scorecardresearch

താരാവീട്: പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പര-അധ്യായം മൂന്ന്

"അതൊക്കെയിട്ടപ്പോ അപ്പൂപ്പനവന് പറഞ്ഞുകൊടുത്ത കഥയിലെ ശകുന്തളയെപ്പോലെയായി അമ്മ. " പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പരയുടെ മൂന്നാം അധ്യായം വായിക്കാം

"അതൊക്കെയിട്ടപ്പോ അപ്പൂപ്പനവന് പറഞ്ഞുകൊടുത്ത കഥയിലെ ശകുന്തളയെപ്പോലെയായി അമ്മ. " പ്രിയ എ എസ് എഴുതുന്ന കുട്ടിക്കഥാ പരമ്പരയുടെ മൂന്നാം അധ്യായം വായിക്കാം

author-image
Priya A S
New Update
priya as Stories


പൂപ്പുഞ്ചിരിപ്പൂക്കുഞ്ഞ്


കുഞ്ഞുണ്ണി  താരാവീടിന്റെ മുറ്റത്തിറങ്ങിയപ്പോഴുണ്ട്  അമ്മ ചെടികള്‍ക്ക് നനച്ചുകൊണ്ടുനില്‍ക്കുന്നു.

അമ്മയുടെ കൂടെ നടപ്പായി അവന്‍.

Advertisment

ചെടികളുടെ ഇലകളിലൊക്കെ മഞ്ഞുതുള്ളികള്‍ അമ്മയുടെ മൂക്കുത്തിപോലെ തിളങ്ങിനില്‍പ്പുണ്ട്.

അവനതില്‍ ചിലതൊക്കെ  മെല്ലെ തൊട്ടുനോക്കി.

പവിഴമല്ലിച്ചുവട്ടില്‍ നിറയെ പൂ വീണു കിടക്കുന്നു .

അവനൊരു പൂ എടുത്ത് കൈയില്‍ വച്ചു സൂക്ഷിച്ചുനോക്കി.

പിന്നെ അവനത് മണത്തുനോക്കി. ആ മണം അവന്‍ ഉള്ളിലേക്ക് വലിച്ചുകയറ്റി.

അതിൽ വല്ല പ്രാണിയുമുണ്ടെങ്കിൽ മൂക്കിക്കേറും പ്രശ്‌നാവും എന്നു പറഞ്ഞു അമ്മ.

കുഞ്ഞുണ്ണി പൂവിൽ പ്രാണിയുണ്ടോന്ന് തിരിച്ചും മറിച്ചും പരിശോധനയായി.

പൂവിന്റെ മുഖം വെള്ള, അതിന്റെ കാലിന്റെ നിറം ഓറഞ്ച്.

ആ ഓറഞ്ച് നിറത്തിന് പവിഴനിറം എന്നും പറയും, അതാ പൂവിന് പവിഴമല്ലി എന്നു പേര്-അവന് അമ്മ പറഞ്ഞു കൊടുത്തു.

പവിഴനിറമുള്ള മുത്തുകോര്‍ത്ത സ്വര്‍ണ്ണമാലയാണ് അമ്മ ഇട്ടിരിക്കുന്നത്.

കുഞ്ഞുണ്ണി അത് പിടിച്ചുനോക്കി.

പിന്നെ  അവന്‍ നീളത്തില്‍ നീളത്തിലാട്ടിനോക്കി അത്.

അമ്മ ചെടിക്കുനനച്ചു കഴിഞ്ഞിരുന്നു.

അമ്മ അവന് അകത്തുനിന്നു കൊണ്ടുവന്ന് ഒരു പൂക്കൊട്ട കൊടുത്തു.

പവിഴമല്ലിപ്പൂ പെറുക്കിയിടാന്‍ തുടങ്ങി  അവനാ പൂക്കുട്ടയില്‍.

Advertisment

priya as Stories

പൂക്കുട്ട നിറഞ്ഞപ്പോ അവന് അമ്മ ഓലനാര് എടുത്തുകൊടുത്തു.

അവന്‍ ആ നാരില്‍ പൂ കോര്‍ക്കാന്‍ തുടങ്ങി.

ആദ്യം ഒരു പൂമാല . അതവന്‍ കഴുത്തിലിട്ടു.

പിന്നത്തെ പൂമാല അവന്‍ അമ്മയുടെ കഴുത്തിലിട്ടു കൊടുത്തു.

അമ്മയ്ക്ക് ഒത്തിരി സന്തോഷമായെന്ന് അമ്മയുടെ ചിരി കണ്ടാല്‍ കുഞ്ഞുണ്ണിക്കറിയാം.

അമ്മ, അമ്മയുടെ മൈലാഞ്ചിക്കൈകൊണ്ട് അവന്റെ തലയില്‍ തലോടി.

ശ്ശെടാ, മൈലാഞ്ചിക്കും പവിഴനിറമാണല്ലോ എന്നു പറഞ്ഞു കുഞ്ഞുണ്ണി .

പിന്നെ അമ്മയുടെ മൈലാഞ്ചിക്കൈ പിടിച്ച്  ഹായ് എന്നുമണത്തു നോക്കി.

മൈലാഞ്ചി ഇല പറിച്ച് അരകല്ലില്‍ വച്ച് അരച്ച് കുഴകുഴാന്നാക്കിയെടുത്തത് അമ്മൂമ്മയാണ്.

അമ്മ അത് കൈയിലിട്ടു . കുഞ്ഞുണ്ണിയോ അത്  അവന്റെ കുഞ്ഞിവയറിന്മേലിട്ടാല്‍ മതി എന്നു പറഞ്ഞു.

കുഞ്ഞുണ്ണി ഉടുപ്പൂരി  അമ്മയുടെ കൈയില്‍ കൊടുത്തു. എന്നിട്ട് സ്വന്തം കുഞ്ഞിവയറിലെ മൈലാഞ്ചിവട്ടം  മണത്തുനോക്കി.

പിന്നെ, കുഞ്ഞുണ്ണി പവിഴമല്ലിച്ചുവട്ടില്‍ കുനിഞ്ഞിരുന്ന്, ബാക്കിവന്ന ഓലനാരില്‍ പൂ കോര്‍ത്ത് അമ്മയ്ക്ക് ഒരു വളയും ഓരു മോതിരവും ഒരു തൂങ്ങിയാടും കമ്മലും ഉണ്ടാക്കി.

അതൊക്കെയിട്ടപ്പോ അപ്പൂപ്പനവന് പറഞ്ഞുകൊടുത്ത കഥയിലെ ശകുന്തളയെപ്പോലെയായി അമ്മ.

കുഞ്ഞുണ്ണിയുടെ പൂ കോര്‍ക്കല്‍ ഇഷ്ടമായതു കൊണ്ടാവും അപ്പോ പവിഴമല്ലി കാറ്റത്ത് ഒന്ന് ഇളകിയാടി.

പൂ കൊഴിഞ്ഞ് കുഞ്ഞുണ്ണിയുടെ തലയിലും ചുണ്ടത്തും മൂക്കത്തുമൊക്കെ വീണു .

അവനെ പൂക്കുഞ്ഞേ എന്നുവിളിച്ചു അമ്മ.

അപ്പോ അവന് ചിരി വന്നു .

ആ ചിരിയുടെ പേരാണ് പൂപ്പുഞ്ചിരി.

Read More:  പ്രിയ എ എസ് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Priya As Stories Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: