/indian-express-malayalam/media/media_files/2024/11/14/priya-as-part-2-1.jpg)
ചിത്രീകരണം: വിഷ്ണു റാം
ieMalayalam കുട്ടികൾക്കായുള്ള വിഭാഗം തുടങ്ങിയത് 2018 നവംബര്‍ 14ന് പ്രിയ എ എസിൻ്റെ 'പെരുമഴയത്തെ കുഞ്ഞിതളുകൾ' എന്ന നോവലുമായാണ്. ആ കൃതിക്ക് പിന്നീട് ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഐ ഇ മലയാളം ബാലസാഹിത്യ വിഭാഗത്തിലെ നിരന്തര സാന്നിദ്ധ്യമായി തുടർന്ന പ്രിയ വിണ്ടും കുഞ്ഞുങ്ങൾക്കായി എത്തുകയാണ്, ഇത്തവണ തങ്കക്കുട്ടിയാണ് താരം. ആത്മകഥാപരം എന്നതിനുമപ്പുറം എഴുത്തുകാരിയിലേക്കുള്ള ഒരു കുഞ്ഞിൻ്റെ രൂപപ്പെടലിൻ്റെ സൂക്ഷ്മ അടരുകളാണ് ഇക്കഥ.
ഒറ്റക്കാലില്‍ ഒരു അസരസിക കഥാകാരി
തങ്കക്കുട്ടി മുന്‍വശത്തെ ഹാളിന്റെ വാതില്‍പ്പടിമേല്‍ ഒറ്റക്കാലില്‍ നിന്ന് കിഴക്കുപുറത്തെ ലോകം നോക്കി.
''ആഹാ, പിന്നേം ഒറ്റക്കാലില്‍ നില്‍പ്പായല്ലോ. ഇങ്ങനെ നില്‍ക്കാന്‍ നിന്നെ ആരാ പഠിപ്പിച്ചത്? എപ്പോ നോക്കിയാലും ഒറ്റക്കാലില്‍ ഒരു നില്‍പ്പ്'' എന്നെല്ലാം പറഞ്ഞു കമലുവമ്മൂമ്മ.
മാവിലേയ്ക്ക് ചുറ്റിപ്പടര്‍ന്ന മുല്ലവള്ളിയിലിരിപ്പായ വികൃതിക്കുസൃതി അണ്ണാന്‍കുട്ടനെ നോക്കിനില്‍പ്പായിരുന്നു തങ്കക്കുട്ടി. ചുറ്റുപാടിലെ കാഴ്ചയിലുള്ള ശ്രദ്ധ കൂടുമ്പോ തങ്കക്കുട്ടിയുടെ നില്‍പ്പ് ഒറ്റക്കാലിലാവുക പതിവാണ് .
അതിനിടെ കമലുവമ്മൂമ്മ, അവള്‍ കുഞ്ഞായിരുന്നപ്പോഴത്തെ ഒരു കുഞ്ഞിക്കാര്യം പറഞ്ഞു. ''മോള് ചെറുതായിരുന്നല്ലോ പണ്ട്, മലര്‍ന്നു കിടക്കാന്‍ മാത്രമറിയുന്ന ഒരു വാവക്കുട്ടി. അങ്ങനെ മലര്‍ന്നു കിടന്ന് രണ്ടു കുഞ്ഞിക്കാലും പൊക്കി കാല്‍വിരല് മുഖത്തോളം കൊണ്ടുപോവും, എന്നിട്ട് വിരല് കുടിച്ച് ഒരു തങ്കക്കുട്ടിക്കിടപ്പുണ്ട്. അതു കാണുമ്പോ നമ്മടെ മുത്തച്ഛന് ഭയങ്കര സംശയമാവും, കമലൂ ഈ കുഞ്ഞെന്താ കാല് നിലം തൊടീക്കാത്തത്? എപ്പോ നോക്കിയാലും കാല് ഉയര്‍ത്തിപ്പിടിച്ചാണല്ലോ കൊച്ച് കിടക്കണത്. കാലിന് വല്ല കുഴപ്പവും കാണുമായിരിക്കുമോ? നടക്കേണ്ട പ്രായത്തില് കൊച്ച് നടക്കാതെങ്ങാനും വരുമോ?
മുത്തച്ഛന്റെ പേടി കാണുമ്പോ തങ്കക്കുട്ടിയുടെ അച്ഛനും അമ്മയും ഒന്ന് പേടിക്കും. സമയത്ത് നടക്കില്ലേ കൊച്ച്? കാല്‍വിരല്‍ കുടിയ്ക്കുന്ന കള്ളക്കൃഷ്ണന്റെ പടം ഓര്‍മ്മയില്ലേ? കൊച്ചുങ്ങളായാല് അങ്ങനെയൊക്കെയാ എന്ന് ചിരിച്ചോണ്ട് കമലുവമ്മൂമ്മ പറയുന്നത് കേള്‍ക്കുമ്പോഴാ എല്ലാവര്‍ക്കും ഒരു സമാധാനമാവുക'' തങ്കക്കുട്ടിയുടെ കൊച്ചുന്നാളില്‍ മുത്തച്ഛനങ്ങനെ ഓരോന്നാലോചിച്ച് പേടിച്ച കഥ പറഞ്ഞു നിര്‍ത്തി കമലുവമ്മൂമ്മ തങ്കക്കുട്ടിയെ നോക്കിച്ചോദിച്ചു ''അണ്ണാന്‍കുട്ടനെ കണ്ടുതീര്‍ന്നില്ലേ ഇതുവരെ? അമ്മൂമ്മ ഇതുവരെ പറഞ്ഞത് വല്ലതും കേട്ടായിരുന്നോ തങ്കമോളേ നീയ്?''
കേട്ടു കേട്ടു എന്ന് തലകുലുക്കി അണ്ണാന്‍കുട്ടന്റെ തുള്ളിച്ചാടിക്കളികളില്‍ നിന്ന് കണ്ണെടുക്കാതെ അവള്‍ പറഞ്ഞു, ''എനിയ്ക്ക് കമലുവമ്മൂമ്മ എന്നു പറയാനറിയാന്‍ പാടില്ലാതിരുന്നതും കൂടി പറയ്.''
അമ്മൂമ്മ പറഞ്ഞു തുടങ്ങി ''കമലൂ എന്ന് മുത്തച്ഛന്‍ വിളിയ്ക്കുന്നതു കേട്ടു കേട്ടാണ് തങ്കക്കുട്ടി അമ്മൂമ്മയുടെ പേര് പഠിച്ചത്. പക്ഷേ അതു പറയാന്‍ നോക്കി വന്നപ്പോ അമ്മല എന്നായി. മോളേം കൂട്ടി അച്ഛനും അമ്മയും അച്ഛന്റെ വീട്ടില് പോവുമ്പോ രാത്രിനേരത്ത് തങ്കക്കുട്ടി ചിണുങ്ങും, എനിയ്‌ക്കെന്റെ അമ്മ അമ്മലയെ കാണണേ. ഇതല്ലേ അമ്മ? എന്ന് തങ്കക്കുട്ടിയുടെ അമ്മയെ തൊട്ട് അച്ഛന്‍ ചോദിക്കുമ്പോ. ഏയ് അല്ല, അമ്മലയാണെന്റെ അമ്മ എന്ന് ഉറപ്പിച്ച് പറയും അപ്പോള്‍ നീയ്. അതു കേട്ട് എല്ലാവരും ചിരിക്കും. എല്ലാവരും ചിരിയ്ക്കുമ്പോ തങ്കക്കുട്ടീം ചിരിയ്ക്കും, പിന്നെ കിടന്നുറങ്ങും.''
അമ്മൂമ്മ അമ്മലക്കഥ പറഞ്ഞതു കേട്ടു രസിച്ചു നില്‍ക്കുമ്പോഴും മുറ്റത്തെ അണ്ണാന്‍കുട്ടന്റെ ഇരിക്കപ്പൊറുതിയില്ലായ്മ കണ്ടു മയങ്ങിയായിരുന്നു തങ്കക്കുട്ടിയുടെ ഒറ്റക്കാല്‍നിൽപ്പ്. മയങ്ങിനില്‍പ്പിന്റെ നേരം നീളുന്തോറും, നിലത്തു കുത്തിയിരിക്കുന്ന ഒറ്റക്കാലിന് ബലം കൊടുക്കുന്നതിലെ തങ്കക്കുട്ടിയുടെ ശ്രദ്ധ അയയും. ഒടുവില്‍ അവള്‍ പൊത്തോന്ന് താഴെ വീഴും.
/indian-express-malayalam/media/media_files/2024/11/14/priya-as-part-2-2.jpg)
ആ വീഴ്ച കണ്ട് അമ്മൂമ്മ വഴക്കു പറയും, ''എപ്പഴും പറയാറില്ലേ ഒറ്റക്കാലില്‍ നില്‍ക്കരുത്, വീഴും വീഴും എന്ന്, നമുക്ക് രണ്ടു കാലുള്ളതെന്തിനാ? ഭൂമിയിലുറച്ച് നില്‍ക്കാനല്ലേ? രണ്ടു കാലില്ലേ? അപ്പോപ്പിന്നെ എല്ലാ ഭാരവും കൂടി ഒറ്റക്കാലിന് കൊടുക്കുന്നതെന്തിനാ?'' അങ്ങനെ പറഞ്ഞും ചോദിച്ചും അമ്മൂമ്മ തങ്കക്കുട്ടിയെ രണ്ടുകാലില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തും.
അപ്പോ ആ വഴിയെങ്ങാന്‍ കടന്നു പോയാല്‍ മുത്തച്ഛന്‍ ചിരിച്ചോണ്ട് തങ്കക്കുട്ടിയുടെ തലമുടിയില്‍ തഴുകും. കാഴ്ച കണ്ട് മയങ്ങിനില്‍ക്കണ കുട്ടികളൊക്കെ നിസ്സാരക്കാരല്ല. അവര് നമ്മളെപ്പോലെ സാധാരണ ആളുകളല്ല. ചെലപ്പോ മാനവും മുറ്റവും തെങ്ങോലയാട്ടവും മുല്ലപ്പൂവുതിരലും ഒക്കെ മനസ്സിലൊരിടത്ത് സൂക്ഷിച്ചു സൂക്ഷിച്ചു വച്ച് അതൊക്കെ പിന്നെ എപ്പോഴെങ്കിലും കഥയിലൊക്കെ ചേര്‍ക്കുന്ന കഥയെഴുത്തുകാരിയാവില്ല തങ്കക്കുട്ടി എന്നാരു കണ്ടു?
അമ്മൂമ്മ അവളുടെ താടിയ്ക്കു പിടിച്ച് ചോദിച്ചു ''നമ്മടെ ആലപ്പുഴക്കാരന്‍ തകഴിയപ്പൂപ്പനെപ്പോലെ നീയും കഥയെഴുതുമോ? അതോ നമ്മടെ ചേര്‍ത്തലക്കാരന്‍ വയലാറിനെപ്പോലെ കവിതയെഴുതുമോ?''
തങ്കക്കുട്ടിയ്ക്കുണ്ടോ വയലാറും തകഴിയും എന്നൊക്കെയുള്ള അറിവ്. അവള്‍ ഒന്നും മിണ്ടാതെ മുറ്റത്തെ മുല്ലപ്പൂ പെറുക്കാന്‍ പോയി. അമ്മൂമ്മ അവള്‍ക്ക് വാഴയില കൊണ്ട് പൂ പെറുക്കാന്‍ കുമ്പിൾ ഉണ്ടാക്കിക്കൊടുത്തു. മുറ്റത്ത് ചിതറിക്കിടക്കുന്ന പൂ മുഴുവന്‍ പെറുക്കിക്കഴിഞ്ഞ് അവൾ മുല്ല പിടിച്ച് കുലുക്കി ഉതിരാറായ ബാക്കി പൂ കൂടി നിലത്തേക്ക് വീഴ്ത്തി. അതും കൂടി പെറുക്കിയിട്ടപ്പോ അവളുടെ പൂക്കുമ്പിള്‍ നിറഞ്ഞു.
അമ്മ ചോദിച്ചു ''ഓലനാരു തരട്ടെ പൂ കോര്‍ക്കാന്‍?''
അവള്‍ തലയാട്ടി, തെങ്ങുകയറ്റത്തിന്റെ ബാക്കിയായി മുറ്റത്തു കിടന്ന പച്ച തെങ്ങോലയില്‍ നിന്ന് അമ്മൂമ്മ നാരു കീറിക്കൊടുത്തു. ഇറയത്ത് കയറി തൂണും ചാരി പച്ചനാരും പിടിച്ച് മുല്ലപ്പൂമാല കോര്‍ക്കാനിരിയ്ക്കുന്ന തങ്കക്കുട്ടിയെ കണ്ടു കൊണ്ട് അമ്മ മുറ്റത്തുണക്കാനിട്ട തുണികള്‍ മടക്കിയെടുക്കാന്‍ പോയി. അമ്മ തുണി അടുക്കിപ്പെറുക്കി തിരിഞ്ഞപ്പോള്‍ കണ്ടതോ, തങ്കക്കുട്ടിയും അപ്പുറത്തെ വീട്ടിലെ മിനിക്കുട്ടിയും കൂടി മുറ്റത്തിറങ്ങിയിരുന്ന് വലിയൊരു കല്ലിന്മേല്‍ മുല്ലപ്പൂവച്ച് ചെറിയൊരു കല്ലുകൊണ്ട് ചമ്മന്തി അരയ്ക്കുന്നു.
''മുല്ലപ്പൂ അരച്ച് ചമ്മന്തിയാക്കുന്നോ തങ്കക്കൂട്ടീ നീയ്, ആരെങ്കിലും പൂ ചതച്ച് കളിക്കുമോ? ഇതെന്തൊരു കൊച്ച്?'' എന്ന് തലയില്‍ കൈ വച്ചു അമ്മ.
അതു കേട്ടതും തങ്കക്കുട്ടിയുടെ അമ്മ തന്നേം വഴക്കുപറയുമോന്ന് പേടിച്ചായിരിക്കണം മിനിക്കുട്ടി അവളുടെ വീട്ടിലേയ്ക്ക് ഓടിപ്പോയി. പത്രം വായിച്ചിരിയ്ക്കുന്ന മുത്തച്ഛനോട് അമ്മ വിളിച്ചു പറഞ്ഞു ''ദേ അച്ഛന്റെ ഒറ്റക്കാലില്‍ കഥാകാരി മുല്ലപ്പൂച്ചമ്മന്തി അരച്ചു കൂട്ടുന്നു.''
/indian-express-malayalam/media/media_files/2024/11/14/priya-as-part-2-3.jpg)
''കുട്ടിയായിരിക്കുമ്പോഴല്ലേ അതൊക്കെ പറ്റൂ'' എന്നു ചിരിച്ചു മുത്തച്ഛന്‍.
അമ്മ, കുഞ്ഞമ്മയ്ക്ക് അന്നു രാത്രി കത്തെഴുതി ഒരു അരസികത്തങ്കക്കുട്ടിയായി വരുന്നുണ്ട് നമ്മടെ തങ്കക്കുട്ടി. ഇന്നവള്‍ ചെയതതെന്താണെന്നു കേള്‍ക്കണോ? മുല്ലപ്പൂച്ചമ്മന്തി ഉണ്ടാക്കി. എന്നിട്ട് അമ്മ ആ കത്ത് അവളെ വായിച്ചു കേള്‍പ്പിച്ചു. തങ്കുട്ടിയ്ക്ക് നല്ലോണം ഇഷ്ടമായി അരസികത്തങ്കക്കുട്ടി എന്ന വാക്ക്. അവളത് പറഞ്ഞു പഠിച്ച് കൊണ്ടേയിരുന്നു. അവളോരോ പ്രാവശ്യം പറയുമ്പോഴും അത് തെറ്റിക്കൊണ്ടുമിരുന്നു.
''അകസരിക തങ്കക്കുട്ടി''
''അസരിക തങ്കക്കുട്ടി''
''അരസരിക തങ്കക്കുട്ടി''
അതെല്ലാം കേട്ട് ചിരിയ്ക്കാതിരിയ്ക്കുന്നതെങ്ങനെ അമ്മ?
-തുടരും
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us