/indian-express-malayalam/media/media_files/2024/12/07/priya-as-part-23-1.jpg)
ചിത്രീകരണം: വിഷ്ണു റാം
ieMalayalam കുട്ടികൾക്കായുള്ള വിഭാഗം തുടങ്ങിയത് 2018 നവംബര്‍ 14ന് പ്രിയ എ എസിൻ്റെ 'പെരുമഴയത്തെ കുഞ്ഞിതളുകൾ' എന്ന നോവലുമായാണ്. ആ കൃതിക്ക് പിന്നീട് ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഐ ഇ മലയാളം ബാലസാഹിത്യ വിഭാഗത്തിലെ നിരന്തര സാന്നിദ്ധ്യമായി തുടർന്ന പ്രിയ വിണ്ടും കുഞ്ഞുങ്ങൾക്കായി എത്തുകയാണ്, ഇത്തവണ തങ്കക്കുട്ടിയാണ് താരം. ആത്മകഥാപരം എന്നതിനുമപ്പുറം എഴുത്തുകാരിയിലേക്കുള്ള ഒരു കുഞ്ഞിൻ്റെ രൂപപ്പെടലിൻ്റെ സൂക്ഷ്മ അടരുകളാണ് ഇക്കഥ.
ചെങ്ങന്നൂര്‍ കോടതിയിലെ കള്ളനും വക്കീലും
തങ്കക്കുട്ടി പെറ്റിക്കോട്ടിട്ട് നിന്ന് തേങ്ങിത്തേങ്ങി വലിയവായില്‍ കരഞ്ഞു. ഇനി എൻ്റെ കല്യാണത്തിനെന്തു ചെയ്യും? എവിടുന്നു കൊണ്ടുവരും നമ്മള്‍ മാലയും വളയുമൊക്കെ? എന്താ കാര്യം എന്നല്ലേ?
തങ്കക്കുട്ടിയുടെ വീട്ടില്‍ കള്ളന്‍ കയറി കുറേ സ്വര്‍ണ്ണം കട്ടോണ്ടുപോയി. ചമ്മനാട്ടമ്പലത്തില്‍ ഉത്സവമായിരുന്നു. എന്നും വൈകുന്നേരമാകുമ്പോള്‍ എല്ലാവരും ഉത്സവം കാണാന്‍ പോകും. അന്നൊക്കെ നാട്ടിലെ ഏറ്റവും വലിയ കാഴ്ചയല്ലേ ഉത്സവം?
രാത്രിയിലെ അമിട്ടും കൂടി കണ്ടു കഴിഞ്ഞേ ആളുകളൊക്കെ തിരിച്ചുപോരൂ. വെടിക്കുറ്റിയില്‍ നിന്ന് ആകാശത്തിലേയ്ക്ക് ''ശൂ...'' എന്ന് ഒരു തീപ്പുളയല്‍, ആകാശം തൊടാറാവുമ്പോള്‍ കുഞ്ഞുകുഞ്ഞു വെളിച്ചനക്ഷത്രങ്ങളായി പൊട്ടിച്ചിതറല്‍, അങ്ങനെ ആകാശം മുഴുവന്‍ വെളിച്ചക്കൊട്ടാരമാവും അമിട്ടുനേരത്ത്.
തങ്കക്കുട്ടി ആ ആകാശവെളിച്ചത്തിലേക്ക് മുഖം ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കും. ആ വെളിച്ചം വീണുപരന്ന് തങ്കക്കുട്ടിമുഖവും തിളങ്ങും. അപ്പോ അവള്‍ക്ക് തോന്നും താനുമൊരു നക്ഷത്രമാണെന്ന്. അവളന്നേരം വിചാരിക്കും നക്ഷത്ര എന്ന പേരു മതിയായിരുന്നുവെന്ന്.
അങ്ങനെ തങ്കക്കുട്ടിയും കൂട്ടരും മതിമറന്നങ്ങനെ ചമ്മനാട്ടമ്പലമൈതാനത്ത് നില്‍ക്കുന്ന നേരത്താണ് അവരുടെ വീട്ടില്‍ കള്ളന്‍ കയറിയത്. മുത്തച്ഛന്റെ മുറിയുടെ ജനാല തുറന്നു കിടന്നിരുന്നു. അതിൻ്റെ മരയഴി അറുത്ത് അകത്തുകയറി കള്ളന്‍. എന്നിട്ട് കാല്‍പ്പെട്ടിയില്‍ അമ്മ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമെല്ലാം കൈക്കലാക്കി ഒറ്റപ്പോക്ക്.
നെല്ലു സൂക്ഷിക്കുന്ന അറയുടെ താഴത്തെ വലിപ്പിലാണ് അമ്മ അന്നുവരെ ആ സ്വര്‍ണ്ണം വച്ചിരുന്നത്. ഉത്സവമല്ലേ? തങ്കക്കുട്ടിയെ മാലയും കുഞ്ഞു ജിമിക്കിയും വളയുമിടീച്ചേക്കാം എന്നു വിചാരിച്ചാണ് അമ്മ അതെല്ലാമെടുത്ത് കാല്‍പ്പെട്ടിയിലേക്ക് വച്ചത്.
അമിട്ടെല്ലാം കണ്ടുചിരിച്ചുമയങ്ങി വീട്ടിലെത്തിയപ്പോഴുണ്ട് വീടിൻ്റെ വാതില്‍ തുറന്നു കിടക്കുന്നു. അപ്പോഴേ മുത്തച്ഛന്‍ പറഞ്ഞു ''കള്ളന്‍ കയറിയ ലക്ഷണമുണ്ടല്ലോ.''
തങ്കക്കുട്ടിയമ്മ ഓടിപ്പോയി കാല്‍പ്പെട്ടി നോക്കിയപ്പോഴുണ്ട് അത് കാലി, പിന്നെ ആകെ ബഹളമായി. പൊലീസിനെ വിളിക്കുന്നു, അടുത്ത വീട്ടുകാര്‍ എന്താ കാര്യം എന്നന്വേഷിച്ച് വരുന്നു. ചിലര്‍ പറയുന്നു കൊച്ചിനെ സ്വര്‍ണ്ണമിടീക്കാന്‍ തോന്നിയത് നന്നായി, അതെങ്കിലും കള്ളന്റെ കൈയീന്ന് രക്ഷപ്പെട്ടല്ലോ. അമ്മാവന്‍ എല്ലാവരുടെയുമിടയില്‍ക്കൂടി പാഞ്ഞുനടക്കുന്നു.
ആ കോലാഹലത്തിനിടയില്‍ നിന്നാണ് നമ്മുടെ തങ്കക്കുട്ടി ഉച്ചത്തില്‍ കരഞ്ഞത് ''ഇനി എന്റെ കല്യാണത്തിന് എന്തു ചെയ്യും? എവിടുന്നു കൊണ്ടുവരും നമ്മള്‍ സ്വര്‍ണ്ണമൊക്കെ.''
തങ്കക്കുട്ടി കണ്ട കല്യാണമെല്ലാം സ്വര്‍ണ്ണത്തിലും മുല്ലപ്പൂവിലും കല്യാണപ്പെണ്ണിനെ പൊതിഞ്ഞ കല്യാണങ്ങളായിരുന്നു. അതു കൊണ്ടാണ് കേട്ടോ അവളങ്ങനെ കരഞ്ഞത്. തങ്കകുട്ടിക്കരച്ചില്‍ കേട്ടവരൊക്കെ ചിരിച്ചു. പക്ഷേ അമ്മാവന്‍ അവളെ ''മിണ്ടാതിരി'' എന്ന് ദേഷ്യപ്പെട്ടു. സ്വര്‍ണ്ണം പോയതിനേക്കാള്‍ സങ്കടമായി അവള്‍ക്ക് അമ്മാവന്‍ ദേഷ്യപ്പെട്ടപ്പോള്‍. അമ്മാവനങ്ങനെ അവളെ അതുവരെ ദേഷ്യപ്പെട്ടിട്ടേയുണ്ടായിരുന്നില്ലെല്ലോ?
പിന്നെ അവള്‍ അമ്മ ഇടീച്ചിരുന്ന കുഞ്ഞുജിമിക്കിയും ചുട്ടിയും ചെയിനും ഒക്കെ തൊട്ട് ആശ്വസിച്ചു. കൂടുതല്‍ സ്വര്‍ണ്ണമാലകളായാൽ കൂടുതല്‍ ഭാരം വരും. ഇത്രയൊക്കെ മതി തങ്കക്കുട്ടിക്കല്യാണത്തിന്.
അപ്പോഴേക്ക് പൊലീസ് വന്നു. അവർ എല്ലായിടത്തും കയറി പരിശോധനയായി. തങ്കക്കുട്ടി വാതിലിനു പുറകില്‍ ഒളിച്ചുനിന്ന് അവരുടെ നടപ്പും നോട്ടവും ചോദ്യം ചെയ്യലും ഒക്കെ നോക്കി. അവളെയും വിളിക്കുമോ അവർ ചോദ്യം ചെയ്യാന്‍ എന്നവള്‍ക്ക് പേടിയായി.
കുഞ്ഞമ്മ അവള്‍ക്ക് കൊടുത്ത രണ്ടയരന്നങ്ങള്‍ മുട്ടിയുരുമ്മി അപ്പുറമിപ്പുറമിരിക്കുന്ന ലോക്കറ്റും കൊണ്ടുപോയിരുന്നു കള്ളന്‍. ആ അരയന്നങ്ങളുടെ ഇരിപ്പും മട്ടുമൊക്കെ പറഞ്ഞുകൊടുക്കാന്‍ അവള്‍ക്കല്ലേ പറ്റൂ? ഏറ്റവും കൂടുതല്‍ തവണ അതിന്റെ ഭംഗിനോക്കിയിരുന്നിട്ടുള്ളത് അവളല്ലേ? അവളോളം നന്നായി അതിനെക്കുറിച്ചു പറയാന്‍ വേറെ ആര്‍ക്കാവും? അപ്പോപ്പിന്നെ അവളെ വിളിക്കാതിരിക്കുമോ പൊലീസുകാർ?
എന്തോ, പൊലീസുകാർ അമ്മയെയാണ് വിളിച്ചത്. പിണ്ടിമാല, വളകള്‍, കൊത്തുപണിയുള്ള വലിയ ജിമിക്കി, ലോക്കറ്റുകള്‍, അതൊക്കെ പോയത് അമ്മ പറയുമ്പോള്‍ പൊലീസുകാർ അതെല്ലാം എഴുതിയെടുത്തു. പിന്നെ ഇടയ്‌ക്കൊക്കെ പൊലീസുകാർ വീട്ടില്‍ വന്നു. പക്ഷേ, കള്ളനെ പിടികിട്ടിയതേയില്ല. പിന്നെ എല്ലാവരും കള്ളനെയും പൊലീസിനെയും ഒക്കെ മറന്നു.
തങ്കക്കുട്ടി പോലും മറന്നു അരയന്നലോക്കറ്റിന്റെ കാര്യം. അപ്പോഴുണ്ട് ദാ വരുന്നു ഒരു ദിവസം, കള്ളനെ കിട്ടി എന്നുമ്പറഞ്ഞ് പൊലീസുകാർ. ഒരു വലിയ കളവ് നടത്തിയ കള്ളനെ അവർ പിടിച്ചപ്പോ കുറ്റങ്ങൾ ഏറ്റുപറയണ സമയത്ത് എരമല്ലൂരെ ഒരു വീട്ടില്‍ ജനലിന്റെ മരയഴി അറുത്ത് കേറി കുറച്ച് സ്വര്‍ണ്ണം കട്ടകാര്യവും ആ കള്ളന്‍ പറഞ്ഞുപോലും. അയാളത് സ്വര്‍ണ്ണക്കടയിൽ വിറ്റു. കടക്കാരന്‍ വേറെ എന്തെങ്കിലും പണിയാനായി അത് ഉരുക്കി.
ആ കള്ളന്റെ പേര് വര്‍ഗീസ്. ആ കള്ളന്‍ എന്തോ കള്ളമൊക്കെ പറഞ്ഞ് ഒരു ഡോക്ടറെയാണ് കല്യാണം കഴിച്ചത്, അയാൾ മിടുക്കനാണ്. ചെങ്ങന്നൂര്‍ കോടതിയിലാണ് കേസ് വാദിക്കുന്നത്. അയാള്‍ തന്നെയാണ് എന്നൊക്കെയായി പിന്നെ വീട്ടിലെ വര്‍ത്തമാനങ്ങള്‍.
അമ്മയും അച്ഛനും കൂടി രാവിലെ നാലുമണിക്കെണീറ്റ് കേസുകാര്യങ്ങള്‍ക്കായി മാസത്തിലൊരു തവണ എരമല്ലൂരു നിന്ന് ചെങ്ങന്നൂര്‍ കോടതിയില്‍ പോകുന്നത് പിന്നെ കുറേനാളത്തേയ്ക്ക് പതിവായി. "അമ്മ പോണ്ട" എന്ന് തൊട്ടില്‍ദിപു പനിപിടിച്ച് കരഞ്ഞു.
''കുഞ്ഞിനു പനിയാ...കരച്ചിലാ...എന്നൊന്നും പറഞ്ഞാല്‍ കോടതി കേസ് മാറ്റിവയ്ക്കില്ല'' എന്നു പറഞ്ഞു അമ്മ.
രാക്ഷസന്‍കോടതി എന്നു വിചാരിച്ചു തങ്കക്കുട്ടി. പനിമാറുമ്പോ ചേര്‍ത്തലക്കോടതിയില്‍ കൊണ്ടുപോയി കറുത്ത വവ്വാല്‍ ഉടുപ്പിട്ട വക്കീലന്മാരെ കാണിക്കാമെന്നു പറഞ്ഞ് അച്ഛനവന്റെ കരച്ചില്‍ മാറ്റി.
ചിലപ്പോ ചെങ്ങന്നൂർ പോകുമ്പോ അമ്മയും അച്ഛനും സാക്ഷികളെയും കൂടെ കൂട്ടി. ദാമോദരമ്മാമനും ചെല്ലപ്പമ്മാമനും ആണ് സാക്ഷികള്‍. സാക്ഷികളെന്നു പറഞ്ഞാല്‍ മോഷണക്കാര്യം അറിഞ്ഞോ അറിയാതെയോ കണ്ടുനിന്നവര്‍.
സത്യത്തില്‍ ആരും ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല. അമ്പലത്തില്‍ നിന്നു വരുമ്പോള്‍ അവിടെങ്ങും കണ്ടുപരിചയമില്ലാത്ത ഒരാള്‍ പാടവരമ്പത്ത് നില്‍ക്കുന്നതു കണ്ടു എന്ന് ചെല്ലപ്പമ്മാമനും അങ്ങനൊരാളെ ഇടവഴിയില്‍ കണ്ടു എന്ന് ദാമോദരമ്മാമനും കോടതിയിൽ പറയും. അവരാണ് സാക്ഷികൾ
''കാണാത്ത കാര്യം കണ്ടു എന്നു പറയാമോ ആവോ?'' തങ്കക്കുട്ടി അതിലേ പാഞ്ഞുപോയ പൂച്ചയോട് ചോദിച്ചു. കളവു പോയ സ്വര്‍ണ്ണത്തിന്റെ കാര്യം സത്യമല്ലേ? അതു തിരിച്ചുകിട്ടാന്‍ ചെറിയ നുണ പറയാമായിരിക്കും എന്നോ മറ്റോ പറഞ്ഞു പൂച്ച.
കുറേ നാളങ്ങനെ കോടതിയും വക്കീലും സാക്ഷികളും മജിസ്ട്രേറ്റുമായി നടന്നപ്പോ മടുത്തു പോയ അമ്മ ഒരു ദിവസം ചെങ്ങന്നൂരമ്പലത്തില്‍ കയറി പ്രാര്‍ത്ഥിച്ചു ''മകന്‍ ഒരു മജിസ്‌ട്രേറ്റാവണേ...''
ഒടുക്കം ഒരു രണ്ടുവിരല്‍ വണ്ണത്തില്‍ ഉരുക്കിയ രൂപത്തില്‍ സ്വര്‍ണ്ണം തിരിച്ചുകിട്ടി. അമ്മയും അച്ഛനും കൂടി ആലപ്പുഴ ഭീമാ ജ്വല്ലറിയില്‍ കയറി അതിനെ അമ്മയ്ക്ക് വളകളാക്കി മാറ്റി. തങ്കക്കുട്ടിക്ക് ചുവന്നകല്ലുവച്ച ഒരു കുഞ്ഞിമോതിരവും ദിപുവിന് രണ്ടുകാല്‍ത്തളകളും തരമായി അതോടൊപ്പം.
അടുത്ത ഉത്സവത്തിന് ചമ്മനാട്ടമ്പലത്തിലെ ഗരുഡന്‍തൂക്കം അച്ഛനും ദിപുവിനുമൊപ്പം ഇരുന്നു കണ്ടപ്പോള്‍, സ്‌റ്റേജില്‍ തൂക്കിയിട്ട പഴക്കുലയില്‍ നിന്ന് കഥകളി വേഷം പോലത്തെ വേഷവും, ഒരു നീണ്ട കൊക്കും അണിഞ്ഞ ഗരുഡന്‍ കൊത്തിയെറിഞ്ഞ പഴം കൈയെത്തിപിടിക്കാനായി തങ്കക്കുട്ടിക്ക്. ചുവന്നകല്ലുവച്ച മോതിരം കിട്ടിയപ്പോഴത്തേക്കാളും സന്തോഷം വന്നു തങ്കക്കുട്ടിക്ക് ആ പഴം കിട്ടിയപ്പോള്‍.
പഴം തിന്നാക്കുട്ടിയായിട്ടും ദിപുവും തിന്നു ഒരു കഷണം പഴം. ഗരുഡന്‍മാമന്‍ കൊത്തിയെറിഞ്ഞ പഴം അല്ലേ, അപ്പോ തിന്നാതിരിക്കുന്നതെങ്ങനെ? കുട്ടികളുടെ സന്തോഷത്തിന് എത്ര ചെറിയ കാര്യങ്ങള്‍ മതി, അല്ലേ?
-തുടരും
Read More:
- പ്രിയ എ എസ്സിന്റെ കുട്ടികളുടെ നോവൽ ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി മറ്റ് ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
- എസ് ആർ ലാലിൻ്റെ കുട്ടികളുടെ നോവൽ അമ്മുവിൻ്റെ സാഹസങ്ങൾ ഇവിടെ വായിക്കാം
- സുഭാഷ് ഒട്ടുംപുറത്തിൻ്റെ ഏകാന്ത നാവികൻ ഇവിടെ വായിക്കാം
- ജയകൃഷ്ണൻ്റെ കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.