scorecardresearch
Latest News

സുന്ദരം വീട്ടിലെ വിശേഷങ്ങള്‍-2

പാവകൾ രാത്രി നേരത്ത് ഒത്തുകൂടിയിരുന്ന് സുന്ദരം വീട് വൃത്തിയാക്കേണ്ടതെങ്ങനെയെന്ന് തീരുമാനിക്കുന്നു

സുന്ദരം വീട്ടിലെ വിശേഷങ്ങള്‍-2

പാവമഹാസമ്മേളനം

വീടിനകത്ത് പാവകളെ നിരത്തി വച്ചിരിക്കുന്ന ആ ഒരു ഷെല്‍ഫില്ലേ, അതിനരികെ ഇരിക്കുന്ന താക്കോല്‍ക്കൂട്ടം കണ്ടോ? ആ, അതാണ് സുന്ദരം വീടിന്റെ മറ്റൊരു താക്കോല്‍ക്കൂട്ടം.

സുന്ദരംവീട് വിട്ടു അന്യദേശത്തക്ക്, അമ്മയെയും അച്ഛനെയും കൂട്ടി പോകാന്‍ നേരത്ത്, ഡാനി അത്, അപ്പു ജോര്‍ജ് നായര്‍ എന്ന തന്റെ പഴയ പാവക്കുട്ടന്റെ ഉടുപ്പിന്റെ പോക്കറ്റിനുള്ളില്‍ വച്ചിട്ടാണ് പോയത്.

സുന്ദരം വീടിന് മൂന്നു താക്കോല്‍ക്കൂട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്, ഡാനി, അവനൊപ്പം കൊണ്ടുപോകും.

രണ്ടാമത്തേത് അവര്‍ അലമേലുവീട്ടില്‍ ഏല്പിക്കും.

മൂന്നാമത്തേത് എന്തു ചെയ്യണം എന്നാലോചിക്കുകയായിരുന്നു അവര്‍ മൂന്നാളും കൂടി.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

‘അപ്പു ജോര്‍ജിന്റെ പോക്കറ്റിലാവുമ്പോള്‍ അത് സുരക്ഷിതമായി ഇരിക്കുമല്ലോ, ഒരു കള്ളനും കണ്ടുപിടിക്കുകില്ലല്ലോ’ എന്നെല്ലാം യാത്രയ്‌ക്കൊരുങ്ങിനില്‍ക്കുന്നതിനിടെ പെട്ടെന്നാണ് ഡാനിയ്ക്ക് ഒരു ഐഡിയ വന്നത്.

അവനങ്ങനെ പറഞ്ഞപ്പോ, ഡാനിയമ്മ ചിരിച്ചുകൊണ്ടു പറഞ്ഞതെന്താണെന്നറിയാമോ? ‘പണ്ട് കുഞ്ഞിക്കുട്ടിയായിരുന്നപ്പോഴും ഡാനീ, നിനക്ക് വിലപ്പെട്ടതെന്തും സൂക്ഷിക്കുന്നത് അപ്പു ജോര്‍ജിന്റെ പോക്കറ്റിലായിരുന്നല്ലോ’

അങ്ങനെയാണ് മൂന്നാം താക്കോല്‍ക്കൂട്ടം അപ്പു ജോര്‍ജിന്റെ പോക്കറ്റിലെത്തിയത്.

അപ്പു ജോര്‍ജിന്, ആ താക്കോല്‍ക്കൂട്ടം അവനെ ഡാനി ഏല്‍പ്പിച്ചത് ‘ക്ഷ’ പിടിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. അവന് അഭിമാനവും ഗമയും കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി. അവന്‍ ‘ഹുറെ’ എന്ന് കൈകളുയര്‍ത്തി, ഇരുന്ന ഇരുപ്പില്‍ നിന്ന് രണ്ടു ചാട്ടം ചാടി.

അങ്ങനെ ചാടിയപ്പോള്‍ അവന്റെ കൈ, നാണിപ്പാവയുടെ ദേഹത്ത് കൊണ്ടു.

അവള്‍, അവനെ കടുപ്പിച്ച് ഉണ്ടക്കണ്ണു കൊണ്ട് ഒരു നോട്ടം നോക്കി. പക്ഷേ ഡാനി, താക്കോല് തന്നെ ഏല്‍പ്പിച്ചതിന്റെ ഹരത്തിലിരുന്ന അപ്പു ജോര്‍ജ് അതൊന്നും കണ്ടില്ല.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

‘പണ്ടും ഡാനിക്ക് എന്നെയാണ് വിശ്വാസം, കുളത്തില്‍ നീന്താന്‍ പോകുമ്പോള്‍ കാവലിന് എന്നെ കരക്കിരുത്തുമായിരുന്നു, എന്തേലും അപകടത്തിലവന്‍ പെട്ടാല്‍ ഞാന്‍ ചാടി കുളത്തിലേക്കിറങ്ങി നീന്തി എന്റെ ചുവന്ന പഞ്ഞിക്കൈകള്‍ കൊണ്ട് അവനെ പിടിച്ചു വലിച്ചു കരയ്‌ക്കെത്തിക്കും എന്ന് അക്കാലത്തൊക്കെ അവന്‍ വിശ്വസിച്ചിരുന്നതോര്‍മ്മയില്ലേ?’ എന്ന് തന്റെ അപ്പുറമിപ്പുറമിരുന്ന മറ്റു പാവകളോട് അവന്‍ ചോദിച്ചു.

‘ഹോ, ഡാനിയുടെ ഒരു കാവല്‍ക്കാരന്‍!’ എന്ന് അപ്പോള്‍ നാണിയ്ക്കും കുഞ്ഞന്നയ്ക്കും അസൂയ പെരുത്തു വന്നുവെങ്കിലും അവരാ അസൂയ ഒന്നും പുറത്തു കാണിച്ചില്ല.

അവര്‍ ഒന്നും പറഞ്ഞില്ല എങ്കിലും അവര്‍ക്കിത്തിരി അസൂയ വരുന്നുണ്ടെന്ന് അപ്പു ജോര്‍ജിന് പെട്ടെന്നു തന്നെ തോന്നി. അങ്ങനെ തോന്നിയതും, അവന്‍ കാര്യങ്ങളൊന്നു മയപ്പെടുത്തി പറഞ്ഞു, ‘അല്ലാ നമ്മള് പാവകളിരിക്കുന്ന അലമാരത്തട്ടിലല്ലേ, ഡാനി വീടിന്റെ താക്കോല് വച്ചിട്ടു പോയിരിക്കുന്നത്! അതിനര്‍ത്ഥം നമ്മള്‍ പാവകളെയാണ് ഡാനി വീടേല്‍പ്പിച്ചു പോയിരിക്കുന്നത് എന്നല്ലേ? ഇപ്പോ ഡാനി ദൂരെ ആണ് എങ്കിലും, എപ്പോള്‍ ഡാനി കയറിവന്നാലും താമസിക്കാന്‍ പാകത്തില്‍ നമ്മള്‍ നന്നായി നോക്കി സൂക്ഷിക്കണം ഈ സുന്ദരം വീട് എന്നല്ലേ ഡാനി അച്ചെയ്തതിനര്‍ത്ഥം?’

‘അതു ശരിയാ, അതു ശരിയാ’ എന്ന് അപ്പോള്‍ നാണിയും കുഞ്ഞന്നയും അച്യുതാനന്ദനും അടങ്ങുന്ന പാവക്കൂട്ടം ഒറ്റസ്വരത്തില്‍ വിളിച്ചുപറഞ്ഞു.

അങ്ങനെയാണ്, അവരെല്ലാം ചേര്‍ന്ന്, ഒരു ‘സുന്ദരംവീട് നോക്കിനടത്തല്‍ മേല്‍നോട്ട കമ്മറ്റി’ ഉണ്ടാക്കിയത്.

അവര് കമ്മറ്റി ഉണ്ടാക്കിയതെങ്ങനെയാണ് എന്നറിയണ്ടേ?

‘പകലൊക്കെ കിടന്ന് ഉറങ്ങാം നമുക്ക്, എന്നിട്ട് രാത്രിയില്‍ നമുക്കൊത്തു കൂടി ഓരോന്നു ചെയ്യാം’ എന്നവര്‍ ആദ്യമേ തന്നെ തീരുമാനിച്ചു.

പകലാണ് അവര്‍ കമ്മറ്റി കൂടുന്നതും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമെങ്കില്‍, സുന്ദരം വീടിനു ചുറ്റുമുള്ള ആളുകള്‍ അവരുടെയെല്ലാം ഒച്ചയും ചര്‍ച്ചയും ബഹളവും കേട്ട്, ‘അല്ലാ ഈ അടച്ചിട്ട വീടിനകത്ത് കള്ളന്മാര്‍ എങ്ങാനും കയറിപ്പറ്റിയോ?’ എന്ന് സംശയിക്കില്ലേ?

എന്നിട്ട് നാട്ടുകാര് പോലീസിലെങ്ങാനും റിപ്പോര്‍ട്ടു ചെയ്താല്‍, പാവം ഡാനി അവന്റെ, അങ്ങ് വളരെ ദൂരെയുള്ള ആ നാട്ടില്‍ നിന്ന് എടുപിടീന്ന് തിരികെ വരേണ്ടി വരില്ലേ കേസന്വേഷണവുമായി ബന്ധപ്പെട്ട്? ഡാനിക്ക് ഉപദ്രവമുണ്ടാക്കാനല്ലല്ലോ, ഉപകാരമുണ്ടാക്കാനല്ലേ അവരുടെ ശ്രമം?

അങ്ങനെ തീരുമാനമൊക്കെ എടുത്തുകഴിഞ്ഞ്, പിറ്റേന്നു രാത്രിയില്‍ അവര്‍ ഒത്തുകൂടി. അവരുടെ ‘പാവസമ്മേളനം’ എവിടെ വച്ചായിരുന്നുവെന്നറിയുമോ?

സുന്ദരം വീട്ടിലെ ഊണുമേശയ്ക്കു ചുറ്റും ഓരോ കസേരയിലായി, അവരോരുത്തരായി ഇത്തിരി ഗമയില്‍ നീണ്ടുനിവര്‍ന്നിരുന്നു.

ഇനി സുന്ദരം വീട്ടില്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് എന്നിട്ടവര്‍, ഒരു ‘സുന്ദരസമ്മേളനം’ നടത്തി.

ഡാനിയും ഡാനിയമ്മയും ഡാനിയച്ഛനും ഉള്ളപ്പോഴത്തെപ്പോലെ സുന്ദരംവീടും പരിസരവും സുന്ദരമായി സൂക്ഷിക്കാന്‍ അവരങ്ങനെ ഒന്നിച്ചുകൂടിയിരുന്ന് തീരുമാനമെടുത്തു.

ആ തീരുമാനം എങ്ങനെ നടപ്പിലാക്കണമെന്നായി അവരോരോരുത്തരുടെയും പിന്നത്തെ ചര്‍ച്ച.

Read More: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

ഓരോരുത്തരും അതിനായി എന്തൊക്കെ ചെയ്യണമെന്ന് പാവ മഹാസമ്മേളനത്തിന്റെ പ്രസിഡണ്ട് നാണിയും സെക്രട്ടറി അപ്പു ജോര്‍ജും വളരെ വ്യക്തമായി അവരോരുത്തരോടും പറഞ്ഞുകൊടുത്തു. അതനുസരിച്ച് ഓരോരോ ചുമതലകള്‍ ഓരോ പാവയ്ക്കുമായി വീതം വയ്ക്കപ്പെട്ടു.

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Priya a s childrens novel sundramvettile visheshangal chapter 2