/indian-express-malayalam/media/media_files/2024/12/02/priya-as-part-20-1.jpg)
ചിത്രീകരണം: വിഷ്ണു റാം
ieMalayalam കുട്ടികൾക്കായുള്ള വിഭാഗം തുടങ്ങിയത് 2018 നവംബര്‍ 14ന് പ്രിയ എ എസിൻ്റെ 'പെരുമഴയത്തെ കുഞ്ഞിതളുകൾ' എന്ന നോവലുമായാണ്. ആ കൃതിക്ക് പിന്നീട് ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഐ ഇ മലയാളം ബാലസാഹിത്യ വിഭാഗത്തിലെ നിരന്തര സാന്നിദ്ധ്യമായി തുടർന്ന പ്രിയ വിണ്ടും കുഞ്ഞുങ്ങൾക്കായി എത്തുകയാണ്, ഇത്തവണ തങ്കക്കുട്ടിയാണ് താരം. ആത്മകഥാപരം എന്നതിനുമപ്പുറം എഴുത്തുകാരിയിലേക്കുള്ള ഒരു കുഞ്ഞിൻ്റെ രൂപപ്പെടലിൻ്റെ സൂക്ഷ്മ അടരുകളാണ് ഇക്കഥ.
സ്പഞ്ച് ബാത്തും പി എന്ന അക്ഷരവും
തങ്കക്കുട്ടിയുടെ സോമനമ്മാവനെ ഓര്‍മ്മയില്ലേ? അവളുടെ ഉടുപ്പിലൊക്കെ പെയിന്റു ചെയ്തു കൊടുത്തിരുന്ന, ആലപ്പുഴ കോളേജില്‍ ചെടികളെക്കുറിച്ചുള്ള ബോട്ടണി പഠിക്കുന്ന അമ്മാവന്‍ എന്നല്ലേ നമ്മള്‍ പറഞ്ഞത്?
ചെടികളെക്കുറിച്ച് പഠിക്കുന്നതിനൊപ്പം, കുറേകുറേ ജീവികളെക്കുറിച്ചും പഠിക്കണമായിരുന്നു. അതിനു പേര് സുവോളജി. തവള, പാറ്റ, ഞാഞ്ഞൂല്‍ അതിനെയൊക്കെ കീറിമുറിച്ച് അതിന്റെയൊക്കെ ഉള്ളിലെന്താണെന്നറിയണം സുവോളജിയില്‍. അങ്ങനെ കീറിമുറിക്കാനുള്ള ഉപകരണങ്ങളൊക്കെയുള്ള ഒരു ബോക്‌സ് ഉണ്ടായിരുന്നു അമ്മാവന്റെ കൈയില്‍. അതിന് ഡിസക്ഷന്‍ ബോക്‌സ് എന്നാണ് പേര്.
അമ്മാവന്റെ ബോട്ടണി പഠനമൊക്കെ കഴിഞ്ഞപ്പോള്‍ തങ്കക്കുട്ടിക്ക് കൊടുത്തു അമ്മാവനത്. ഒരു ചുവന്ന വെല്‍വെറ്റ് ബോക്‌സായിരുന്നു അത്. കീറിമുറിയ്ക്കല്‍ ഉപകരണങ്ങളൊക്കെ എടുത്തുമാറ്റി തങ്കക്കുട്ടി അത് പെന്‍സില്‍ ബോക്‌സാക്കി. അവളുടെ ക്ലാസിലെ ആര്‍ക്കുമുണ്ടായിരുന്നില്ല അത്തരമൊരു ചോപ്പുസ്റ്റൈലന്‍ബോക്‌സ്.
അതുപറഞ്ഞപ്പോഴാണോര്‍ത്തത് തങ്കക്കുട്ടി മൂന്നാംക്ലാസിലെത്തി അധികനാള്‍ കഴിയും മുമ്പു തന്നെ അവള്‍ക്ക് ഡോക്ടർ പറഞ്ഞ ആ ഓപ്പറേഷന്‍ വേണ്ടിവന്നു കേട്ടോ. എറണാകുളത്തെ മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു ഓപ്പറേഷന്‍. ഡോക്ടർ ജോസഫ് പഴങ്ങനാടുനിന്ന് എറണാകുളത്തേയ്ക്ക് പോന്നിരുന്നു. അപ്പോപ്പിന്നെ തങ്കക്കുട്ടിയും മെഡിക്കല്‍ട്രസ്റ്റുകാരിയാവാതെ വയ്യല്ലോ.
അത്തവണ രാത്രിയാണ് അവള്‍ക്ക് അസുഖം കൂടിയത്. ടാക്‌സിയില്‍ അവരപ്പോത്തന്നെ പുറപ്പെട്ടു എറണാകുളത്തേയ്ക്ക്. അതുവരെ രാത്രിയില്‍ അവള്‍ യാത്ര ചെയ്തിട്ടുണ്ടായിരുന്നേയില്ല. വയ്യായ്കക്കിടയിലും അവള്‍ കണ്ടു, കടകളും വഴിയോരങ്ങളും എല്ലാം ലൈറ്റുകളുടെ വെളിച്ചത്തില്‍ മുങ്ങിമുങ്ങിനില്‍പ്പാണ്. അവള്‍ പിന്നെ തളര്‍ന്ന് അമ്മയുടെ മടിയില്‍ കിടന്നു.
തോപ്പുംപടി കഴിഞ്ഞ് വെണ്ടുരുത്തിപ്പാലമെത്തിയപ്പോള്‍ അമ്മ അവളെ എണീപ്പിച്ചിരുത്തി കാറിനു പുറത്തേയ്ക്ക് കായല്‍വശങ്ങളിലേയ്ക്ക് കൈ ചൂണ്ടി. കപ്പല് കാണാനായിരിക്കുമെന്നാണ് അവള്‍ വിചാരിച്ചത്. പക്ഷേ അവള്‍ കണ്ടതോ, കായല്‍ക്കര മിന്നും നക്ഷത്രമാലയിട്ട് നില്‍ക്കുമ്പോലെ, പലതരം വിളക്കുകളിലും വെളിച്ചങ്ങളിലും കുളിച്ച് രാത്രിയിരുട്ടത്ത് കായല്‍ക്കര.
തങ്കക്കുട്ടി കണ്ണിമചിമ്മാതെ നോക്കിനോക്കിയിരുന്നു. അവളുടെ കണ്ണിലും വെളിച്ചം മിന്നിമിന്നിപ്പടര്‍ന്നു. പാലം കഴിഞ്ഞതോടെ കണ്ണിലെ വെളിച്ചം കെട്ട് അവള്‍ വീണ്ടും അമ്മയുടെ മടിയിലേയ്ക്ക് ചുരുണ്ടുകൂടി.
തങ്കക്കുട്ടിയുടെ ഓപ്പറേഷന്‍ സമയത്ത് അച്ഛനുമമ്മയ്ക്കുമൊപ്പം അമ്മാവനുമുണ്ടായിരുന്നു. പുറകില്‍ മാത്രം കെട്ടുള്ള ഒരു ബാക് ഓപ്പണ്‍ പച്ച ഉടുപ്പ് ഇടീച്ചാണ് തങ്കക്കുട്ടിയെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ടുപോയത്. തന്റെ ദേഹമെല്ലാം ആ കെട്ടിന്റെ വിടവിലൂടെ ചുറ്റുമുള്ളവര് കാണുമല്ലോ എന്നോര്‍ത്തപ്പോ അവള്‍ക്ക് നാണം വന്നു.
ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച്, മുകളില്‍ നിന്ന് ഒരു വലിയ ലൈറ്റ് അവളുടെ അടുത്തേക്ക് താണുതാണു വന്നു. പിന്നൊരിന്‍ജക്ഷന്‍, അതോടെ തങ്കക്കുട്ടി മയക്കത്തിലായി. ഓര്‍മ്മ മങ്ങിമങ്ങിവന്നു.
മയക്കം വിട്ടെഴുന്നേറ്റപ്പോ ഓപ്പറേഷന്‍ കഴിഞ്ഞവരെ മാത്രം കിടത്തി ശുശ്രൂഷിക്കുന്ന ഒരിടത്താണ്. കണ്ണുകള്‍ വലിച്ചു തുറന്ന് ചുറ്റും നോക്കിയപ്പോ അവിടുത്തെ ഭിത്തിയിലൂടെ ചെറുനാരങ്ങാമഞ്ഞനിറത്തില്‍ വെളിച്ചവും നിഴലുമൊക്കെ ഒഴുകിനടക്കുന്നതുപോലെ തോന്നി അവള്‍ക്ക്.
തങ്കക്കുട്ടിയായിരുന്നു അവിടുത്തെ ഏറ്റവും ചെറിയ ആള്‍. ശരീരം മുഴുവന്‍ പലതരം ട്യൂബുകള്‍. ചരിയാനോ തിരിയാനോ പാടില്ല. എവിടൊക്കെയോ നിറയെ നിറയെ വേദനയാണ്. ദിവസത്തിൽ ഒരഞ്ചുമിനിട്ടുനേരം അച്ഛനെയുമമ്മയെയും ICU എന്നെഴുതിയ കണ്ണാടി വാതിലിലൂടെ ഒന്ന് കാണിയ്ക്കും, അതാണവിടുത്തെ രീതി. പിന്നാരോട് സങ്കടം പറയും, കരയും?
തങ്കക്കുട്ടി വേദന മറക്കാന്‍ എന്തു ചെയ്‌തെന്നറിയാമോ? ആ കട്ടിലിലുള്ള പേരറിയാ അപ്പൂപ്പനോടും ഈ കട്ടിലിലുള്ള പേരറിയാ മാമനോടും നിറയെ വര്‍ത്തമാനം പറഞ്ഞു. അവർ വേദന കൊണ്ട് ഞെരങ്ങുമ്പോള്‍ "കരയണ്ട കേട്ടോ, ഇപ്പ മാറും വേദന. സിസ്റ്ററേ ഇങ്ങോട്ടു വരൂ, ഇവരെയൊന്ന് നോക്കൂ..." എന്നെല്ലാം വായാടിത്തങ്കക്കുട്ടിയായി. നേഴ്‌സുമാരൊക്കെ ഈ കുഞ്ഞിക്കുട്ടിയുടെ ഒരു കാര്യം എന്ന് അവളെ ഓമനിച്ചു.
പക്ഷേ, തങ്കക്കുട്ടിക്കോ ദാഹിച്ചിട്ടാണെങ്കില്‍ വയ്യ, ചുണ്ടൊക്കെ വരണ്ട് പൊട്ടി. പക്ഷേ ഓപ്പറേഷന്‍ കഴിഞ്ഞവർ വെള്ളം കുടിക്കാന്‍ പാടില്ല പോലും. അപ്പോഴാണ് സ്പഞ്ച് ബാത്ത് കൊടുക്കുന്ന സിസ്റ്റര്‍മാർ വന്നത്. കുളിക്കാന്‍ പറ്റാത്തവരുടെ മേലെല്ലാം വൃത്തിയാക്കാനാണ് സ്പഞ്ച് ബാത്ത്.
സ്‌പോഞ്ചില്‍ പൊതിഞ്ഞ കുഞ്ഞാപ്പീക്കിരി ഐസു കഷണം ദേഹത്തുകൂടെ അങ്ങനെയങ്ങനെ സഞ്ചരിക്കുന്ന സുഖത്തിനിടെ തങ്കക്കുട്ടി ചോദിക്കും ''എനിയ്ക്കും തരുമോ ഒരു ഐസ് സ്‌പോഞ്ച്, ഞാനും ചെയ്യാം സ്പഞ്ച് ബാത്ത്.''
എന്നിട്ടോ, ഒരു രണ്ടുമിനിട്ടങ്ങനെയൊക്കെ ചെയ്തിട്ട് സൂത്രത്തില്‍ അത് വായിലേക്കിട്ട് വിഴുങ്ങി തൊണ്ട വരണ്ടതിനൊരാശ്വാസം കണ്ടെത്തും അവള്‍. "അമ്പടി കള്ളീ... സൂത്രക്കാരി..." എന്നവള്‍ക്ക് പേരു കിട്ടും അപ്പോ നേഴ്‌സുമാരുടെ അടുത്തുനിന്ന്. ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ തങ്കക്കുട്ടി ചിരി പാസാക്കി അവള്‍ ചിരിച്ചുമയക്കും അപ്പോഴെല്ലാവരെയും.
പിറ്റേന്നു സ്പഞ്ച്ബാത്തുകാര് വരുമ്പോഴേ പറയും "ഇന്നു ഞങ്ങളെ പറ്റിക്കാമെന്ന് വിചാരിക്കണ്ട കേട്ടോ കുഞ്ഞിക്കുട്ടീ."
അവള്‍ സത്യം ചെയ്യും ''ഇന്ന് ഐസ് വിഴുങ്ങില്ല.''
അവളുടെ പഞ്ചാര വാക്കില്‍ മയങ്ങി അവർ പിന്നേം കൊടുക്കും ഐസ്, തങ്കക്കുട്ടി പിന്നേം സൂത്രത്തിലത് വിഴുങ്ങി കള്ളക്കുട്ടിയാകും. പിന്നെ അവിടുന്ന് റൂമിലേക്കവളെ മാറ്റിയപ്പോഴോ?
അടുത്ത റൂമിലെ ജര്‍മ്മന്‍ അങ്കിളും ആന്റിയും അവളെ കാണാന്‍ എപ്പഴും അവിടെ വന്നു. അവളോടു പറഞ്ഞുമനസ്സിലാക്കാന്‍ തക്ക ഭാഷയൊന്നുമില്ലാതെയെങ്കിലും അവരവളോട് കളിച്ചുചിരിച്ചു.
കിടത്തിയാല്‍ കണ്ണടയ്ക്കുന്ന, എണീപ്പിച്ചുുനിര്‍ത്തിയാല്‍ കണ്ണു തുറക്കുന്ന, നീല ഉടുപ്പിട്ട, തലമുടി പുറകില്‍ ബണ്‍പോലെ കെട്ടിയ, മെലിഞ്ഞ, താഴെവീണാല്‍ പൊട്ടുന്നതരം പാവക്കുട്ടിയെ കൊടുത്തു അവരവള്‍ക്ക്.
''അങ്ങനൊരു പാവക്കുട്ടി അങ്ങ് ജര്‍മ്മനിയില്‍ മാത്രമേ കാണൂ'' എന്നമ്മ അവളോട് പറഞ്ഞു. ചുവന്നഡോള്‍ഫിനെയും സ്വര്‍ണ്ണ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന വെളുത്ത പോമറേനിയന്‍ പട്ടിക്കുട്ടിയെയും കൂടി അവള്‍ക്ക് കൊടുത്തു അവര്‍.
ഡോക്ടര്‍ ജോസഫ് വന്നപ്പോ അവളതൊക്കെ കാണിച്ചു കൊടുത്തു. അവളുടെ കട്ടിലിനരികെ ഇരുന്ന്, "നീ ഇനീം കരഞ്ഞോ, നല്ല ഉറക്കെത്തന്നെ കരഞ്ഞോ, അപ്പോ ഇനീം കിട്ടും കുറേ ജര്‍മ്മന്‍സമ്മാനം," എന്നു ചിരിച്ചു ഡോക്ടര്‍.
ഓപ്പറേഷന്റെ വലിയ വലിയ വല്ലായ്കകളെല്ലാം കുറഞ്ഞ് ചെറിയ ചെറിയ വിമ്മിഷ്ടങ്ങളായപ്പോള്‍ ഡോക്റ്റര്‍ ജോസഫ് അവളെ ഡോക്റ്റര്‍ സൗമിനി ജോസഫിനു കൈമാറി. ഡോക്റ്റര്‍ ജോസഫിന്റെ ഭാര്യയായിരുന്നു ഡോക്ടർ സൗമിനി ജോസഫ്. എപ്പഴും വെള്ള നിറത്തില്‍ ഡിസൈനുകളുള്ള സാരിയുടുത്താണ് ഡോക്ടര്‍ വരാറ്.
ഡോക്ടര്‍ ജോസഫിന്റെ നീലനിറത്തെപ്പോലെ തങ്കക്കുട്ടിയ്ക്ക്, ഡോക്ടര്‍ സൗമിനിയുടെ വെള്ളനിറവും നല്ലോണം ഇഷ്ടമായി. സംസാരിക്കുമ്പോള്‍ ഡോക്ടര്‍ സൗമിനിയുടെ തോളൊപ്പം തലമുടി കിടന്നാടും. അതു കണ്ട് രസിച്ചിരിക്കെ തങ്കക്കുട്ടി തീരുമാനിച്ചു, വലുതായാലും ഞാന്‍ തോളൊപ്പം തലമുടിയേ വളര്‍ത്തൂ.
പിന്നെപ്പിന്നെ തങ്കക്കുട്ടിക്ക് സുഖമായല്ലോ, അപ്പോ ജോലിയന്വേഷിച്ച് അമ്മാവന്‍ ബോംബെയ്ക്ക് പോയി. അമ്മാവന്റെ പഠിത്തമൊക്കെ കഴിഞ്ഞിരുന്നു.
ബോംബേൽ ജോലിയായപ്പോ അമ്മാവന്‍ ആദ്യമായി കത്തയച്ചതാര്‍ക്കാണെന്നറിയാമോ? തങ്കക്കുട്ടിക്ക്. തങ്കക്കുട്ടിക്ക് ആദ്യമായി കിട്ടുന്ന കത്തായിരുന്നു അത്. അത് കിട്ടിയപ്പോ തങ്കക്കുട്ടിക്ക് നാണം വന്നു.
എപ്പഴും കൈയിക്കൂടെയാണല്ലോ തങ്കക്കുട്ടിക്ക് നാണം വരിക. നാണം കൊണ്ട് തങ്കക്കുട്ടിക്ക് കത്ത് ശരിക്ക് പിടിക്കാന്‍ കൂടി പറ്റാതായി. അമ്മ പിന്നെ അവള്‍ക്ക് ആ കത്ത് വായിച്ചുകൊടുക്കുകയാണ് കേട്ടോ ഉണ്ടായത്.
അമ്മാവന്റെ അഡ്രസ് എന്തായിരുന്നുവെന്നോ?
കെ എസ് സോമന്‍
താല്‍മാക്കിവാഡി കോളനി
താഡ്‌ദേവ്, ബോംബെ
നല്ല രസമല്ലേ അതു കേട്ടിരിക്കാന്‍? അത് പറഞ്ഞുനോക്കുമ്പോഴൊക്കെ അവള്‍ക്ക് കറുമുറും എന്ന് ചിരിപൊട്ടി.
അമ്മാവന്റെ മുത്തുമുത്ത് ഇംഗ്ലീഷ് കൈയക്ഷരം കണ്ടു സന്തോഷം വന്നിട്ടാണ് അമ്മാവന്റെ ഓഫീസര്‍ ചെടികളെക്കുറിച്ചു പഠിച്ചുവന്ന അമ്മാവന് ഹിന്ദ് സൈക്കിള്‍സില്‍ ജോലി കൊടുത്തത് എന്നതിലുണ്ടായിരുന്നു.
അന്നു വൈകുന്നേരം, ഇംഗ്ലീഷ് അക്ഷരം പഠിപ്പിക്കെന്നെ എന്നു പറഞ്ഞ് അമ്മയുടെ കൂടെ കൂടി തങ്കക്കുട്ടി. പ്രിയാക്ഷിമണിമണിയിലെ 'പി' പഠിപ്പിക്കാമെന്നു പറഞ്ഞു അമ്മ.
ഒരു നീളന്‍ വര, അതിന്റെ ഏറ്റവും മുകളീന്ന് സൈഡിലേക്കൊരു പാതിക്കുഞ്ഞന്‍തല, അങ്ങനെയാണ് ഇംഗ്ലീഷിൽ 'പി.'
വലുതാവുമ്പോള്‍ താനൊരു ഇംഗ്ലീഷ് 'പി' പോലിരിക്കും എന്നു തോന്നി അവള്‍ക്ക്. നല്ല പൊക്കമുണ്ടാവും ലൈറ്റ്ഹൗസുപോലെ, പക്ഷേ കുഞ്ഞു മുഖമായിരിക്കും വലിയ തങ്കക്കുട്ടിക്ക്. തങ്കക്കുട്ടി ലൈറ്റ് ഹൗസ് കണ്ടത് എവിടെ വച്ചാണെന്നോ? അന്ധകാരനഴി ബീച്ചില്‍ വച്ച്.
വൈക്കത്തുകാരെല്ലാം വന്നപ്പോ അച്ഛന്‍ അവരെ നാലുപേരെയും കൂട്ടി അന്ധകാരനഴി കടൽ കാണാന്‍ പോയി. അന്ധകാരനഴി എന്നെഴുതിയ ബസിലാണ് അവര്‍ പോയത്. അവരെല്ലാവരും ആദ്യമായി കടൽ കാണുകയായിരുന്നു.
കടൽ, തീരത്തുനില്‍ക്കുന്ന അവരുടെ കാലില്‍ തൊടാന്‍ തിരകളായി പതഞ്ഞുപതഞ്ഞു കരയിലേക്കുവന്നു. അവരുടെ ഉടുപ്പൊക്കെ നനച്ചു കുതിര്‍ത്ത് ഒരു കളിക്കുട്ടിയെപ്പോലെ തിര പിന്നെ കടലിലേക്ക് ഓടിപ്പോയി.
കടലിൽ അവർ ഇരുന്നു കിടന്നു. ഉപ്പുവെള്ളം വന്നവരുടെ വായില്‍ തൊട്ടു. അവർ നിര്‍ത്താതെ ചിരിച്ചു, കക്ക പെറുക്കി, ഞണ്ടുകള്‍ അവരുടെ മാളങ്ങളിലേക്ക് കാലുകള്‍ പരത്തിപ്പരത്തി വച്ച് ഓടിയിറങ്ങുന്നതു കണ്ടു, കടലിന്നകത്തേക്ക് പഴുത്ത പപ്പായനിറത്തിലെ സൂര്യന്‍ രാത്രിയുറക്കത്തിനു പോകുന്നതു കണ്ടു.
അപ്പോഴേക്ക് ലൈറ്റ് ഹൗസിലെ വിളക്ക് തെളിഞ്ഞു. അത് കറങ്ങിവന്ന് എല്ലാവശത്തേക്കും വെളിച്ചം വീഴ്ത്തി. കടലിലൂടെ വരുന്ന കപ്പലുകള്‍ക്ക് വഴി കാണിക്കാനാണ് ലൈറ്റ് ഹൗസ് എന്നച്ഛന്‍ പറഞ്ഞു. അവര്‍ക്കെല്ലാം മാറാനുടുപ്പുകള്‍ കൊണ്ടുവന്നിരുന്നു അച്ഛന്‍. സീനയും സുധീഷും, തങ്കക്കുട്ടിയുടെയും ദിപുവിന്റെയും അച്ഛനെ വിളിക്കുന്നതെന്താണെന്നറിയാമോ? വല്യച്ഛന്‍.
കടപ്പുറത്തിനരികിലെ കടയില്‍ നിന്ന് ചൂടു ചായയും പരിപ്പുവടയും കഴിച്ച് പോക്കറ്റുനിറയെ കക്കകളുമായി അവര്‍ തിരിച്ച് വീട്ടിലെത്തി. ആര്‍ക്കാണ് കൂടുതല്‍ കക്ക കിട്ടിയത് എന്നറിയാന്‍ അവർ കക്കകള്‍ ഇറയത്തേയ്ക്ക് ചൊരിഞ്ഞിട്ടു. അന്നവര്‍ നാലാളുടെയും സ്വപ്‌നത്തില്‍ കടല്‍ത്തണുപ്പും കടലുപ്പും കക്കകള്‍ കൊണ്ടുണ്ടാക്കിയ ഒരു ലൈറ്റ്ഹൗസും ഉണ്ടായിരുന്നിരിക്കണം.
-തുടരും
Read More:
- പ്രിയ എ എസ്സിന്റെ കുട്ടികളുടെ നോവൽ ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി മറ്റ് ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
- എസ് ആർ ലാലിൻ്റെ കുട്ടികളുടെ നോവൽ അമ്മുവിൻ്റെ സാഹസങ്ങൾ ഇവിടെ വായിക്കാം
- സുഭാഷ് ഒട്ടുംപുറത്തിൻ്റെ ഏകാന്ത നാവികൻ ഇവിടെ വായിക്കാം
- ജയകൃഷ്ണൻ്റെ കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.