ജവഹര്‍ തായങ്കരി

സുന്ദരം വീടിന്റെ മുന്നിലെ കുഞ്ഞു തോടു കടക്കാന്‍ ഒരു കുഞ്ഞു തോണി, അതു തുഴയാന്‍ കുഞ്ഞു ഡാനിയ്ക്ക് വരെ അറിയാമായിരുന്നു എന്നു പറഞ്ഞില്ലേ നമ്മളിത്തിരി മുമ്പ്?
ഒന്നുകില്‍ തോണി ഉപയോഗിച്ചു വേണം തോടൊക്കെ മുറിച്ചു കടക്കാന്‍, അല്ലെങ്കില്‍  ഒറ്റത്തടിപ്പാലത്തിലൂടെ നടന്നുവേണം അക്കരെയെത്താന്‍ – പണ്ടതായിരുന്നു നാട്ടിലെ രീതി.

കുഞ്ഞു ഡാനിയൊക്കെ ഒറ്റ ഓട്ടത്തിനു തടിപ്പാലം മുറിച്ചു കടന്നിരിക്കും. അവന്റെ എളിയില്‍ പേടിച്ചു വിറച്ചായിരിക്കും നാണി ഇരിപ്പുണ്ടാവുക.

ഡാനിയമ്മ പേടിച്ചു പേടിച്ച്, പാലത്തിനു മുകളിലൂടെ കെട്ടിയിരിക്കുന്ന കമ്പിയില്‍ പിടിച്ചു പിടിച്ച് ആണ് അപ്പുറത്തെത്തുക. അപ്പുറത്തെത്താറാവുന്നതിനു മുന്നേ ഡാനിയമ്മ, അതിനകം അപ്പുറത്തെത്തി കാത്തുനില്‍ക്കുന്ന ഡാനിയച്ഛന്റെ നേരെ കൈ നീട്ടും.

‘ഇവിടെ വന്നിട്ട് കാലമിത്രയായിട്ടും പേടി പോയില്ലേ തന്റെ’എന്നു ചോദിച്ച് അച്ഛനപ്പോള്‍ കൈ നീട്ടി എത്തിപ്പിടിക്കും ഡാനിയമ്മയെ. പാലത്തില്‍ നിന്നിറങ്ങുമ്പോള്‍ ഡാനിയമ്മയുടെ ആശ്വാസം, അതൊന്നു കാണേണ്ടതുതന്നെയാണ്. അതോര്‍ത്തപ്പോ നാണി ഊറിച്ചിരിച്ചു പോയി.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

തോടായ തോടുകള്‍ക്കു മീതെയെല്ലാം  കോണ്‍ക്രീറ്റ് പാലം വന്നിട്ടുണ്ട് ഇപ്പോള്‍. അതു കൊണ്ട്  ഒട്ടുമിക്ക തോണികളും കരക്കിരിപ്പാണ് ചുമ്മാ, ‘കടവത്തൊരു തോണിയിരുപ്പൂ ആളില്ലാതെ, തുഴയില്ലാതെ’ എന്ന  നാണിക്കിഷ്ടമുള്ള സിനിമാപ്പാട്ടു പോലെ.

ഡാനിയൊക്കെ ഉപയോഗിച്ചിരുന്ന ആ കുഞ്ഞു വള്ളമുണ്ടല്ലോ അത് പോളിഷ് ചെയ്ത് റ്റീപ്പോയിയായി എടുത്തുവച്ചിട്ടുണ്ട് വീടിനുള്ളില്‍.

പണ്ടോ, തോണിയില്ലാതെ പുറത്തേക്കിറങ്ങാന്‍ പറ്റില്ല. എന്തിനും ഏതിനും തോണി വേണം. കടയില്‍ പോകാന്‍, കല്യാണത്തിനു പോകാന്‍, സ്‌ക്കൂളില്‍  പോകാന്‍,  ആശുപത്രിയില്‍ പോകാന്‍ എല്ലാം തോണി വേണം. മുന്നില്‍ മുഴുവന്‍ തോടും കായലുമല്ലേ റോഡുകള്‍ക്കു പകരം!

രാവിലെ പത്രം വരുന്നതും ഉച്ചയ്ക്ക് പോസ്റ്റുമാന്‍ വരുന്നതും ഇലക്ഷന്‍ കാലത്ത് സ്ഥാനാര്‍ത്ഥി വരുന്നതും കുട്ടികള്‍ക്ക് കുത്തിവയ്പിനായി ഹെല്‍ത്ത്‌ സെന്ററുകാര്‍ വരുന്നതും വള്ളത്തിലായിരിക്കും.priya as, childrens novel, iemalayalam
‘ജലമാണ് ഇവിടെ ജീവിതം’ എന്നു ഡാനിയച്ഛന്‍ പറയുന്നത് നാണിയോര്‍ത്തു. അങ്ങനെയിരിക്കുമ്പോള്‍ ഡാനി, പാവകളെയും കൈയിലെടുത്ത് ഡാനിയച്ഛനെയും കൂട്ടി സുന്ദരം വീടിനു മുന്നിലെ കുഞ്ഞു തോടു കടന്ന് പാടത്തിന്‍ കരയില്‍ പോയിരിക്കുമായിരുന്നു.

അവിടെ തൈത്തെങ്ങില്‍ ആറ്റക്കിളിയുടെ  നീളത്തിലാടുന്ന കൂടുണ്ട്. ഒഴിഞ്ഞ കൂടുണ്ടെങ്കില്‍ അതെടുത്തു ഡാനിക്കും പാവക്കുട്ടികള്‍ക്കും കളിക്കാനായി ഡാനിയച്ഛന്‍ തോണിയിലെടുത്തു വച്ചിട്ടുണ്ടാവും അതിനിടെ.

നാണി ഓര്‍ത്തു, അന്നൊന്നും തോണികള്‍ പല വലിപ്പത്തിലില്ലാത്ത ഒരു വീടുമുണ്ടാവില്ല നാട്ടിലെങ്ങും. വീടിനു പുറത്തേക്കു കാലെടുത്തു വച്ചാല്‍ത്തന്നെ അതു തോണിയിലേക്കായിരിക്കും.
നല്ല കുടിവെള്ളം വേണമെങ്കില്‍ വരെ, അലുമിനീയക്കുടങ്ങളും  മണ്‍കുടങ്ങളും തോണിയിലെടുത്തു വച്ച്  സ്ത്രീകള്‍ കിണറുകള്‍ ഉള്ള വീടുകള്‍ തേടിപ്പോകണം.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

തോണി തുഴയാനറിയാത്ത ഒരു പെണ്ണു പോലുമുണ്ടാവില്ല നാട്ടില്‍. മീന്‍ പിടിക്കാനും  കക്ക വാരാനും ആണുങ്ങളും പോകും, പെണ്ണൂങ്ങളും പോകും.

ഡാനി സ്‌ക്കൂളില്‍ പോയിരുന്നത്, അത് സ്‌ക്കൂള്‍ വാനിലോ സ്‌ക്കൂള്‍ബസിലോ ആണെന്നാണോ വിചാരം?
അതിനും തോണികളായിരുന്നു ആകെയുള്ള ഒരാശ്രയം. മാഷമ്മാര്‍ക്കും റ്റീച്ചര്‍മാര്‍ക്കും സ്‌ക്കൂളിലേക്കു പോകാനും തോണി തന്നെ വഴി.

ഇടക്ക് കുട്ടികള്‍ ‘ഞാന്‍ തുഴയാം’ എന്നു പറഞ്ഞ്,  പങ്കായം, വള്ളക്കാരന്‍  പങ്കന്‍ ചേട്ടന്റെ കൈയില്‍ നിന്നു വാങ്ങും.  ആരും പഠിപ്പിക്കാതെ, ചുറ്റുമുള്ളവര്‍ തുഴയുന്നത് കണ്ടുകണ്ട് അവര്‍ ഒരു ദിവസമങ്ങ്  ശരിയ്ക്കു തുഴഞ്ഞു തുടങ്ങും.

കുട്ടികള്‍ വള്ളത്തിലിരുന്ന്   വെള്ളത്തില്‍ കൈയിട്ട് കളിക്കും. അപ്പോ ഏതെങ്കിലും കുഞ്ഞുമീന്‍ വന്ന് അവരുടെ വിരലിന്റെ അറ്റത്ത് ഉരുമ്മി നിന്നശേഷം വാല്‍ വെട്ടിച്ച് പോകും .
ഇടക്കിടെ വെള്ളം തട്ടിത്തെറിപ്പിക്കും അവരന്യോന്യം. ചിലപ്പോഴത് മാഷമ്മാരുടെയും മറ്റു യാത്രക്കാരുടെയും  ദേഹത്തും വീഴും.

വള്ളത്തിലെ ആട്, വെള്ളം തല കുലുക്കിത്തെറിപ്പിച്ച് കളയും. അപ്പോള്‍, വള്ളത്തില്‍ ചാരി വയ്ച്ചിരിക്കുന്ന സൈക്കിളിന്റെ ബാലന്‍സ് തെറ്റി അത് വീഴാന്‍ പോകും. അക്കരെ ചെന്നിട്ട് റോഡിലൂടെ ഓടിക്കാനുള്ളതാണ് സൈക്കിള്‍.

ഇടയ്ക്ക് വള്ളത്തില്‍ , പായലോ ആമ്പലോ മുട്ടും. പായലിനോട് ‘വഴി മാറിപ്പോ’ എന്നു പറയും കുട്ടികള്‍.

ഒഴുകി വരുന്ന തേങ്ങയെ വെള്ളത്തിലേക്ക് മുക്കിത്താഴ്ത്താന്‍ നോക്കും. തേങ്ങ വെള്ളത്തില്‍ താഴാതെ പിന്നെയും പിന്നെയും പൊങ്ങി വരും, അപ്പോള്‍ കൂടെയുള്ള സയന്‍സ് മാഷ് പറയും, ‘വെള്ളത്തില്‍ കൂടിയുള്ള വിത്തുവിതരണത്തിന് ഉദാഹരണം തേങ്ങ.’
priya as, childrens novel, iemalayalam
ആമ്പല്‍പ്പൂ കൈയെത്തിച്ചു പറിച്ചെടുത്ത് തണ്ടൊടിച്ച് മാലയുണ്ടാക്കി അവര്‍ കൂട്ടുകാര്‍ക്ക് കൊടുക്കും .ചെലപ്പോ തന്നത്താനണിയും.

ഡാനി മാലയുണ്ടാക്കി പാവകള്‍ക്കും കൊടുക്കുമായിരുന്നു. കുഞ്ഞന്നയ്ക്കായിരുന്നു പൂക്കളോട് ഏറ്റവുമിഷ്ടം.

പിന്നെ നാട്ടിലെ ഏറ്റവും വലിയ ഉത്സവം പോലെയാണ്  വള്ളം കളി വരിക. ഓരോരോ കാര്യത്തിനായി കര വിട്ടുപോയവരൊക്കെ വള്ളംകളിക്കാലത്ത് തിരിച്ചുവരും.

വള്ളം കളിക്കാലത്തിനു മുമ്പാണ് ശരിക്കും രസം. ഓരോ കരയ്ക്കും ഓരോ ക്‌ളബ്ബ്. ഓരോ ക്‌ളബും  ഓരോ വള്ളം, മത്സരത്തിനായി ഒരുക്കും.

Read More : പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

തെങ്ങു ചെത്തുന്നവരും കയറു പിരിക്കുന്നവരും കക്കാ വാരുന്നവരും പാടത്തുപണിയെടുക്കുന്നവരും  പാണ്ടികശാലയില്‍ പോകുന്നവരുമൊക്കെ, വൈകുന്നേരം വള്ളം തുഴച്ചില്‍ മത്സരത്തിലെ പങ്കാളികളായി മാറും. പണി കഴിഞ്ഞതും അവര്‍ പ്രാക്റ്റീസിനായി ഓടിയെത്തും.
വള്ളംകളിക്കാരുടെ ആര്‍പ്പുവിളികള്‍ കൊണ്ട്  കായലുകളാകെ നിറയും. മത്സര വള്ളങ്ങള്‍ക്കോരോന്നിനും പേരുണ്ട്- ജവഹര്‍ തായങ്കരി, പായിപ്പാട്ട്, കാരിച്ചാല്‍ എന്നിങ്ങനെ…
ഈര്‍ക്കിലിയില്‍, ചക്കപ്പൊടിപ്പു കുത്തി കളിമൈക്കുണ്ടാക്കി, വള്ളംകളി മത്സരത്തിന്റെ തത്സമയ റിപ്പോര്‍ട്ട് റേഡിയോയിലെന്നപോലെ പറഞ്ഞ് കളിച്ച് സദാ സമയവും പറമ്പിലൂടെ നടക്കും ഡാനിയും കൂട്ടുകാരും.

‘അതെയതെ, ആവേശകരമായ രീതിയില്‍  ജവഹര്‍ തായങ്കരി മുന്നേറുകയാണ്, തൊട്ടുപിന്നാലെ തന്നെ ഒരു വള്ളപ്പാടു ദൂരത്തില്‍  കാരിച്ചാല്‍ ഉണ്ട്, ഒട്ടും വിചാരിക്കാത്ത ഒരു നിമിഷത്തില്‍ പായിപ്പാട്, ജവഹറിനെ പിന്നിലാക്കുന്നതാണ് നമ്മളിപ്പോള്‍ കാണുന്നത്…’  എന്നിങ്ങനെ കുട്ടിക്കളികള്‍, വളഞ്ഞു നിലം പറ്റി പാമ്പുപോലെ കിടക്കുന്ന ഓരോ തെങ്ങിന്‍ തടിമേലും അരങ്ങേറും.priya as, childrens novel, iemalayalam
അങ്ങനൊരു വള്ളംകളികാലത്താണ്  ഡാനിയ്ക്കും, അവരുടെ കുഞ്ഞന്‍ വള്ളത്തിന് ഒരു പേരു വേണം എന്നു തോന്നിയത്. വളരെ വളരെ ആലോചിച്ചാണ് അവന്‍  ആ കുഞ്ഞന്‍ വള്ളത്തിന് ‘വീരഭാസ്‌ക്കരന്‍’ എന്ന് പേരിട്ടത്.

അടുത്ത വീട്ടിലെ അലമേലുവിന്റെ കുഞ്ഞുവള്ളത്തിന്,  ‘സുന്ദരിക്കുഞ്ഞുപാത്തുമ്മ’ എന്നു പേരിട്ടതും ഡാനിയാണ്.

വെള്ളത്തിനു നടുക്കു ജീവിക്കുന്നവര്‍ വള്ളം തുഴയാനും മീന്‍ പിടിക്കാനും മീന്‍ വെട്ടാനും മീങ്കറി വയ്ക്കാനും നീന്താനും അറിയണം എന്നു പറയുമായിരുന്നു ചെല്ലപ്പമ്മാമന്‍.

ചെല്ലപ്പമ്മാമനാണ് ഡാനിയെയും അലമേലുവിനെയും ചൂണ്ടയിടാനും നീന്താനും പഠിപ്പിച്ചത്.
വാഴത്തടയും  ടയര്‍ട്യൂബും വെള്ളത്തിലിട്ട്, അതില്‍ പിടിച്ച് പൊങ്ങിക്കിടന്ന് കൈകാലിട്ടടിച്ചു പതപ്പിച്ചു നീന്തല്‍ പഠിച്ചപ്പോള്‍ ഡാനിയ്ക്ക് അവന്‍ ഒരു മത്സ്യകുമാരനും  അലമേലു ഒരു മത്സ്യകുമാരിയും ആണെന്നു തോന്നി.

മുങ്ങാങ്കുഴിയിട്ട് വെള്ളത്തിനടിയിലേക്ക് ഏറെനേരം അപ്രത്യക്ഷനായി ചെല്ലപ്പമ്മാമനെ പേടിപ്പിച്ച് വിറപ്പിക്കുന്ന വിരുതനായിത്തീര്‍ന്നു പിന്നെ  ഡാനി. അങ്ങനെ  ‘വെള്ളത്തിലാശാന്‍ ‘ തന്നെയായി മാറി ഡാനി വലുതായപ്പോള്‍.

‘എന്തെങ്കിലും വിഷമമുണ്ടെങ്കില്‍ ,വെള്ളത്തിലിറങ്ങിക്കിടന്നാല്‍ മാറും’  എന്നു ഡാനി പറയുന്നത് നാണി  ഓര്‍ത്തു.

അവിടെ അങ്ങു ദൂരെയുള്ള നാട്ടില്‍ ചെന്നിട്ടും താന്‍  എല്ലാദിവസവും സ്വിമ്മിങ് പൂളില്‍ നീന്താറുണെന്ന് ഡാനി ഒരിക്കല്‍ ഒഴിവിനു വന്നപ്പോള്‍ അവനെ കാണാന്‍ വന്ന ഹാരിസിനോടും ഗീവര്‍ഗ്ഗീസിനോടും  പറഞ്ഞു.

അപ്പോഴവരൊക്കെ, ‘നീ ഇപ്പോഴും പഴയതുപോലെ  ജലജീവി തന്നെ’ എന്നു പറഞ്ഞു ചിരിച്ചതോര്‍ത്തപ്പോള്‍ നാണിക്ക് ചിരി വന്നു.
‘എന്താ നീ നിന്നു തന്നത്താന്‍ ചിരിക്കുന്നതെന്ന്, ‘ചോദിച്ചു അപ്പു ജോര്‍ജ്.

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook