scorecardresearch

ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി: കുട്ടികളുടെ നോവൽ അധ്യായം മൂന്ന്

"അവൾ അവള്‍ക്കു തോന്നിയ പോലെ നടക്കട്ടെ, ചുറ്റിനുമുള്ളതു കണ്ടു പഠിക്കട്ടെ, എല്ലാത്തരക്കാരുടെയും കൂടെ കൂട്ടുകൂടാന്‍ പറ്റട്ടെ അവള്‍ക്ക്'' എന്നു പറയും മുത്തച്ഛന്‍. പ്രിയ എ എസ് എഴുതിയ 'ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി' എന്ന കുട്ടികളുടെ നോവൽ അധ്യായം മൂന്ന്

"അവൾ അവള്‍ക്കു തോന്നിയ പോലെ നടക്കട്ടെ, ചുറ്റിനുമുള്ളതു കണ്ടു പഠിക്കട്ടെ, എല്ലാത്തരക്കാരുടെയും കൂടെ കൂട്ടുകൂടാന്‍ പറ്റട്ടെ അവള്‍ക്ക്'' എന്നു പറയും മുത്തച്ഛന്‍. പ്രിയ എ എസ് എഴുതിയ 'ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി' എന്ന കുട്ടികളുടെ നോവൽ അധ്യായം മൂന്ന്

author-image
Priya A S
New Update
Priya as Novel

ചിത്രീകരണം: വിഷ്ണു റാം

ieMalayalam കുട്ടികൾക്കായുള്ള വിഭാഗം തുടങ്ങിയത്  2018 നവംബര്‍ 14ന് പ്രിയ എ എസിൻ്റെ 'പെരുമഴയത്തെ കുഞ്ഞിതളുകൾ' എന്ന നോവലുമായാണ്. ആ കൃതിക്ക് പിന്നീട്‌ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഐ ഇ മലയാളം ബാലസാഹിത്യ വിഭാഗത്തിലെ നിരന്തര സാന്നിദ്ധ്യമായി തുടർന്ന പ്രിയ വിണ്ടും കുഞ്ഞുങ്ങൾക്കായി എത്തുകയാണ്, ഇത്തവണ തങ്കക്കുട്ടിയാണ് താരം. ആത്മകഥാപരം എന്നതിനുമപ്പുറം എഴുത്തുകാരിയിലേക്കുള്ള ഒരു കുഞ്ഞിൻ്റെ രൂപപ്പെടലിൻ്റെ സൂക്ഷ്മ അടരുകളാണ് ഇക്കഥ.

Advertisment


 മീന്‍കണ്ണും മണ്ണിലെ ഓലവരകളും


തങ്കക്കുട്ടിക്കേറ്റവുമിഷ്ടമുള്ള കഥയേതാണെന്നറിയാമോ? അനുസരണയില്ലാത്ത ആട്ടിന്‍ കുട്ടിയുടെ കഥയാണത്. അക്കഥ അമ്മയാണവള്‍ക്ക് പറഞ്ഞു കൊടുത്തത്. വല്യ കണ്ണാണ് തങ്കക്കുട്ടിയമ്മയ്ക്ക്. അതേ പോലെ വല്യ കണ്ണാണ് തങ്കക്കുട്ടിയ്ക്കും. 

തങ്കക്കുട്ടിയമ്മയ്ക്ക് ഏറ്റവുമിഷ്ടം പുസ്തകവായനയാണ്. തങ്കക്കുട്ടിയ്ക്ക് അമ്മ എപ്പഴുമെപ്പോഴും ഓരോരോ കഥ പറഞ്ഞുകൊടുക്കും. കുളത്തിലൊരു മീന്‍  ഒഴുകി നടക്കുന്നതുപോലെ തോന്നും തങ്കക്കുട്ടിയ്ക്ക് കഥപറച്ചില്‍ നേരത്ത് അമ്മയുടെ കണ്ണു കണ്ടാല്‍. അങ്ങനെ തങ്കക്കുട്ടി അമ്മയോട് പറഞ്ഞപ്പോ അമ്മയുടെ മീന്‍കണ്ണ് പിന്നേം പിന്നേം തിളങ്ങി.

തങ്കക്കുട്ടി വരണോരേം പോണേരേം ഒക്കെ ഭംഗിയായി പറഞ്ഞുകേള്‍പ്പിച്ചു ആ ആട്ടിന്‍കുട്ടിക്കഥ. ''ഒരൊത്തൊരത്ത് ഒരാട്ടിന്‍ കുട്ടിയുണ്ടായിരുന്നു. അവനും അമ്മയും കൂടിയാണ് സാമസിച്ചിരുന്നത്. അവന്‍ ഭയങ്കര കുസുറി ആയിരുന്നു. അമ്മ അവനോട് എന്നും പറഞ്ഞു, മോനേ തുള്ളിച്ചാടി കാട്ടിലേക്കൊന്നും പോകരുതേ. അവിടെ ചെന്നായയുണ്ട്. ചെന്നായ നമ്മുടെ ശത്ത്‌റു ആണ്. അവന്‍ നമ്മളെ പിടിച്ചു തിന്നും. ആട്ടിന്‍കുട്ടി ചുമ്മാ തലയാട്ടി.

Advertisment

ഒരു ദിവസം രാത്തിറീല് നിലാവ് വന്നു. അവന്‍ നോക്കുമ്പോ കാട്ടിലെ മരങ്ങളെല്ലാം നിലാവത്ത് ഡാന്‍സ് ചെയ്യുന്നു. നല്ല ഭംഗി എന്ന് തോന്നി അവന്. കാട് അടുത്തു കാണണം, നിലാവത്ത് മരത്തിനെടേക്കൂടി നടക്കണം എന്നവന് കൊതിയായി. അവന്‍ അമ്മ പറഞ്ഞതെല്ലാം മറന്നു, എന്നിട്ട് കാട്ടിലേക്ക് കയറി. നിലാവ് മരങ്ങള്‍ക്കെടയിലൂടെ അവന്റെ മേത്ത് വീണു. അവന്‍ ഒരു നിലാവ് ആട്ടിന്‍കുട്ടിയായി. അവന്‍ സന്തോഷം കൊണ്ട് ഡാന്‍സ് ചെയ്തു നടന്നു അവിടൊക്കെക്കൂടി. കൊറച്ചുകഴിഞ്ഞപ്പോ അവന് ദാഹിച്ചു. അവനവിടെ കണ്ട കുളത്തിലിറങ്ങി മടുമടാന്ന് വെള്ളം കുടിച്ചു. അപ്പോഴുണ്ട് ദാ വരണു ഒരലര്‍ച്ച. ആരാണവിടെ എന്റെ കുളം കലക്കുന്നത്? അലറിയതാരാണെന്നോ? ആടമ്മ പറഞ്ഞ ആ ചെന്നായ. ആട്ടിന്‍ കുട്ടി വിറച്ചുപോയി. അവന്‍ കൈ കൂപ്പി പറഞ്ഞു, പൊന്നുതമ്പുരാനേ ക്ഷമിക്കണം. ഞാനിനി ഒരിയ്ക്കലും ഈ കുളത്തിനടുത്തേയ്ക്ക് വരികപോലും ചെയ്യില്ല. അതൊന്നും കേട്ടില്ല ആ ചെന്നായ. അവന്‍ ആട്ടിന്‍ കുട്ടിയുടെ മേത്തേയ്ക്ക്, ധിക്കാരീ എന്നു വിളിച്ച് ചാടിവീണു. പിന്നെ അവനെ കറുമുറുംന്ന് തിന്നു. ആട്ടിന്‍ കുട്ടിയുടെ അമ്മ പിറ്റേദിവസം അവനെ അന്വേഷിച്ച് അവിടൊക്കെ കരഞ്ഞു നടന്നു. ഇത്രേയുള്ളു അനുസരണയില്ലാത്ത ആട്ടിന്‍ കുട്ടിയുടെ കഥ.''

Priya as Novel

 അമ്മ അവളെക്കൊണ്ട് ആ കഥ പല തവണ പറയിപ്പിച്ചു. അവള്‍ ചെന്നായയുടെ ദേഷ്യമഭിനയിച്ച് ഉച്ചത്തില്‍ ധിക്കാരീ എന്നു വിളിച്ച് സങ്കല്പ ആട്ടിന്‍കുട്ടിയുടെ മേത്തേയ്ക്ക് ചാടി വീഴുന്നതു കാണാന്‍ അമ്മയ്ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. അവള്‍ ധിക്കാരീ എന്നലറിയപ്പോള്‍ ഒരു ദിവസം, ഭിത്തിയിലിരുന്ന പല്ലിയും വണ്ടും പേടിച്ചോടിപ്പോയി.

''നമ്മുടെ കുഞ്ഞ് അഭിനയക്കാരിയാവുമോ?'' എന്ന് അച്ഛന്‍ അമ്മയോട് ചോദിച്ചു.

 ''ഇല്ല, ഞാന്‍ കഥയെഴുതുന്ന ആളാ ആകാന്‍ പോകുന്നത്'' എന്നു പറഞ്ഞു തങ്കക്കുട്ടി.

''അതാ നല്ലത്. എന്‍ജിനീയറും ഡോക്റ്ററും ഒക്കെ ആകുന്നതിനേക്കാള്‍ നല്ലത് കഥയെഴുതുന്ന ആളാവണതാ. മുത്തച്ഛന്റെ തങ്കക്കുട്ടി, കഥയെഴുതുന്ന ആളായാല് മതി'' അങ്ങനെ പറഞ്ഞു മുത്തച്ഛന്‍. അവള്‍ തലകുലുക്കി എല്ലാം സമ്മതിച്ചു.

പകല് തങ്കക്കുട്ടിയെ കാണണമെങ്കില്‍ മുത്തച്ഛന്റെ മുറിയിലേക്കെത്തി നോക്കിയാല്‍ മതി. അവിടെത്തന്നെയാണ് അവളുടെ ഇരിപ്പും കിടപ്പും. കാരണമെന്താണെന്നോ? മുത്തച്ഛന്‍ കഥകളുടെ ഒരു കൂമ്പാരമാണ്. യക്ഷികളുടെ, രാജകുമാരന്മാരുടെ, മന്ത്രവാദിനികളുടെ, കുട്ടിച്ചാത്തന്മാരുടെ, മനുഷ്യരുടെ, ആനമയിലൊട്ടകത്തിന്റെ ഒക്കെ കഥയറിയാം മുത്തച്ഛന്. ശ്രീരാമന്റെയും സുഗ്രീവന്റെയും ഹനുമാന്റെയും സീതയുടെയും ഭീമന്റെയും അര്‍ജുനന്റെയും പാഞ്ചാലിയുടെയും ശ്രീകൃഷ്ണന്റെയും ദമയന്തിയുടെും നളന്റെയും കാളിദാസന്റെയും കഥയറിയാം മുത്തച്ഛന്. മുത്തച്ഛനറിയാത്ത കഥകളില്ല.

മുത്തച്ഛന്റെ മുറിയില്‍ ഒരു ദീവാനുണ്ട്. അതില്‍ ചാരിക്കിടന്ന്, മുത്തച്ഛന്‍ മുറിയില്‍ ഗ്‌ളാസ് ഭരണികളില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന ഉപ്പേരിയോ കല്‍ക്കണ്ടമോ എടുത്തു കൊറിച്ചു കൊണ്ട് തങ്കക്കുട്ടി കഥകേള്‍ക്കും.

ഉച്ചയ്ക്ക് കഥ പറയാമെന്നാണ് മുത്തച്ഛന്‍ പറയാറ്. പക്ഷേ കഥ പറയ് മുത്തച്ഛാ എന്ന ആവശ്യവുമായി മിക്കവാറും രാവിലെ തന്നെ തങ്കക്കുട്ടി കേറിപ്പറ്റും മുത്തച്ഛന്റെ മുറിയില്‍.

അമ്മ കുളിയ്ക്കാന്‍ വിളിക്കുമ്പോള്‍, അവള്‍ എന്തു മടിച്ചാണെന്നോ കുളിക്കാന്‍ പോവുക. മുത്തച്ഛന്‍ പറഞ്ഞു മുഴുവനാക്കിയിട്ടില്ലാത്ത കഥയിലെ രാജകുമാരി ശാപം കിട്ടി കല്ലായതിന്റെ ബാക്കി കേള്‍ക്കാനവള്‍ക്ക് തിടുക്കമാവും. എന്നിട്ട് ബാക്കി കഥ കേള്‍ക്കാന്‍ വേണ്ടി, എണ്ണ തേപ്പിക്കാനൊന്നും അമ്മയെ സമ്മതിയ്ക്കാതെ ''വേഗം കുളിപ്പിയ്ക്ക്, എനിക്കുള്ള കഥ കാത്തുനില്‍ക്കുകയാണ് മുത്തച്ഛന്റെ മുറിയില്‍'' എന്ന് ബഹളം കൂട്ടും . ഇതെന്തൊരു കഥക്കുട്ടി എന്നമ്മ അപ്പോള്‍ അവളെ കളിയാക്കും.

തങ്കക്കുട്ടി അവള്‍ പരിചയപ്പെടുന്നവരോടെല്ലാം, ഒരു കഥ പറഞ്ഞു തരാമോ? എന്ന് കെഞ്ചുന്ന തരം കുട്ടിയാണ് കേട്ടോ.

വീടിനകത്തുള്ള ആളുകളോടു മാത്രമല്ല, കാണുന്നവരോടൊക്കെ കഥ ചോദിക്കും അവള്‍. വേലി കെട്ടുകാരന്‍ രാമന്നായരോടും ഓല മെടയാന്‍ വരുന്ന കല്യാണിയമ്മയോടും പറമ്പു വൃത്തിയാക്കാന്‍ വരുന്ന തേവനോടും തെങ്ങുകയറാന്‍ വരുന്ന കരുണനോടും ഒക്കെ അവള്‍ കഥ ചോദിക്കും. അവര്‍ക്കുണ്ടോ മുത്തച്ഛനെപ്പോലെ കഥ പറയാന്‍ പറ്റുന്നു? എന്നാലും അവർ എന്തെങ്കിലും കഥ പറഞ്ഞൊപ്പിക്കും.

Priya AS Novel

''പറമ്പു പണിക്കാരു വന്നാപ്പിന്നെ എപ്പഴും ഈ തങ്കക്കുട്ടി അവരുടെ കൂടെയാണല്ലോ. ഇവളെ ഒന്നു തിരിച്ചു വീട്ടിനകത്തു കയറ്റാന്‍ എന്താ വഴി?'' എന്നു ചോദിക്കും കമലുവമ്മ.

''അവൾ അവള്‍ക്കു തോന്നിയ പോലെ നടക്കട്ടെ, ചുറ്റിനുമുള്ളതു കണ്ടു പഠിക്കട്ടെ, എല്ലാത്തരക്കാരുടെയും കൂടെ കൂട്ടുകൂടാന്‍ പറ്റട്ടെ അവള്‍ക്ക്'' എന്നു പറയും മുത്തച്ഛന്‍.

''തോന്നിയവാസവും ചുറ്റുമുള്ളത് ശ്രദ്ധിക്കലും പല തരക്കാരുമായിട്ട് ചേര്‍ന്നു നടക്കലുമില്ലാതെ എന്റെ തങ്കക്കുട്ടി എങ്ങനെയാ അവള് മോഹിക്കണതു പോലെ എഴുത്താളാവുക?''  എന്നു ചോദിച്ചു മുത്തച്ഛന്‍. ഓല മെടയും മുമ്പ് അത് ചീയിക്കാനായി കുളത്തിലെ വെള്ളത്തില്‍ കല്യാണിയമ്മ മുക്കിയിടുന്നതും അതു പിന്നെ മെടയാനായി മാവിന്‍ ചുവട്ടിലേയ്ക്കു വലിച്ചു കൊണ്ടുപോകുമ്പോള്‍ മുറ്റത്തെ വെള്ള മണ്ണില്‍ ഉണ്ടായ നല്ല രസമുള്ള ഓലവരകളിലേക്കു നോക്കിനില്‍ക്കുന്നതും ഹരമായ തങ്കക്കുട്ടി അക്കാഴ്ചയിലൊക്കെ രസിച്ചുനിന്നതു കൊണ്ട് മുത്തച്ഛന്‍ പറഞ്ഞതൊന്നും  കേട്ടില്ല.

''മണ്ണിലെ ഓലവരകള്‍ കണ്ടോ മുത്തച്ഛാ?'' അവള്‍ ചോദിച്ചു.

''മണ്ണിലെ ഓലവരകള്‍, എന്തൊരു രസികന്‍ പ്രയോഗം'' എന്നവളെ കെട്ടിപ്പിടിച്ചു മുത്തച്ഛന്‍.

''അതൊരു കഥയ്ക്ക് പേരിടാനെടുക്കാം തങ്കക്കുട്ടി വലുതാകുമ്പോള്‍'' എന്നു പറഞ്ഞു മുത്തച്ഛന്‍.

''തങ്കക്കുട്ടി, തങ്കക്കുട്ടി എന്ന പേരിലാണോ കഥയെഴുതുക?'' എന്നു ചോദിച്ചു മുത്തച്ഛന്‍.

''അല്ല, കൊട്ടാരത്തില്‍ ശങ്കുണ്ണി എന്ന പേരിലാ കഥയെഴുതുക'' എന്നു പറഞ്ഞു തങ്കക്കുട്ടി.

''അത് നമ്മള് കഥ പറയാന്‍ നേരമെടുക്കണ ഐതിഹ്യമാല എഴുതിയ ആളല്ലേ? ആ ആളടെ പേര് തങ്കക്കുട്ടിക്കെന്തിനാ?'' എന്നു ചിരിച്ചു ചോദിച്ചു മുത്തച്ഛന്‍.

''എന്നാ പ്രിയാക്ഷി മണി മണി എന്ന പേരു മതി'' എന്നു പറഞ്ഞു തങ്കക്കുട്ടി.

അത് കുഞ്ഞമ്മ, തങ്കക്കുട്ടിയെ വിളിക്കണ പേരാണ്. അതു കേട്ട് ഹോ...ഹോ എന്ന് മുത്തച്ഛനൊരുപാടുനേരം ചിരിച്ചു. എന്തിനാവും മുത്തച്ഛന്‍ ചിരിച്ചത്? ആവോ, തങ്കക്കുട്ടിക്കറിയില്ല കേട്ടോ.

- തുടരും

Read More: 

Children Priya As Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: