ്ട എന്നൊക്കെ പറഞ്ഞു അമ്മ.
അമ്മ പറയുന്നതും ശരിയാണ് , പത്രത്തിലൊക്കെ വാര്‍ത്ത വരാറുണ്ടല്ലോ പറ്റിപ്പുകാരെക്കുറിച്ചും തട്ടിപ്പുകാരെക്കുറിച്ചും.
എന്നാലും എല്ലാവരുമങ്ങനെ ചീത്ത മനുഷ്യരൊന്നുമല്ല എന്നു പറഞ്ഞു അമ്മ.
അനന്തു വിചാരിച്ചു , ശരിയാണ് , നല്ലയാളുകളും മോശം ആളുകളും ചേര്‍ന്നതാണ് ഈ ലോകം .
അനന്തു വിചാരിച്ചത് ശരിയാണെന്ന് പറയുമ്പോലെ അണ്ണാറക്കണ്ണന്‍ വീണ്ടും ചില്‍ ചില്‍ ശബ്ദമുണ്ടാക്കി മാവിന്‍കമ്പുകള്‍ക്കിടയിലൂടെ പാഞ്ഞു . അവന്റെ പാച്ചിലിനിടയില്‍ രണ്ടുമൂന്നു പഴുത്ത മാങ്ങകള്‍ കൂടി വീണു . അനന്തു അതെടുത്ത് സിറ്റൗട്ടിലെ കസേരയില്‍ത്തന്നെ വച്ചു . ഇനിയും ആരെങ്കിലും വന്നാലോ വിശക്കുന്നു എന്നു പറഞ്ഞ്…