എന്റെ മകന്‍  അവന്‍ കുഞ്ഞായിരുന്ന കാലത്ത് ചോദിച്ചു, ‘അമ്മേ  എന്താണീ നെല്ല്?’
ചങ്ങനാശ്ശേരിയിലൂടെ പോകുമ്പോള്‍, ഒരു പാടത്തിന്റെ ഓരത്ത് വണ്ടി നിര്‍ത്തി പാടത്തിലേക്കിറങ്ങി ഒരു നെല്‍ക്കതിര്‍ പൊട്ടിച്ചു  കൊണ്ടുവന്നു ഞാനവനെ കാണിച്ചു കൊടുത്തു പറഞ്ഞു, ‘ഇതാണ് നെല്ല്.’ അവനത് നിധി പോലെ വീട്ടിലേക്കു കൊണ്ടുവന്ന് അപ്പൂപ്പനെയും അമ്മൂമ്മയെയും കാണിച്ചു സൂക്ഷിച്ചു വച്ചു.

അവന്‍ പിന്നൊരു ദിവസം ചോദിച്ചു, ‘എന്താണ് അമ്മേ ഈ വേലി…’  ഓലമേഞ്ഞ വേലിയൊന്നും എത്ര തിരഞ്ഞിട്ടും, നടക്കുന്ന വഴിയിലെങ്ങും കാണാനായില്ല. എല്ലായിടത്തും മതിലുകളേയുള്ളു, ഉള്ള വേലികളാവട്ടെ പ്‌ളാസ്റ്റിക് ഷീറ്റു കൊണ്ടു മറച്ചവയുമാണ്. ഏരേകദേശ വേലി കണ്ടുപിടിച്ചത് വയലാര്‍ എന്ന ഇടത്തുകൂടി പോകുമ്പോഴാണ്. അവിടെ ശീമക്കൊന്നപ്പത്തല്‍ കൊണ്ടുള്ള വേലിയുണ്ടായിരുന്നു… എന്നാലും ഒരിടത്തും ഓല മേഞ്ഞ വേലി കണ്ടുകിട്ടിയില്ല.

കാലമെത്ര മാറിയിരിക്കുന്നു എന്നു ഞാനോര്‍ത്തു.  നമുക്കുണ്ണാനുള്ളത് നമ്മള്‍ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ഒരു കാലമുണ്ടായിരുന്നു പണ്ട്. അന്ന് കടയില്‍ നിന്ന് കാശു കൊടുത്തു പാക്കറ്റില്‍ വാങ്ങുന്ന ഒന്നല്ലായിരുന്നു അരി. നമുക്കന്ന് പാടങ്ങളും നെല്‍ക്കൃഷിയും വിതയും കൊയ്ത്തും മെതിയും ഉണ്ടായിരുന്നു. വൈയ്‌ക്കോല്‍ത്തുറുവും പശുക്കളും പാലും പച്ചക്കറിക്കൃഷിയും അതിനിടാന്‍ വളമായി ചാണകവും ഒക്കെയുണ്ടായിരുന്നു.

ഞാനൊക്കെ വളരുന്ന പ്രായത്തില്‍, മുറ്റത്തുണക്കാനിട്ട നെല്ല്, വീടിന്റെ ഓരോ മൂലയിലും കൂന കൂട്ടിയിട്ടതില്‍ത്തട്ടിത്തടഞ്ഞാണ് നടന്നിരുന്നത്. മുറ്റമടിക്കുമ്പോഴൊക്കെ ഒരു നെല്‍മണിയെങ്കിലും കണ്ണില്‍പെടും. അക്കാലമൊക്കെ എങ്ങോ പേയിമറഞ്ഞിരിക്കുന്നു.
പക്ഷേ അങ്ങനൊരു കാലമുണ്ടായിരുന്നു എന്നെങ്കിലും നമ്മുടെ കുട്ടികളറിയണ്ടേ?

പുതിയ കൃഷിരീതികള്‍ ചേര്‍ത്ത്  ആ പഴങ്കാലത്തിനെ ആധുനികവത്ക്കരിക്കുന്ന  നമ്മുടെ കുട്ടികള്‍, അവരിലാണ് ഇനിയുള്ള കാലത്തിന്റെ പ്രതീക്ഷ. കൃഷിയുടെ പാടവരമ്പിലേക്ക്  ഒരു തൊപ്പിക്കുടയും വച്ചു നടന്നുപോകും നമ്മള്‍ കാണാനിരിക്കുന്ന വരും കാലം എന്നതിന്റെ സൂചനയാണ് നമ്മളീ ലോക്ഡൗണ്‍കാലത്ത്  കിളിര്‍പ്പിച്ച ചീരയും വെണ്ടയും വഴുതനയും മുളകും പാവലുമെല്ലാം  എന്നല്ലേ വിചാരിക്കേണ്ടത്?

കുട്ടികള്‍ക്കീ കൃഷിക്കഥ പറഞ്ഞു പരിചയപ്പെടുത്തിക്കൊടുക്കാന്‍ ഞാന്‍ കൂട്ടുവിളിച്ചിരിക്കുന്നത് ‘സുന്ദരം’ എന്ന വീട്ടിലെ നാലു പാവകളെയാണ് -നാണി, കുഞ്ഞന്ന, അപ്പു ജോര്‍ജ് നായര്‍, അച്യുതാനന്ദന്‍. കുട്ടികള്‍ക്ക് പാവകളില്ലാതെ എന്തു ജീവിതം!

പാവകളുടെ കുഞ്ഞിപ്പഞ്ഞികൈകളില്‍ പിടിച്ച് എന്റെ കൂഞ്ഞുങ്ങളേ, നിങ്ങളിത്തിരി നേരം കാലത്തിലൂടെ പിന്നോട്ട് നടക്കുക, എന്നിട്ട് വൈക്കോല്‍ക്കൂനയില്‍ കുത്തിമറിഞ്ഞു കളിയ്ക്കുക,  ഉണങ്ങാനിട്ട പുഴുങ്ങിയ നെല്ലിനെ അണ്ണാരക്കണ്ണനില്‍ നിന്നു രക്ഷിക്കാന്‍ കാവലിരിക്കുക, ഇളം നെല്ലില്‍ നിന്ന് നെല്ലിന്റെ പാല് ഒരു സിപ് അപില്‍ നിന്നെന്ന പോലെ വലിച്ചു കുടിക്കുക, എന്നിട്ടു പറയുക പാവകളുടെ ഈ നെല്‍വീട് ഇഷ്ടമായോ എന്ന്.

നെല്ലെന്താണ്  എന്ന് ഒരു കുട്ടിയെങ്കിലും ചോദിക്കുമായിരിക്കും, അമ്മയുടെയോ അച്ഛന്റെയോ കൈ പിടിച്ച് ഒരു പാടം കാണുമായിരിക്കും, ഒരു തവിട്ടു പൂച്ചയെ കാണുമ്പോള്‍ വൈയ്‌ക്കോല്‍ത്തുറു പോലത്തെ പൂച്ച എന്ന പ്രയോഗം ഓര്‍മ്മിച്ച് വൈക്കോല്‍ത്തുറുവിന്റെ പടം ഇന്‍റര്‍നെറ്റില്‍ സെർച്ച് ചെയ്തു നോക്കുമായിരിക്കും എന്നൊക്കെയുള്ളു ചെറുസ്വപ്‌നങ്ങളുടെ വരമ്പത്തിരുന്നാണീ ഇന്ന് ആരംഭിക്കുന്ന ഈ നോവല്‍ എഴുതിയത്.

Read More : പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

പ്രളയക്കെടുതിയില്‍പ്പെട്ട് പാഠ്യദിനങ്ങളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ടു പോയിട്ടും ഇത്തവണത്തെ എസ്എസ്എല്‍സിയില്‍ നൂറുമേനി വിജയം  കൊയ്ത,  കേരളത്തിന്റെ നെല്ലറ എന്ന് പുസ്തകങ്ങളില്‍ അറിയപ്പെടുന്ന  കുട്ടനാട്ടിലെ, അതിജീവനമെന്തെന്നു കാണിച്ചു തന്നഓരോ കുട്ടിയെയും അണച്ചുപിടിച്ച് അവര്‍ക്ക് സമര്‍പ്പിക്കുന്നു ഈ നോവല്‍.

Read More : സുന്ദരം വീട്ടിലെ വിശേഷങ്ങള്‍- നോവല്‍ ഭാഗം 1 ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook