scorecardresearch

ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി: കുട്ടികളുടെ നോവൽ അധ്യായം 22

''ചിലപ്പോ അമ്മയെക്കൊണ്ട് വളപ്പെട്ടി എടുപ്പിച്ച്, നന്നേ നേര്‍ത്തു പോയ കൈയില്‍ പലപല നിറങ്ങളിലെ വളകളടുക്കിയിട്ട് കിലുകിലുക്കിനോക്കി. പാകമാകാതെ അതൊക്കെ ഊര്‍ന്നുപോയെങ്കിലെന്ത് വളകളും നിറങ്ങളല്ലേ?''

''ചിലപ്പോ അമ്മയെക്കൊണ്ട് വളപ്പെട്ടി എടുപ്പിച്ച്, നന്നേ നേര്‍ത്തു പോയ കൈയില്‍ പലപല നിറങ്ങളിലെ വളകളടുക്കിയിട്ട് കിലുകിലുക്കിനോക്കി. പാകമാകാതെ അതൊക്കെ ഊര്‍ന്നുപോയെങ്കിലെന്ത് വളകളും നിറങ്ങളല്ലേ?''

author-image
Priya A S
New Update
Priya as Novel

ചിത്രീകരണം: വിഷ്ണു റാം

ieMalayalam കുട്ടികൾക്കായുള്ള വിഭാഗം തുടങ്ങിയത്  2018 നവംബര്‍ 14ന് പ്രിയ എ എസിൻ്റെ 'പെരുമഴയത്തെ കുഞ്ഞിതളുകൾ' എന്ന നോവലുമായാണ്. ആ കൃതിക്ക് പിന്നീട്‌ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഐ ഇ മലയാളം ബാലസാഹിത്യ വിഭാഗത്തിലെ നിരന്തര സാന്നിദ്ധ്യമായി തുടർന്ന പ്രിയ വിണ്ടും കുഞ്ഞുങ്ങൾക്കായി എത്തുകയാണ്, ഇത്തവണ തങ്കക്കുട്ടിയാണ് താരം. ആത്മകഥാപരം എന്നതിനുമപ്പുറം എഴുത്തുകാരിയിലേക്കുള്ള ഒരു കുഞ്ഞിൻ്റെ രൂപപ്പെടലിൻ്റെ സൂക്ഷ്മ അടരുകളാണ് ഇക്കഥ.

കൊയ്ത്തും മെതിയും ഡെന്നീസ് ദ മെനസും

Advertisment

തങ്കക്കുട്ടിയ്ക്ക് സ്‌കൂളില്‍ ഏറ്റവും കുറച്ചു മാര്‍ക്കു കിട്ടിയിരുന്നതേ, കണക്കിനാണ്. സ്‌കൂളില്‍ വന്ന മാജിക്കുകാരന്‍, തൊപ്പിയും തൂവാലയും ചീട്ടുമൊക്കെ ഞൊടിയിടകൊണ്ട് അപ്രത്യക്ഷമാക്കിയതു പോലെ ആരെങ്കിലും കണക്കിനെ ഒരു മാന്ത്രികവടിയെടുത്ത്  മായ്ച്ചുകളഞ്ഞിരുന്നെങ്കില്‍ എന്നവളാഗ്രഹിച്ചു.

അവള്‍ക്ക് സ്വതേ തന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു കണക്ക്. മൂലേഭഗവതിയായിരുന്ന് സ്വപ്‌നം കാണുന്ന ഒരാള്‍ക്ക് എന്തിനാണ് കണക്ക്?

പോരാത്തതിന് വയ്യായ്ക കാരണം എപ്പഴുമെപ്പഴും ക്ലാസ്സില്‍ പോകാതിരിക്കലും. ഒട്ടും ചിരിയ്ക്കാത്ത, പരുക്കന്‍ മട്ടുള്ള പ്രഭാകരപണിക്കരു സാറ് കണക്കു ക്ലാസെടുക്കുമ്പോ അവള്‍ക്ക് വെറുതേ വെറുതേ ഭയങ്കര പേടിയായി.

Advertisment

അറിയാവുന്ന കണക്കുപോലും ആ പേടികാരണം തെറ്റി. ഒരു കണക്കിനും ഉത്തരം കിട്ടാത്ത കുട്ടിയുടെ നേര്‍ക്ക് കൂര്‍ത്ത നോട്ടം നോക്കി പണിക്കരുസാറെന്നു തോന്നി തങ്കക്കുട്ടി ചൂളി നിന്നു.

എങ്ങനെയാണ് മീനയ്ക്കും ജയശ്രീയ്ക്കും രാജിയ്ക്കും സന്ധ്യക്കും കണക്കിനെ കെട്ടിപ്പിടിക്കാന്‍ തോന്നുന്നതെന്ന് അവള്‍ക്ക് മനസ്സിലായില്ല. ബോര്‍ഡില്‍ കണക്കിടുമ്പോഴേ ഉത്തരം കിട്ടും അവര്‍ക്കൊക്കെ. ചോദ്യം തന്നെ മനസ്സിലാവാറില്ല തങ്കക്കുട്ടിയ്ക്ക്, പിന്നെയല്ലേ ഉത്തരം? 

''എന്റെയടുത്തുമാത്രം വരുമ്പോള്‍ കണക്കതിന്റെ ദംഷ്ട്ര നീട്ടി എന്നെ പേടിപ്പിയ്ക്കുന്നതെന്തിനാ മുത്തച്ഛാ?'' എന്നു ചോദിച്ചു അവള്‍.

''അടിത്തറ ഉറയ്ക്കാഞ്ഞിട്ടാണ് മോള്‍ കണക്കിന് മോശമാകുന്നത്'' എന്നു പറഞ്ഞു മുത്തച്ഛന്‍. എന്താണ് അടിത്തറ എന്നവള്‍ക്ക് മനസ്സിലായില്ല.

 ''വെറുതെ മണ്ണിലല്ല വീടുകെട്ടുന്നത്, കരിങ്കല്ലുകൊണ്ട് നല്ല അടിത്തറ പണിതിട്ട്, അതിലാണ് വീടു കെട്ടുക'' എന്ന് മുത്തച്ഛന്‍ അടുത്ത വീട്ടുകാര്‍ പുതിയ വീടു പണിയുന്നത് ചൂണ്ടിക്കാണിച്ചു പറഞ്ഞുകൊടുത്തു.

അതുപോലെ എല്ലാ പഠനങ്ങള്‍ക്കും വേണമത്രേ നല്ല ഉറപ്പുള്ള അടിത്തറ. നിറയെ നിറയെ ക്ലാസുകള്‍ നഷ്ടമായി, പിന്നെ  വയ്യായ്കയൊക്കെയും ഒരുമാതിരി മാറുമ്പോള്‍ സ്‌കൂളില്‍പ്പോക്ക്, അതിനിടെ എപ്പോഴെങ്കിലുമൊക്കെയായി ക്ലാസില്‍ മിസ്സായതൊക്കെ അച്ഛനുമമ്മയും അവള്‍ക്ക് ഇത്തിരീശ്ശേ...ഇത്തിരീശ്ശേ പഠിപ്പിച്ചു കൊടുക്കും. അങ്ങനെയായിരുന്നല്ലോ തങ്കക്കുട്ടിയുടെ പഠനരീതി.

അച്ഛനായിരുന്നു കണക്ക് പഠിപ്പിയ്ക്കല്‍ ഏറ്റെടുത്തിരുന്നത്. ഒഴിവുസമയത്ത് പെരുമ്പളത്തെ മുത്തച്ഛന്റെ പലചരക്കുകടയില്‍, ഓരോരോ സാധനങ്ങള്‍ എടുത്ത് പൊതിഞ്ഞു കൊടുക്കലും കണക്കെഴുതലുമൊക്കെയായിനിന്ന് മനക്കണക്കിലൊക്കെ വല്യമിടുക്കനായിരുന്നു അച്ഛന്‍.

