അമ്മു ചെറിയ കുട്ടിയായിരുന്നപ്പോൾ മുറ്റത്തെ മാവിൻ കൊമ്പിൽ കയറും മരപ്പലകയും വച്ച് അച്ഛൻ ഊഞ്ഞാലു കെട്ടിക്കൊടുത്തിരുന്നു.
അതിലിരുന്നാടുമ്പോൾ അവൾ ഉറക്കെ പാട്ടു പാടുമായിരുന്നു. ചുറ്റുപാടുമുള്ള ചെടികളോടും മരങ്ങളോടും വർത്തമാനം പറയുമായിരുന്നു. ഉയരത്തിലെ മാവിൻ കൊമ്പു ആടിച്ചെന്നു കാൽ കൊണ്ടുതൊടുന്ന അമ്മുവിന്റെ ആട്ടക്രമം കാണാൻ കാറ്റ് മാവിൻ ചോട്ടിലെത്തി കാവൽ നിൽക്കുമായിരുന്നു. അമ്മു ഊഞ്ഞാലാടി കിലുകിലെയെന്നു ചിരിക്കുമ്പോൾ കാറ്റും അവളുടെ ഒപ്പം ചിരിക്കുമായിരുന്നു.
അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം? അമ്മുവലുതായിപ്പോയില്ലേ? അവളിപ്പോ പഠന കാര്യങ്ങൾക്കായി വേറൊരു നാട്ടിലാണല്ലോ. വല്ലപ്പോഴും വരുമ്പോ അവൾക്കുണ്ടോ നേരം ഊഞ്ഞാലിലാടാൻ? പോരെങ്കിലോ വീട്ടിനകത്ത് ആട്ടു കട്ടിലുണ്ട്. അതിൽ ചാഞ്ഞോ ചരിഞ്ഞോ കിടന്നാടിയുറങ്ങാം. അപ്പോപ്പിന്നെ ആർക്കു വേണം മുറ്റത്തെ കയറൂഞ്ഞാല?
അങ്ങനെ ആരും ആടാനില്ലാതെ സങ്കടപ്പെട്ട് ഇരിപ്പും കിടപ്പുമാണ് ഊഞ്ഞാല എന്നാവും ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത്.അങ്ങനെയൊന്നുമല്ല കേട്ടോ കാര്യങ്ങൾ. കിളികൾ, ഓന്തുകൾ, അണ്ണാരക്കണ്ണന്മാർ, പൂച്ചകൾ അങ്ങനെ ഒരു പാടു പേർ ഊഞ്ഞാൽപ്പടി മേൽ ഹാജരുണ്ട് കേട്ടോ. ചെലപ്പോ രണ്ടും മൂന്നും കൂട്ടർ തിക്കിത്തിരക്കി ഊഞ്ഞാൽപ്പടി മേൽ ഇരിക്കുന്നതു കാണാം. മറ്റു ചെലപ്പോ ഊഞ്ഞാൽപ്പടി മേൽ സ്ഥലം തികയാഞ്ഞിട്ട് ചെലരൊക്കെ ഊഞ്ഞാൽക്കയറിൽ തൂങ്ങിക്കിടക്കുന്നതു കാണാം.
അവരെ ആരാ ഊഞ്ഞാലാട്ടുക എന്നല്ലേ? കാറ്റ്, അല്ലാതാര്?

അണ്ണാരക്കണ്ണന്റെ ചിൽ ചില്ലും പൂച്ചകളുടെ മ്യാവൂ മ്യാവൂവും കിളികളുടെ കലപിലയും ചേരുമ്പോൾ അസ്സലൊരു ഊഞ്ഞാൽപ്പാട്ടു പോലെ തന്നെ എന്നാണ് ഊഞ്ഞാലരികിലെ ബഹളം കേട്ട് ജനലിലൂടെ എത്തിനോക്കുന്ന ആരും വിചാരിച്ചു പോവുക.
ഇന്നാൾ അമ്മുവിന്റെ കല്യാണമായിരുന്നു. ഊഞ്ഞാൽക്കയറ് പുതിയതാക്കി. ഊഞ്ഞാൽപ്പലക വിസ്താരമുള്ളതാക്കി. ഊഞ്ഞാൽക്കയറിൽ മുല്ലപ്പൂമാല ചുറ്റി. ഊഞ്ഞാലിനടുത്തു ചെന്നു നിൽക്കുമ്പോഴേ മുല്ലപ്പൂ മണം ഒഴുകി വരവായി. മുല്ലപ്പൂ മണത്തിൽ കുളിച്ചിരുന്ന് അമ്മുവും അമ്മുവിനെ കല്യാണം കഴിച്ച ആളും അന്ന് ഊഞ്ഞാലിലിരുന്നാടി. നക്ഷത്രങ്ങൾ അവരിരുന്നാടുന്നതു കാണാൻ ക്യൂ നിന്നു ആകാശത്ത്. എനിക്കും ആടണം നിങ്ങളുടെയൊപ്പം എന്നു പറഞ്ഞ് ഒരു കുഞ്ഞു മഞ്ഞക്കിളി അവരുടെ ഇടയിൽ കയറിയിരുന്നു. അമ്മു അവളെ എടുത്ത് കൈയിലിരുത്തി.ആരൊക്കെയോ ചേർന്ന് ഊഞ്ഞാൽപ്പാട്ടായി നാട്ടു നാട്ടു പാടി. കുറേപ്പേർ പാട്ടിനനുസരിച്ച് നൃത്തം ചെയ്തു. അമ്മുവിന്റെ കൈയിലിരുന്ന് മഞ്ഞക്കുഞ്ഞിക്കിളിയും നൃത്തം ചെയ്തു. ആരൊക്കെയോ ആ രംഗം ഫോട്ടോയിലേക്കും വീഡിയോയിലേക്കും പകർത്തി. പൂച്ചകളും അണ്ണാറക്കണ്ണന്മാരും ഓന്തുകളും മറ്റു കിളികളും ആ രംഗം അസൂയയോടെ നോക്കി നിന്നു.

കാറ്റ് മെല്ലെ മെല്ലെ വന്ന് അമ്മുവും മണവാളനും ഇരിക്കുന്ന ഊഞ്ഞാല ആട്ടാൻ ശ്രമിച്ചു. രണ്ട് വലിയ മനുഷ്യരിരിക്കുമ്പോ ഊഞ്ഞാലയ്ക്ക് നല്ല ഭാരമുണ്ടാവും, അത്രഭാരം വച്ച് നിനക്കൂഞ്ഞാല ആട്ടാൻ പറ്റില്ല എന്ന് കാറ്റിനോട് പൂച്ചകൾ പറഞ്ഞു. ശരിയാണ്, ശരിയാണ് എന്ന് ഓന്തുകളും അണ്ണാരക്കണ്ണന്മാരും മറ്റു കിളികളും അതേറ്റു പറഞ്ഞു. കാറ്റ് ഒന്നു ചമ്മി നിന്ന ശേഷം എങ്ങോട്ടോ പോയി. എങ്ങോട്ടാവും കാറ്റുപോയത്?
പഴയ കുഞ്ഞി അമ്മു വലുതായി കല്യാണം കഴിച്ചു കല്യാണച്ചെക്കനെ കാണാൻ നല്ല രസമുണ്ട് ഞാനിപ്പോ കല്യാണസദ്യ ഉണ്ടിട്ടാ വരണത്. ഗംഭീര സദ്യയായിരുന്നു കേട്ടോ എന്ന് നാടൊട്ടുക്ക് അമ്മുവിശേഷം വിളമ്പി നടക്കുകയാവും ഇപ്പോ കാറ്റ്, അല്ലേ?