Latest News

സുന്ദരം വീട്ടിലെ വിശേഷങ്ങള്‍-7

വീടിൻ്റെ മൂലകളിൽ കൂട്ടിയ നെല്ല്, നെൽ മലയാണെന്നു സങ്കല്പിക്കും ഡാനി. എന്നിട്ടതിൽ നിന്നൂർന്നിറങ്ങി കളിയ്ക്കും. ഒപ്പം പാവകളുമുണ്ടാവും

priya as ,childrens novel, iemalayalam

കഥ കേള്‍ക്കാനൊരു തുമ്പി

കുഞ്ഞന്ന ചോദിച്ചു , ‘നിനക്കോര്‍മ്മയുണ്ടോ, കൊയ്ത്തു കഴിഞ്ഞ് മുറ്റത്ത് കൂട്ടിയിട്ട വൈക്കോലിന്മേല്‍ കയറി കുത്തിമറിയാനായി ഡാനി, അവന്റെ കുട്ടിക്കാലത്ത് നമ്മളെയും കൊണ്ട് പോയത്?’ അച്യുതാനന്ദന്‍ തലയാട്ടി.

‘വൈക്കോല്‍പ്പൊടിയില്‍ മുങ്ങി തിരിച്ചു വന്ന ഡാനിയെ, ഡാനിയമ്മ വഴക്കു പറഞ്ഞ് ഉരച്ചു തേച്ചു കുളിച്ചു കുട്ടപ്പനാക്കിയതും നമ്മളെ വാഷിങ് ‌മെഷീനിലിട്ടു കഴുകിയുണക്കാന്‍ വെയിലത്തു വച്ചതും ഓര്‍മ്മയുണ്ടോ നിനക്കെ’ന്നായി അപ്പോള്‍ കുഞ്ഞന്ന.

അച്യൂതാനന്ദന് അതെല്ലാം ആലോചിച്ചപ്പോള്‍ കുടുകുടെ ചിരി വന്നു. അപ്പോ ഒരു തുമ്പി വന്നിരുന്നു ഭിത്തിയില്‍.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

‘നിനക്കു കേള്‍ക്കണോ നെല്ലുണക്കിയെടുക്കുന്നതിന്റെ രീതികളെല്ലാം?’ എന്നു ചോദിച്ചു അവന്‍. ‘വേണം വേണം’ എന്നു പറയുമ്പോലെ തുമ്പി ചിറകടിച്ചു കൊണ്ടിരുന്നു.

ആ ചിറകടിയില്‍ രസം പിടിച്ച് അവന്‍, ഓരോന്ന് ഓര്‍ത്തോര്‍ത്തെടുത്ത് എണ്ണിയെണ്ണി പറയാന്‍ തുടങ്ങി. അവന്‍ തുമ്പിയോടു പറയുന്നത് കേട്ടു കേട്ടു തലയാട്ടി ഇരുന്നു കുഞ്ഞന്ന.

‘അന്ന് ഈ വീടിന്റെ ഓരോ മൂലയിലും നെല്ലു കൂട്ടിയിടുമായിരുന്നു. കൊയ്ത്തു കഴിഞ്ഞ് വെയിലത്തിട്ടുണക്കി പേറ്റിയെടുക്കണം നെല്ല്. വരും കൊല്ലം മുഴുവന്‍ ഉപയോഗിക്കാനുള്ള നെല്ലെല്ലാം, പിന്നെയാണ് പത്തായത്തിലേക്കിടുക.

നെല്ലുണക്കാന്‍ മുറ്റത്ത് ദേവകിയമ്മയും കല്യാണിയമ്മയും കൂടി ചിക്കുപായ വിരിക്കുമ്പോത്തന്നെ വെയിലു മങ്ങാന്‍തുടങ്ങും.

‘എന്നേം നെല്ലിനേം കൂടി കാണുമ്പോഴേ ഒരു പതിവു മങ്ങലുള്ളതാ ഈ വെയിലിന്’ എന്നു ദേവകിയമ്മയ്ക്ക് അപ്പോ ദേഷ്യം വരും.

മുറ്റത്തു പാവിരിച്ച് അതില്‍ നെല്ലുണങ്ങാനിട്ടാല്‍പ്പിന്നെ, വീട്ടില്‍ എല്ലാവരുടെയും ഒരു കണ്ണ് എപ്പോഴും മാനത്തേക്കായിരിക്കും. മാനത്ത് കാറു വയ്ക്കുന്നുണ്ടോ, മഴയെങ്ങാന്‍ തൂളുന്നുണ്ടോ എന്നു ശ്രദ്ധിക്കാനാണത്. അതിനിടെ പമ്മിപ്പമ്മി വരും ഒരു കള്ള മഴ.priya as ,childrens novel, iemalayalam
‘ഡാനിക്കൊച്ചേ, എന്റെ കൈയീന്ന് തല്ലു മേടിക്കും ഈ മഴവികൃതിച്ചെക്കന്‍ എന്നാ തോന്നണത്’ എന്ന് ചിക്കു പായയിലെ നെല്ലിന് കാവലിരിക്കുന്ന ദേവകിയമ്മ പറയും. മഴ  അതൊന്നും വക വയ്ക്കില്ല. പിന്നെയും പെയ്യും മഴ.

‘മഴ, ഒരു പെണ്‍കുട്ടിയാണ് ദേവകിയമ്മേ’ എന്നുറക്കെ വിളിച്ചു പറയും വരാന്തയിലെ തൂണും കെട്ടിപ്പിടിച്ചു മഴച്ചാറ്റിലിലേക്ക് കാല്‍ നീട്ടി കളിച്ചുനില്‍ക്കുന്ന ഡാനി. മഴത്തുള്ളിയൊച്ച, മഴപ്പെണ്‍കുട്ടിയുടെ പാദസരത്തിന്റെ ഒച്ചയാണ് എന്ന് ഡാനിക്ക് നല്ല ഉറപ്പാണ്.

ദേവകിയമ്മയുടെയും ഡാനിയുടെയും വാദമൊന്നും വകവയ്ക്കാതെ അപ്പോഴേക്ക്, മുറ്റത്ത് ചരല്‍ വാരിയിടുന്ന ഒച്ചയില്‍ പെയ്ത്തുതാളം ഒന്നു കൂടി മുറുക്കിയിട്ടുണ്ടാവും മഴ.
പിന്നെയോ, എല്ലാരും കൂടി മുറ്റത്തിറങ്ങി പരക്കം പായും.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

ഉണങ്ങാനിട്ട നെല്ലു, മഴ നനയാതെ വാരി തിരിച്ചു വീട്ടിലേക്കെത്തിക്കാനുള്ള എല്ലാവരുടെയും വെപ്രാളമൊന്ന് കാണേണ്ടതു തന്നെയാണ്! ആ വെപ്രാളക്കൂട്ടത്തില്‍ കുഞ്ഞുഡാനി പങ്കു ചേരുന്നതെങ്ങനെയെന്നറിയേണ്ടേ?

കുട്ടകളിലാക്കി, ചാക്കിലാക്കി നെല്ലുവാരിക്കൊണ്ട് വീടിനകത്തേക്കോടുന്നവരുടെ കൂടെ ഡാനിയും സ്പീഡില് ഓടും. എന്നിട്ട് തട്ടിത്തടഞ്ഞ് വീഴും.

‘കൊച്ചൊന്ന് ഈ ബഹളത്തിന്റെടേന്ന് മാറിനിക്കാവോ, അങ്ങനൊരു ഉപകാരം ചെയ്യാവോ,’ എന്നു കല്യാണിയമ്മ ഡാനിക്കൊച്ചിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു കൊണ്ട് ഒരു ചിരിയോടെ ചോദിക്കും.

അതോടെ ഡാനി പിണങ്ങി വരാന്തയിലേക്കു കയറി തൂണിനെ കെട്ടിപ്പിടിച്ചു കൊണ്ടുള്ള മഴക്കളി തുടരും. അതാണ് പതിവ്. ഒടുക്കം മുറ്റത്തെ നെല്ലെല്ലാം വാരി വീടിന്റെ ഏതെങ്കിലും മൂലകളില്‍ കൂട്ടും എല്ലാവരും കൂടി.

ചുറ്റും ആരുമില്ലാത്തപ്പോ അത് ഒരു കൂറ്റന്‍ നെല്‍മലയാണെന്നു സങ്കല്‍പ്പിച്ച് ഡാനി , അതില്‍ നിന്നൂര്‍ന്നിറങ്ങും . പാവകളെക്കൊണ്ടും അവനതു തന്നെ ചെയ്യിക്കും .priya as ,childrens novel, iemalayalam
ഒടുക്കം, അതു കണ്ടോണ്ട് ഡാനിയുടെ അച്ഛന്‍ പ്രത്യക്ഷപ്പെടും. എന്നിട്ട് പറയും, ‘ആഹാ നിന്റെ അനക്കം കേള്‍ക്കാതിരുന്നപ്പോഴേ ഞാന്‍ വിചാരിച്ചു എന്തെങ്കിലും വികൃതിപ്പണി ഒപ്പിക്കുകയയിരിക്കും എന്ന്…

ചെലപ്പോ, ‘അടി വേണോ?’ എന്ന് കുഞ്ഞുഡാനിയുടെ നേരെ ഡാനിയച്ഛന്‍ കൈയോങ്ങും.
‘വെറുതെയാ, അച്ചയെന്നെ അടിക്കില്ല എന്നെനിക്കറിയാമല്ലോ’ എന്നു പറഞ്ഞ് ഡാനി പതുങ്ങിനിന്ന് ചിരിക്കും.

അപ്പോ, അച്ഛന്‍ അകത്തേക്കുനോക്കി ഡാനിയമ്മയോട് വിളിച്ചു പറയും ‘തന്റെ പുത്രനേം പുത്രന്റെ ഒരായിരം പാവകളെയും ഈ നെല്ലിങ്കൂട്ടത്തില്‍ നിന്നെടുത്തു കൊണ്ടൊന്നു പോകാമോ?’

അമ്മ അപ്പോള്‍ ചിരിച്ചു കൊണ്ടു വരും, ‘ഇതെന്താ കോലാഹലമേടായോ,’ എന്നു ചോദിച്ച്.
അങ്ങനെയങ്ങനെ നെല്ലുണക്കുകഥ അച്യുതാനന്ദന്‍ പറഞ്ഞു നിര്‍ത്തിയപ്പോ, കുഞ്ഞന്ന ചോദിച്ചു തുമ്പിയോട്, ‘നിനക്കു കാണണോ അറയും പത്തായവുമൊക്കെ?’

‘യെസ്, യെസ് ‘ എന്നു പറയുമ്പോലെ തുമ്പി ചിറകടിച്ചു. ‘അറയോ പത്തായമോ ഒന്നും ഞാന്‍ കണ്ടിട്ടില്ല ഇതുവരെയും’ എന്നു പറഞ്ഞു തുമ്പി.തുമ്പിയെയും കൂട്ടി അച്യുതാനന്ദനും കുഞ്ഞന്നയും അങ്ങനെ അറ കാണിക്കാന്‍ പോയി.

മടിച്ചിക്കോതയായിരുന്നു തുമ്പി. ചിറകടിച്ചു പറക്കാന്‍ മടിയായിട്ട്, അവള്‍ കുഞ്ഞന്നയുടെ തലമുടിയില്‍ പറന്നു കയറിയിരുന്നു. ‘അമ്പടി മടിച്ചിക്കോതേ’ എന്നു വിളിച്ചു അച്യുതാനന്ദനവളെ. അവള്‍ക്കുണ്ടോ വല്ല കൂസലും!

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya a s childrens novel sundaramvettile visheshangal chapter 7

Next Story
സുന്ദരം വീട്ടിലെ വിശേഷങ്ങള്‍-6priya as ,childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com