സുന്ദരം വീട്ടിലെ വിശേഷങ്ങള്‍-5

‘സിപ്  അപ്’ ഈമ്പിക്കുടിക്കുന്നതു പോലെയാണ് നെല്ലിൻ്റെ പാലുകുടിക്കുക. അത്, ഡാനി, നാണിപ്പാവയെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു

priya as, childrens novel, iemalayalam

നെല്ലിന്റെ പാല്

അല്ലാ, നമ്മള് സുന്ദരം വീടിനു മുന്നിലെ പാടത്തെക്കുറിച്ചു പറഞ്ഞു തുടങ്ങി അക്കാര്യം പകുതിക്കു വച്ചു മറന്നു പോയി കായലുകളെയും തോണികളെയും കുറിച്ചായി കഥ പറച്ചില്‍, അല്ലേ?

പണ്ട് പാടത്ത് സുന്ദരം വീട്ടുകാര് കൃഷി നടത്തുമായിരുന്നു. എന്തു കൃഷിയാണെന്നോ?
നെല്‍ക്കൃഷി… ചോറിനുള്ള നെല്ലെല്ലാം കിട്ടിയിരുന്നത്, ആ കൃഷിയിലൂടെയാണ്.

വിരിഞ്ഞുണ്ടായിത്തുടങ്ങുന്ന നെല്‍ക്കതിര്‍ക്കുലയിലെ ഇളം നെല്ലൂരിയെടുത്ത്, അതിലോരോന്നു വായില്‍ കടിച്ചു പിടിച്ച് വേണം അതില്‍ നിന്ന് നെല്ലിന്റെ പാല് ഊറ്റിക്കുടിക്കാന്‍.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

ആ വിദ്യ കുഞ്ഞായിരുന്നപ്പോള്‍ ഡാനി, നാണിയെ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ ‘സിപ് അപ്’ കുടിക്കുന്നതു പോലൊരു ചെറുവിദ്യയാണത്.

പണ്ടുപണ്ട് ഡാനിയുടെ അച്ഛനും ഡാനിയും എന്തൊരു ‘സിപ് അപ്’ പ്രിയന്മാരായിരുന്നുവെന്നറിയാമോ! അവരുടെ കൂടെയിരുന്ന്, നാണിയും മറ്റുപാവകളുമെല്ലാം ഈമ്പിക്കുടിച്ചിട്ടുണ്ട് ‘സിപ് അപ്.’

അതൊക്കെയോര്‍ത്തപ്പോള്‍ ഒരു ‘സിപ് അപ് ‘ കിട്ടിയിരുന്നെങ്കിലെന്നു മോഹമായി നാണിയ്ക്ക്.

സ്‌ക്കൂളിലേക്ക് പാടവരമ്പത്തു കൂടെ നടന്നുപോകുമ്പോഴായിരുന്നു, ഡാനിയും കൂട്ടരും അങ്ങനെ നെല്ലൂരി പോക്കറ്റിലിട്ടിരുന്നത്.

എങ്ങനെയാണെന്നറിയില്ല, എത്ര രഹസ്യമായി ചെയ്താലും അതു കണ്ടു പിടിക്കും ഡാനിയുടെ അച്ഛന്‍.

എന്നിട്ടു പറയും, ‘ആ പാലുറച്ചാണ് നെല്ലിനകത്തെ അരിമണിയുണ്ടാകുന്നത്. നെല്ല് പേറ്റി, നെല്ലുപുഴുങ്ങി, പുഴുങ്ങിയ നെല്ലുണക്കി, പിന്നെയാ നെല്ല് കുത്തിച്ചെടുക്കുമ്പോഴാണ് നമ്മളുണ്ണുന്ന ചോറിനുള്ള അരിയുണ്ടാകുന്നത്. നെല്ലിന്റെ പാലു കുടിച്ചുരസിക്കാനൊനൊക്കെയായി, ഇളം നെല്‍മണി ഉതിര്‍ത്തിയെടുത്താലുണ്ടല്ലോ അത്രയും നെല്ലു നമ്മുടെ പത്തായത്തീന്നു കുറയുമേ… ‘priya as, childrens novel, iemalayalam

അപ്പോ ഡാനിയുടെ അമ്മ പറയും, ‘പിള്ളേരല്ലേ, നെല്ലിന്റെ പാലൊക്കെ ഒന്നു കള്ളത്തരത്തില്‍ നുണഞ്ഞ് കുസൃതി കാണിച്ചില്ല എങ്കില്‍ അവരെ എങ്ങനാ കുട്ടികളെന്നു പറയുക? ഇത്തിരി കുസൃതിയൊക്കെ ഇല്ലാതെങ്ങനാ കുട്ടികള് ജീവിക്കുക?’

അപ്പോ ഡാനിയച്ഛന്‍ ചിരിക്കും, എന്നിട്ട് ഡാനിയുടെ പോക്കറ്റില്‍ കൈയിട്ട് ഒരു ഇളം നെല്‍ മണിയെടുത്ത് വായില്‍ വച്ച് നെല്‍പ്പാല് ഈമ്പിക്കുടിക്കും. ‘തനിയ്ക്കു വേണോ?’ എന്നമ്മയോട് ചോദിക്കും അച്ഛന്‍ അതിനിടെ.

‘ഞാനേ, അച്ഛനെയും മോനെയും പോലെ ഇപ്പഴും എപ്പഴുമൊന്നും കുട്ടിയല്ല,’ എന്നു പറഞ്ഞു ചിരിക്കും അപ്പോള്‍ ഡാനിയമ്മ.

അതൊക്കെ ഓര്‍ത്തപ്പോള്‍ നാണിപ്പാവയ്ക്ക്, അവരെയെല്ലാം കാണണം എന്ന് മോഹം വന്നു.

‘ഓര്‍ക്കുന്നുണ്ടാവുമോ അവര് ഞങ്ങളെയൊക്കെ? അറിയുന്നുണ്ടാവുമോ അവര്, ഞങ്ങളിങ്ങനെ ഞങ്ങളെ വച്ചിരിക്കുന്ന ഷെല്‍ഫില്‍ നിന്നൊക്കെയിറങ്ങി വീട് വൃത്തിയാക്കിവയ്ക്കുന്നതൊക്കെ,’ എന്നാലോചിച്ചു പോയി നാണി.

നാണി അങ്ങനെ ജനലെല്ലാം തുറന്നും വൃത്തിയാക്കിയും പിന്നെയുമടച്ചും അവളുടെ ജോലിയില്‍ മുഴുകുമ്പോള്‍, അച്യൂതാനന്ദന്‍ എന്ന ഓറഞ്ച് നിറപ്പാവക്കുട്ടന്‍ ചൂലു കൊണ്ടുവന്ന് സുന്ദരം വീടിന്റെ നിലമൊക്കെ അടിച്ചു. പൊടിയും മണ്ണുമെല്ലാം തൂത്തുകോരി, പുറകുവശത്തെ അടുക്കളവാതില്‍ തുറന്ന് അവനതു പുറത്തേക്കു കളഞ്ഞു.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

‘ആരാ അടുക്കളവശത്തെ വാതില്‍ തുറക്കുന്നത്? ഡാനിയമ്മയാണോ? കൈയില്‍ വല്ല ഇഡ്ഢലിക്കഷണവും കാണുമോ തനിക്കു തരാനായി?’ എന്ന് നോക്കിക്കൊണ്ട് കാക്കച്ചി മതിലിന്മേല്‍ വന്നിരുന്നു.priya as, childrens novel, iemalayalam

‘കുറേ നാളായി ഡാനിയമ്മയെ കാണാനില്ലല്ലോ, ഓ മറന്നു പോയി, പോകുന്നതിനുമുമ്പ് ഡാനിയമ്മ പറഞ്ഞതായിരുന്നല്ലോ, ഞങ്ങള്‍ക്ക് വയസ്സാവുകയല്ലേ, മകന്‍ ദൂരത്തുമാണ്, ഇനി കുറച്ചുനാള്‍ എന്റെ കൂടെ വന്നു നിന്ന്, ഞാന്‍ താമസിക്കുന്ന നാടും വീടുമൊക്കെ കാണ് എന്നു പറഞ്ഞ് മകന്‍ വിളിക്കുന്നു കുറേനാളായി…  അവന്‍ വിളിക്കുമ്പോ പോകണ്ടേ, ഒന്നു വിമാനത്തിക്കേറി പോയേച്ചു വരാം, അതു വരെ നിനക്കെന്റെ പഞ്ഞിയിഡ്ഢലി മിസ് ചെയ്യും അല്ലേ കാക്കപ്പെണ്ണേ,’ എന്നൊക്കെ പറഞ്ഞായിരുന്നല്ലോ ഒരു ദിവസം ഡാനിയമ്മ എന്ന് പെട്ടെന്നവളോര്‍ത്തു.

ഡാനിയമ്മയൊക്കെ വിമാനത്തില്‍ക്കേറി പോയതില്‍പ്പിന്നെ, ആകാശത്തൂ കൂടെ പറക്കുമ്പോഴെല്ലാം വിമാനങ്ങളുണ്ടോ എന്നാകാശത്തു നോക്കുക കാക്കച്ചിയുടെ പതിവായിമാറിക്കഴിഞ്ഞിരുന്നു.

ഏതെങ്കിലും ഒരു വിമാനം കാണുമ്പോഴേ, അവള് വിചാരിക്കും, ‘ഇതില്‍ കാണുമോ ഡാനിയമ്മയും ഡാനിയച്ഛനും? അവര് ഡാനിയുടെ അടുത്തു നിന്ന് മടങ്ങിവരുകയായിരിക്കുമോ? ഡാനിയമ്മ വന്നാലുടനെ സോഫ്റ്റ് ഇഡ്ഡലിയുണ്ടാക്കിത്തരാന്‍ പറയണം. ഈ നാട്ടില്‍ ഡാനിയമ്മയോളം വേറെയാര്‍ക്കറിയും പഞ്ഞിപോലത്തെ ഇഡ്ഢലിയുണ്ടാക്കുവാന്‍!’

Read More : പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

അതിനകം നാണിയുടെ ആലോചനകളുടെ ഇടയിലേക്ക് നുഴഞ്ഞു കയറി, ‘താനെന്തു ചെയ്യാനാണ് സുന്ദരം വീടിന്റെ വാതില്‍ തുറന്നത്?’ എന്നൊക്കെയുള്ള കാര്യങ്ങള്‍ അച്യുതാനന്ദന്‍ അവളോട് വിശദീകരിച്ചു.

‘ഡാനിയൊക്കെ തിരിച്ചു വരും എന്നെങ്കിലും, അപ്പോഴേക്ക് സുന്ദരം വീട് വൃത്തിയാക്കി വയ്ക്കാന്‍ നമ്മളൊക്കെയല്ലാതെ ആരാ? ഡാനിയമ്മയും ഡാനിയച്ഛനും കൂടി മാസത്തിലൊരു തവണ വീട് തുടയ്ക്കാന്‍ അലമേലു വഴി ജാനകിയെയും മകളെയും ഏല്‍പ്പിച്ചിട്ടുണ്ടെന്നുള്ളത് ശരി തന്നെ, പക്ഷേ നമ്മടെ വീട് നമ്മള് തന്നെ തുടക്കണ പോലാകുമോ അവരൊക്കെ തുടച്ചാല്‍? മുക്കും മൂലയിലും വരെയൊന്നും അവരുടെ കൈ ചെന്നെത്തുന്നുണ്ടാവില്ലെന്നേ.’

അതു കാക്കച്ചി ‘കാകാ’ എന്നു ശരി വച്ചു. എന്നിട്ട് പറഞ്ഞു, ‘നിങ്ങള് പാവകളും മറ്റു കളിപ്പാട്ടങ്ങളും കൂടി വീടിനകം വൃത്തിയാക്കിക്കോ. മുറ്റം ശരിയാക്കണ കാര്യമൊക്കെ ഞങ്ങള്‍ കാക്കകളേറ്റു. ഇത് ഞങ്ങളുടേയും കൂടി വീടല്ലേ, ഒന്നുമല്ലേലും ഇവിടുത്തെ എത്ര ഇഡ്ഢലി തിന്നിരിക്കുന്നു!’

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya a s childrens novel sundramvettile visheshangal chapter 5

Next Story
സുന്ദരം വീട്ടിലെ വിശേഷങ്ങള്‍-4priya as, childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com