അറക്കകത്ത് മൂന്നു പേര്‍

ആരുമങ്ങനെയിങ്ങനെയൊന്നും ഈയിടെയായി തുറക്കാത്തതു കൊണ്ട് അറവാതില്‍ തുറന്നപ്പോ, ‘കര്‍കര്‍’ എന്നതിന്റെ മരവാതില്‍ വലിയ ഒച്ചയുണ്ടാക്കി. വാതിലിന്റെ അത്തരം ഒച്ച കേള്‍ക്കുമ്പോള്‍ ,’വാതില്‍ കരയുന്നുണ്ടല്ലോ’ എന്നാണ് ഡാനിയമ്മയും ഡാനിയച്ഛനും പറയുമായിരുന്നത് എന്നു കുഞ്ഞന്നയും അച്യുതാനന്ദനും ഓർത്തു

ആ ഒച്ച കേട്ടാണ് ഉച്ചയുറക്കത്തില്‍ നിന്നു പലപ്പോഴും ഉണര്‍ന്നു ‘ആരോ അറ തുറന്നിട്ടുണ്ടല്ലോ’ എന്നു പറഞ്ഞ്, ഡാനിയമ്മ അനക്കം കേള്‍പ്പിക്കാതെ പുറത്തേക്കു വന്നിരുന്നതും പഴക്കള്ളന്‍ ഡാനിക്കുഞ്ഞനെ കൈയോടെ പിടിച്ചിരുന്നതും.

‘പഴുക്കാനായി അറയുടെ മച്ചിലെ കൊളുത്തില്‍ തൂക്കിയിട്ടിരിക്കുന്ന പഴക്കുലയില്‍ നിന്ന് പഴുത്ത പഴം ഉരിഞ്ഞെടുത്തു തിന്നാന്‍ ഭാവിക്കുമ്പോഴാവും, അമ്മ വന്ന് പഴക്കള്ളന്റെ ചെവിയില്‍ പിടിക്കുന്നത് ‘എന്നവര്‍ തുമ്പിയോട് പറഞ്ഞു ചിരിച്ചു.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

കുഞ്ഞന്ന, പിന്നെ പത്തായം തുറന്നു കാണിച്ചു തുമ്പിയെ. എന്നിട്ട് പറഞ്ഞു, ‘നെല്ലു സൂക്ഷിക്കുന്നയിടമാണ് പത്തായം. വിത്തുനെല്ലും പുഴുങ്ങി അരിയാക്കാനുള്ള നെല്ലും രണ്ടായിട്ടാ പത്തായത്തില്‍ ഡാനിയച്ഛന്‍ വയ്ക്കുക. ഒരാള്‍ക്ക് കയറി നില്‍ക്കാം പത്തായത്തില്‍.’

‘ചെല്ലപ്പാമ്മാമനാണ് പത്തായത്തിനകത്തു കയറാറ്. പത്തായത്തിനു മുകളിലെ തട്ടിലാണ് ഡാനിയും അലമേലുവും ഒക്കെ നാടകം കളിച്ചിരുന്നത്. ‘അറയുടെ അടിയില് വേറൊരു കുഞ്ഞു ഭാഗവും അതിനടപ്പും കണ്ടില്ലേ നീയ്, അതിന് നിലവറ എന്നു പറയും. അവിടെയാണ് നെയ്യും അച്ചാറു ഭരണികളും ഒക്കെ സൂക്ഷിക്കുക,’ എന്നു കുഞ്ഞന്ന പറഞ്ഞപ്പോള്‍ തുമ്പി അവിടമെല്ലാം കണ്ണു മിഴിച്ചു നോക്കി.

‘ഒരു ദിവസം ഡാനിയെ കൂട്ടി ഡാനിയച്ഛന്‍ അറക്കകത്തു പോയപ്പോ, അവന്റെ ഒക്കത്ത് ഞാനുണ്ടായിരുന്നു. ഞാനെന്റെ പാവക്കണ്ണു മിഴിച്ച് അപ്പോഴാണ് അറയും പത്തായവുമെല്ലാം നോക്കിക്കണ്ടത് .ഡാനിയച്ഛന്‍ അന്നു ഞങ്ങളെ പത്തായപ്പുറത്തിരുത്തി,’ കുഞ്ഞന്ന തുടര്‍ന്നു.priya as ,childrens novel, iemalayalam
‘വീട്ടാവശ്യത്തിനുള്ള അരിയാക്കിയെടുക്കാനായി ചെല്ലപ്പമ്മാമന്‍ പത്തായത്തിനകത്തുനിന്ന് നെല്ല് വാലന്‍കുട്ടയിലും പറയിലുമൊക്കെയായി അളന്നെടുത്തു കൊടുത്തത് കുട്ടകത്തിലിടും ദേവകിയമ്മ. പിന്നെ മുറ്റത്തടുപ്പു കൂട്ടി നെല്ലുപുഴുങ്ങും.’

അതെയോ, അങ്ങനെയാണോ എന്നു ചോദിക്കും പോലെ തുമ്പി ചിറകടിച്ചു

‘നെല്ലു പരത്തിയിട്ട ചിക്കുപായയുടെ നാലുമൂലയ്ക്കുമായി ഡാനിപ്പൊക്കത്തില്‍ മാന്താമ്പൊളി കെട്ടി അതില്‍ ചാക്കുനൂല്‍ കെട്ടി വയ്ക്കും അതിനിടെ ദേവകിയമ്മ. അങ്ങനെ ചെയ്താലേ കാക്കയും കിളികളും നെല്ലു കൊത്തിത്തിന്നാനായി വരാതിരിക്കുള്ളൂ. പറന്നു വരുമ്പോ ആ നൂലില്‍ തട്ടി വീഴുമോന്നു പേടിയായിട്ട് അവര്‍ വരാതിരിക്കും.’ അച്യുതാനന്ദൻ ഇടക്ക് കയറി പറഞ്ഞു.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

പക്ഷേ അണ്ണാന്‍ സൂത്രക്കാരനാണ്. അവന്‍ നൂലിനടിയിലൂടെ കയറിവന്ന്, നെല്ലെടുത്ത് അവന്റെ കൈയില്‍ പിടിച്ച്, ആരെങ്കിലും വരുന്നുണ്ടോ എന്നു കള്ളക്കണ്ണിട്ടുനോക്കി അതിന്റെ തൊണ്ടു പൊളിച്ച് കളഞ്ഞ് അരി തിന്നും.

അവിടുന്നെങ്ങാനും എന്തെങ്കിലും ആവശ്യത്തിന് മാറിപ്പോകേണ്ടി വന്നാല്‍ ദേവകിയമ്മ , കാവല്‍പ്പണി ഡാനിയെ ഏല്‍പ്പിക്കും. ഡാനിയോ, പാവം തോന്നി ഇടക്കൊരു പിടി നെല്ലെടുത്ത് അണ്ണാരക്കണ്ണനും കാക്കകള്‍ക്കും പ്രാവുകള്‍ക്കുമായി വീതിച്ചു കൊടുത്തിട്ട്,  ‘ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ’ എന്ന മട്ടിലിരിക്കും…

പക്ഷേ ദേവകിയമ്മ തിരിച്ചുവരുമ്പോള്‍, എങ്ങനെയാണെന്നറിഞ്ഞുകൂടാ, അവന്റെ കള്ളത്തരം കണ്ടുപിടിച്ചെടുക്കും.

‘ഈ ദാനശീലന്റെ കാര്യം ഞാന്‍ പറയണോ അമ്മയോട്,’ എന്നു ശബ്ദം താഴ്ത്തി ചോദിക്കും പിന്നെ ദേവകിയമ്മ.

‘വേണ്ട, വേണ്ട’ എന്നു ചുണ്ടിനു കുറുകെ വിരല്‍ വച്ച് കെഞ്ചി നില്‍ക്കും ഡാനി.
നെല്ലു പുഴുങ്ങിക്കഴിയുമ്പോള്, ആ കനലില്‍ ചിലപ്പോള്‍ കശുവണ്ടി ചുട്ടുതരും ദേവകിയമ്മ.

ചുട്ട കശുവണ്ടി, ഒരു കമ്പു കൊണ്ടു തോണ്ടി കനലില്‍നിന്നു മണ്ണിലേക്കിടും. പിന്നതു കല്ലില്‍ വച്ചു തല്ലി പിളര്‍ന്നെടുക്കുമ്പോ, ഇളം റോസ് നിറത്തില്‍ കശുവണ്ടിപ്പരിപ്പ്, ‘എന്നെ തിന്നു നോക്കൂ നല്ല ഒന്നാന്തരം സ്വാദാ, കടയില്‍ നിന്നു വാങ്ങണ അണ്ടിപ്പരിപ്പൊന്നും ഞങ്ങടെ നാലയലത്തു വരില്ല’ എന്നു പറയും.priya as ,childrens novel, iemalayalam
അതിന്റെ തൊലി പൊളിക്കുമ്പോള്‍, നഖം വേദനിക്കും, എന്നാലും സാരമില്ല, നല്ല രസികന്‍ കശുവണ്ടിപ്പരിപ്പു തിന്നാമല്ലോ എന്നോര്‍ത്ത് നഖം വേദന കൂട്ടാക്കാതെ പിന്നെയും കശുവണ്ടി പൊളിക്കല്‍ തുടരും ഡാനിക്കുഞ്ഞന്‍…

‘വെറുതെ കശുവണ്ടിപ്പരിപ്പിന്റെ കാര്യമൊക്കെ പറഞ്ഞ് ഞങ്ങളെ കൊതിപ്പിക്കുകയാണോ നീയ്, എന്റെ കുഞ്ഞന്നപ്പെേേണ്ണ?’ എന്നു ചോദിച്ചു അപ്പോ അപ്പു ജോര്‍ജ് നായരും നാണിയും.

നെല്ലു പുഴുങ്ങലിന്റെ കഥ തീർന്നപ്പോഴേക്ക് ‘ നമ്മുടെ തുമ്പിയുണ്ടല്ലോ, അവള് ജനലിലൂടെ മുറ്റത്തെ ചെമ്പരത്തിയിലേക്ക് പറന്നു പോയി

അവര് നിലത്ത് നീണ്ടുനിവര്‍ന്നു കിടക്കുകയായിരുന്നു. ഒരു കുപ്പീന്ന്, ഇടക്കിടക്ക് എഴുന്നേറ്റിരുന്ന് വെള്ളമെടുത്ത് മടുമടാന്നു കുടിക്കുന്നുമുണ്ടായിരുന്നു രണ്ടുപേരും.

‘ആഹാ, നിങ്ങളെപ്പോ എത്തീ ഇവിടെ?’ എന്നു ചോദിച്ചു അപ്പോള്‍ കുഞ്ഞന്ന.

‘ഞങ്ങക്ക് നടുവു കഴച്ചിട്ടുവയ്യ, ഈ സുന്ദരം വീട് അടുക്കിപ്പെറുക്കീട്ട്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കുമായിരുന്നല്ലോ അപ്പണി. ആ കസേര അങ്ങോട്ട് വലിച്ചിട്ടും ആ കുഷനിങ്ങോട്ടു മാറ്റി വച്ചും ബെഡ് ഷീറ്റ് മാറ്റി വിരിച്ചുമൊക്കെ ഞങ്ങടെ പാടു വന്നു. ഈ വലിയ, വലിയ, ആകാശത്തോളമുള്ള ബെഡ്ഷീറ്റൊക്കെ നമ്മുടെ കുഞ്ഞുപാവക്കൈയിലാക്കി കുടഞ്ഞു വിരിക്കാനൊക്കെ എന്തൊരു കഷ്ടപ്പാടാണ്!അങ്ങനെ മടുത്ത് ഇത്തിരി വെള്ളം കുടിക്കാനിറങ്ങിയപ്പോഴാ, നിങ്ങളുടെ നെല്‍പ്പുരാണം കേട്ടതും ഞങ്ങളിങ്ങോട്ടു വന്നത്,’ എന്നു പറഞ്ഞു അവര്‍.

കുഞ്ഞന്ന ചെന്ന് അപ്പു ജോര്‍ജിന്റെയും നാണിയുടെയും ഉള്ളം കൈ പിടിച്ചു നിവര്‍ത്തി നോക്കി. ‘അയ്യയ്യോ, ശരിയാണല്ലോ, കസേരേം ദീവാനും ഡൈനിങ് ‌റ്റേബിളുമൊക്കെ എടുത്തങ്ങോട്ടുമിങ്ങോട്ടും മാറ്റിയിട്ടിട്ട് വീര്‍ത്ത് വിങ്ങിയിട്ടുണ്ടല്ലോ ഇവരുടെ കൈ,’ എന്നു മൂക്കത്തു വിരല്‍ വച്ചു നിന്നു കുഞ്ഞന്ന.priya as ,childrens novel, iemalayalam
ഡാനിയുടെ കാലുളുങ്ങലും കൈ മുറിയലും പതിവായിരുന്ന അവന്റെ കുട്ടിക്കാലത്ത് ഡാനിയമ്മ ചെയ്യണ ഒരു വിദ്യ പെട്ടെന്നവളോര്‍ത്തു.

മുകളില്‍ സോളാര്‍ ഹീറ്ററുള്ളതു കൊണ്ട് എപ്പോള്‍ വേണമെങ്കിലും കിട്ടുമല്ലോ ചൂടുവെള്ളം. ഓടിപ്പോയി ഒരു മഗില്‍ ചൂടുവെള്ളം പിടിച്ചു കൊണ്ടുവന്നു അവള്‍. എന്നിട്ടതിലേക്ക് ഇത്തിരി ഉപ്പെടുത്തിട്ടു അടുക്കളഭരണിയില്‍ നിന്ന്. അതിനുശേഷം, അപ്പു ജോര്‍ജിന്റെയും നാണിയുടെയും നീരുവച്ച കൈ, അതില്‍ മുക്കിവച്ചു.

‘ഇപ്പം നീര് വലിയും, വേഗം മൂറിവ് ഉണങ്ങും’ എന്നു പറഞ്ഞവളവരെ ആശ്വസിപ്പിച്ചു. എന്നിട്ട് വിശറി എടുത്തു കൊണ്ടുവന്ന് അവരെ വീശി വീശി ഉറക്കി. ഉറങ്ങിയ അവരെ, അവളെടുത്ത് ചൂരലൂഞ്ഞാലയില്‍ കിടത്തി. പിന്നെ പുതപ്പിച്ചു.

പിന്നെയവള്‍ ആ വിശറി എടുത്തിടത്തു കൊണ്ടുവച്ചു. അത്, ഡാനിയച്ഛന്റെ പാള വിശറിയാണ്. എല്ലാം എടുത്തിടത്തു തന്നെ തിരിച്ചു വയ്ക്കണമെന്ന് ഡാനിയച്ഛന് വലിയ നിര്‍ബന്ധമാണ്.

ഡാനിയച്ഛന് കാലുവയ്യാതായതില്‍പ്പിന്നെ ഒരു വടി കുത്തിയാണ് ഡാനിയച്ഛന്‍ നടക്കാറ്.
ആ വടി, തറയില്‍ മുട്ടുമ്പോഴുള്ള ശബ്ദം ഇപ്പോഴും സുന്ദരം വീട്ടില്‍ കേള്‍ക്കാമെന്നു തോന്നി അവള്‍ക്ക്.

അവള്‍ക്ക് പെട്ടെന്ന് സങ്കടം വന്നു. ഇനി എന്നാണവരെല്ലാവരും തിരിച്ചു വരിക? അതോ വരില്ലേ?

പിന്നെ അവരെല്ലാം ഉറങ്ങാന്‍ പോയി.

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook