scorecardresearch

ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി: കുട്ടികളുടെ നോവൽ ആദ്യ ഭാഗം

"ആ കടയില്‍ താനും ഇരിപ്പുണ്ടായിരുന്നു ആ വെള്ളം ചീറ്റിക്കലില്‍ തന്റെ ഉടുപ്പും നനഞ്ഞു, ഉടുപ്പു വേറെ മാറി ഇടണം എന്നു പറഞ്ഞു തങ്കക്കുട്ടി." പ്രിയ എ എസ് എഴുതിയ കുട്ടികളുടെ നോവൽ 'ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി' ആരംഭിക്കുന്നു.

"ആ കടയില്‍ താനും ഇരിപ്പുണ്ടായിരുന്നു ആ വെള്ളം ചീറ്റിക്കലില്‍ തന്റെ ഉടുപ്പും നനഞ്ഞു, ഉടുപ്പു വേറെ മാറി ഇടണം എന്നു പറഞ്ഞു തങ്കക്കുട്ടി." പ്രിയ എ എസ് എഴുതിയ കുട്ടികളുടെ നോവൽ 'ഒരു ഭൂമി, ഒരു വീട്, ഒരു തങ്കക്കുട്ടി' ആരംഭിക്കുന്നു.

author-image
Priya A S
അപ്‌ഡേറ്റ് ചെയ്‌തു
New Update
Priya as Novel

ചിത്രീകരണം: വിഷ്ണു റാം


ieMalayalam കുട്ടികൾക്കായുള്ള വിഭാഗം തുടങ്ങിയത്  2018 നവംബര്‍ 14ന് പ്രിയ എ എസിൻ്റെ 'പെരുമഴയത്തെ കുഞ്ഞിതളുകൾ' എന്ന നോവലുമായാണ്. ആ കൃതിക്ക് പിന്നീട്‌ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഐ ഇ മലയാളം ബാലസാഹിത്യ വിഭാഗത്തിലെ നിരന്തര സാന്നിദ്ധ്യമായി തുടർന്ന പ്രിയ വിണ്ടും കുഞ്ഞുങ്ങൾക്കായി എത്തുകയാണ്, ഇത്തവണ തങ്കക്കുട്ടിയാണ് താരം. ആത്മകഥാപരം എന്നതിനുമപ്പുറം എഴുത്തുകാരിയിലേക്കുള്ള ഒരു കുഞ്ഞിൻ്റെ രൂപപ്പെടലിൻ്റെ സൂക്ഷ്മ അടരുകളാണ് ഇക്കഥ.

Advertisment

ചീരപ്പാടത്തില്‍ ഒരു  വായാടിത്തങ്കക്കുട്ടി

തങ്കക്കുട്ടിയെ കാണാനില്ല.

എല്ലാവരും പരിഭ്രാന്തരായി.

വീടു മുഴുവന്‍ നോക്കി. പറമ്പു മുഴുവന്‍ നോക്കി.

അയല്‍വക്കത്തെ വീടുകളിലേക്ക് അമ്മയും അച്ഛനും കമലുവമ്മൂമ്മയും മുത്തച്ഛനും  ഓടിച്ചെന്ന് തിരക്കി.

ഞങ്ങടെ തങ്കക്കുട്ടിയെ കണ്ടോ നിങ്ങളാരെങ്കിലും? ഇങ്ങോട്ടെങ്ങാനും വന്നോ അവള്‍?  

ഇല്ലല്ലോ എന്നു പറഞ്ഞു അവരെല്ലാവരും.

പിന്നെ അവരും കൂടി ചേര്‍ന്ന് സകലയിടത്തും നോക്കാന്‍ തുടങ്ങി തങ്കക്കുട്ടിയെ.

Advertisment

പപ്പടം വില്‍ക്കുന്നയാളുടെ കൈയില്‍ നിന്നും പപ്പടം വാങ്ങി അമ്മ അകത്തേയ്ക്കും പപ്പടയാള്‍ ഗേറ്റു കടന്നു പുറത്തേയ്ക്കും പോകുമ്പോള്‍, തങ്കക്കുട്ടി മുറ്റത്തെ മാവിലെ ഊഞ്ഞാലിലിരുന്നാടുന്നുണ്ടായിരുന്നു.

പപ്പടം ഉണ്ടാക്കണതെന്നെ കൂടി പഠിപ്പിക്കുമോ പപ്പട അപ്പൂപ്പാ, എനിക്കും പപ്പടക്കാരിയാവാനാ എന്നൊക്കെ അവള്‍ കൊഞ്ചുകയും  മോള്‍ പപ്പടക്കാരിയൊന്നുമാവണ്ട, സ്‌കൂളില്‍ പോയി പഠിച്ച് വല്യ ജോലിക്കാരിയാവണം മോള്‍, അങ്ങനെ മോളെ കാണാനാ പപ്പട അപ്പൂപ്പനിഷ്ടം എന്നു പപ്പടക്കാരന്‍ പറയുകയും അമ്മ അതെല്ലാം കേട്ടു അവളെ തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ടകത്തേയ്ക്കു പോവുകയും ചെയ്തതാണ്.

പപ്പടം ഉറുമ്പു കയറാതെ പാത്രത്തിലിട്ടടച്ചു വച്ചശേഷം അമ്മ തിരികെ വരുമ്പോള്‍ തങ്കക്കുട്ടിയെ കാണാനില്ല.

വല്ല പിള്ളേരെ തട്ടിക്കൊണ്ടുപോകലുകാരും വന്നു കാണുമോ, അവര് വല്ലതും തിന്നാന്‍ കൊടുത്തു മയക്കി തങ്കക്കുട്ടിയെ ഭാണ്ഡത്തിലാക്കി കൊണ്ടുപോയിക്കാണുമോ? വീട്ടുകാരും ചുറ്റുവട്ടക്കാരും പേടിച്ചങ്ങനെ അരണ്ടു നില്‍ക്കുമ്പോഴാണ്, അമ്മയ്ക്ക് തോന്നിയത് എവിടുന്നോ തങ്കക്കുട്ടിയുടെ കിങ്ങിണി ചിരിയൊച്ച കേള്‍ക്കുന്നപോലുണ്ടല്ലോ.

എല്ലാവരും ചെവി കൂര്‍പ്പിച്ചു. അങ്ങു ദൂരെ ഇടവഴിയുടെ അറ്റത്തുനിന്നല്ലേ അവളുടെ ചിരിമണിയൊച്ച കേള്‍ക്കുന്നത്?

എല്ലാവരും വീടിനു മുന്നിലെ ഇടവഴിയിലേയ്ക്ക് ഓടിക്കയറി നോക്കിനില്‍പ്പായി. കൈ കണ്ണിനു മുകളില്‍ പിടിച്ച് എന്താ ഇടവഴിയുടെ അറ്റത്തെ കാഴ്ച? എവിടുന്നാണ് തങ്കക്കുട്ടിയുടെ ശബ്ദം വരുന്നത് എന്ന് എല്ലാവരും സൂക്ഷ്മമായി നോക്കി.

അല്ലാ, നമ്മുടെ ദേവകിയമ്മൂമ്മയുടെ ഒക്കത്തിരിപ്പല്ലേ തങ്കക്കുട്ടി. ആനയുടെയും തുന്നൽക്കാരന്റെയും കഥ ദേവകിയമ്മയെക്കൊണ്ടു പറയിച്ച് രസിച്ചിരിക്കുകയാണ് തങ്കക്കുട്ടി.

Priya as Novel

തങ്കക്കുട്ടിയെ കൈയില്‍ വാങ്ങി, ''ഇവളെങ്ങനെയാ ദേവകിയമ്മയുടെ കൈയിലെത്തിയത്? ഞങ്ങളോടാരോടും പറയാതെ നിങ്ങള്‍ രണ്ടു പേരും കൂടി എന്തു പോക്കാ പോയത്?'' അമ്മ ദേവകിയമ്മയോട് പരിഭവം പറഞ്ഞു.

പടിഞ്ഞാറ് ചീരപ്പാടത്തേയ്ക്ക് അങ്ങനെയങ്ങനെ നടന്നു പോവുകയായിരുന്നു. കറി വയ്ക്കാന്‍ ചുവന്ന ചീര ഒരു കെട്ടു വാങ്ങണം, കൂട്ടത്തിൽ മുറുക്കാനുള്ള തളിര് വെറ്റില എവിടുന്നെങ്കിലും സംഘടിപ്പിക്കുകയും വേണം അതായിരുന്നു ഇടവഴിയിലൂടെ പടിഞ്ഞാറേയ്ക്ക് നടന്നു പോകുമ്പോള്‍ ദേവകിയമ്മയുടെ പ്ലാൻ.

അപ്പോഴാണ് ഊഞ്ഞാല്‍ക്കുട്ടി, തങ്കക്കുട്ടി ദേവകിയമ്മയെ കണ്ട് ഓടി വന്നതും ഓരോന്നു മിണ്ടാന്‍ തുടങ്ങിയതും ദേവകിയമ്മ കൂടുതലൊന്നുമാലോചിക്കാതെ അവളെ എടുത്തങ്ങു നടന്നു തുടങ്ങിയതും. ഇടവഴിയില്‍ നിന്നാല്‍ കാണാവുന്ന ദൂരത്താണല്ലോ ചീരപ്പാടം. അവിടെ വരെ കൊച്ചുമായി ഒന്നു പോയി വരാം, അതിനിപ്പോ ആരോട് അനുവാദം വാങ്ങിയ്ക്കാന്‍, ഇപ്പോ പോയി ഇപ്പോത്തന്നെ തിരിച്ചു വരുമല്ലോ എന്നായിരുന്നു ദേവകിയമ്മ വിചാരിച്ചത്.

''നല്ല പ്രായമുണ്ടല്ലോ ദേവകിയമ്മയ്ക്ക്, ആലോചനയൊക്കെ ഇത്തിരി കുറയും, സാരമില്ല, കുട്ടിയെ തിരിച്ചു കിട്ടിയല്ലോ, അവരെ വഴക്കൊന്നും പറയണ്ട.'' അങ്ങനെ പറഞ്ഞു മുത്തച്ഛന്‍. കൈയില്‍ ചുവന്ന ചീരക്കെട്ടും പിടിച്ച് തങ്കക്കുട്ടി, ദേവകിയമ്മയുടെ കൈയില്‍ നിന്ന് അമ്മയുടെ കൈയിലേയ്ക്ക് ചാടി.

അവളപ്പോഴും തുന്നൽക്കാരന്റെയും ആനയുടെയും കഥ മനസ്സില് കാണുകയായിരുന്നു. എന്നും പുഴക്കടവിലേയ്ക്ക് കുളിയ്ക്കാന്‍ ആനക്കാരന്‍ കൊണ്ടുപോകുന്ന ആന. തയ്യല്‍ക്കാരന്‍ ഒരു ദിവസം അവന് പഴം കൊടുത്തു. പിന്നെ എന്നും അതുവഴി  പോകുമ്പോഴെല്ലാം തുന്നൽക്കാരന്‍ പഴം കൊടുക്കണം എന്നായി അവന്റെ ആനവാശി . എന്നും പഴം വാങ്ങാന്‍ തുന്നക്കാരന്റെ കൈയിൽ കാശുണ്ടോ? ഇല്ലല്ലോ. സഹികെട്ട തുന്നൽക്കാരന്‍ ഒരു ദിവസം തയ്യല്‍ സൂചി കൊണ്ട് ആനത്തുമ്പിക്കൈയിലിട്ട് ഒരു കുത്ത്. വേദന കൊണ്ട് ആന നിന്നേടത്തു നിന്ന് തുള്ളിപ്പോയി. അവന് സങ്കടവും ദേഷ്യവും വന്നു. തിരികെ വരുമ്പോള്‍  പകരത്തിനു പകരമായി വെള്ളം തുമ്പിക്കൈയിലാക്കി കൊണ്ടു വന്ന് അവന്‍ തയ്യല്‍ക്കാരന്റെ കടയിലേക്ക് ചീറ്റിച്ചു.

Priya as Novel

ആ കടയില്‍ താനും ഇരിപ്പുണ്ടായിരുന്നു ആ വെള്ളം ചീറ്റിക്കലില്‍ തന്റെ ഉടുപ്പും നനഞ്ഞു, ഉടുപ്പു വേറെ മാറി ഇടണം എന്നു പറഞ്ഞു തങ്കക്കുട്ടി. അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു ''ഈ കൊച്ചിന്റെ ഒരു കാര്യം.''

അവളിട്ടിരുന്ന ഉടുപ്പുമാറ്റി മഞ്ഞയില്‍ നീല പൂമ്പാറ്റയുള്ള ഉടുപ്പിടീച്ചു അമ്മ. ഉടുപ്പു മാറി, തലമുടി ചീകി പൊട്ടും കുത്തി വന്ന തങ്കക്കുട്ടിയെ കണ്ട് ദേവകിയമ്മ ചിരിച്ചു. ''ആന നനച്ചപ്പോ നമ്മടെ രണ്ടാളുടേം ഉടുപ്പു നനഞ്ഞില്ലേ, എന്നിട്ട് ദേവകിയമ്മയ്ക്ക് മാറാന്‍ ഉടുപ്പൊന്നുമില്ലേ'' എന്നു ചോദിച്ചു ദേവകിയമ്മ.

അമ്മൂമ്മ അതു കേട്ടകത്തു പോയി അമ്മൂമ്മയുടെ ഇത്തിരി പഴയ മുണ്ടും നേര്യതും  എടുത്തു കൊടുത്തു ദേവകിയമ്മയ്ക്ക്.

ചീരപ്പാടത്തുനിന്നു കഥ കേള്‍ക്കലിനൊപ്പം തങ്കക്കുട്ടി ആട്ടിയാട്ടി  കൈയില്‍ പിടിച്ചു കൊണ്ടുവന്ന ചീരക്കെട്ട് കൈയില്‍ വാങ്ങി അതു നേരെ പാതിയായി പകുത്തു ദേവകിയമ്മ . ഒരു പങ്ക് തനിയ്ക്കും ഒരു പങ്ക് തങ്കക്കുട്ടിയുടെ വീട്ടിലേയ്ക്കും എന്ന് ദേവകിയമ്മൂമ്മ പറഞ്ഞു.

''ആരുടെയെങ്കിലുമൊക്കെ കൂടെ ചുമ്മാ പോകരുത്, വീട്ടില്‍ പറയണം, സമ്മതം വാങ്ങണം'' എന്നൊക്കെ തങ്കക്കുട്ടിയോട് അമ്മ പറഞ്ഞു. ''അമ്മ തങ്കക്കുട്ടിയെ കാണാതെ പേടിച്ച് മരിച്ചു പോകാറായാതായിരുന്നു'' എന്നും പറഞ്ഞു അമ്മ അവളോട് .

''എന്നിട്ട് അമ്മ മരിച്ചു പോയോ?'' എന്ന് പേടിച്ചരണ്ട്  ചോദിച്ചു അവള്‍. പിന്നെ അകത്തേയ്‌ക്കോടിപ്പോയി കളി സ്റ്റെതസ്‌ക്കോപ്പ് എടുത്തു കൊണ്ടുവന്നു അമ്മയുടെ നെഞ്ചത്തു വച്ച് നോക്കി, എന്നിട്ട് പറഞ്ഞു ''ഹാവൂ, അമ്മയ്ക്കിപ്പോഴും ജീവനുണ്ട്,.മരിച്ചിട്ടില്ല കേട്ടോ.''

അമ്മ അതു കേട്ടു ഉറക്കെയുറക്കെ ചിരിച്ചു. ചിരിയും വര്‍ത്തമാനവും ഒക്കെ ജീവന്റെ അടയാളങ്ങളാണ് എന്നു പറഞ്ഞു അമ്മ. അതു കേട്ടിട്ട് തങ്കക്കുട്ടിക്ക്  വല്ലതും മനസ്സിലായോ എന്തോ?

''ഇനി ഞാന്‍ വീട്ടിൽ പറയാതെ എവിടേം പോവില്ല കേട്ടോ'' എന്ന് തങ്കക്കുട്ടി അമ്മയെ ഉമ്മ വച്ചു കൊണ്ടു പറഞ്ഞു.

ദേവകിയമ്മ കാലു നീട്ടിയിരുന്ന് അമ്മൂമ്മയോട് ഓരോ വിശേഷം പറഞ്ഞു. അതിനിടയിൽ ദേവകിയമ്മ, കമലുവമ്മയോട് പറഞ്ഞു ''നമ്മടെ ആനന്ദം കൊച്ചിന്റെ കൊച്ചാണ് തങ്കക്കുട്ടി എന്നു പറഞ്ഞിട്ട് കാര്യമില്ല കേട്ടോ. ഇവള് വല്യ വായാടിയാ. ഇവള് ആനന്ദത്തെപ്പോലയേയല്ല. ചീരപ്പാടത്തെ എല്ലാരോടും എന്തു പ്രസംഗമായിരുന്നു ഇവളെന്നോ. ഒരാൾ ഒരു വിശേഷം ചോദിക്കും, ഇവൾ തിരിച്ച് പത്തു വിശേഷം പറയും. അതാ ശടേന്ന് വരാംന്നു വിചാരിച്ച് പോയ ഞങ്ങൾ വൈകിയത്.''

അപ്പോ പറന്നു വന്ന് നെല്ലിമരത്തിന്റെ കൊമ്പിലിരുന്ന് ഒരു കിളി ചിലച്ചു. തങ്കക്കുട്ടിയെ വായാടി എന്നു തന്നെയാ കിളിപ്പെണ്ണും വിളിക്കുന്നതെന്ന്  അമ്മ പറഞ്ഞു. കിളിയുടെ പേര്  ഉപ്പന്‍ എന്നാണെന്ന് മുത്തച്ഛന്‍ പറഞ്ഞുകൊടുത്തു അവള്‍ക്ക്.

അങ്ങോട്ടിങ്ങോട്ട് പറക്കുന്ന ഉപ്പനെ നല്ലോണം കാണാനായി തങ്കക്കുട്ടി, അമ്മയുടെ മടിയില്‍ നിന്ന് എഴുന്നേറ്റു.

-തുടരും

Read More: 

Priya As Novel Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: