scorecardresearch

ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി: കുട്ടികളുടെ നോവൽ അധ്യായം 25

"ദിപു പിന്നെ എപ്പോഴും ഉറച്ച ശബ്ദത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ശരിയല്ലായ്മകളുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു കുഞ്ഞാളായി തുടര്‍ന്നു." പ്രിയ എ എസ് എഴുതിയ നോവൽ 'ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി' അധ്യായം 25 വായിക്കാം

"ദിപു പിന്നെ എപ്പോഴും ഉറച്ച ശബ്ദത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ശരിയല്ലായ്മകളുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു കുഞ്ഞാളായി തുടര്‍ന്നു." പ്രിയ എ എസ് എഴുതിയ നോവൽ 'ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി' അധ്യായം 25 വായിക്കാം

author-image
Priya A S
New Update
Priya as Novel

ചിത്രീകരണം: വിഷ്ണു റാം

ieMalayalam കുട്ടികൾക്കായുള്ള വിഭാഗം തുടങ്ങിയത്  2018 നവംബര്‍ 14ന് പ്രിയ എ എസിൻ്റെ 'പെരുമഴയത്തെ കുഞ്ഞിതളുകൾ' എന്ന നോവലുമായാണ്. ആ കൃതിക്ക് പിന്നീട്‌ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഐ ഇ മലയാളം ബാലസാഹിത്യ വിഭാഗത്തിലെ നിരന്തര സാന്നിദ്ധ്യമായി തുടർന്ന പ്രിയ വിണ്ടും കുഞ്ഞുങ്ങൾക്കായി എത്തുകയാണ്, ഇത്തവണ തങ്കക്കുട്ടിയാണ് താരം. ആത്മകഥാപരം എന്നതിനുമപ്പുറം എഴുത്തുകാരിയിലേക്കുള്ള ഒരു കുഞ്ഞിൻ്റെ രൂപപ്പെടലിൻ്റെ സൂക്ഷ്മ അടരുകളാണ് ഇക്കഥ.

എരമല്ലൂര്‍ ജോസിലെ കുതിരയും ലോറിയും വക്കീലും

Advertisment

അച്ഛനും അമ്മയും തങ്കക്കുട്ടിയും ദിപുവും കൂടി ഇടയ്ക്ക് സിനിമയ്ക്ക് പോയി. ഏറ്റവും നല്ല സിനിമകളെന്നുറപ്പുള്ളതിനാണ് അവര് നാലുപേരും കൂടി പോയത്. നടന്നാണ് സിനിമയ്ക്ക് പോവുക. നടക്കാനുള്ള ദൂരമേയുള്ളു എരമല്ലൂരിലെ ജോസ് തിയേറ്ററിലേക്ക്.

ഒരേ ഉയരത്തിലായിരുന്നു തിയേറ്ററിലെ എല്ലാ സീറ്റുകളും. ദിപുവിന് പൊക്കം കുറവല്ലേ, അച്ഛന്റെ മടിയിലിരുന്നാലേ അവന് നല്ലോണം കാണാന്‍ പറ്റൂ. എന്നാലും ചിലപ്പോള്‍ അവന്‍ വഴക്കുണ്ടാക്കും. 

മുമ്പിലൊരു പൊക്കക്കാരനോ പൊക്കക്കാരിയോ വന്നിരുന്നാല്‍ അവന് സ്‌ക്രീനില്‍ നടക്കുന്നത് കാണാതാവും. അപ്പോഴവന്‍ വഴക്കിട്ട് അവനുള്ള സീറ്റിലേക്കിരുന്ന് പിണക്കക്കുട്ടനാകും. പിന്നെയും അച്ഛന്‍ അവനെ ഓരോന്നു പറഞ്ഞ് സമാധാനപ്പെടുത്തി മടിയിലേക്കെടുത്തിരുത്തും.

Advertisment

പിന്നെ ദിപുവിന് ഏറ്റവും പ്രധാനമായ കാര്യം സ്‌ക്രീനില്‍ എപ്പോഴും ലോറിയും കുതിരയും ഉണ്ടാവണമെന്നുള്ളതാണ്. ആ സിനിമ പറയുന്ന കഥയില്‍ ലോറിയും കുതിരയും ഉണ്ടായാലല്ലേ സ്‌ക്രീനില്‍ അതൊക്കെ കാണാന്‍ പറ്റൂ? അതു പറഞ്ഞാലൊന്നും ദിപുവിന് മനസ്സിലാകില്ല. അവന്‍ പിണങ്ങിയിരിപ്പും കരച്ചിലും തുടരും.

അപ്പോ അച്ഛന്‍ അവനെയുമെടുത്ത് പുറത്തിറങ്ങും. ദേവകിയമ്മ എരമല്ലൂര്‍ച്ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന നേരമാണത്. തിയേറ്ററിന്  തൊട്ടടുത്താണ് ചന്ത. അച്ഛന്‍ ദിപുവിനെയും എടുത്തു കൊണ്ട് അവിടെച്ചെന്ന് ദേവകിയമ്മയെ കണ്ടുപിടിക്കും.  എന്നിട്ട് ദേവകിയമ്മയുടെ അടുത്ത് ദിപുവിനെ കൊടുത്തുവിടും. ലോറിയും കുതിരയുമില്ലാത്ത സിനിമയില്‍ താല്‍പര്യമില്ലാത്ത ദിപു ദേവകിയമ്മയുടെ ഒക്കത്തിരുന്ന് കപ്പലണ്ടിമിഠായിയും തിന്നുകൊണ്ട് വീട്ടിലേയ്ക്ക് തിരികെ പോയി. 

തങ്കക്കുട്ടിയും ബാക്കി മൂന്നുപേരും ഇതിനകം കുറച്ചുകൂടി വളര്‍ന്നു കേട്ടോ. അപ്പോ ദിപുവിന് സിനിമയില്‍ കറുത്ത കോട്ടിട്ട വക്കീലന്മാരെ കാണണമെന്നായി. വക്കീലന്മാരില്ല സിനിമയില്‍ എന്നു പറഞ്ഞായി പിന്നെ പിണക്കം. കാര്യമില്ലാതെ പിണങ്ങുന്നതിന് അമ്മ അവന് ഒരു ചെറിയ പിച്ച് കൊടുക്കുക ഒരു സിനിമാപ്പതിവായി. 

അവന്‍ എല്ലാവരില്‍ നിന്നുമകന്ന് കസേരയുടെ ഒരു മൂലയ്ക്ക് പോയിരുന്ന് വക്കീലിനെ കാണാത്ത സങ്കടത്തിലും അമ്മ പിച്ചിയ സങ്കടത്തിലും ഒച്ചയില്ലാതെ കരഞ്ഞു. തങ്കക്കുട്ടിക്ക് അവനോട് പാവം തോന്നി. അവളവനെ തലോടി.

കണ്‍നിറയെ വക്കീലിനെ കാണിക്കാന്‍ അച്ഛനവനെ ചേര്‍ത്തലക്കോടതിയില്‍ കൊണ്ടുപോയി ഒരു ദിവസം. തിരിച്ചു വരും വഴി അച്ഛനവന് ഒരു കറുത്ത  കോട്ടു വാങ്ങിക്കൊടുത്തു. അന്നു മുഴുവന്‍ അതിട്ട് നടന്നു ദിപു വീട്ടിനകത്തുകൂടി. 

Priya as Novel

''ഇതാര് വക്കീല്‍ ദിപു സാറോ?'' എന്നു ചോദിച്ചു ചെല്ലപ്പമ്മാമന്‍.

''ഞാന്‍ വലുതായി വക്കീലാവും'' ദിപു പറഞ്ഞു. 

''അപ്പോ ചെല്ലപ്പമ്മാമന്റെ കേസൊക്കെ ഫ്രീയായി വാദിച്ചുതരണേ ദിപുക്കുട്ടാ...'' എന്നു പറഞ്ഞു ചെല്ലപ്പമ്മാമന്‍.

പിന്നെ സിനിമയുടെ പേരും അതിനുതാഴെ എഴുതിക്കാണിക്കുന്ന ബാക്കികാര്യങ്ങളും വായിക്കാന്‍ പറ്റുന്നില്ല എന്നു പറഞ്ഞായി സിനിമാ തിയേറ്ററില്‍ ദിപുവിന്റെ ബഹളം. അപ്പോഴും കിട്ടി അവന് അമ്മയുടെ പിച്ച്. പക്ഷേ, പിന്നെയല്ലേ മനസ്സിലായത് അവന് കണ്ണിന് വയ്യായ്കയുണ്ടായിരുന്നുവെന്ന്. അങ്ങനെ അവന്‍ കണ്ണടക്കുട്ടനായി.

ഇടയ്‌ക്കൊക്കെ അവര്‍ കുത്തിയതോട് സാരഥിയിലും, ചന്തിരൂര്‍ സെലക്ടിലും, തുറവൂര്‍ ശ്രീകൃഷ്ണയിലും, സിനിമ കാണാന്‍ പോയി. ചില നല്ല സിനിമകള്‍ അവിടെയൊക്കെ വരുമ്പോള്‍ പോയല്ലേ തീരൂ. അപ്പോ ബസിലാണ് അവര്‍ പോവുക. ചിലപ്പോഴൊക്കെ ബസൊന്നും നിര്‍ത്തില്ല. കൈ കാണിക്കുന്ന ആളുകളെയൊന്നും കാണാത്ത ഭാവത്തില്‍ ബസ് തിരക്കിട്ടോടിപ്പോവുമ്പോള്‍ ദിപു കുനിഞ്ഞ് റോഡില്‍നിന്ന് കല്ലുകള്‍ പെറുക്കിയെടുക്കും. നിര്‍ത്താത്ത ബസിനെ എറിയാനാണ് കല്ല്.

''നമ്മൾ ഗാന്ധിജിയുടെ ആളുകളല്ലേ? ആരെയും കല്ലെറിയാനൊന്നും പാടില്ല'' എന്നമ്മ പറഞ്ഞപ്പോള്‍ ദിപു കല്ല് താഴെയിട്ടു .

ഗാന്ധി അപ്പുറത്തെ ഏതോ വീട്ടിലെ മാമനാണെന്നാവും ദിപു കരുതിയത് എന്നോർത്ത് ചിരി വന്നു തങ്കക്കുട്ടിക്ക്. ദിപുക്കുട്ടന്‍ ഒരിക്കല്‍ ഒരാളെ തല്ലി. അറിയണോ അക്കഥ?

ദിപുവിനെ ക്ലാസിലേക്ക്  കൊണ്ടുപോകുന്നത് ദേവകിയമ്മയാണ്. ക്ലോക്കിൽ ഒന്‍പതുമണി നോക്കാന്‍ മാത്രമേ ദിപുവിനറിയൂ. ചെറിയ സൂചി ഒന്‍പതിലും വലിയ സൂചി പന്ത്രണ്ടിലും വന്നാല്‍ ഒന്‍പതുമണിയായി, അതാണ് ദിപുവിന്റെ കണക്ക്. അതാണ് ദിപുവിന് സ്‌കൂളില്‍ പോകേണ്ടുന്ന നേരം. ദിപു അതിനുമെത്രയോ നേരം മുമ്പേ് റെഡിയായിട്ടുണ്ടാവും. എന്നിട്ടവന്‍ സൂചികളും നോക്കി ക്ലോക്കിന്റെ താഴെ വന്നു നില്‍ക്കും.

വലിയ സൂചി പന്ത്രണ്ടും കടന്ന് മുന്നോട്ടുപോയാല്‍ ദിപുവിന്റെ ഭാവം മാറും. പിന്നെ പിണക്കം, കരച്ചിൽ, ബഹളം. ദേവകിയമ്മയ്ക്കുണ്ടോ വാച്ച്? അവർ ഒരൂഹത്തിന് സമയം കണക്കാക്കിയല്ലേ വരവും പോക്കും? പക്ഷേ, അതെങ്ങാന്‍ ദിപുവിന്റെടുത്തു നടക്കുമോ?

അങ്ങനെ ലേറ്റായി വന്ന ദേവകിയമ്മയുടെ കൈയും പിടിച്ച് കരച്ചില്‍ക്കുട്ടനായി ദിപു സ്‌കൂളില്‍ പോവുകയായിരുന്നു ഒരു ദിവസം. പെട്ടെന്ന് ദിപു കുട വച്ച് ദേവകിയമ്മയെ അടിക്കാന്‍ തുടങ്ങി. അച്ഛനത് കാണുന്നുണ്ടായരുന്നു വീട്ടിലെ അരപ്രൈസിലിരുന്ന്. അച്ഛന്‍ ഒരു ചെമ്പരത്തിക്കമ്പുമൊടിച്ച് ഓടിച്ചെന്ന് ദിപുവിനെ പിടിച്ച് തല്ലി. 

ദേവകിയമ്മ അച്ഛനോട് കയര്‍ത്തു ''കൊച്ചിനെ തല്ലുന്നോ?'' അച്ഛന്റെ കൈയില്‍ നിന്ന് വടി മേടിച്ച് ഒടിച്ചു കളഞ്ഞു ദേവകിയമ്മ. പിന്നെ ദിപുവിനെയും കുടയെയും പെട്ടിയെയും ഒക്കെ കൂടി ഒക്കത്തെടുത്തു.അച്ഛനാദ്യമായി തല്ലിയതിന്റെ സങ്കടത്തില്‍ ദിപു അന്ന് സ്കൂളെത്തുവോളം കരഞ്ഞു. ദേവകിയമ്മ ആ കരച്ചില്‍ തുടച്ച് ആശ്വസിപ്പിച്ചുകൊണ്ടുമിരുന്നു.

പിന്നെ  ഒമ്പതു മണിയുടെ വലിയ സൂചി പന്ത്രണ്ടു കഴിഞ്ഞാല്‍ പിണങ്ങുമെന്നല്ലാതെ ദിപു ഒരിക്കലും ദേവകിയമ്മയെ തല്ലിയിട്ടില്ല. ദേവകിയമ്മയെ എന്നല്ല പിന്നെ ആരെയും ഒരിക്കലും ദിപു തല്ലിയില്ല. ദിപുവിനോട് അച്ഛനന്നങ്ങനെ ചെയ്തത് നന്നായി, അല്ലേ? ഒരു പ്രധാനപ്പെട്ടകാര്യം കൂടിയുണ്ട് കേട്ടോ ദിപുവിനെക്കുറിച്ചു പറയാന്‍.

ദിപുവിന്റെ ഒപ്പം എപ്പോഴും ഒരു ഡയറിയുണ്ടാവും. പത്രക്കാരന്റടുത്തുനിന്ന്  അവന് ഡയറി വാങ്ങിച്ചു കൊടുത്തത് അച്ഛനാണ്. ഓരോ ദിവസവും ദിപുവിന്റെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ എഴുതാനാണ് ഡയറി എന്നച്ഛന്‍ അവന് പറഞ്ഞുകൊടുത്തു. പക്ഷേ അവനത്രയൊന്നും എഴുതാറായിട്ടില്ലല്ലോ? അവനതില്‍ പത്രത്തില്‍ നിന്ന് അച്ഛന്‍ വായിച്ചുകൊടുത്ത പ്രധാനപ്പെട്ട വാര്‍ത്തകളൊക്കെ പടങ്ങള്‍ സഹിതം വെട്ടിയൊട്ടിച്ചു.

