/indian-express-malayalam/media/media_files/2024/12/02/priya-as-part-19-1.jpg)
ചിത്രീകരണം: വിഷ്ണു റാം
ieMalayalam കുട്ടികൾക്കായുള്ള വിഭാഗം തുടങ്ങിയത് 2018 നവംബര്‍ 14ന് പ്രിയ എ എസിൻ്റെ 'പെരുമഴയത്തെ കുഞ്ഞിതളുകൾ' എന്ന നോവലുമായാണ്. ആ കൃതിക്ക് പിന്നീട് ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഐ ഇ മലയാളം ബാലസാഹിത്യ വിഭാഗത്തിലെ നിരന്തര സാന്നിദ്ധ്യമായി തുടർന്ന പ്രിയ വിണ്ടും കുഞ്ഞുങ്ങൾക്കായി എത്തുകയാണ്, ഇത്തവണ തങ്കക്കുട്ടിയാണ് താരം. ആത്മകഥാപരം എന്നതിനുമപ്പുറം എഴുത്തുകാരിയിലേക്കുള്ള ഒരു കുഞ്ഞിൻ്റെ രൂപപ്പെടലിൻ്റെ സൂക്ഷ്മ അടരുകളാണ് ഇക്കഥ.
കന്യാകുമാരിയും കുറ്റക്ടീവും
മഞ്ചേരീന്ന് കുഞ്ഞമ്മയ്ക്ക് വൈക്കത്തേക്കും കൊച്ചച്ഛന് ചേര്‍ത്തലയ്ക്കും മാറ്റം കിട്ടിയപ്പോ അവർ കൊച്ചച്ഛന്റെ നാടായ വൈക്കത്ത് വീടുവച്ചു. അവർ ഗായത്രിവീടുവച്ച വൈക്കത്തെ ആ സ്ഥലത്തിന്റെ പേര് കേക്കണോ? തിരുവെങ്കിടമണി പുരം. അമ്പലത്തില്‍ മണിയടിക്കുന്നതുപോലില്ലേ അതു കേള്‍ക്കാന്‍?
ആ നാടിന് ടി വി പുരം എന്ന് ഒരു ചുരുക്കപ്പേരുമുണ്ട് കേട്ടോ. അതാ നാടിനെ വീട്ടില്‍ വിളിക്കുന്ന പേരാവും, തങ്കക്കുട്ടി വിചാരിച്ചു.
കൊച്ചച്ഛന്റെ പേര് വി രമേഷ് ചന്ദ്രന്‍, കോളേജിൽ മലയാളം പഠിപ്പിക്കുന്ന സാറാണ്. കൊച്ചച്ഛന്‍ എപ്പഴും ഏതെങ്കിലും തടിയന്‍ പുസ്തകവും നിവര്‍ത്തി വച്ചിരിക്കുന്ന, അധികം മിണ്ടാത്ത ആളാണ്.
തങ്കക്കുട്ടിയോ ദിപുവോ അടുത്തുകൂടെ പോകുമ്പോള്‍ പുസ്തകത്തില്‍ നിന്നു തലയുയര്‍ത്താതെ 'ഉം' എന്നൊരു ചോദ്യം വെറുതേ ചോദിക്കും കൊച്ചച്ഛന്‍. അതെന്താണാവോ ആ 'ഉം'ന്റെ അര്‍ത്ഥം? എന്നാലോചിച്ച് തങ്കക്കുട്ടി വേഗം അവിടുന്ന് സ്ഥലം വിടും.
ആ ഗായത്രി വീട്ടില്‍ കൊച്ചച്ഛന് സ്വന്തമായി ഒരു ലൈബ്രറിയുണ്ട്. ലൈബ്രറി എന്നു വച്ചാല്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന ഇടം. അമ്മയുടെയും അച്ഛന്റെയും സ്കൂളുകളില്‍ ലൈബ്രറിയുണ്ട്, സ്‌കൂളുകളിലല്ലാതെ വീടുകളിലും ലൈബ്രറിയാകാമെന്ന് തങ്കക്കുട്ടിക്ക് ആ ഗായത്രിവീട്ടിലെ ലൈബ്രറി കണ്ടപ്പോഴാണ് മനസ്സിലായത്.
എല്ലാ ബുക്കും ബ്രൗണ്‍ കവറില്‍ പൊതിഞ്ഞ് ഓരോന്നിനും മയിലിന്റെ നിറമുള്ള മഷിയില്‍ നമ്പറിട്ട്, അങ്ങനെയാണ് കൊച്ചച്ഛന്‍ സൂക്ഷിക്കുക. അവിടെച്ചെന്നാല്‍ ഏതു ബുക്കെടുക്കണം, വായിക്കണം എന്ന് അവള്‍ക്ക് സംശയമാവും.
അവിടെയില്ലാത്ത പുസ്തകങ്ങള്‍ ലോകത്തെങ്ങുമുണ്ടാവില്ല എന്നാണ് തങ്കക്കുട്ടിക്ക് തോന്നാറ്. ഒരു കാര്യം പറഞ്ഞില്ലല്ലോ? കുഞ്ഞമ്മയും കൊച്ചച്ഛനും മക്കളും ഇടയ്ക്കിടെ ഓരോരോ ദൂരദൂരസ്ഥലങ്ങളിലേയ്ക്ക് ടൂറുപോയി.
ഓരോ ഇടത്തുപോയി വരുമ്പോഴും ആ സ്ഥലത്തുനിന്ന് എന്തെങ്കിലും വാങ്ങിവന്നു അവര്‍, തങ്കക്കുട്ടിവീട്ടിലെ ഷോകെയ്‌സിലേക്കായി. ഊട്ടി, കൊടൈക്കനാല്‍, മൂന്നാര്‍, വയനാട്, മൈസൂര്‍ അങ്ങനെയങ്ങനെയൊക്കെയായിരുന്നു കുഞ്ഞമ്മയും കൂട്ടരും പോയ സ്ഥലങ്ങളുടെ പേര്.
അതില്‍ ചിലയിടത്തൊക്കെ ഭയങ്കര മഞ്ഞാണ്, അതില്‍ ചിലയിടത്തൊക്കെ വെള്ളച്ചാട്ടമുണ്ട്, അവിടൊക്കെ പോകുമ്പോ അവർ ഹോട്ടലിലാണ് താമസിക്കുക. അവരെടുത്ത ഫോട്ടോയൊക്കെ കാണുമ്പോള്‍ അവിടൊക്കെ പോകാന്‍ തങ്കക്കുട്ടിക്ക് മോഹം വന്നു. തങ്കക്കുട്ടിക്ക് എപ്പഴും വയ്യാതെ വരുന്നതു കൊണ്ട് എങ്ങനെ പോകാന്‍ എവിടെക്കെങ്കിലും?
തങ്കക്കുട്ടിക്ക് ഒരിക്കലും മനസ്സിലായില്ല ഹോട്ടലും ഹോസ്റ്റലും തമ്മിലുള്ള വ്യത്യാസം. ''അമ്മാവനും കുഞ്ഞമ്മയും കോളേജിലായിരുന്നപ്പോ ഹോസ്റ്റലിലായിരുന്നോ ഹോട്ടലിലായിരുന്നോ താമസിച്ചത്?'' തങ്കക്കുട്ടി അമ്മയോട് ചോദിക്കും.
"ഓ കുഞ്ഞേ! നിന്നോട് പറഞ്ഞു പറഞ്ഞ് ഞാന്‍ ഒരു പരുവമായി..." എന്നു ചിരിക്കും അപ്പോഴമ്മ.
''അച്ഛനുമമ്മയ്ക്കും സ്‌കൂളൊഴിവാകുമ്പോള്‍, തങ്കക്കുട്ടിക്ക് അസുഖമൊന്നും വരാത്ത ഒഴിവുകാലമാണതെങ്കില്‍ എവിടെയെങ്കിലും ടൂര്‍ പോകാം'' എന്ന് അമ്മ പറഞ്ഞു.
തങ്കക്കുട്ടി നല്ല ആരോഗ്യത്തോടെ ഇരുന്ന ഒരു ഓണമൊഴിവ് കാലത്ത് അവര്‍ കന്യാകുമാരിക്ക് പോകാമെന്ന്പ്ലാ നിട്ടെങ്കിലും പക്ഷേ അത് നടന്നില്ല. അതിനു പിന്നിലെ സംഭവമറിയണോ?
തങ്കക്കുട്ടിയും ദിപുക്കുട്ടനും ബാക്കിയെല്ലാവരും വടക്കേപ്പറമ്പില്‍ താമസിക്കുന്ന സമയമായിരുന്നു അത്. ദിപുവന്ന് കുഞ്ഞുട്രൈസിക്കിള്‍ ഓടിക്കുന്ന പ്രായമാണ്. അവനങ്ങനെ സൈക്കിളിലിരിക്കുന്നു. അവന് പെഡല്‍ ചവിട്ടാനുള്ള ശക്തിയാകാത്തതിനാല്‍ തങ്കക്കുട്ടി അവനിരിക്കുന്ന സൈക്കിളിനെ മുന്നോട്ടുന്തി അങ്ങോട്ടിങ്ങോട്ട് പായിക്കുന്നു.
അതിനിടെ മുകളിലെ ഷെല്‍ഫിലിരിക്കുന്ന പുസ്തകം തങ്കക്കുട്ടിയുടെ കണ്ണില്‍പ്പെട്ടു. അത് നല്ലൊരു കഥയാണെങ്കിലോ? ചുറ്റും പരതി നോക്കിയിട്ടൊന്നും കയറിനിന്നതെടുക്കാന്‍ പാകത്തില്‍ കസേരയോ സ്റ്റൂളോ ഒന്നും കാണാനില്ല.
ദിപുവിനെ എണീപ്പിച്ചു മാറ്റിനിര്‍ത്തിയിട്ട് അവള്‍ ട്രൈസിക്കിളില്‍ കയറി നിന്ന് പുസ്തകം എടുക്കാന്‍ കൈനീട്ടി. സൈക്കിളല്ലേ, അത് ചക്രത്തിലുരുണ്ട് മുന്നോട്ടുപോവില്ലേ?
തങ്കക്കുട്ടി അടിച്ചുതല്ലിതാഴെവീണു. കൈ മുട്ടും കാല്‍ മുട്ടും ചുണ്ടുമൊക്കെ പൊട്ടി ചോരയൊലിച്ചു. ദിപുവതുകണ്ട് കരച്ചിലായി. എല്ലാരുമോടിവന്നു.
"സൈക്കിൾ സ്റ്റൂളിനു പകരമാകുമെന്ന് വിചാരിക്കാന്‍ മാത്രം മണ്ടിയാണോ നീയ്?" എന്നു ചോദിച്ച് അമ്മ അവളെ വഴക്കും പറഞ്ഞു.
പൊട്ടിപ്പാളീസായ കൈയും കാലും ചുണ്ടും കാരണമാണ് തങ്കക്കുട്ടി ആശുപത്രിയിലായത് അത്തവണ. ആശുപത്രിയിലായ ആളേം കൂട്ടി ആരെങ്ങനെ ടൂറുപോകാനാണ്? എപ്പോ തങ്കക്കുട്ടി ആശുപത്രിയിലായാലും കുഞ്ഞമ്മയും കൊച്ചച്ഛനും അവളെ കാണാന്‍ വരും എന്ന് നമ്മള്‍ പറഞ്ഞായിരുന്നോ?
കുഞ്ഞമ്മയുടെ ഓമനസാരിയും അതിനു ചേരുന്ന കമ്മലും മോതിരവും നോക്കിനോക്കിയിരിക്കാനായി അവള്‍ കുഞ്ഞമ്മ വരുന്നത് കാത്തുകാത്തുകിടക്കും.
പേപ്പര്‍ പോലെ കനം കുറഞ്ഞ മൊരുമൊരാ ദോശയും ചട്‌നിയും കൊണ്ടുവന്നിട്ടുണ്ടാകും കുഞ്ഞമ്മ. അവള്‍ നേരാംവണ്ണം ആഹാരം കഴിയ്ക്കാത്തതിന് വഴക്കു പറഞ്ഞ് കുഞ്ഞമ്മ മൊരുമൊരാ ദോശ ചട്‌നിയില്‍ മുക്കി അവളുടെ വായില്‍വച്ചുകൊടുക്കും.
"കുഞ്ഞമ്മ വഴക്കുപറഞ്ഞാല്‍ തങ്കക്കുട്ടിക്ക് ഒരു പരാതിയുമില്ലല്ലോ?" എന്ന് നേഴ്‌സുമാര് ചോദിക്കും. അപ്പോ തങ്കക്കുട്ടി ഒരു പൂപ്പുഞ്ചിരി ചിരിക്കും. എന്നിട്ട് വിചാരിക്കും, ആരേക്കാളും തങ്കക്കുട്ടീടെ സ്വന്തമല്ലേ കുഞ്ഞമ്മ?
ആശുപത്രിയില്‍ കുഞ്ഞമ്മയ്‌ക്കൊപ്പം വന്നിരുന്നാലും കൊച്ചച്ഛന്‍ 'ഉം' എന്നൊരു ചോദ്യത്തിനപ്പുറം തങ്കക്കുട്ടിയോട് ഒന്നും മിണ്ടാറില്ല. പക്ഷേ അപ്പോ കൊച്ചച്ഛന്റെ കൈയിൽ തങ്കക്കുട്ടിയ്ക്കുള്ള കഥാപ്പുസ്തകങ്ങളുണ്ടാവും. 'കുട്ടികളുടെ രാമായണം', 'മിഠായിപ്പൊതി', 'ആയിരത്തൊന്നുരാവുകള്‍' അങ്ങനെയങ്ങനെ ഓരോന്ന്.
തുടര്‍ച്ചയായി ആയിരത്തൊന്നുരാത്രികളില്‍ വേറെവേറെ കഥകള്‍ പറയുക, എന്തത്ഭുതമാണത്. അത്രയേറെ കഥകളുണ്ടോ ഈ ലോകത്തില്‍? തങ്കക്കുട്ടി അത്ഭുതപ്പെട്ടു.
പിന്നെപ്പിന്നെ ബാലരമയിലെ കഥപോലെ ഓരോന്നെഴുതാനും തുടങ്ങി തങ്കക്കുട്ടി. പക്ഷേ എങ്ങനെയാണെന്നോ അവളുടെ കഥയെഴുത്ത്? രാമന്‍ തെങ്ങില്‍ നിന്നു വീണു എന്നൊരു കഥ വായിച്ചാല്‍ തങ്കക്കുട്ടി ചേര്‍ത്തലമുത്തച്ഛന്റെ പച്ചക്കടലാസ് എടുത്തു കഥയെഴുതുകയായി, കൃഷ്ണന്‍ മാവില്‍ നിന്നു വീണു.
പക്ഷേ അങ്ങനെ അനുകരിച്ചെഴുതിയാല്‍ കഥയാവില്ല എന്നും ആരും ഇതുവരെ എഴുതാത്തത് എഴുതണം, അതിലാണ് മിടുക്ക് എന്നും പറഞ്ഞു മുത്തച്ഛന്‍. മുഖം കൈയില്‍ത്താങ്ങി തങ്കക്കുട്ടി ആലോചന തുടങ്ങി. ആരും ഇതുവരെ എഴുതാത്ത കാര്യങ്ങളോ? അങ്ങനെയുമുണ്ടോ കാര്യങ്ങള്‍ ഈ ലോകത്ത്?
ഒരു ദിവസം മുത്തച്ഛന്‍ ഡ്രാക്കുളയുടെ കഥ പറഞ്ഞുകൊടുത്തു അവള്‍ക്ക്. പേടിച്ചുകിറുങ്ങിപ്പോയി അവളാക്കഥ കേട്ട്. ഭയങ്കരകുറ്റകൃത്യങ്ങളും ഇരുട്ടു നിറഞ്ഞ കോട്ടകളും, കടവാതിലുകള്‍ പറക്കുന്ന രാത്രികളും, ചോരകുടിക്കുന്ന പ്രേതങ്ങളുമൊക്കെയുണ്ടതില്‍.
ഡിറ്റക്ടീവുകള്‍ കുറ്റത്തിന് കാരണമായവരെ ഒടുക്കം കണ്ടുപിടിക്കും അത്തരം ഡിറ്റക്ടീവ് കഥകളില്‍. പക്ഷേ തങ്കക്കുട്ടി ഡിറ്റക്ടീവ് എന്നു പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ അത് കുറ്റക്ടീവ് എന്നായിപ്പോയി. അതു പറഞ്ഞുതീരുമ്പോ തങ്കക്കുട്ടിക്ക് തന്നെ ചിരിവന്നു. നിങ്ങള്‍ക്കും വരണില്ലേ അതു കേട്ട് ചിരി?
-തുടരും
Read More:
- പ്രിയ എ എസ്സിന്റെ കുട്ടികളുടെ നോവൽ ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി മറ്റ് ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
- എസ് ആർ ലാലിൻ്റെ കുട്ടികളുടെ നോവൽ അമ്മുവിൻ്റെ സാഹസങ്ങൾ ഇവിടെ വായിക്കാം
- സുഭാഷ് ഒട്ടുംപുറത്തിൻ്റെ ഏകാന്ത നാവികൻ ഇവിടെ വായിക്കാം
- ജയകൃഷ്ണൻ്റെ കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.