കാക്കച്ചിവിശേഷങ്ങള്‍

കാക്കകളായ കാക്കകളെയെല്ലാം വിളിച്ചു കൊണ്ടുവന്ന്, സുന്ദരം വീടിന്റെ മുറ്റത്തൊക്കെ മാങ്ങയും കശുമാങ്ങയും ആഞ്ഞിലിച്ചക്കയും വീണു ചീഞ്ഞളിഞ്ഞു കിടക്കുന്നത് കൊത്തിക്കളയിക്കാമെന്ന നാണിയുടെ പദ്ധതി അച്യുതാനന്ദന് വളരെ ഇഷ്ടപ്പെട്ടു.

കാക്കച്ചി അവളപ്പോത്തന്നെ മുറ്റത്തേക്ക് പറന്നിറങ്ങി, ഒരു ആഞ്ഞിലിച്ചക്ക പഴുത്തു പൊട്ടിവീണ് ഈച്ചയാര്‍ത്തു കിടന്നിരുന്നതെടുത്ത്, ‘ഇതു കൊണ്ടെവിടെ കളയു’മെന്നാലോചനയിലായി.

അപ്പോഴാണ് കീരിക്കുട്ടനും അണ്ണാരക്കണ്ണനും ആ വഴി വന്നത്. ‘ഞങ്ങളും സഹായിക്കാം സുന്ദരം വീടിന്റെ മുറ്റം നന്നാക്കാന്‍’ എന്നായി അവര്‍. കീരിക്കുട്ടപ്പന്‍ മുറ്റത്തിന്റെ ഒരു കോണില്‍, അവന്റെ രണ്ടു കൈ കൊണ്ടും മാന്തി, കംപോസ്റ്റിനുള്ള കുഴി തയ്യാറാക്കിക്കൊടുത്തു.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

അണ്ണാരക്കണ്ണനും കാക്കച്ചിയും കൂടി മത്സരിച്ചു മത്സരിച്ച്, മുറ്റത്തു കിടക്കുന്ന ചീഞ്ഞതും വീണു പൊട്ടിയതും ഏതെല്ലാമോ ജീവികള്‍ കാരിത്തിന്നതും കൊത്തിത്തിന്നതുമായ ആഞ്ഞിലിച്ചക്കകള്‍, കശുമാങ്ങകള്‍, മാങ്ങകള്‍, ഇലുമ്പന്‍ പുളികള്‍, പേരയ്ക്കകള്‍ ഇതെല്ലാം കൊത്തിയെടുത്തും വലിച്ചു കൊണ്ടുവന്നും അതിലിട്ടു.

കാക്കച്ചി അവിടിരുന്നു ‘കാകാകാ’ എന്നു തൊള്ള തുറന്ന്, മറ്റു കാക്കക്കൂട്ടുകാരെ മുഴുവന്‍ വിളിച്ചു വരുത്തി.

കാക്കകളുടെ ‘കാകാ’ ബഹളം കേട്ട്, ‘ഒരു കാക്കമഹാസമ്മേളനം നടക്കുന്നുണ്ടല്ലോ സുന്ദരം വീട്ടില്‍, അവിടെ എന്താ വിശേഷം എന്നൊന്നു ചെന്നു നോക്കിയേക്കാം’ എന്നു വിചാരിച്ച് ഓന്തും തേന്‍കുരുവികളും ഉപ്പനും ഒക്കെ പിന്നെ അങ്ങോട്ടു മാര്‍ച്ചു ചെയ്‌തെത്തി.

പിന്നെ അവിടെ വൃത്തിയാക്കലുകാരുടെ ബഹളമായി. മാങ്ങാത്തുണ്ടും പേരയ്ക്കാത്തുണ്ടുമൊന്നും പെറുക്കാന്‍ ശേഷിയില്ലാത്ത കുഞ്ഞിക്കിളികള്‍ വരെ വൃത്തിയാക്കല്‍ യജ്ഞത്തില്‍ പങ്കുചേര്‍ന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. അവര് പെറുക്കിക്കൊണ്ടുവന്ന് കംപോസ്റ്റ് കുഴിയിലിട്ടതെന്താണെന്നറിയാമോ! കനമില്ലാ കരിയിലകള്‍…priya as ,childrens novel, iemalayalam

ഉച്ചയായപ്പോഴേക്ക്, മുറ്റം ക്‌ളീന്‍ ക്‌ളീന്‍. നിലമടിച്ചു വാരലെല്ലാം കഴിഞ്ഞ്, മേലെല്ലാം കഴുകി വന്നു കഴിഞ്ഞിരുന്നു അപ്പോഴേക്ക് അച്യുതാനന്ദന്‍.

അവന്‍ അടുക്കളവശത്തെ അരപ്രൈസില്‍ കുഞ്ഞിക്കാലും നീട്ടിവച്ച്, തൂണില്‍ ചാരിയിരുന്ന് കിളികളുടെയും കീരികളുടെയും അണ്ണാറക്കണ്ണന്മാാരുടെയും മുറ്റം വൃത്തിയാക്കല്‍ യജ്ഞത്തിനു മേല്‍നോട്ടം നടത്തി.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

സുന്ദരംവീട് അടിച്ചു തുടച്ച്, അവന് നടുവു കഴക്കാന്‍ തുടങ്ങിയിരുന്നു. അവന്റെ നടുവും താങ്ങിയുള്ള ഇരിപ്പു കണ്ട്, മുറ്റത്തെ ചെത്തിപ്പൂവുകളിലേയും ചെമ്പരത്തിപ്പൂവുകളിലേയും പൂമ്പാറ്റകള്‍ അവന്റെയടുത്തേക്ക് പറന്നു വന്നു. എന്നിട്ട് അവരുടെ ചിറകുകള്‍ കൊണ്ട്, അവന്റെ നടുവുഴിഞ്ഞു. അപ്പോ അവന്റെ നടുവുകഴപ്പ്, മായാജാലം കൊണ്ടെന്ന പോലെ ഞൊടിയിടകൊണ്ട് സുഖകരമായി മാറിപ്പോയി.

‘ഓറഞ്ച് നിറക്കാരാ, ഊത്തക്കക്കവിളാ’ എന്നു വിളിച്ച് ഡാനി പണ്ടുപണ്ട് ച്യുതാനന്ദനെ മടിയിലിരുത്തി കുഞ്ഞിച്ചുണ്ടുകള്‍ കൊണ്ട് തന്നെ തുരുതുരെ ഉമ്മവയ്ക്കുന്നതു പോലെ തോന്നി അവനാ പൂമ്പാറ്റച്ചിറകുകളവനെ തൊട്ടപ്പോള്‍.

ഡാനി പോയിരിക്കുന്ന ആ നാട്ടിലെ പാവകള്‍ക്ക്, ഞങ്ങളുടെ ഛായയാവുമോ എന്നവന്‍ വെറുതെയോര്‍ത്തു.

‘ഡാനി ഇപ്പോള്‍ ഒരുപാട് വലുതായി ജോലിക്കാരനും മീശക്കാരനും കാശുകാരനും ഒക്കെയായെങ്കിലും, ഇപ്പോഴും സുന്ദരം വീട്ടില്‍ വന്നാല്‍ ഷെല്‍ഫു തുറന്ന് ഞങ്ങള്‍ പാവകളെയെല്ലാം കൗതുകത്തോടെ നോക്കിനില്‍ക്കാറുണ്ടെന്നും ചിലപ്പോള്‍ ഞങ്ങളുടെയെല്ലാം തലയില്‍ ഒന്നു തലോടാറുണ്ടെന്നും ചിലപ്പോള്‍ ഞങ്ങളെയെല്ലാം എടുത്ത് പൊടിതുടക്കാറുണ്ടെന്നും,’ അവന്‍ കാക്കകളോട് പറഞ്ഞു.

അച്യുതാനന്ദന്‍ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ട്, ‘അതെയോ, അങ്ങനെയാണോ’ എന്നു ചോദിക്കുമ്പോലെ തല ചെരിച്ചുനിന്നു കാക്കകള്‍.priya as ,childrens novel, iemalayalam

അക്കാര്യമെല്ലാം ഓര്‍ത്തപ്പോള്‍ അച്യുതാനന്ദന്, ഡാനിയെ കാണാന്‍ കൊതിയായി.

‘ഡാനി വലുതാകേണ്ടിയിരുന്നില്ല എന്നു തോന്നുന്നുണ്ടോ?’ എന്നു ചോദിച്ചു കാക്കച്ചി.

‘ഡാനിയും നമ്മളുമൊക്കെ വലുതാകാതെങ്ങനാ കാക്കച്ചീ, ഭൂമീലെല്ലാവരും വലുതായല്ലേ പറ്റൂ,’ എന്നു ഒരു നെടുവീര്‍പ്പോടെ പറഞ്ഞു അച്യുതാനന്ദന്‍.

 

Read More : പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

കാക്കച്ചിക്ക് അവളുടെ ചിറ്റയായ ചാരക്കാക്ക പറഞ്ഞാണ് ഡാനിയെ കൂടുതല്‍ പരിചയം. ഡാനിയും ചിറ്റയും ജനിച്ചത് ഒരേ ദിവസമാണത്ര. എന്തു നല്ല ആഹാരം കിട്ടിയാലും ഡാനി, അതിലൊരു പങ്ക് അവന്റെ കൂട്ടുകാരി ചാരക്കാക്കയ്ക്ക് മാറ്റിവയ്ക്കുമായിരുന്നുവെത്ര.

പിന്നെ വളര്‍ന്ന് വലുതായപ്പോള്‍, ഒരു ദിവസം ചാരക്കാക്കച്ചിറ്റ കല്യാണം കഴിഞ്ഞ് വേറെ നാട്ടിലേക്കു പോയി. എന്നാലും വല്ലപ്പോഴുമൊക്കെ നാട്ടില്‍ തിരിച്ചു വരുമ്പോള്‍ അവള്‍ സുന്ദരം വീട്ടില്‍ വരികയും ഡാനി അവളെ തിരിച്ചറിയുകയും ചെയ്യുമായിരുന്നുവത്രെ.

അത്ര നല്ലൊരു ഡാനിക്കുഞ്ഞന്റെ പാവയാകാന്‍ പറ്റിയത് വല്യൊരു നല്ല കാര്യമാണെന്ന് അച്യുതാനന്ദന്, കാക്കച്ചി പറഞ്ഞതൊക്കെ കേട്ടപ്പോള്‍ ഒന്നു കൂടി ബോദ്ധ്യമായി.

അവനോടിച്ചെന്ന് ഡാനിയുടെ ഫോട്ടോയിലുമ്മ വച്ചു.

നോക്കുമ്പോ, കുഞ്ഞന്ന ആ ഫോട്ടോയെ തൊട്ടുതൊട്ടുതൊട്ടിരിപ്പുണ്ട്. അവളും ഡാനിയെക്കുറിച്ച് എന്തോ ഓര്‍ക്കുകയാണെന്നവന് തോന്നി.

അവന്‍, അവളുടെ താടിയില്‍ പിടിച്ച് അരുമയായി ചോദിച്ചു, ‘എന്താ നീ ഓര്‍ക്കുന്നത് ഡാനിയെപ്പറ്റി?’

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook