/indian-express-malayalam/media/media_files/2024/12/07/priya-as-last-part-1.jpg)
ചിത്രീകരണം: വിഷ്ണു റാം
ieMalayalam കുട്ടികൾക്കായുള്ള വിഭാഗം തുടങ്ങിയത് 2018 നവംബര്‍ 14ന് പ്രിയ എ എസിൻ്റെ 'പെരുമഴയത്തെ കുഞ്ഞിതളുകൾ' എന്ന നോവലുമായാണ്. ആ കൃതിക്ക് പിന്നീട് ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഐ ഇ മലയാളം ബാലസാഹിത്യ വിഭാഗത്തിലെ നിരന്തര സാന്നിദ്ധ്യമായി തുടർന്ന പ്രിയയുടെ തങ്കക്കുട്ടിയാണ് ഇത്തവണത്തെ താരം. ആത്മകഥാപരം എന്നതിനുമപ്പുറം എഴുത്തുകാരിയിലേക്കുള്ള ഒരു കുഞ്ഞിൻ്റെ രൂപപ്പെടലിൻ്റെ സൂക്ഷ്മ അടരുകളായ ഇക്കഥയുടെ അവസാന അധ്യായം വായിക്കാം.
മുംബൈ
ദിപുക്കുട്ടന്‍ ക്വിസ് മത്സരങ്ങളില്‍ എപ്പഴും ഒന്നാമതായി. സുധീഷ് കുട്ടന്‍ പാട്ടുമത്സരങ്ങളില്‍ ഒന്നാമതായി. സീനക്കുട്ടി ഡാന്‍സുമത്സരങ്ങളില്‍ ഒന്നാമതായി. എന്തില്‍ ഒന്നാമതാവും താന്‍? എന്ന് എത്ര ആലോചിച്ചിട്ടും തങ്കക്കുട്ടിക്ക് പിടികിട്ടിയില്ല.
നല്ല നീളന്‍ കാലുകളുള്ളതുകൊണ്ട് ഓട്ടമത്സരത്തില്‍ പങ്കെടുത്താലോ? എന്ന് അവള്‍ ആലോചിച്ചുനോക്കി. പക്ഷേ ഓപ്പറേഷന്‍ കഴിഞ്ഞ കുട്ടികള്‍ ഓടാന്‍ പാടുണ്ടോ? എന്നവള്‍ക്ക് സംശയമായി. എന്നാലും ആരെയും അറിയിക്കാതെ അവള്‍ മത്സരത്തിന് പേരു കൊടുത്തു.
പക്ഷേ, ശങ്കരന്‍കുട്ടി സാര്‍ മൈക്കിലൂടെ മത്സരത്തിനു പേരു കൊടുത്തവരെ വിളിക്കുമ്പോള്‍ അവള്‍ ആരും കാണാതെ ഒളിച്ചിരുന്നു, ക്ലാസ് മൂലയില്‍. എന്നിട്ട് മത്സരം കഴിഞ്ഞെന്നുറപ്പായപ്പോള്‍ ''ഞാന്‍ കേട്ടില്ല പേരു വിളിച്ചത്. അയ്യോ...എന്തു കഷ്ടമായിപ്പോയി'' എന്നു നുണക്കഥ പറഞ്ഞു ശങ്കരന്‍കുട്ടിസാറിന്റെ അടുത്തുവന്നുനിന്നു.
ശങ്കരന്‍കുട്ടി സാര്‍ അവളുടെ ഓട്ടക്കഥ വഴിയില്‍ വച്ച് മുത്തച്ഛനെയും അവളെയും കണ്ടപ്പോള്‍ പറഞ്ഞു ചിരിച്ചു. ഭാവനയും നുണയും തമ്മില്‍ ഒരു തൂവാലക്കനം വ്യത്യാസമേയുള്ളൂ എന്നും നുണ മോശവും ഭാവന നല്ലതുമാണെന്ന് മുത്തച്ഛന്‍ അവളോട് പറഞ്ഞു.
ഒന്നാമതാകാന്‍ പറ്റിയ ഒന്നും കണ്ടുപിടിക്കാന്‍ പറ്റാത്തതിന്റെ തങ്കക്കുട്ടിസങ്കടം അവളപ്പോള്‍ മുത്തച്ഛന്റെ മുന്നില്‍ ചൊരിഞ്ഞിട്ടു.
''ഒട്ടും വിചാരിക്കാത്തപ്പോ തെളിയുന്ന മഴവില്ലുപോലെ ഒരു ദിവസം കഥ ഊറിവരും തങ്കക്കുട്ടിയുടെ ഉള്ളില്‍. കഥയില്‍ ജയിച്ചാമതി തങ്കക്കുട്ടി'' എന്ന് മുത്തച്ഛന്‍ അവളുടെ തലയില്‍ തലോടി.
അതോടെ തങ്കക്കുട്ടി സന്തോഷക്കുട്ടിയായി. കമലുവമ്മയും ചേര്‍ത്തലയമ്മയും കൂടി മുറ്റത്തു പായില്‍ ഉണക്കാനിട്ട കൊപ്രയും മാങ്ങാപ്പൂളും കുടമ്പുളിയും കൊത്തിപ്പെറുക്കാന്‍ കാക്കവരുന്നുണ്ടോ, അണ്ണാറക്കണ്ണന്‍ വരുന്നുണ്ടോ, എന്നു നോക്കാന്‍ പോയി. കാവല്‍തങ്കക്കുട്ടിക്ക് ഉച്ചയുറക്കം വന്ന് അവളെണീറ്റുപോയപ്പോള്‍ പകരം മൂന്നാള്‍സംഘം എത്തി.
അവർ കള്ളത്തരത്തില്‍ പാത്തുപതുങ്ങി നടന്ന് കൊപ്രയും മാങ്ങാപ്പൂളും കുടമ്പുളിയും തിന്നു രസിച്ചു. കുറച്ചെടുത്ത് പോക്കറ്റില്‍ തിരുകി വികൃതിക്കുസൃതി സുധീഷ്. അതവന് വൈക്കത്തേക്ക് തിരിച്ചുപോകുമ്പോ ബസിലിരുന്ന് നുണയാനാണ്. ചിലപ്പോ അവന്‍ പോക്കറ്റ് വസ്തുക്കളുടെ കാര്യം മറന്നേപോവും. രാവിലെ അവനെ കുളിപ്പിച്ചുവിട്ടിട്ട് അവന്റെ നിക്കര്‍ നനച്ചെടുക്കുമ്പോള്‍ കുഞ്ഞമ്മയ്ക്ക് കിട്ടും കുതിര്‍ന്ന കുറേ തീറ്റക്കാര്യങ്ങള്‍.
മുത്തച്ഛന്‍ സുധീഷിനെയും ദിപുവിനെയും കളിയായി വിളിക്കുന്നത് ഉണിക്കോനാരെന്നും ഉണിച്ചന്ത്രോരെന്നുമാണ്. വടക്കന്‍പാട്ടുകഥകളില്‍ നിന്ന് മുത്തച്ഛന്‍ കടമെടുത്താണ് ആ പേരുകള്‍. അമ്മാവന്‍ അവരെ വിളിക്കുക ക്രംഷ് എന്നാണ്. എന്താണാവോ അതിനര്‍ത്ഥം?
പറഞ്ഞില്ലല്ലോ? ദീപാവലി ഒഴിവിന് അമ്മാവന്‍ വന്നു ബോംബെയില്‍നിന്ന്. അപ്പോഴേയ്ക്ക് അമ്മാവന് കാഡ്ബറീസിലേക്ക് ജോലിമാറ്റമായിക്കഴിഞ്ഞിരുന്നു.
അമ്മാവന്‍ വന്നപ്പോ എരമല്ലൂര്‍ വീടൊരു മിഠായിവീടായി. ജെംസ്, ഫൈവ്സ്റ്റാര്‍, എക്ലയേഴ്‌സ് എന്നിങ്ങനെ പലതരം കാഡ്ബറീസ് മിഠായികള്‍ തിന്നു നടന്നു നാലുപേരും.
അപ്പോഴും സുധീഷിന്റെ കണ്ണ് അമ്മാവന്റെ പെട്ടിയിലായിരുന്നു. അമ്മാവന്‍ കളിപ്പാട്ടം വല്ലതും കൊണ്ടുവന്നിട്ടുണ്ടാവുമോ? എന്നു മണത്തുമണത്ത് അവനാ പെട്ടിക്ക് ചുറ്റും നടന്നു. എവിടെപ്പോയാലും ഒരു കളിപ്പാട്ടമില്ലാതെ തിരിച്ചുവരില്ല സുധീഷ്. അവന്റെ പെട്ടി പ്രദക്ഷിണ നടപ്പുകാണും തോറും അമ്മാവന്‍ ഒരു കള്ളച്ചിരിയോടെ പെട്ടിതുറക്കുന്നത് വൈകിച്ചു.
ഒടുക്കം തുറന്നപ്പോഴോ? രണ്ട് വലിയ കളിത്തോക്കുണ്ടായിരുന്നു അതില്‍. മരപ്പിടിയും ഇരുമ്പ് കുഴലുമൊക്കെയായി അസ്സലൊരു നീളന്‍ തോക്ക്. തോക്കിന്‍ കുഴലില്‍ വയ്ക്കാന്‍ നൂലു കെട്ടി തോക്കിനോടു ബന്ധിച്ച ഒരു മിനുസക്കല്ലും.
കുറേദിവസം തോക്കുകാര്‍ കുറ്റക്റ്റീവുകളായി, പൊലീസുകാരായി, പട്ടാളക്കാരായി. തുരുതുരാ വെടിവച്ച് കല്ലിന്മേല്‍ ചരട് പൊട്ടിപ്പോയി. പിന്നെ മുറ്റത്തെ കല്ലുകളായി ശരണം. അമ്മാവന്‍ തിരിച്ചുപോകും മുമ്പേ തന്നെ തോക്കിലുള്ള അവരുടെ കമ്പം പോയി. ഇടയ്‌ക്കൊക്കെ കമലുവമ്മ അതെടുത്ത് മുറ്റത്തെ പായയില്‍ ഉണക്കാനിട്ടിരിക്കുന്ന ഓരോന്ന് തിന്നാന്‍ വരുന്ന കള്ളജീവികളെ പേടിപ്പിച്ചോടിച്ചു.
തങ്കക്കുട്ടിക്കും സീനക്കുട്ടിക്കും അമ്മാവന്‍ കൊണ്ടുവന്നത് വളകളും മാലകളുമാണ്. അവരത് ചിലപ്പോള്‍ സ്വന്തമായണിയുകയും ചിലപ്പോള്‍ പാവക്കുട്ടികളെ അണിയിച്ചൊരുക്കാനുപയോഗിക്കുകയും ചെയ്തു. അമ്മാവന്‍ തിരിച്ചുപോകാറായപ്പോ തങ്കക്കുട്ടിക്ക് വീണ്ടും കടുത്ത ശ്വാസംമുട്ടലായി.
ചരിഞ്ഞുവളരുന്ന റബ്ബര്‍മരങ്ങളും കടന്ന് ടാക്‌സിയില്‍ ആശുപത്രിയില്‍ ചെന്നപ്പോ ഡോക്ടർ ജോസഫ് പറഞ്ഞു ''ഇനീം വേണ്ടിവരും ഒരു ഓപ്പറേഷന്‍ തങ്കക്കുട്ടിക്ക്.'' എല്ലാര്‍ക്കും വല്യസങ്കടായി അതുകേട്ട്. ഇനീം പുറകില്‍ കെട്ടുള്ള ആ പച്ച ഓപ്പറേഷന്‍ ഉടുപ്പ് ഇടേണ്ടിവരുമോ? എന്നുമാത്രമാണ് തങ്കക്കുട്ടി അപ്പോ വിചാരിച്ചത്.
തങ്കക്കുട്ടീടെ അമ്മാവന്‍ ഡോക്ടറോട് ചോദിച്ചു ''മുംബെയിയിൽ ഒന്നു കാണിച്ചുനോക്കിയാലോ? വല്ല ഗുണവുമുണ്ടാവുമോ?''
''നിങ്ങളുടെ ഇഷ്ടം'' എന്നു പറഞ്ഞു ഡോക്ടര്‍ ജോസഫ്.
അങ്ങനെയാണ് തങ്കക്കുട്ടിയും അമ്മയും അമ്മാവനും കൂടി മുംബൈലേയ്ക്ക് ഒരു വിമാനത്തില്‍ പറന്നത്. വീല്‍ചെയറിലിരുന്നാണ് തങ്കക്കുട്ടി ആദ്യമായി പ്ലെയിന്‍ കയറിയത്. ദിപുക്കുട്ടന്‍ സങ്കടത്തോടെ കൈവീശി.
പഠിച്ച് ജോലികിട്ടുമ്പോ സ്വന്തം പൈസ കൊണ്ട് ടിക്കറ്റെടുത്ത് ദിപുക്കുട്ടന് വിമാനത്തില്‍ ദൂരദൂരങ്ങളിലേയ്ക്ക്, മഞ്ഞുവീഴുന്ന നാട്ടിലേയ്ക്ക് ഒക്കെ പോകാന്‍ പറ്റുമെന്നു സമാധാനിപ്പിച്ച് അച്ഛനവനെ തോളത്തെടുത്തിരുത്തി. അവനൊന്ന് വിതുമ്പി.
വിമാനത്തിലിരുന്ന് തങ്കക്കുട്ടി കണ്ടു, പച്ചസാരിപോലെ താഴെ ഭൂമി. ചുറ്റും കടല്‍ പോലെ ആകാശം, പഞ്ഞിക്കെട്ടുകള്‍ പോലെ മേഘം. തീക്കട്ടപോലെ നിന്ന് സൂര്യന്‍ അവളെ നോക്കി.
പിന്നെ വിമാനമിറങ്ങാറായപ്പോള്‍ മാനം മുട്ടെ മുംബൈ. ഉയരത്തിലുയരത്തില്‍ കൂറ്റന്‍ ഫ്‌ളാറ്റുകള്‍. റോഡുമുഴുവന്‍ പലമാതിരി വണ്ടികള്‍. അവള്‍ വിചാരിച്ചു, എന്തൊരു തിക്ക്,തിരക്ക്. എന്തുമാത്രം ആളുകള്‍, വേഷങ്ങള്‍.
തങ്കക്കുട്ടിയുടെ ഡോക്ടർ നിരഞ്ജന്‍ എച്ച് ബങ്ക അവരെ സമാധാനിപ്പിച്ചു ''ഓപ്പറേഷനൊന്നും വേണ്ട. തൽക്കാലം ഒരു മൂന്നുമാസം ഇവിടെ നില്‍ക്കൂ. ഒക്കെ ശരിയാക്കിത്തരാം.''
തങ്കക്കുട്ടിയുടെ സ്‌കൂളില്‍പ്പോക്ക് അങ്ങനെ മുടങ്ങിയെങ്കിലെന്ത് അവള്‍ ഡോക്ടറോടു സംസാരിച്ചും, അടുത്ത ഫ്‌ളാറ്റുകളിലെ കുട്ടികളോടു കളിച്ചും, പച്ചക്കറിമാര്‍ക്കറ്റില്‍ അമ്മാവനോടൊപ്പം പോയും, ജുഹു ബീച്ചിലും, ചൗപ്പാത്തി ബീച്ചിലും ചുറ്റിനടന്നും, ബേല്‍പുരി വാങ്ങിക്കഴിച്ചും, കുറച്ചുകുറച്ച് ഹിന്ദി പഠിച്ചു.
അവിടെ അവളെ അമ്മയും അമ്മാവനുമല്ലാതെ വേറെ ആര് വിളിക്കാന്‍ തങ്കക്കുട്ടിയെന്ന്? പ്രിയ എന്ന പേരല്ലാതെ തങ്കക്കുട്ടിയെന്ന പേര് അവിടെ വേറെ ആര്‍ക്കറിയാന്‍?
ഒരു ദിവസം തങ്കക്കുട്ടിക്ക് വെറുതേ തോന്നി തങ്കക്കുട്ടിയേക്കാള്‍ നല്ലൊരു പേരല്ലേ പ്രിയ.
''എനിക്കേ ഇനി ഈ പേരു വേണ്ട'' എന്നു പറഞ്ഞു അവള്‍ അമ്മയോടും അമ്മാവനോടും. അങ്ങനെയെങ്കില്‍ അങ്ങനെ എന്നു ചിരിച്ചു അവര്‍ രണ്ടാളും.
എരമല്ലൂര്‍ വീട്ടിലേയ്ക്ക് പിറന്നാള്‍ദിവസം ഫോണ്‍ചെയ്ത് അവള്‍ പറഞ്ഞു ''ഞാനേ ഇനി തങ്കക്കുട്ടിയല്ല, പ്രിയയാണ്'' അവരെല്ലാം ചിരിച്ചുസമ്മതിച്ചു.
ദിപുക്കുട്ടനവളോട് ''നിങ്ങളെന്നുവരും തിരിച്ച്?'' എന്നു സങ്കടപ്പെട്ട് തിരക്കി. അതുകേട്ടപ്പോള്‍ അവള്‍ക്കും വന്നു സങ്കടം. ദിപുക്കുട്ടനെ കണ്ടിട്ടെത്ര നാളായി? എങ്ങനെ പഠിച്ചുതീര്‍ക്കും ക്ലാസുകളൊക്കെ?
ബാല്‍ക്കണിയിലെ ചെടികള്‍ക്കിടയില്‍ പോയിനിന്ന് റോഡിലേയ്ക്ക് നോക്കി നിന്നു അവള്‍. ഒരു തത്തമ്മ അപ്പോള്‍ വന്ന് എന്താ സങ്കടം എന്ന മട്ടില്‍ അവളെ നോക്കി. സങ്കടം മറക്കാന്‍ കഥ നല്ലതാണെന്ന് മുത്തച്ഛന്‍ പറയുന്നതവളോര്‍ത്തു. എന്നാലൊരു കഥ എഴുതിനോക്കാം എന്നു വിചാരിച്ചു അവള്‍.
അവള്‍ അമ്മ കേട്ടെഴുത്തിടുന്ന നോട്ട് ബുക്കിലെ പേജില്‍ കഥയുടെ തലക്കെട്ടെഴുതി 'തങ്കക്കുട്ടിക്കാലം'.
തുടര്‍ന്നവളെഴുതി, ഒരിടത്തൊരിടത്തൊരു തങ്കക്കുട്ടിയുണ്ടായിരുന്നു...കുറേനാള്‍ കഴിഞ്ഞപ്പോള്‍ അവളൊരു പ്രിയ ആയി മാറിയ കഥയാണിത്.
ഭാവനവേണം കഥയെഴുതാന്‍ എന്നല്ലേ തങ്കക്കുട്ടി മുത്തച്ഛന്‍ പറയാറ്? എന്തൊക്കെ ഭാവന അവളതില്‍ ചേര്‍ത്തുകാണും? ആരും പറയാത്ത കഥ, ലോകത്തെങ്ങുമില്ലാത്ത കഥ വേണം എഴുതാന്‍ എന്നും പറഞ്ഞിട്ടുണ്ടല്ലോ തങ്കക്കുട്ടിമുത്തച്ഛന്‍. അങ്ങനെ ആയോ അവളുടെ ആ തങ്കക്കുട്ടിക്കാലം കഥ?
അവള്‍ പിന്നെ ശരിക്കും കഥ എഴുതുന്ന ആളായോ?
അവളന്ന് ചെറുക്ലാസുകാരിയായി എഴുതിത്തുടങ്ങിയ കഥ വലുതായപ്പോള്‍ അവള്‍ തന്നെ തുടര്‍ന്നെഴുതിയതാവുമോ ഈ കഥ?
പറയ്, ആര്‍ക്കെങ്കിലും അറിയാമോ ഉത്തരം?
-അവസാനിച്ചു
Read More:
- പ്രിയ എ എസ്സിന്റെ കുട്ടികളുടെ നോവൽ ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി മറ്റ് ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
- എസ് ആർ ലാലിൻ്റെ കുട്ടികളുടെ നോവൽ അമ്മുവിൻ്റെ സാഹസങ്ങൾ ഇവിടെ വായിക്കാം
- സുഭാഷ് ഒട്ടുംപുറത്തിൻ്റെ ഏകാന്ത നാവികൻ ഇവിടെ വായിക്കാം
- ജയകൃഷ്ണൻ്റെ കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.