പിന്നെ  അക്ഷരമുറച്ചപ്പോള്‍ അവനതില്‍ അടുത്തുള്ളവരുടെ പിറന്നാളുകള്‍, കല്യാണം, ഹൗസ് വാമിങ്, ഓരോ സിനിമയും കണ്ട തീയതി,  നേരിട്ടോ അല്ലാതെയോ അറിയുന്നവരാരെങ്കിലും മരിച്ച ദിവസം, ബര്‍ത്‌ഡെയ്‌സ്, ഇതൊക്കെ അടുക്കോടെ ചിട്ടയോടെ കുറിച്ചു വച്ചു.

ദിപുവിന് പത്രം വായന പതിവായപ്പോള്‍ പാര്‍ട്ടികളും പാര്‍ട്ടിനേതാക്കന്മാരുമൊക്കെ ഹരമായി. അവരാരെങ്കിലും അടുത്ത് എവിടെയെങ്കിലും മീറ്റിങ്ങില്‍ പ്രസംഗിക്കാന്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ അച്ഛനവനെ കൊണ്ടുപോവുക പതിവായി. തങ്കക്കുട്ടിക്ക് വയ്യാത്തതു കൊണ്ടും ഈ വക കാര്യങ്ങളിലൊന്നും താൽപര്യമില്ലാത്തതു കൊണ്ടും അച്ഛന്‍ തങ്കക്കുട്ടിയെ അവിടേക്കൊന്നും പോയപ്പോള്‍ കൂടെ കൂട്ടിയില്ല.

Priya AS Novel

എവിടെയെങ്കിലും ഇലക്ഷന്‍ നടക്കുമ്പോള്‍ ഏതു പാര്‍ട്ടിക്കെത്ര സീറ്റു കിട്ടും? ആരു ജയിക്കും? എന്നൊക്കെ അച്ഛന്‍ ദിപുവിന് ക്ലാസെടുക്കുന്നത് തങ്കക്കുട്ടി ശ്രദ്ധിച്ചതേയില്ല. ടി വിയിലെ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് വീട്ടില്‍ നടക്കുന്നതെന്ന് അവള്‍ക്കു തോന്നി.

പക്ഷേ അപ്പോഴും ക്ലാസിലെ പലരോടും ഓരോരോ അല്ലറചില്ലറക്കാര്യത്തിന് ദിപു പിണങ്ങി . പിന്നെ അവനവരെ കൂടെ കൂട്ടിയതേയില്ല. 

''ക്ഷമിക്കാന്‍ തയ്യാറാകണം നമ്മള്‍, പിണക്കങ്ങള്‍ എന്നേക്കുമുള്ളതാകാന്‍ പാടില്ല'' എന്ന മുത്തച്ഛന്‍ പറച്ചില്‍ ദിപുവിന് എന്തോ മനസ്സിലായതേയില്ല.

ദിപുവും തങ്കക്കുട്ടിയും പഠിച്ചത് അമ്മ പഠിപ്പിച്ച അതേ സ്കൂളിലാണ്. ഒരു ദിവസം ഉച്ചയൂണുനേരത്ത് ദിപു അമ്മയോട് പറഞ്ഞു ''ഞങ്ങള്‍ക്ക് ഹിന്ദി പരീക്ഷയാണ് അടുത്ത ആഴ്ച എന്ന് ഹിന്ദി പണ്ഡിറ്റ് പറഞ്ഞു. അതിനിതുവരെ ഒന്നും പഠിപ്പിച്ചു കഴിഞ്ഞിട്ടില്ലല്ലോ?''

അമ്മ പറഞ്ഞു ''മോന്‍ തന്നെ ഇക്കാര്യം ഹിന്ദി പണ്ഡിറ്റിനോട് ചോദിക്ക്''

ഊണു കഴിഞ്ഞു സ്‌കൂളിലേക്കു തിരിച്ചു ചെന്നപ്പോള്‍ ഹിന്ദി പണ്ഡിറ്റ് വേറൊരു വലിയ ക്ലാസില്‍ പഠിപ്പിച്ചു കൊണ്ടുനില്‍ക്കുന്നു. ഇത്തിരിക്കുഞ്ഞന്‍  കുഞ്ഞിക്ക്ലാസുകാരന്‍ ദിപു വലിയ ചേട്ടന്മാരുടെ ആ ക്ലാസിലേയ്ക്ക് കൂസലില്ലാതെ കടന്നുചെന്നു. ഒരു മുട്ടന്‍ ആളായിരുന്നു ഹിന്ദി പണ്ഡിറ്റ്. വെള്ള മുണ്ടും മുട്ടെത്തുന്ന വെള്ള ജുബ്ബയുമിട്ട് ഗൗരവക്കാരനായ, കുട്ടികള്‍ക്ക് നേരെ ചെന്നു നില്‍ക്കാന്‍ ഭയമായ ഹിന്ദി പണ്ഡിറ്റിനടുത്തു ചെന്ന് നിന്നു ദിപു. 

ജിറാഫ് വളയുംപോലെ വളഞ്ഞ് അദ്ദേഹം ചോദിച്ചു ''എന്താ മോനെ?'' 

ദിപു കാര്യം പറഞ്ഞു ഉറച്ച ശബ്ദത്തില്‍. ''പഠിപ്പിക്കാതെങ്ങനെ പരീക്ഷ എഴുതും? അവന്റെ ചോദ്യം കേട്ട് ഹിന്ദി പണ്ഡിറ്റ് തൽക്കാലം ഒന്നും മിണ്ടിയില്ല. 

''അതൊക്കെ നിങ്ങളുടെ ഒന്നാം ക്ലാസില്‍ വന്ന് ഞാന്‍ പറയാം'' എന്നു പറഞ്ഞവനെ വിട്ടു അദ്ദേഹം.

പിന്നെ തമ്മില്‍ കണ്ടപ്പോള്‍ അമ്മയോട് ഹിന്ദി പണ്ഡിറ്റ് പറഞ്ഞു ''വല്ലാത്തൊരു ചോദ്യം ചെയ്യല്‍കാരനാണല്ലോ ടീച്ചറിന്റെ മകന്‍.''

''അവന്‍ ചോദിച്ചതില്‍ കാര്യമില്ലേ?'' എന്നു ചോദിച്ചു അമ്മ. ഹിന്ദി പണ്ഡിറ്റ് ഒന്നും മിണ്ടിയില്ല. എന്തായാലും ആ ആഴ്ച ദിപുക്കുട്ടനും കൂട്ടുകാര്‍ക്കും ഹിന്ദി പരീക്ഷ ഉണ്ടായില്ല. എല്ലാം പഠിപ്പിച്ചു കഴിഞ്ഞതിനു ശേഷം മാത്രമിട്ടു പിന്നെ ആ പരീക്ഷ.

ദിപു പിന്നെ എപ്പോഴും ഉറച്ച ശബ്ദത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ശരിയല്ലായ്മകളുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു കുഞ്ഞാളായി തുടര്‍ന്നു. അങ്ങനെയാണ് വേണ്ടതെന്ന് മുത്തച്ഛനും അമ്മയും അച്ഛനും പറഞ്ഞു.

പക്ഷേ, എത്ര വലുതായിട്ടും ദിപു ആ പിണക്കപ്പതിവും പിണക്കക്കസേരയും ഉപേക്ഷിക്കാന്‍ തയ്യാറായില്ല. 

''എന്നു ശരിയാകും ഈ ദിപുക്കുട്ടന്‍കുട്ടി?'' എന്നു ചോദിച്ചു അമ്മ ഭിത്തിയിലെ പല്ലിയോട്. എനിക്കറിയാമ്മേലെ...എന്നു പറയുമ്പോലെ പല്ലി ഓടിപ്പോയി.

-തുടരും

J Devika Kadalkutti Novel

Read More: 

Children Priya As Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: