കുഞ്ഞന്‍പെണ്ണുമൂപ്പത്തിയുടെ മൂക്കുത്തി

ഓരോന്നോര്‍ത്തു കിടന്ന് അച്യുതാനന്ദനു മാത്രം തീരെ ഉറക്കം വന്നില്ല.

അവന്റെ ഓര്‍മ്മയില്‍ പഴയ പലതരം മണങ്ങള്‍ നിറഞ്ഞു. പാടവും വിതയും കൊയ്ത്തും മെതിയും ഒക്കെയുമായി ബന്ധപ്പെട്ട മണങ്ങള്‍…

തെങ്ങുകയറ്റസമയത്ത് തെങ്ങുകയറ്റക്കാരന്‍ കരുണമ്മാമന്‍, ഓരോ തെങ്ങില്‍ നിന്നും പഴുത്ത ഓലയും പിന്നെ ഒന്നു രണ്ടുപച്ചോലകളും വെട്ടിയിടും താഴേക്ക്. അതില്‍ നിന്നു ഓല വറുങ്ങിയെടുത്ത്, വിത്തു കൊട്ട നെയ്യാനിരിക്കുന്ന കരുണമ്മാമനെ അച്യുതാനന്ദനോര്‍ത്തു.

ഒരു സിലിണ്ടര്‍ ആകൃതിയില്‍ നീളത്തിലാണ് വിത്തു കൊട്ട നെയ്യുക. മുകളില്‍ ഒരടപ്പുണ്ടാകും, പച്ചോല കൊണ്ട് തന്നെ. അതു വാതില്‍ പോലെ തുറന്ന് അതിലൂടെയാണ് വിത്ത് അകത്തേക്കിടുക.

അന്നൊക്കെ ഡാനിയ്ക്കും അറിയാമായിരുന്നു പച്ചോല നെയ്യാന്‍.

‘എനിക്കും പഠിക്കണം’ എന്നു ശാഠ്യം പിടിച്ചപ്പോ കരുണമ്മാമന്‍ പഠിപ്പിച്ചു കൊടുത്താണ്. പക്ഷേ അവന്‍ ആള് പിപ്പിരിയല്ലേ. ഒരിടത്ത് ഉറച്ചിരിക്കുമോ? നാലു തവണ ഓലക്കണ മടക്കി മടക്കി നെയ്യല്‍ നടത്തുമ്പോഴേക്ക് അവന് മതിയാകും.

‘ഡാനിക്കൊച്ച് ഒരു വിത്തു കൊട്ട മുഴുവന്‍ നെയ്യുന്നതു കണ്ടിട്ട് കണ്ണടച്ചാല്‍ മതിയായിരുന്നു’ എന്ന് അപ്പോ കരുണമ്മാമന്‍ കളിയാക്കിപ്പറയും.

‘കരുണമ്മാമന്‍ കണ്ണടക്കണ്ട’ എന്നപ്പോ കുഞ്ഞുഡാനി വലിയ വായില്‍ കരയും.

priya as ,childrens novel , iemalayalamഅപ്പോ കരുണമ്മാമന്‍, ഡാനിയ്ക്ക് തെങ്ങോല കൊണ്ട് ഒരു വാച്ചോ കിളിയോ പന്തോ കാറ്റാടിയോ ഉണ്ടാക്കിക്കൊടുക്കും.

‘എന്റെ അച്യുതാനന്ദന്‍പാവക്കും വേണം ഒരു വാച്ച്’ എന്ന് ഒരു ദിവസം ഡാനി പറഞ്ഞതും എന്നിട്ടാ വാച്ച് ഡാനി, തന്റെ കൈയില്‍ കെട്ടിത്തന്നതും അന്നത്തെ തന്റെ ഗമയും ഓര്‍ത്തപ്പോള്‍ അച്യുതാനന്ദന് ചിരി വന്നു. അതു പിന്നെ ഉണങ്ങിയുണങ്ങി എങ്ങാണ്ടഴിഞ്ഞുപോയി.

പിന്നെയങ്ങനെയങ്ങനെ ഡാനി വലുതായിക്കൊണ്ടിരുന്നപ്പോള്‍, ചന്തയില്‍ വിത്തു കൊട്ട വാങ്ങാന്‍ കിട്ടുന്ന കാലവും മെനക്കെട്ടിരുന്ന് വിത്തു കൊട്ട നെയ്യാന്‍ കരുണമ്മാമന് വയ്യാതായ കാലവും വന്നു.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

അപ്പോ ചെല്ലപ്പമ്മാമനും ഡാനിയച്ഛനും കൂടി പനമ്പു കൊണ്ടുള്ള വിത്തു കൊട്ട ചന്തയില്‍ നിന്നു വാങ്ങി വരാന്‍ തുടങ്ങി.

പത്തായത്തില്‍ നിന്നു വാലന്‍കൊട്ടയില്‍ വിത്തുനെല്ലെടുത്ത് വിത്തുകൊട്ടയിലേക്ക് ചൊരിഞ്ഞിട്ട്, അടക്കാമരക്കഷണം ചീകിയുണ്ടാക്കിയ വലിയ സൂചിയില്‍ ചണനൂലുകോര്‍ത്ത് കൊണ്ട് അതിന്റെ വായ തുന്നും ചെല്ലപ്പമ്മാമന്‍. അന്നൊക്കെ ചണനൂലിന് ചാക്കുനൂലെന്നാണ് പറയുക.

പിന്നെയോ, രണ്ടു കൈയിലും ഓരോ വിത്തു കൊട്ട എന്ന പാകത്തില്‍ വിത്തുകൊട്ടകള്‍ കുളത്തിലേക്കെടുത്തു കൊണ്ടുപോകും. എന്നിട്ട് മുങ്ങിയിരിക്കത്തക്കവണ്ണം രാവിലെ അവ കുളത്തില്‍ ഇറക്കിവയ്ക്കും. വെള്ളം കുടിച്ച് നെല്ലു വീര്‍ക്കും. അപ്പോഴോ, ഇപ്പോ കിളിര്‍ക്കുമെന്ന മട്ടിലാകും നെല്ലോരോന്നും.

വൈകുന്നേരമാകുമ്പോ വിത്തു കൊട്ടകള്‍, ചെല്ലപ്പമ്മാമനോ ഡാനിയച്ഛനോ സുന്ദരം വീടിന്റെ കോലിറയത്ത് വെള്ളം വാര്‍ന്നു പോകാന്‍ പാകത്തില്‍ വെള്ളത്തില്‍ നിന്നെടുത്ത് കൊണ്ടു വയ്ക്കും ഡാനിയും പാവകളും, ആ വിത്തുകൊട്ടകളുടെ, കുളത്തിലേക്കും തിരിച്ച് കോലിറയത്തേക്കുമുള്ള യാത്രകള്‍ക്കകമ്പടി സേവിയ്ക്കും.

പിന്നെ രണ്ടുമൂന്നു നാള്‍ കഴിയുമ്പോഴേക്ക് വിത്തു വിതയ്ക്കുന്ന ദിവസമാകും. അതിന്റെ തലേന്നു രാവിലെ, വീണ്ടും കുളത്തിലെ വെള്ളത്തില്‍ ഇറക്കി വയ്ക്കും വിത്തു കൊട്ട… വൈകിട്ടതെല്ലാം എടുത്തു കോലിറയത്തു വെള്ളം വാലാന്‍ വയ്ക്കും.

 

രാവിലെ ഡാനിയും പാവക്കുട്ടികളും എണീറ്റു നോക്കുമ്പോഴോ! നെല്‍മണികള്‍ക്കൊക്കെ വെളുത്ത വേരു വന്നിട്ടുണ്ടാകും.

വിത്തുകുട്ടയുടെ പായ വിടവിലൂടെ വേര് നീണ്ടു വളരും,’ഞങ്ങളെക്കണ്ടോ ഡാനിക്കുട്ടാ എന്നു ചോദിച്ചിറങ്ങിയിറങ്ങി വേരുകള്‍ വരും.

ഡാനിക്ക്, വിത്തു കൊട്ടകള്‍ വെള്ളമീശക്കാരായ ഏതോ ശില്പങ്ങള്‍പോലെ തോന്നും. തൊടാന്‍ പാടില്ല, ആ വെളുവെളാ വേരിലൊന്നും. ഒടിഞ്ഞു പോവില്ലേ അവ?

പിന്നെ വിത്തുകൊട്ടയിലെ വിത്ത് പാടത്തെത്തിക്കാന്‍ തേവന്‍ മൂപ്പനും കണ്ടന്‍ മൂപ്പനും വരും.

വിത്തു കൊട്ട തുറക്കുമ്പോഴോ, ഒറ്റക്കട്ടയായിരിക്കുന്നുണ്ടാവും വിത്തെല്ലാം കൂടി പരസ്പരം കെട്ടിപ്പിടിച്ച്. ആ ഒറ്റക്കട്ട പൊട്ടിച്ച് പല പല കുഞ്ഞുകട്ടകളായി മൂപ്പന്മാര്‍ രണ്ടുപേരും കൂടി കുട്ടയിലേക്ക് ഇടും.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

പാടത്തെ വെള്ളമൊക്കെ, കുറേ മുമ്പേ തന്നെ മൂപ്പന്മാരും സഹായികളും കൂടി പണിപ്പാട്ടുകളും പാടി നിന്ന് ചക്രം ചവിട്ടിവറ്റിച്ചിട്ടുണ്ടാവും. ഇപ്പോ മോട്ടോര്‍ വച്ച് വെള്ളം വറ്റിക്കുന്നതിനു പകരമാണ് അപ്പോഴത്തെ ചക്രം.

ചക്രത്തിന്റെ മരയിലകളിലൊന്നില്‍, തേവമ്മൂപ്പന്‍ ഒരു ദിവസം ഡാനിയെ ഇരുത്തി. ഡാനിയുടെ മടിയില്‍ താനും കുഞ്ഞന്നയുമുണ്ടായിരുന്നു എന്ന് അച്യുതാനന്ദനോര്‍ത്തു.priya as ,childrens novel , iemalayalam

പെട്ടെന്നെണീറ്റു നിന്ന് ഡാനി, ചക്രത്തിന്റെ ഇലകളില്‍ ചവിട്ടാന്‍ തുടങ്ങിയതും താനും കുഞ്ഞന്നയും കൂടി ചെളിവെള്ളത്തില്‍ വീണതും ഓര്‍മ്മയുണ്ടോ എന്നു ചോദിക്കാന്‍ അച്യുതാനന്ദന്‍ കുഞ്ഞന്നയെ ചുറ്റിലും നോക്കി. അവളുണ്ട് ഒരു കുഞ്ഞുമഞ്ഞത്തലയിണയും കെട്ടിപ്പിടിച്ച് നല്ല ഉറക്കത്തിലാണ് എന്നു കണ്ടു അവന്‍.

അപ്പോ അവന്‍, അവളുടെ ദേഹത്ത് ഒന്നു താളമിട്ടുകൊണ്ട് തന്നത്താന്‍ പറഞ്ഞു, ‘നീ ഉറങ്ങിക്കോ, എനിക്കേ ഒട്ടും ഉറക്കം വരുന്നില്ല.’

അന്ന് താനും കുഞ്ഞന്നയും ചെളിയില്‍ പുതഞ്ഞുപോയപ്പോള്‍, ഡാനി പാവം വലിയ കരച്ചിലായി.

അപ്പോ തേവമ്മാമന്‍ ഓടി വന്ന് ഡാനി എന്ന മനുഷ്യക്കുഞ്ഞിനെയും മറ്റേരണ്ടു പാവക്കുഞ്ഞുങ്ങളെയുമെടുത്ത് കരക്കെത്തിച്ചു. ചേറിന്റെ മണമായിരുന്നു അന്ന് മൂന്നു പേര്‍ക്കും .

അമ്മ, ഡാനിയെ ഇഞ്ചതേച്ചു കുളിപ്പിച്ചു. കുളിവെള്ളത്തില്‍ പുല്‍ത്തൈലം ചേര്‍ത്തു. ആ വെള്ളം കൊണ്ടു തന്നെ ഡാനിയമ്മ, രണ്ടു പാവക്കുഞ്ഞന്മാരെയും കഴുകി വൃത്തിയാക്കി.

ഇപ്പോഴും ഉണ്ടോ തനിക്ക് പുല്‍ത്തൈലമണമെന്നു അച്യുതാനന്ദന്‍ കുനിഞ്ഞ് അവനെത്തന്നെ ഒന്നു മണത്തുനോക്കിയിട്ട്, തന്നത്താന്‍ നിന്നു ചിരിച്ചു.

പണിക്കാരില്‍ മൂത്തവരെയാണ് മൂപ്പനെന്നു വിളിക്കുക. അവരാണ് വിത്തു വിതയ്ക്കാനുള്ള പണിയാളുകളെ വിളിച്ചു കൂട്ടുക.

തേവന്‍ മൂപ്പന്റെയും കണ്ടന്‍ മൂപ്പന്റെയും ഭാര്യയും മകളുമൊക്കെയുണ്ടാവും പണിക്കാരുടെ കൂട്ടത്തില്‍.

തേവന്റെ ഭാര്യ കുഞ്ഞന്‍പെണ്ണിന് മൂന്നു മുത്തുകളാടുന്ന സ്വര്‍ണ്ണമൂക്കുത്തിയുണ്ട്. ഡാനി വലുതായി കല്യാണം കഴിക്കുമ്പോ ഡാനിയുടെ കല്യാണപ്പെണ്ണിന് ആ മൂക്കുത്തി കൊടുക്കാമോ എന്നു ഡാനി ചോദിച്ചപ്പോ കുഞ്ഞന്‍ പെണ്ണ് വായില്‍ മുറുക്കാനിട്ടു കൊണ്ടു തന്നെ ചിരിയോടു ചിരിയായി.

എന്തു രസമായിരുന്നു മൂക്കുത്തിമണികളാട്ടിയാട്ടിയുള്ള ആ ചിരി കാണാന്‍ എന്നോര്‍ത്തപ്പോ അച്യുതാനന്ദന് സങ്കടമായി.

പാടത്തെ കൃഷിയൊക്കെ നിന്നു പോയപ്പോ, കുഞ്ഞന്‍പെണ്ണ് വരാതായി.

എത്ര നാളായി കുഞ്ഞന്‍ പെണ്ണിനെ കണ്ടിട്ട്! ഇപ്പോഴും കുഞ്ഞന്‍പെണ്ണിന്റെ മൂക്കില്‍, ഡാനി അവന്റെ കല്യാണപ്പെണ്ണിനു വേണ്ടി മോഹിച്ച ആ മൂക്കുത്തിയുണ്ടാവുമോ?

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook