/indian-express-malayalam/media/media_files/2024/12/05/priya-as-part-22-1.jpg)
ചിത്രീകരണം: വിഷ്ണു റാം
ieMalayalam കുട്ടികൾക്കായുള്ള വിഭാഗം തുടങ്ങിയത് 2018 നവംബര്‍ 14ന് പ്രിയ എ എസിൻ്റെ 'പെരുമഴയത്തെ കുഞ്ഞിതളുകൾ' എന്ന നോവലുമായാണ്. ആ കൃതിക്ക് പിന്നീട് ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഐ ഇ മലയാളം ബാലസാഹിത്യ വിഭാഗത്തിലെ നിരന്തര സാന്നിദ്ധ്യമായി തുടർന്ന പ്രിയ വിണ്ടും കുഞ്ഞുങ്ങൾക്കായി എത്തുകയാണ്, ഇത്തവണ തങ്കക്കുട്ടിയാണ് താരം. ആത്മകഥാപരം എന്നതിനുമപ്പുറം എഴുത്തുകാരിയിലേക്കുള്ള ഒരു കുഞ്ഞിൻ്റെ രൂപപ്പെടലിൻ്റെ സൂക്ഷ്മ അടരുകളാണ് ഇക്കഥ.
ആകാശപ്പെണ്‍കുട്ടിയും പിന്നെ നരയച്ഛനും
ഒട്ടും വിചാരിക്കാത്ത നേരത്തൊക്കെ ശ്വാസം മുട്ടുവന്ന് അവശയാകുന്ന തങ്കക്കുട്ടിയെയും കൊണ്ട് ടാക്‌സിയില്‍ എപ്പഴും ആശുപത്രിയിലേക്ക് ഓടുന്നത് വീട്ടില്‍ പതിവായതോടെ എരമല്ലൂരിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെല്ലാം അവളെ നല്ല പരിചയമായി. എരമല്ലൂര്‍ കവലയിലൂടെ തങ്കക്കുട്ടിയും അച്ഛനും കൂടി എന്തിനെങ്കിലുമൊക്കെയായി നടന്നുപോകുമ്പോള്‍ ഏതെങ്കിലുമൊക്കെ ഡ്രൈവര്‍മാര്‍ വന്ന് അവരോട് കുശലം പറയും.
"കുഞ്ഞിനെ നിന്നനില്‍പ്പില്‍ എടുത്തോണ്ടോടുവായിരുന്നില്ലേ നമ്മൾ? ഇപ്പോഴും മരുന്നുണ്ടോ?" എന്ന് ഒത്തിരി സ്‌നേഹത്തോടെ ചോദിച്ചുനില്‍ക്കും അവരെല്ലാം.
"ഇനി വയ്യായ്ക ഒന്നും വരില്ല കേട്ടോ, ഞങ്ങളൊക്കെ പ്രാര്‍ത്ഥിക്കുന്നുണ്ട് മോള്‍ക്ക് എല്ലാം ഭേദമാവാന്‍..." എന്നവര്‍ അവളുടെ തലയില്‍ തലോടി പറയും. അപ്പോ തങ്കക്കുട്ടിക്ക് അവരോടെല്ലാം സ്‌നേഹം തോന്നും, അവളവരെ നോക്കി വിടര്‍ന്ന് ചിരിക്കും. അങ്ങനെ എത്ര പേരുടെ പ്രാര്‍ത്ഥനയുണ്ടെന്നോ തങ്കക്കുട്ടിയുടെ കൂടെ.
അമ്മയുടെ ഒപ്പം ടീച്ചറായ റാണിടീച്ചറില്ലേ? വെള്ളക്കല്ലുവച്ച അരയന്നക്കമ്മലും ചുവന്ന് നീളന്‍ കല്ലുമോതിരവും തലമുടിക്കെട്ടില്‍ നിറയെ പൂവുമുള്ള റാണി ടീച്ചര്‍. അവര് തങ്കക്കുട്ടിക്കു വേണ്ടി പള്ളിയില്‍ മെഴുകുതിരി കത്തിച്ചുവച്ച് പ്രാര്‍ത്ഥിക്കാറുണ്ട്.
''നമ്മളെക്കുറിച്ച് ആരെങ്കിലും നല്ലതായി ഓര്‍ക്കുമ്പോള്‍ അതുതന്നെ വലിയ ഒരു പ്രാര്‍ത്ഥനയാണ്'' എന്നു മുത്തച്ഛന്‍ പറഞ്ഞു, റാണിടീച്ചറുടെ മെഴുകുതിരികളുടെ കാര്യം കേട്ടപ്പോള്‍.
ആശുപത്രിയിലെ കന്യാസ്ത്രീ അമ്മമാരും അവളെയും കൂട്ടി ചാപ്പലില്‍ ചെന്നിരുന്ന് ഈ കുഞ്ഞിനെ സുഖപ്പെടുത്തണേ എന്ന് മുട്ടുകുത്തി പ്രര്‍ത്ഥിക്കാറുണ്ട്.
തങ്കക്കുട്ടി പക്ഷേ പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകും. എന്തൊക്കെ കാഴ്ചകളാണ് ചാപ്പലില്‍. പൂപ്പാത്രങ്ങള്‍, പൂവുകള്‍, കുരിശ്, യേശു, കുന്തിരിക്കമണം, പലനിറ ചില്ലുജാലകങ്ങള്‍, പള്ളിമണിയൊച്ച, അതിലെല്ലാം രസിച്ചിരുന്ന് അപ്പോ അവള്‍ വിചാരിയ്ക്കും എരമല്ലൂർ പുതിയ വീടു പണിയുമ്പോ അതിന് ചില്ലുജാലകങ്ങള്‍ വയ്ക്കണം.
കമലുവമ്മ തങ്കക്കുട്ടിക്ക് സുഖമാവുമ്പോള്‍ അവളെയും കൂട്ടി ബസില്‍ കയറിപ്പോയി തുറവൂരമ്പലത്തില്‍ ചെന്ന് നൂറ്റൊന്നു വെടിവഴിപാടു കഴിക്കും. വെടിയൊച്ച കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പറന്നുപോകുന്ന കാക്കകളെപ്പോലെ തന്റെ അസുഖങ്ങളും പറന്നു പോകുമോ വെടിയൊച്ച കേള്‍ക്കുമ്പോള്‍? അങ്ങനെ വിചാരിച്ച് വെടിയുടെ പുകപടലം നിറയുന്ന ആകാശത്തിലേക്ക് അവള്‍ നോക്കും.
ആകാശത്തേക്ക് നോക്കുമ്പോഴൊക്കെ അവള്‍ തുറവൂരിലെ ആ പെണ്‍കുട്ടിയെ ഓര്‍ക്കും. ആകാശത്തേയ്ക്ക് നോക്കാത്തപ്പോഴും തങ്കക്കുട്ടി ഓര്‍ക്കാറുണ്ട് അവളെ. അവള്‍ക്ക് തങ്കക്കുട്ടീടൊപ്പം പ്രായമായിരുന്നു. അവളും അവളുടെ അച്ഛനും കൂടി ആണ് ആശുപത്രിയില്‍ വന്നത്. തങ്കക്കുട്ടിയുടെ അടുത്ത മുറിയിലായിരുന്നു അവര്‍.
അവള്‍ക്ക് ഹാര്‍ട്ടിന് ഒരു ഓപ്പറേഷന്‍ പറഞ്ഞിട്ടുണ്ട്, അതിനുമുമ്പ് ഒരു ടെസ്റ്റുണ്ട്. അതു ചെയ്യാനായി ഒരു ദിവസത്തേയ്ക്ക് അഡ്മിറ്റായതാണ് അവർ ആശുപത്രിയില്‍.
''നമ്മുടെ തുറവൂരുകാരാണ്...'' എന്നു പറഞ്ഞ് തങ്കക്കുട്ടിയച്ഛനവരെ കൂട്ടിക്കൊണ്ടുവന്ന് പരിചയപ്പെടുത്തി ഒരു ദിവസം. തങ്കക്കുട്ടിക്ക് ഡ്രിപ് കൊടുക്കുകയായിരുന്നു നേഴ്‌സുമാർ. കൈയനക്കാതെ ഒരേ കിടപ്പുകിടക്കണ്ടേ ആ നേരത്ത്? അപ്പോഴുണ്ട് തുറവൂരുപെണ്‍കുട്ടി ആ മുറിയിലെ ജനലില്‍ കയറുന്നു, മറിയുന്നു, താഴേയ്ക്ക് ചാടുന്നു. അനങ്ങാന്‍ പോലും പറ്റാതെ ഡ്രിപ് ഇട്ട് ഒരാള്‍ കിടക്കുമ്പോ വേറൊരാള്‍ കുത്തിമറിഞ്ഞ് രസിക്കാമോ? തങ്കക്കുട്ടിക്ക് ദേഷ്യം വന്നു.
പിറ്റേന്ന് വൈകുന്നേരം അച്ഛന്‍ പുറത്തെ വരാന്തയിലൂടെ നടക്കാന്‍ പോയിട്ട് തിരിച്ചുവന്ന് മങ്ങിയ മുഖവുമായി ഇരുന്ന് പറഞ്ഞു ''തുറവൂരു കുട്ടി ടെസ്റ്റിനിടേല് മരിച്ചുപോയി'' തങ്കക്കുട്ടി ഞെട്ടിപ്പോയി.
അച്ഛന്‍ പറഞ്ഞു ''ഇത്രയൊക്കെയേ ഉള്ളൂ എല്ലാരുടെയും കാര്യങ്ങള്‍''
തങ്കക്കുട്ടിക്കറിയാം മരിച്ചുപോവുക എന്നാല്‍ ഒരു മാഞ്ഞുപോകലാണ്. ഇനി അവളെ അവളായി ആര്‍ക്കും കാണാന്‍ പറ്റില്ല. ഇനി ഓര്‍മ്മയില്‍ മാത്രമേ അവളുണ്ടാവു. ആരു വേണമെങ്കിലും എപ്പോ വേണമെങ്കിലും മരിച്ച് മാഞ്ഞുപോവാം. അതോര്‍ത്തപ്പോള്‍ അവള്‍ക്ക് പേടി തോന്നി.
അവളച്ഛനെ നോക്കി, അച്ഛന്‍ വേഗം വേഗം നരയ്ക്കുന്നുണ്ട്. അവളുടെ അസുഖത്തെക്കുറിച്ചുള്ള മനപ്രയാസം കാരണമാണ് അച്ഛന്‍ വേഗം നരയ്ക്കുന്നത് എന്നു പറഞ്ഞു ഇന്നാള് അവരുടെ വീട്ടില്‍ വന്ന ഒരാൾ. അമ്മയുടെ തലമുടി നരച്ചുതുടങ്ങുന്നതും അവള്‍ കാണുന്നുണ്ടായിരുന്നു. അപ്പോ അവള്‍ക്ക് ആകെ സങ്കടമായി. ഇനി നരച്ചുനരച്ച് അച്ഛനും അമ്മയും വേഗം മരിച്ചു പോകുമോ? അവള്‍ക്ക് പേടിയായി.
അന്നു രാത്രിയില്‍ അച്ഛനുമമ്മയും നര കേറിക്കേറി മരിച്ചുപോയാലെന്തു ചെയ്യും? മൂന്നാം ക്ലാസിലായിട്ടേയുള്ളു. കുറേ പഠിച്ചാലേ ജോലി കിട്ടൂ. അതുവരെ ദിപുവിനെ വളര്‍ത്തണ്ടേ? എന്നൊക്കെ ആലോചിച്ച് അവള്‍ തലയിണയില്‍ മുഖമമര്‍ത്തി കുടുകുടാ കരഞ്ഞു. അങ്ങനെ എത്രയോ രാത്രികളില്‍ തങ്കക്കുട്ടിത്തലയിണകള്‍ കണ്ണീരില്‍ കുതിര്‍ന്നിട്ടുണ്ട് എന്നറിയാമോ?
രാത്രികളുടെ കാര്യം എന്നു പറഞ്ഞപ്പോഴാണോര്‍ത്തത് തങ്കക്കുട്ടിയെയും ദിപുക്കുട്ടനെയും കൂട്ടി കഥകളി കാണാന്‍ അച്ഛന്‍ പെരുമ്പളത്തെ അമ്പലത്തില്‍ പോയ കാര്യം പറഞ്ഞില്ലോ നമ്മളിതു വരെ?
ഉത്സവസമയത്താണ് അമ്പലത്തില്‍ കഥകളി. നിലത്തു മലര്‍ന്നു കിടന്ന ഒരാളെ ചുട്ടി കുത്തി ചമയങ്ങളണിയിച്ച് നളനാക്കുന്നത് അച്ഛനവരെ മരയഴികള്‍ക്കിടയിലൂടെ കാണിച്ചുകൊടുത്തു.
നളന്റെയും ദമയന്തിയുടെയും കഥയായിരുന്നു. നളന്‍ ദമയന്തിക്കുള്ള സന്ദേശം ഹംസത്തിനെ പറഞ്ഞേൽപ്പിച്ച് പറത്തി വിടുന്നതൊക്കെയുള്ള കഥകളിയായിരുന്നു. കൂര്‍ത്ത കൊക്കുമായി ചിറകനക്കി ഹംസം സ്‌റ്റേജില്‍ വന്നപ്പോഴേയ്ക്ക് ദിപു അച്ഛന്റെ മടിയില്‍ക്കിടന്ന് ഉറക്കമായിക്കഴിഞ്ഞിരുന്നു. കഥകളിവേഷക്കാരുടെ നെഞ്ചുനിറയുന്ന മാലകളും കാതിലെ തോടയും നോക്കിരസിച്ചിരിപ്പായിരുന്നു തങ്കക്കുട്ടി.
കഥകളി കഴിഞ്ഞപ്പോള്‍ ഉറങ്ങുന്ന ദിപുവിനെ അച്ഛന്‍ എടുത്ത് തോളില്‍ കിടത്തി. തങ്കക്കുട്ടിയോ രണ്ടുകൈയും രണ്ട് അരയന്നച്ചിറകുകളാണെന്ന മട്ടില്‍ പരത്തിപ്പറത്തി വീശിവീശി അച്ഛന്റെ മുന്നിലൂടെ ഓടി. ആകാശത്ത് അമ്പിളിമാമനും നക്ഷത്രങ്ങളും കഥകളി കണ്ട് മതിവരാതെ നില്‍പ്പാണെന്നവള്‍ക്ക് തോന്നി.
നക്ഷത്രങ്ങളിലൊന്ന് അന്നൊരിക്കല്‍ ആശുപത്രിയില്‍ വച്ച് മാഞ്ഞുപോയ തുറവൂര്‍ക്കാരികുട്ടിയാണെന്നവൾക്ക് തീര്‍ച്ചയുണ്ടായിരുന്നു. അവള്‍ക്ക് കയറിമറിയാന്‍ ജനലുണ്ടാവുമോ ആകാശത്ത്?
രാത്രിയില്‍ അവള്‍ അവളുടെ അച്ഛനുമമ്മയ്ക്കും കാണാന്‍വേണ്ടി നക്ഷത്രമാവും. പക്ഷേ പകലെവിടെയായിരിക്കും അവള്‍? തങ്കക്കുട്ടിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോ ഒരു കാറ്റുവീശി. പകലൊക്കെ കാറ്റായാവും അവള്‍ വരുന്നത്, അവള്‍ വിചാരിച്ചു.
-തുടരും
Read More:
- പ്രിയ എ എസ്സിന്റെ കുട്ടികളുടെ നോവൽ ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി മറ്റ് ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
- എസ് ആർ ലാലിൻ്റെ കുട്ടികളുടെ നോവൽ അമ്മുവിൻ്റെ സാഹസങ്ങൾ ഇവിടെ വായിക്കാം
- സുഭാഷ് ഒട്ടുംപുറത്തിൻ്റെ ഏകാന്ത നാവികൻ ഇവിടെ വായിക്കാം
- ജയകൃഷ്ണൻ്റെ കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.