പക്ഷേ അതിനപ്പുറമുള്ള കണക്കൊക്കെ സ്വയം ഒന്നിരുന്ന് പഠിച്ചശേഷം വേണമായിരുന്നു അച്ഛന് തങ്കക്കുട്ടിയെ പഠിപ്പിയ്ക്കാന്‍. അതുകൊണ്ടൊക്കെത്തന്നെ ഒരൊഴുക്കുണ്ടായിരുന്നില്ല അച്ഛന്റെ കണക്കുപഠിപ്പിയ്ക്കലിന്.

അച്ഛന്‍  കണക്കു പഠിപ്പിയ്ക്കുമ്പോഴും കണക്കു തീരെ രസിച്ചില്ല അവള്‍ക്ക് എന്നുമാത്രമല്ല അച്ഛനിരിയ്ക്കുന്നതിന് പുറംതിരിഞ്ഞിരിയ്ക്കാനും തുടങ്ങി അവള്‍. അപ്പോ മാത്രമാണ് അവള്‍ക്ക് അച്ഛന്റെ കൈയില്‍ നിന്ന് അടി കിട്ടിയിരിക്കുന്നത്. അങ്ങനെയൊക്കെ രസക്കേടോടെ പഠിപ്പിച്ചിട്ടും പഠിച്ചിട്ടുമാണ് തങ്കക്കുട്ടിയ്ക്ക് കണക്കിന് അടിത്തറയുണ്ടാവാതെ പോയത് എന്നു മുത്തച്ഛന്‍ പറഞ്ഞു.

തങ്കക്കുട്ടിയ്ക്ക് കണക്കെഴുത്തും കണക്കുകൂട്ടലും ഇഷ്ടമായ ഒരേ ഒരു കാലമേയുള്ളു. അക്കാലമാണ് കൊയ്ത്തുകാലം. കരിനിലത്തിലെ വിത, കൊയ്ത്ത് ഇതൊന്നും നമ്മളിതുവരെ പറഞ്ഞില്ല അല്ലേ? വീട്ടിലെന്തൊരു മേളമാണെന്നോ വിതക്കാലത്തും  കൊയ്ത്തുകാലത്തും.

പാടത്ത് വിതയ്ക്കാനുള്ള വിത്തുനെല്ല് മുളപ്പിച്ച്, കരിനിലത്ത് അതെല്ലാം വിതയ്ക്കാന്‍ ചെല്ലപ്പമ്മാനും തേവന്‍ മൂപ്പനും കണ്ടന്‍ മൂപ്പനും ഒക്കെക്കൂടി വള്ളത്തില്‍ പോകും.

തിരിച്ചുവരുമ്പോള്‍, ചെല്ലപ്പമ്മാമന്‍ ആറ്റക്കുരുവി ഉപേക്ഷിച്ചു പോയ നീളന്‍ കൂടുകള്‍ അടുത്ത പറമ്പില്‍നിന്നെങ്ങാനും കൊണ്ടുവരും തങ്കക്കുട്ടിയ്ക്കും ദിപുക്കുട്ടനും കളിയ്ക്കാനായി. അതിനെ ചുറ്റിപ്പറ്റിയാവും പിന്നെ കുറേനാളത്തേയ്ക്ക് തങ്കക്കുട്ടിലോകം.

തങ്കക്കുട്ടിക്ക് മേലായ്കയൊന്നുമില്ലാത്തപ്പോ കരിനിലം കാണാന്‍ കൊണ്ടുപോകാം എന്ന് ഏറ്റിട്ടുണ്ട് ചെല്ലപ്പമ്മാമന്‍. കറ്റ കൊയ്തു കൊണ്ടുവരുന്നതും വള്ളത്തിലാണ്. ചിലപ്പോ പായല് നിറഞ്ഞ് വള്ളമൂന്നാന്‍ പറ്റാതെ കുറേ നേരമൊക്കെ അവര്‍ കായലില്‍ത്തന്നെ പെട്ടുപോകും.

വള്ളത്തില്‍ നിന്ന് കറ്റയിറക്കി കഴിഞ്ഞാല്‍ പിന്നെ കുറച്ചുദൂരമുണ്ട് തങ്കക്കുട്ടിവീട്ടിലേയ്ക്ക്. കറ്റക്കെട്ടുകള്‍ തലയിലടുക്കി വച്ച് പണിക്കാര് നടന്നു വരുമ്പോള്‍, ഓരോരുത്തരും കൊണ്ടുവരുന്ന കറ്റയുടെ കണക്കെഴുതാനിരിയ്ക്കുന്നത് ആരാന്നറിയാമോ? അത് തങ്കക്കുട്ടിയല്ലാതെ പിന്നാര്?

ഒരു കറ്റയ്ക്കിത്ര രൂപ എന്ന്  അവര്‍ക്ക് കൊടുക്കാനുള്ള തുകയുടെ കണക്കെഴുതി കൂട്ടി മുത്തച്ഛനെ ഏല്‍പ്പിയ്ക്കുന്നതും തങ്കക്കുട്ടിതന്നെ.

അപ്പോ മാത്രം കണക്ക്, തേവന്‍മൂപ്പന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് മൂപ്പത്തിയുടെ സ്വര്‍ണ്ണമുത്തു തൂങ്ങിയാടുന്ന വെള്ളക്കല്ലുമൂക്കുത്തി പോലെ അവളെ സന്തോഷിപ്പിയ്ക്കും. അങ്ങനൊരു മൂക്കുത്തി പണിഞ്ഞിടണം വലുതാവുമ്പോ എന്നു തങ്കക്കുട്ടി നിശ്ചയിച്ചിട്ടുണ്ട്.

കൊയ്‌തെടുത്ത കറ്റ മെതിക്കണം, നെല്ലുണക്കണം, പേറ്റണം, പത്തായത്തിലാക്കണം, വൈക്കോല്‍ കൊണ്ട് തുറുവിടണം, അങ്ങനെ ഒരു നെല്ലുബഹളമാണ് കുറേ നാളത്തേയ്ക്ക് വീട്ടില്‍.

നെല്ലു പുഴുങ്ങി ഉണക്കി ഉരലിലിട്ട് കുത്തി അരിയാക്കി, ആ അരി കൊണ്ടാണ് തങ്കക്കുട്ടിവീട്ടിലെ ചോറുവയ്പ്. കുട്ടകത്തിലിട്ട് മുറ്റത്തടുപ്പുകൂട്ടി ദേവകിയമ്മ നെല്ലുപുഴുങ്ങുമ്പോ തങ്കക്കുട്ടിയാണ് ദേവകിയമ്മയുടെ അസിസ്റ്റന്‍റ്.

നെല്ലു പുഴുങ്ങിക്കഴിഞ്ഞ് ബാക്കിയാവുന്ന കനലില്‍ ദേവകിയമ്മ കശുവണ്ടി ചുടും. അത് തിന്നാനാണ് കേട്ടോ തങ്കക്കുട്ടിയുടെയാ ചുറ്റിനടപ്പ്. വയറ് കേടാവും, കുറച്ചേ തിന്നാവൂ എന്ന് അമ്മ ശട്ടം കെട്ടിയിട്ടുണ്ടാവും.

"ഇത് വെന്തോ എന്ന് നോക്കട്ടെ, ഇത് ഇത്തിരി കരിഞ്ഞു, ഇതിന്റെ തൊലി പൊളിയുന്നുണ്ടോ ശരിയ്ക്ക് എന്നു നോക്കണോല്ലോ..." എന്നെല്ലാം പറഞ്ഞ് തങ്കക്കുട്ടി അവിടെത്തന്നെ കുത്തിയിരിപ്പാവും.

Priya as Novel

ദേവകിയമ്മ ഒരു ചിരിയോടെ അവളുടെ കള്ളത്തരം കണ്ടില്ലെന്നു നടിയ്ക്കും.

 "മതി...മതി കശുവണ്ടിസേവ, ഓരോന്ന് വരുത്തിവയ്ക്കല്ലേ. അകത്തു കയറ്, വാ...വന്ന് മേലുകഴുക്" എന്നമ്മ പറയും വരെ അന്ന് തങ്കക്കുട്ടിയ്ക്ക് ചുട്ട കശുവണ്ടിയുടെ മണമായിരിക്കും.

തങ്കക്കുട്ടി ആശുപത്രിയിലാവുമ്പോ, തേവന്‍ മൂപ്പനും ദേവകിയമ്മയും തെങ്ങുകയറുന്ന കരുണന്‍മാമനുമൊക്കെ അവളെ കാണാന്‍ വരും. മുഷിഞ്ഞ വസ്ത്രങ്ങളിലല്ലാതെ അവളാദ്യമായവരെ കാണുകയായിരിയ്ക്കും.

ദേവകിയമ്മ നല്ല മുണ്ടും നേര്യതുമിട്ടിട്ടുണ്ടായിരിയ്ക്കും. തേവന്‍ മൂപ്പന്‍ ഇളം റോസ് നിറത്തിലെ നല്ലോണം തേച്ച ഷര്‍ട്ടിട്ടുണ്ടാവും. കരുണന്‍ മാമന്‍ ഇളംനീല ഷര്‍ട്ടായിരിക്കും.

അവരെല്ലാം സങ്കടത്തോടെ അതിലേറെ സ്‌നേഹത്തോടെ അവളെ നോക്കിനില്‍ക്കും. ചെലപ്പോ ദേവകിയമ്മ കരയുകയും ചെയ്യും.  

"കാശുമുണ്ടാവില്ല, സമയവുമുണ്ടാവില്ല, എന്നാലും എത്ര കാശു ചെലവാക്കിയാവും എത്ര മെനക്കെട്ടാവും അവരൊക്കെ വന്നത്..." എന്നു പറയും അപ്പോഴമ്മ.

അവരൊക്കെ വന്നുപോകുമ്പോ ഇത്തിരി വേദന കുറഞ്ഞതുപോലെ തോന്നും അവള്‍ക്ക്. സ്‌നേഹം വലിയ ഒരു മരുന്നാണോ? തങ്കക്കുട്ടി ആലോചിക്കും.

അതെങ്ങനെയാണ് സ്‌നേഹം കണ്ടാല്‍ തിരിച്ചറിയുക? അവള്‍ വിചാരിക്കും. സ്‌നേഹമുള്ളവരുടെ കണ്ണ് നമ്മളെ നോക്കുമ്പോ തിളങ്ങുമായിരിക്കും.

ആശുപത്രി മുറിയിലങ്ങനെ കഴിയുമ്പോ അമ്മ വലിയൊരുമുറം പോലത്തെ ഇലസ്‌ട്രേറ്റഡ് വീക്കിലി തുറന്നുവച്ച് വായിക്കും ചിലപ്പോഴൊക്കെ. അത്ര വലിയ ഇംഗ്ലീഷ് വീക്കിലിയൊക്കെ വായിക്കാന്‍ പറ്റണമെങ്കില്‍ കുറേ ഇംഗ്ലീഷ് അറിയണം.

തങ്കക്കുട്ടിയ്ക്ക് ഒരു പിടി  മുരിങ്ങയില എന്നു പറയുന്നതുപോലെ ഒരു പിടി ഇംഗ്ലീഷേ അറിയൂ. അതുകൊണ്ട് അമ്മ വായിച്ചു കൊടുക്കും ആ വീക്കിലിയില്‍ നിന്ന് അവള്‍ക്ക് ചിലതെല്ലാം.

അതിലൊരു ഡെന്നീസിന്റെ കാര്‍ട്ടൂണുണ്ട്. അതാണമ്മ അവള്‍ക്ക് പതിവായി വായിച്ചു കൊടുക്കുക. ഒരു പിടി തലമുടി കൂര്‍ത്തെണീറ്റുനില്‍ക്കുന്ന തലയുള്ള അവന്‍ എപ്പോഴും ജംപ് സ്യൂട്ട് അഥവാ ഡൻഗറിസാണിടുക.

അവന്റെ വികൃതിക്കുസൃതികളെല്ലാം മഹാരസമാണ്. അവനെപ്പോലെ എന്നും പിരുപിരാ നടക്കാമായിരുന്നു വയ്യായ്കകളില്ലായിരുന്നെങ്കില്‍ എന്നവനോട് സ്‌നേഹവും അസൂയയും തോന്നും അവള്‍ക്ക്.

പിന്നെ അമ്മ അവള്‍ക്ക് വേദ് മെഹ്ത്ത എന്ന കണ്ണുകാണാന്‍ വയ്യാതെയെങ്കിലും നല്ല മിടുക്കനായ എഴുത്തുകാരനായിത്തീര്‍ന്ന ആളെക്കുറിച്ചും ആ വീക്കിലിയില്‍ നിന്ന് വായിച്ചുകൊടുത്തു. 

"വയ്യായ്കകളൊന്നും മിടുക്കരാവുന്നതിന് ഒരിക്കലും തടസ്സമല്ല, തങ്കക്കുട്ടിയ്ക്കും മിടുക്കുകളുണ്ടാവും, വലുതാവുമ്പോ..." എന്നമ്മ പറഞ്ഞു.

ആശുപത്രിയില്‍ തങ്കക്കുട്ടി കിടക്കുന്ന കട്ടിലില്‍ അവളുടെ കാല്‍ഭാഗത്ത് ചുരുണ്ടുകൂടിക്കിടന്നാണ് അമ്മ ഉറങ്ങാറ്. തങ്കക്കുട്ടിയ്ക്ക് കൊണ്ടുവരുന്ന കഞ്ഞിവെള്ളവും ബാര്‍ലിവെള്ളവും കരിക്കിന്‍ വെള്ളവും ഒക്കെ ബാക്കിയാവുന്നത് കുടിച്ചാണ് ആശുപത്രിക്കഷ്ടപ്പാടുകള്‍ ഒരുപാടായിട്ടും എനിയ്ക്കസുഖമൊന്നും വരാത്തതെന്ന് പറയും അമ്മ.

ഒറ്റയടിയ്ക്കുള്ള ഉറക്കമൊന്നും അമ്മയ്ക്ക് കിട്ടാറേയില്ല. തങ്കക്കുട്ടി വേദന കൊണ്ട് കരയുമ്പോ ഉണരണം, അവളുടെ  ഡ്രിപ് തീരാറായോ? അടുത്തതിടാന്‍ സിസ്റ്ററെ വിളിയ്ക്കാറായോ? എന്നു നോക്കാനെണീയ്ക്കണം പല തവണ. വേഗം വേഗം ഉറക്കം കിട്ടുന്ന, എവിടെക്കിടന്നാലും ഉറങ്ങാന്‍ പറ്റുന്ന ആളായത് നന്നായി എന്നാണ് അമ്മയെക്കുറിച്ചെല്ലാവരും പറയുക.

ഒരു സോഫയുമുണ്ടാവും ആശുപത്രിമുറിയില്‍, അതിലാണച്ഛനുറക്കം. മരുന്നുകള്‍ മാറിമാറി വാങ്ങിയ്ക്കാനും ആശുപത്രി ക്യാന്റീനിലേയ്ക്ക് നടന്നും നല്ല ഫ്രൂട്‌സന്വേഷിച്ചലഞ്ഞുമൊക്കെ രാത്രിയാവുമ്പോഴേയ്ക്ക് തളര്‍ന്നിട്ടുണ്ടാവും അച്ഛന്‍. പിന്നെ ഒറ്റയുറക്കമാണ്.

തങ്കക്കുട്ടി കരഞ്ഞാലോ ഡ്രിപ് തീര്‍ന്നാലോ ഒന്നും അച്ഛനറിയില്ല. തങ്കക്കുട്ടിക്കാര്യത്തില്‍ എന്തെങ്കിലും അത്യാവശ്യമുണ്ടായി അമ്മ വിളിച്ചാല്‍പ്പോലും അച്ഛനുണരാന്‍ കുറേ നേരമെടുക്കും, ഉണര്‍ന്നാല്‍ത്തന്നെ ഉറക്കപ്പിച്ചിലാവും അച്ഛന്‍.

Priya AS Novel

ആശുപത്രിരാത്രികളില്‍ അസുഖവേദനകൾ കൂടിക്കലര്‍ന്ന ഉറക്കമില്ലായ്മയാണ് തങ്കക്കുട്ടിയുടെ ഏറ്റവും വലിയ പ്രശ്‌നം. ഇരുട്ടിലേയ്ക്ക് കണ്ണും തുറിച്ച് വേദന വിഴുങ്ങി എത്രനേരം കിടക്കും?

കുറേ ധ്യാനിച്ചും തലയിണ നെഞ്ഞോടടുക്കിയും തിരിഞ്ഞും മറിഞ്ഞും കിടന്നും വരുത്തിയ ഒരുതരി മയക്കത്തിലേയ്ക്ക് ഒടുക്കം ഒന്നുചായാന്‍ തുടങ്ങുമ്പോഴാവും അടുത്ത മുറിയില്‍ നിന്നൊക്കെ വേദനയുടെ ഞരക്കങ്ങള്‍, നിലവിളികള്‍ ഒക്കെ ഭിത്തി തുളച്ച് വരുന്നത്. അപ്പോ അവള്‍ക്ക്  പൊറുതിമുട്ടും.

അങ്ങാടിയില്‍ തോറ്റാലും ആശുപത്രിയില്‍ തോറ്റാലും അമ്മയോട് എന്ന മട്ടില്‍ അമ്മ ഉറങ്ങണ്ട എന്നൊച്ചവച്ച് കാല്‍ക്കലെ അമ്മയുറക്കത്തെ അവള്‍ ചവിട്ടിയുണര്‍ത്തും അപ്പോള്‍. അമ്മ പാവം എണീറ്റിരിയ്ക്കും ഒരു പരാതിയുമില്ലാതെ. എന്നിട്ട് തങ്കക്കുട്ടിയ്ക്ക് കൂട്ടിരിയ്ക്കും.

കുറേനേരമങ്ങനെ കഴിയുമ്പോ, അമ്മയോട് ചെയ്തത് ശരിയല്ല എന്നോര്‍ത്ത് അവള്‍ക്ക് സങ്കടം വരും. ക്ലാസില്‍ എനിയ്ക്കുമാത്രമേ ഉള്ളൂ ഇങ്ങനെ വയ്യായ്കയും ആശുപത്രിയും എന്നവള്‍ പരാതിയാവും. മരുന്നുമാത്രമല്ല വലിയ മനസ്സും ആര്‍ക്കും കിട്ടാത്ത പാഠങ്ങളും തരുന്ന മഹായിടങ്ങളാണ് ആശുപത്രി എന്നമ്മ അവളെ തലോടും.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ തങ്കക്കുട്ടിയ്ക്ക് ഒരുരസികന്‍ പതിവുണ്ട് കേട്ടോ. വീല്‍ചെയറിലാവും  ലിഫ്റ്റില്‍ കയറുന്നതും ഇറങ്ങുന്നതും. പക്ഷേ അവള്‍ പറയും എനിയ്ക്ക് പുതിയ ഉടുപ്പുവേണം.

"കുഞ്ഞമ്മ  ആശുപത്രിയിലേയ്ക്ക് വാങ്ങിക്കൊണ്ടുവന്ന ചെറുപയര്‍പ്പച്ച മാക്‌സി ഉണ്ടല്ലോ പുത്തനായി. അതുപോരേ...?" എന്നമ്മ ചോദിയ്ക്കും. പോരാ എന്നവള്‍ തലയാട്ടും.

തിരിച്ച് എരമല്ലൂരിലേയ്ക്ക് പോകാനായി അച്ഛന്‍ ഏര്‍പ്പാട് ചെയ്ത ടാക്‌സി വഴിമാറി പാര്‍ത്ഥാസിലേയ്‌ക്കോ ജോസ്ബ്രദേഴ്‌സിലേയ്‌ക്കോ പോവും. നേരേ ചൊവ്വേ എണീറ്റുനില്‍ക്കാന്‍ വയ്യാത്ത തങ്കക്കുട്ടി, ഉടുപ്പുനിറങ്ങള്‍ക്കിടയില്‍ എങ്ങനെയൊക്കെയോ എണീറ്റുനില്‍ക്കും.

ബെല്‍ബോട്ടമിട്ടാല്‍ ഊരിപ്പോവുന്ന പരുവത്തില്‍ കോലം കെട്ടിട്ടുണ്ടാവും തങ്കക്കുട്ടി. ആശുപത്രിയില്‍ നിന്നുള്ള വരവാണെന്നമ്മ പറഞ്ഞറിയുമ്പോള്‍, സെയില്‍സ് ആന്റിമാര്‍ ചോദിയ്ക്കും "വീട്ടിച്ചെന്ന് ആരോഗ്യമൊക്കെ ഇത്തിരി കൂടി ശരിയായിട്ടുപോരേ പുതിയ ഉടുപ്പ്?"

"പോരാ..." എന്നവള്‍ പറയും. ഇളം നീലയില്‍ കടും നിറ സ്‌മോക്കിങ് വച്ച ഫ്രോക്ക്, ചുവന്ന ബെല്‍ബോട്ടവും റ്റോപ്പും, അതൊക്കെ അങ്ങനെ വാങ്ങിച്ചതാണ്.

"നല്ലോണം ആഹാരമൊക്കെ കഴിച്ച് ഇതൊക്കെ വേഗം തന്നെ പാകമാക്കിയെടുക്കണം കേട്ടോ, എന്നിട്ട് ഇതെല്ലാമിട്ട് ഞങ്ങളെ കാണാന്‍ വരണം കേട്ടോ," സെയില്‍സ് ആന്റിമാര്‍ അവളോട് പറഞ്ഞു.

ഇലസ്‌ട്രേറ്റഡ് വീക്കിലിയിലെ ഡെന്നീസിടുന്നതുപോലത്തെ ഡെനിം ജംപ് സ്യൂട്ട് അന്വേഷിച്ചെങ്കിലും അതവള്‍ക്ക് കിട്ടിയില്ല. അത്രയൊന്നും വെസ്റ്റേണ്‍ ഡ്രസുകള്‍ ഉണ്ടായിരുന്നില്ല അന്ന് എറണാകുളത്തെ കടകളില്‍.

ഉടുപ്പു പൊതികള്‍ നെഞ്ഞോടു ചേര്‍ത്ത്, വേച്ചുനടക്കുന്ന അവളെ നോക്കിക്കൊണ്ട് അച്ഛനോട് അമ്മ ചോദിച്ചു "നിറങ്ങളും മരുന്നുകളാണ് ചിലര്‍ക്കൊക്കെ, അല്ലേ?"

അപ്പോ മഴയും വെയിലും വന്നു, അതിനെല്ലാമിടയിലൂടെ ഒരു മഴവില്ലും കിളിര്‍ത്തു. തങ്കക്കുട്ടി പിന്നെ നിറങ്ങളുടെ ലോകത്തായി മതിമറന്നിരുന്നു കാറില്‍.

തത്ക്കാലം പാകമാവില്ലെങ്കിലും ഇടയ്ക്ക് നിവര്‍ത്തും മടക്കിയും ഭംഗി നോക്കാമല്ലോ എന്നു വിചാരിച്ച് ആ ഉടുപ്പുകളെല്ലാം അവള്‍ കട്ടിലിനരികില്‍ തന്നെ വച്ചു.

ചിലപ്പോ അമ്മയെക്കൊണ്ട് വളപ്പെട്ടി എടുപ്പിച്ച്, നന്നേ നേര്‍ത്തു പോയ കൈയില്‍ പലപല നിറങ്ങളിലെ വളകളടുക്കിയിട്ട് കിലുകിലുക്കിനോക്കി. പാകമാകാതെ അതൊക്കെ ഊര്‍ന്നുപോയെങ്കിലെന്താ, വളകളും നിറങ്ങളല്ലേ?

-തുടരും

J Devika Kadalkutti Novel

Read More: 

Priya As Novel Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: