/indian-express-malayalam/media/media_files/2024/12/03/priya-as-part-21-1.jpg)
ചിത്രീകരണം: വിഷ്ണു റാം
ieMalayalam കുട്ടികൾക്കായുള്ള വിഭാഗം തുടങ്ങിയത് 2018 നവംബര്‍ 14ന് പ്രിയ എ എസിൻ്റെ 'പെരുമഴയത്തെ കുഞ്ഞിതളുകൾ' എന്ന നോവലുമായാണ്. ആ കൃതിക്ക് പിന്നീട് ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഐ ഇ മലയാളം ബാലസാഹിത്യ വിഭാഗത്തിലെ നിരന്തര സാന്നിദ്ധ്യമായി തുടർന്ന പ്രിയ വിണ്ടും കുഞ്ഞുങ്ങൾക്കായി എത്തുകയാണ്, ഇത്തവണ തങ്കക്കുട്ടിയാണ് താരം. ആത്മകഥാപരം എന്നതിനുമപ്പുറം എഴുത്തുകാരിയിലേക്കുള്ള ഒരു കുഞ്ഞിൻ്റെ രൂപപ്പെടലിൻ്റെ സൂക്ഷ്മ അടരുകളാണ് ഇക്കഥ.
റോസ് മില്‍ക്കും 'ക' എന്ന അക്ഷരവും
ഓപ്പറേഷന്‍ കഴിഞ്ഞതോടെ എല്ലാവരും തങ്കക്കുട്ടിയോട് അങ്ങോട്ടോടരുത്, ഇങ്ങോട്ട് ചാടരുത്, സൂക്ഷിക്കണ്ടേ മേജര്‍ ഓപ്പറേഷന്‍ കഴിഞ്ഞ കുട്ടിയല്ലേ എന്നൊക്കെ പറച്ചിലായി. അങ്ങനെ ഒരു ഇംഗ്ലീഷ് വാക്കു കൂടി അവള്‍ പഠിച്ചു. 'മേജര്‍' എന്നു വച്ചാ വലുത്.
സ്കൂളിലെ ഡ്രില്‍ പീരീഡില്‍ ഇനി മുതല്‍ അവളെ കളിക്കാന്‍ കൂട്ടണ്ട എന്ന് അമ്മ സ്‌കൂളില്‍ ചട്ടംകെട്ടി. ചിലപ്പോ ഓപ്പറേഷനിലെ തുന്നിക്കെട്ടലുകളെല്ലാം പൊട്ടിത്തകര്‍ന്ന് ഉള്ളിലുള്ളതെല്ലാം പുറത്തുവരുമായിരിക്കും. അതാവും ഓടരുത്, ചാടരുത് എന്നൊക്കെ എല്ലാവരും പറയുന്നത് എന്നു വിചാരിച്ചു അവള്‍.
അവള്‍ മാറി ഒറ്റയ്ക്കിരുന്ന് അവരുടെ കളികളെല്ലാം ചിരികളെല്ലാം ബഹളങ്ങളെല്ലാം കണ്ടു. തങ്കക്കുട്ടിക്ക് അങ്ങനെയിരിക്കുമ്പോള്‍ സങ്കടം ഒന്നും വന്നില്ല. കാഴ്ചയും ഒരു കളിരസമായി അവള്‍ക്ക് തോന്നി.
തലയ്ക്കുമീതെ പറന്ന പൂമ്പാറ്റ, കൂടുണ്ടാക്കാന്‍ കനം കുറഞ്ഞ ചുള്ളിക്കമ്പു കൊത്തിപ്പറന്നുപോയ കാക്ക, ആകാശത്തിൽ മേഘങ്ങള്‍ ആശാരിമാമനെപ്പോലെ കൊത്തിപ്പണിയുന്ന ആനേകം രൂപങ്ങള്‍, ഇളംവെയിലിന്റെ നിറം അതൊക്കെ കണ്ട് അവള്‍ ആ ഒറ്റയ്ക്കിരിപ്പിലും ചിരിമണിക്കുട്ടിയായി.
നാലാം ക്ലാസില്‍ വച്ച് പിന്നേം തങ്കക്കുട്ടി കുറേ ദിവസം ആശുപത്രിയിലായി. ആശുപത്രി ജനലരികിലേയ്ക്കിറങ്ങി നിന്ന്, സമീപത്തെ വീടുകളിലെ കുട്ടികള്‍ പൂത്തിരിയും ലാത്തിരിയും കമ്പിത്തിരിയും കത്തിക്കുന്നത് കണ്ണിമയ്ക്കാതെ നോക്കി നിന്നു അവള്‍. അവര് കത്തിച്ച വിഷുപ്പടക്കങ്ങളുടെ തെറിക്കുന്ന വെളിച്ചത്തിലേയ്ക്ക് ഉറ്റുനോക്കി ഇരുട്ടില്‍ നിന്നു അവള്‍.
ആശുപത്രിവാസക്കാലങ്ങള്‍ക്കിടെ ഒന്നിടവിട്ട ദിവസങ്ങളില്‍ അച്ഛന്‍ വീട്ടില്‍ പോയി കുഞ്ഞുദിപുവിനെ കണ്ടുവന്നു.
വിഷുത്തലേന്ന് വീട്ടില്‍ ചെന്ന അച്ഛന്‍ ദിപുവിനോട് ചോദിച്ചു "മോനെന്തൊക്കെ പടക്കം വേണം? അച്ഛന്‍ വാങ്ങിത്തന്നിട്ട് പോകാം. രാത്രിയിൽ കമലുവമ്മ മോനൊപ്പം കൂടും പടക്കം കത്തിക്കാന്‍."
ദിപുക്കുട്ടന്‍ "വേണ്ട പടക്കം" എന്ന് പറഞ്ഞുനിന്നു.
''ഒരു കൂട് കമ്പിത്തിരിയെങ്കിലും വാങ്ങിവരാം'' എന്നു പറഞ്ഞ് അച്ഛനെണീറ്റപ്പോള്‍, ''വേണ്ട...വേണ്ട'' എന്നു തറപ്പിച്ചു പറഞ്ഞു ദിപുക്കുട്ടന്‍. അന്നേരം അവന്റെ മുഖവും ആശുപത്രിയിലായിപ്പോയ തങ്കക്കുട്ടിയുടെ മുഖം പോലെ തന്നെ മങ്ങിപ്പോയിരുന്നു.
അച്ഛനോര്‍ത്തു അവനെന്തിഷ്ടമായിരുന്നു വിഷു. കണി ഒരുക്കാന്‍, കണി കാണാന്‍, വിഷുക്കൈ നീട്ടം വാങ്ങാന്‍, പടക്കം വെയിലത്തു വച്ചുണക്കാന്‍, നിലത്ത് കറങ്ങുന്ന ചക്രത്തിനൊപ്പം ചിരിക്കാന്‍, കുരവപ്പൂവിനൊപ്പം ആര്‍ത്തു വിളിക്കാന്‍, വീട്ടില്‍ രണ്ടു കുട്ടികളുള്ളപ്പോള്‍ വിഷുവിനെന്തു ഭംഗിയാണ്. എന്നിട്ടിപ്പോ ഒരാള്‍ മുഖം മങ്ങി ആശുപത്രിയിലും മറ്റൊരാള്‍ മുഖം മങ്ങി വീട്ടിലും.
അച്ഛനങ്ങനെ വിചാരിച്ച് വിഷമിക്കുമ്പോള്‍ അവനെ വൈക്കത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കുഞ്ഞമ്മയും കുട്ടികളും എത്തി. അവര്‍ വന്നു കൂടെ കൂട്ടിയപ്പോള്‍ ദിപുക്കുട്ടന്‍ ചിരിക്കുട്ടനായി. അവന്റെ ''ഹോ...ഹോ'' ചിരിയോടെ അവന്‍ ബോട്ട് കയറി കുഞ്ഞമ്മക്കുട്ടികള്‍ക്കൊപ്പം വൈക്കത്തേക്കു പോകുന്നതു കണ്ടു കൊണ്ട് ഒരല്പം ആശ്വാസമായാണ് അച്ഛനന്ന് ആശുപത്രിയിലേക്ക് തിരിച്ചു വന്നത്.
വിഷു എന്നൊരക്ഷരം മിണ്ടിയില്ല അക്കാലത്തൊന്നും തങ്കക്കുട്ടി. പക്ഷേ വിഷു കഴിഞ്ഞ് ഒരാഴ്ചയായപ്പോള്‍ തങ്കക്കുട്ടിയുടെ ശ്വാസം മുട്ട് മുഴുവനും മാറി അവളുടെ മുഖത്ത് തെളിച്ചം വന്നു. അന്നേരമവള്‍ അച്ഛനെ ചാരിനിന്ന് പറഞ്ഞു ''എനിയ്ക്ക് ഒരു കൂടു കമ്പിത്തിരി വേണം.''
അച്ഛന്‍ കമ്പിത്തിരി അന്വേഷിച്ച് എറണാകുളം മാര്‍ക്കറ്റു മുഴുവന്‍ നടന്നു. ഒരു മത്താപ്പൂ പോലും കിട്ടിയില്ല അച്ഛന്. ഒഴിഞ്ഞ കൈയുമായി വന്ന അച്ഛനെ കണ്ട് തങ്കക്കുട്ടി കരഞ്ഞു.
''ഇനിയും വരും വിഷു'' എന്നു പറഞ്ഞ് അച്ഛനവളെ ആശ്വസിപ്പിച്ചു. അന്നു മുഴുവന്‍ ഇനി വരുന്ന വിഷുവിനെക്കുറിച്ചോര്‍ത്തു തങ്കക്കുട്ടി.
ഇനി വരുന്ന വിഷുവിന് അസുഖമൊന്നുമുണ്ടാകല്ലേ എന്ന് അവള്‍ ആശുപത്രി ചാപ്പലിലിലെ ഉണ്ണിയേശുവിനോട് പ്രാര്‍ത്ഥിച്ചു. ആശുപത്രിയില്‍ വൈകുന്നേരം ഏഴുമണിക്ക് എല്ലാമുറിയിലേക്കും വന്നെത്തിച്ചേരും വിധം വയ്ക്കാറുള്ള പ്രാര്‍ത്ഥനകളില്‍ യേശുവായിരുന്നു ദൈവം.
അതു വരെ ഉണ്ണിക്കൃഷ്ണനെ മാത്രം ദൈവമായി പരിചയമുണ്ടായിരുന്ന തങ്കക്കുട്ടി പതിയെ യേശുവിനോട് രഹസ്യമായി, ഉണ്ണിക്കൃഷ്ണനറിയാതെ പാത്തും പതുങ്ങിയും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
ഉണ്ണിക്കൃഷ്ണനറിഞ്ഞാല്‍ അവള്‍ വീട്ടില്‍ ഉരുളിയില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന മഞ്ചാടിക്കുരുവെല്ലാം പെറുക്കിയെടുത്ത് പിണങ്ങി ഒറ്റപ്പോക്കു പോകും എന്നവള്‍ക്ക് നല്ലോണം പേടിയുണ്ടായിരുന്നു.
എന്തോ ഉണ്ണിയേശുവും ഉണ്ണിക്കൃഷ്ണനും തമ്മില്‍ തങ്കക്കുട്ടി ആരുടേതാണ് എന്നതിനെച്ചൊല്ലി വഴക്കും പിണക്കവും പിണങ്ങിപ്പോക്കും ഒന്നുമുണ്ടായില്ല ഭാഗ്യം. അമ്മ മറിയത്തിന്റെ കൈയ്യിലിരിക്കുന്ന ഉണ്ണിക്കൃഷ്ണനും യശോദയുടെ ഒക്കത്തിരിക്കുന്ന ഉണ്ണിയേശുവിനും തമ്മില്‍ നല്ല ഛായ തോന്നി തങ്കക്കുട്ടിക്ക്.
സ്വതേതന്നെ പിണക്കക്കുട്ടിയായിരുന്ന ദിപുക്കുട്ടന്‍ ക്രമേണ എന്തിനും ഏതിനും പിണങ്ങാന്‍ തുടങ്ങി. കാറ്റുവന്നാലും വന്നില്ലെങ്കിലും, ആകാശത്ത് നക്ഷത്രം തെളിഞ്ഞാലുമില്ലെങ്കിലും, പൂമൊട്ട് കൊഴിഞ്ഞാലും വിടര്‍ന്നാലും, ഒക്കെ ദിപു പിണക്കക്കാരനാകുന്നതു പോലായി കാര്യങ്ങള്‍.
തങ്കക്കുട്ടി ആശുപത്രിക്കുട്ടിയായി മാറുമ്പോഴൊക്കെ അച്ഛനും അമ്മയും അവളെ നോക്കാന്‍ ആശുപത്രിയില്‍ കാവലാളായി നില്‍ക്കേണ്ടി വന്നുവല്ലോ. ദിപുക്കുട്ടന്‍ വീട്ടിലെ മറ്റാളുകളുടെ സംരക്ഷണത്തില്‍ വളരേണ്ടി വന്ന ആ കാലമാണോ ദിപുക്കുട്ടനെ ഒരടിമുടി പിണക്കക്കുട്ടിയാക്കി മാറ്റിയത്? അറിയില്ല.
ഒരിക്കല്‍ തങ്കക്കുട്ടിയും അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കുമ്പോള്‍, ഒരുച്ചയൂണുനേരത്ത് ഊണിനു മുന്നിലിരുന്ന് കാരണമൊന്നും പറയാതെ വിങ്ങി വിങ്ങിക്കരഞ്ഞ ദിപുക്കുട്ടന്റെ കാര്യം കമലുവമ്മ എപ്പോഴും പറഞ്ഞു സങ്കടപ്പെട്ടു.
എന്തിനാണ് കരയുന്നതെന്ന്? എന്താണ് സങ്കടം? എന്നൊക്കെ എല്ലാവരും മാറി മാറി ചോദിച്ചിട്ടും ദിപുക്കുട്ടന്‍ ഒന്നും പറഞ്ഞില്ല. ഒരു പക്ഷേ സങ്കടം വരുന്നു എന്നല്ലാതെ സങ്കടത്തിന്റെ കാരണമൊന്നുമറിയാന്‍ തക്ക വാക്കൊന്നും ആ കുഞ്ഞു പ്രായത്തില്‍ ദിപുക്കുട്ടന്റെ കൈയിലുണ്ടായിരുന്നു കാണില്ല.
ദിപുച്ചോറിലേയ്ക്ക് ദിപുക്കണ്ണീരു വീഴാതിരിക്കാന്‍ ചേര്‍ത്തലയമ്മ അവന്റെ കണ്ണീരു തുടച്ചുമാറ്റി. തുടയ്ക്കുന്തോറും നിറഞ്ഞു കൊണ്ടിരുന്നു അവന്റെ കണ്ണുകള്‍. എന്തോര്‍ത്താവും ദിപുക്കുട്ടന്‍ കരഞ്ഞത്? എന്ന് അക്കഥ കേള്‍ക്കുമ്പോഴൊക്കെ തങ്കക്കുട്ടി ആലോചിച്ചു. അമ്മയും അച്ഛനും കൂടെയില്ലാത്തിന്റെ സങ്കടമാവുമോ അതോ തങ്കക്കുട്ടിക്ക് തുടര്‍ച്ചയായി ഇന്‍ജക്ഷന്‍ കിട്ടുന്നതിലെ സങ്കടമാവുമോ? ആര്‍ക്കറിയാം അതൊക്കെ?
തങ്കക്കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ അവനെ ഇടയ്ക്കൊക്കെ കൊണ്ടുവന്നു അച്ഛന്‍. അവനാദ്യമായി ലിഫ്‌റ്റില്‍ കയറിയത് അങ്ങനെയാണ്. തിരിച്ചു പോരും വഴി അച്ഛനവന് ഇന്ത്യന്‍ കോഫീ ഹൗസില്‍ നിന്ന് റോസ് മില്‍ക്ക് വാങ്ങിക്കൊടുത്തു. മാസത്തിലൊരിക്കല്‍ ഷോപ്പിങ്ങിനായി വീട്ടിൽ നിന്ന് എറണാകുളത്ത് വരുമ്പോള്‍, അവര്‍ പതിവായി കയറുന്ന ഇടമായിരുന്നു ഇന്ത്യൻ കോഫീഹൗസ്.
റോസ് മില്‍ക്ക് എന്നൊന്നും പറയാനറിയില്ലാത്തതു കൊണ്ട് വലിച്ചു വലിച്ചു കുടിക്കാന്‍ പോണു എന്നാണ് ദിപുക്കുട്ടന്‍ ആ പോക്കിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. ആശുപത്രിയില്‍ വന്ന് അമ്മയെയും തങ്കക്കുട്ടിച്ചേച്ചിയെയും കണ്ട്, തങ്കക്കുട്ടിക്ക് ക്ഷീണം വരുമ്പോ ആശുപത്രിക്കാര് കൊടുക്കുന്ന ഡ്രിപ്പിന്റെ ഒഴിഞ്ഞ ബോട്ടിലും വേണ്ടാതായ എക്സ്റേഷീറ്റും നിധിപോലെ ചേര്‍ത്തു പിടിച്ച് അച്ഛന്റെ കൈയും പിടിച്ച് ആശുപത്രിയില്‍ നിന്ന് ഇന്ത്യന്‍ കോഫീഹൗസിലെത്തി. അങ്ങനെ വലിച്ചു വലിച്ചു റോസ് മില്‍ക് കുടിക്കുമ്പോള്‍ ദിപുക്കുട്ടന്റെ സങ്കടവും റോസ് മിൽക്കും പതുക്കെപ്പതുക്കെ തീര്‍ന്നുപോയി.
ഒരു കാര്യം പറയാന്‍ മറന്നു, കളിക്കാനൊക്കെ ഇറങ്ങിയാല്‍ ശ്വാസം മുട്ടു വരുമോ എന്നാലോചിച്ച് സ്കൂളില്‍ മാത്രമല്ല വീട്ടിലും ചുറ്റുമുള്ള എല്ലാവരും തങ്കക്കുട്ടിക്ക് കാവലിരുന്നു. തങ്കക്കുട്ടി മെല്ലെമെല്ലെ കളിക്കുട്ടിരസങ്ങളില്‍ നിന്നു മാറി വായനക്കുട്ടിയായി. മൂലേഭഗവതിയായിരുന്ന് കിട്ടുന്ന പുസ്തകമേതും, മനസ്സിലായാലും മനസ്സിലായില്ലെങ്കിലും അവള്‍ വായിച്ചുകൂട്ടി.
പുസ്തകം വായനയ്ക്ക് ശരീരമനക്കണ്ടല്ലോ, മനസ്സനക്കിയാല്‍ മതിയല്ലോ. അതു പറഞ്ഞില്ലല്ലോ? ദിപുക്കുട്ടന്റെ തൊട്ടില്‍സ്വഭാവം മാറിയത് വീട്ടിലുള്ളവരൊക്കെ എന്തു കഷ്ടപ്പെട്ടിട്ടാണെന്നോ?
സ്‌കൂളില്‍ പോകാറായ കുട്ടി തൊട്ടിലില്‍ കിടന്നുറങ്ങുന്നതറിഞ്ഞാല്‍ എല്ലാരും കളിയാക്കില്ലേ? എന്നു അവരെല്ലാം ദിപുവിനോട് മാറിമാറി ചോദിച്ചിട്ടൊന്നും ഒരു ഫലവുമുണ്ടായില്ല.
അപ്പോഴേയ്ക്കും അവരുടെ വീടായ എരമല്ലൂര്‍ മഠത്തിന് ചില്ലറ മിനുക്കുപണികള്‍ വേണ്ടിവന്ന് അവരെല്ലാം വടക്കേപ്പറമ്പിലേക്കു താമസം മാറ്റി. അവിടെ തൊട്ടിലിടാന്‍ കൊളുത്തില്ലായിരുന്നു. അപ്പോപ്പിന്നെ കട്ടിലില്‍ കിടക്കാതെ നിവൃത്തിയില്ലാതെ വന്നു ദിപുക്കുട്ടന്. അങ്ങനെയാണ് ദിപുവിന്റെ തൊട്ടില്‍ അദ്ധ്യായം തീര്‍ന്നു കിട്ടിയത്.
ദിപുക്കുട്ടന്‍ നാലു വയസുവരെ തൊട്ടിലില്‍ കിടന്നു കേട്ടോ. തൊട്ടിലില്‍ നിന്ന് ദിപു നേരെ പോയത് സ്കൂളിലേക്കാണ്. കുറച്ചൊക്കെ അക്ഷരം അമ്മയും അച്ഛനും കൂടെ അവനെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. അവന്‍ പിണക്കക്കാരനല്ലേ, വിഷമമുള്ള അക്ഷരം പഠിപ്പിക്കാന്‍ നോക്കിയാൽ അവന്‍ പിണങ്ങിയാലോ? അതുകൊണ്ട് ഒരു വട്ടം പോലെ ഠ, ഠയുടെ പകുതി റ. ഒരു ചെറിയ റയും ഒരു വലിയ റയും അതിനിടയിലൊരു വരയും ചേര്‍ത്ത് ഹ എന്നിങ്ങനെ കളിമട്ടിലാണ് അവനെ എല്ലാവരും പഠിപ്പിച്ചിരുന്നത്.
'ക' യിനോടും 'അ' യോടുമൊക്കെ "പോ...പോ..." പറഞ്ഞ് അവന്‍ പിണങ്ങി മുഖം വീര്‍പ്പിച്ചിരുന്നു. ഇനി ബാക്കി ടീച്ചറന്മാർ പഠിപ്പിക്കട്ടെ എന്നു വിചാരിച്ചു എല്ലാവരും.
കുഞ്ഞമ്മയുടെ മക്കള്‍ വരുമ്പോള്‍ മാത്രം ദിപുക്കുട്ടന്‍ മണ്ണിലിറങ്ങി, കുളത്തില്‍ രസിച്ചു, മരം കേറി. അല്ലാത്തപ്പോ പുസ്തകത്തിലേക്കിറങ്ങി, പുസ്തകത്തില്‍ രസിച്ചു, പുസ്തകത്തിലേക്ക് കേറി. വായിക്കാന്‍ വേണ്ടത്ര അക്ഷരങ്ങളറിയില്ല എങ്കിലും പടങ്ങളായ പടങ്ങളില്‍ നിന്നൊക്കെ അവന്‍ കഥകളൂഹിച്ച് രസിച്ചു.
തങ്കക്കുട്ടി കളിക്കാന്‍ കൂടാത്തതു കൊണ്ടും തങ്കക്കുട്ടിയുടെ നിര്‍ത്താ വായന കണ്ടു കണ്ടും അച്ഛന്‍ വായിച്ചുകൊടുത്തിരുന്ന കഥകളിലെ രസനുണയല്‍ ഓര്‍ത്തോര്‍ത്തും ദിപുക്കുട്ടനും ക്രമേണ പുസ്തകക്കുട്ടിയായി മാറി. അഞ്ചുവയസ്സായി സ്‌കൂളില്‍ ചേര്‍ന്നതോടെ അക്ഷരങ്ങള്‍ കൂട്ടിവായിക്കാറായപ്പോള്‍ ദിപുവും വായനക്കുട്ടിയായി.
ദിപുവിന് പത്രം വായിക്കാനായിരുന്നു കൂടുതലിഷ്ടം. മന്ത്രിമാര്‍, ജില്ലകള്‍, സംസ്ഥാനങ്ങള്‍, തിരഞ്ഞെടുപ്പുകള്‍, പഴയ രാജാക്കന്മാര്‍, രാജ്യങ്ങള്‍, തലസ്ഥാനങ്ങള്‍ ഒക്കെ അച്ഛനവന് പറഞ്ഞുകൊടുത്തു. അവനതൊക്കെ ഹരം പിടിച്ചിരുന്ന് കേട്ടു. തങ്കക്കുട്ടിയെ അതൊന്നും രസിപ്പിച്ചില്ല. അവള്‍ക്ക് കഥകളായിരുന്നു എല്ലാം.
ഇടയ്‌ക്കെല്ലാം അവള്‍ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടായി. അപ്പോഴെല്ലാം അച്ഛന്റെയും ദിപുവിന്റെയും പത്രവര്‍ത്തമാനം തീരെ ശ്രദ്ധിക്കാതെ തലയിണ നെഞ്ഞോടടുക്കി, വായിച്ച കഥകളോര്‍ത്ത് അവള്‍ കിടന്നുമയങ്ങിപ്പോയി. ഡ്രാക്കുള അന്ധകാരനഴി കടപ്പുറത്തുകൂടി കക്കപെറുക്കി നടക്കുന്ന സ്വപ്‌നം കണ്ട് അവള്‍ ഉറക്കത്തില്‍ ഊറിയൂറി ചിരിച്ചു.
-തുടരും
Read More:
- പ്രിയ എ എസ്സിന്റെ കുട്ടികളുടെ നോവൽ ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി മറ്റ് ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
- എസ് ആർ ലാലിൻ്റെ കുട്ടികളുടെ നോവൽ അമ്മുവിൻ്റെ സാഹസങ്ങൾ ഇവിടെ വായിക്കാം
- സുഭാഷ് ഒട്ടുംപുറത്തിൻ്റെ ഏകാന്ത നാവികൻ ഇവിടെ വായിക്കാം
- ജയകൃഷ്ണൻ്റെ കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.