സുന്ദരിമുറ്റം

ജനല്‍ തുടക്കുന്ന ജോലിയാണ് നാണിപ്പാവയ്ക്കു കിട്ടിയത്.
ബക്കറ്റില് വെള്ളവും കൈയില് ഡാനിയുടെയച്ഛന്റെ കീറിയ മുണ്ടിന്റെ കഷണവുമായി നാണി, റെഡിയായി ജനാലകള്‍ തുടക്കാന്‍.

മുന്‍വശത്തെ മുറിയുടെ ജനല്‍, നാണി അവളുടെ പാവക്കൈകള്‍ കൊണ്ട് കൊളുത്തു മാറ്റി തുറന്നിട്ടപ്പോള്‍ ജനലിലൂടെ പുറത്തെ പാടത്തുനിന്ന് തണുത്ത് കാറ്റുവന്ന് അവളെ തൊട്ടു.
നാണി, അവളുടെ നീളന്‍ കറുപ്പുടുപ്പിന്റെ കൈ, അറ്റം വരെ വലിച്ചിട്ട് കാറ്റിന്‍തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ നോക്കി.

എന്നിട്ട് അവളോടിപ്പോയി ഷെല്‍ഫിലൊരിടത്ത് വീണുകിടന്നിരുന്ന അവളുടെ സ്‌കാര്‍ഫെടുത്ത് തലയിലൂടെയിട്ട് ചെവിമൂടിക്കൈട്ടി, ഒന്നു കൂടി തടഞ്ഞുനിര്‍ത്താന്‍ നോക്കി, തണുപ്പോടെ കടന്നു വന്ന കുസൃതിക്കാറ്റിനെ.

പക്ഷേ കാറ്റുണ്ടല്ലോ, അത് കുഞ്ഞുഡാനി പണ്ടു ചെയ്തിരുന്നതു പോലെ അവളെ ഇക്കിളിയിട്ടു ചിരിപ്പിച്ചു.

അപ്പോ അവള്‍ക്ക് തോന്നി, വലുതായ ഡാനി ചിലപ്പോ ദൂരേക്ക് യാത്ര പോകും മുമ്പ് കാറ്റിനോടു പറഞ്ഞിട്ടുണ്ടാവും, ‘നീ ഇടക്ക് നാണിയെ ഇക്കിളിയിട്ട് ചിരിപ്പിച്ചേക്കണേ, അവള്‍ക്കങ്ങനെ ചിരിക്കാന്‍ വലിയ ഇഷ്ടാണ്, ചിരിപ്പിക്കാന്‍ ആരുമില്ലാതെ അവള്‍ ചിരിക്കാന്‍ മറന്നു പോയാലോ?’

അവള്‍ക്കങ്ങനെയോര്‍ത്തപ്പോള്‍, കാറ്റിനോടും ഡാനിയോടും വലിയ ഇഷ്ടം തോന്നി.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

നാണിയെ ഇക്കിളിയിട്ടു ചിരിപ്പിച്ചു കൊണ്ടു സുന്ദരം വീട്ടിലേക്ക് കയറിവന്ന പാടവരമ്പത്തെ കാറ്റിനെക്കുറിച്ചുവരെ ഇതിനകം പറഞ്ഞുകഴിഞ്ഞു നമ്മള്‍!

പക്ഷേ നമ്മളിതുവരെ സുന്ദരം വീടിരിക്കുന്ന സ്ഥലത്തെക്കുറിച്ചു പറഞ്ഞില്ലല്ലോ !

 മുന്നിലൊരു തോട്. അതു കടക്കാന്‍ കുഞ്ഞു തോണി വേണം. അതു തുഴയാന്‍ കുഞ്ഞു ഡാനിക്കു വരെ അറിയാമായിരുന്നു. തോടിനപ്പുറം വലിയൊരു പാടശേഖരം. ആ പാടത്തിന്റെ നീണ്ട പാടവരമ്പിലൂടെയാണ് സുന്ദരത്തിലേക്കു വഴി.

ചുറ്റം നിറയെ തോടുകളും കുളങ്ങളുമാണ്. തോടുകളൊക്കെ ചെന്നു ചേരുന്നത് അങ്ങുദൂരെ കായലിലും… പാടവും തോടും ഒക്കെയുള്ളത് ഗ്രാമപ്രദേശത്തല്ലേ എന്നാവും നിങ്ങളൊക്കെ വിചാരിക്കുന്നത്!

ശരിയാണ്… സുന്ദരംവീട്, ഒരുനാട്ടുമ്പുറത്താണ്. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ഇടത്താണ്.

കഥയെഴുതിയിരുന്ന തകഴിയപ്പൂപ്പന്റെ നാടായ തകഴി എന്ന ഗ്രാമം ഉള്ള ഇടം. ഇപ്പോ ശരിക്കും മനസ്സിലായിക്കാണുമല്ലോ അല്ലേ? നിറയെ മരങ്ങളാണ് സുന്ദരം വീടിന്റെ ചുറ്റിലും.

മുറ്റത്തു തന്നെ ഒരു നാട്ടുമാവ്. അതില്‍ നിറയെ കുലകുലയായി എല്ലാവര്‍ഷവും മാങ്ങയുണ്ടാവും. പൂളിത്തിന്നുന്ന തരം വലിയ മാങ്ങയല്ല, ഈമ്പിക്കുടിക്കുന്ന തരം കുഞ്ഞന്‍ മാങ്ങകളാണ് അതിലുണ്ടാവുക.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

കാറ്റില് മാങ്ങയും പെരുമഴയും, മുറ്റത്തേക്ക് തുരുതുരെ വീഴുന്നത് കണ്ടു കൊണ്ടിരിക്കാന്‍ കുഞ്ഞുഡാനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു…

അന്നൊക്കെ ആ പ്രദേശത്തെ മുഴുവന്‍ കുട്ടികളും സുന്ദരം വീട്ടിലെ മാങ്ങയുടെ അവകാശികളായി ഇടക്കിടക്ക് മാവിന്‍ചോട്ടിലേക്ക് ഓടിവരുമായിരുന്നു.

കാക്കച്ചനും വവ്വാലും പൂമ്പാറ്റകളും എന്നിവരും കൃത്യമായെത്തും സുന്ദരം വീട്ടിലെ മാങ്ങാക്കാലത്തിന്റെ പങ്കു പറ്റാന്‍.

മുറ്റത്തെ മരങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് തെങ്ങുകളാണ്. കായലരികത്തായതു കാരണം നല്ല വളക്കൂറുള്ള മണ്ണാണ്. തെങ്ങിലെല്ലാം അതു കൊണ്ടു തന്നെ എടുത്താല്‍ പൊങ്ങാത്തത്ര തേങ്ങകളുണ്ട്.

നിലത്തോടൊട്ടി വളഞ്ഞ് കിടക്കുന്ന ആ തെങ്ങില്ലേ, അതിന്മേലാണ് ഡാനിയും അലമേലുവുമൊക്കെ ബസ് കളിച്ചിരുന്നത്. എപ്പഴും ഡാനി ഡ്രൈവര്‍, അലമേലു കണ്ടക്റ്റര്‍, ബാക്കിയുള്ളവര്‍ യാത്രക്കാര്‍. ഡ്രൈവറാവണം എന്നു പറഞ്ഞ് അലമേലു അടക്കമുള്ളവര്‍ ഇടക്ക് വഴക്കു കൂടും.

Read More : പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

പിന്നെ തെങ്ങുകളുടെ ഇടയിലായി, ഒരു പ്ളാവും ഒരു ആഞ്ഞിലിയും ഒരു കുടമ്പുളിയും കുറേ കശുമാവുകളുമുണ്ട്. അടുക്കളവശത്ത് പേരയും ഇലുമ്പന്‍ പുളിയുമുണ്ട്. കിളികള്‍ക്ക് എപ്പോഴും സദ്യ വിളമ്പി നില്‍ക്കും പോലൊരു വീടാണ് സുന്ദരം വീട് എന്നു ചുരുക്കം.

”എനിക്കാണോ നിനക്കാണോ സ്പീഡെ’ന്ന് മത്സരം നടത്തി, മരക്കൊമ്പിലൂടെ അണ്ണാനും താഴെ മണ്ണിലൂടെ കീരിയും എന്നും ഓട്ടമത്സരമാണ്.

പഴുത്ത ആഞ്ഞിലിച്ചക്കയും മാങ്ങയും തിന്ന് വയറു നിറഞ്ഞാലും, തിന്നാന്‍ യാതൊരു പ്‌ളാനുമില്ലാതെ വെറുതേ പറന്നു നടന്ന് രണ്ട് കശുമാങ്ങകൂടി കൊത്തിത്താഴെയിട്ടിട്ട്, ഒന്നു ചാഞ്ഞു ചെരിഞ്ഞു നോക്കി പറന്നു പോകുന്ന കാക്കച്ചന്മാരുടെയും കാക്കച്ചികളുടെയും ബഹളമാണ് സുന്ദരം വീട്ടില്‍.

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook