ഈ കാലവും കടന്നുപോകും
അന്നു രാത്രി വരെ പാവകള്‍ ഷെല്‍ഫില്‍ അടങ്ങിയൊതുങ്ങി ഇരുന്നു.
അതിനിടെ അലമേലു, ഡാനി പറഞ്ഞതു പ്രകാരം ആ മൂന്നാങ്കൂട്ടത്താക്കോല് അപ്പു ജോര്‍ജിന്റ പോക്കറ്റില്‍ത്തന്നെ കൊണ്ടു ചെന്നു സൂക്ഷിച്ചുവച്ചിരുന്നു.
സുന്ദരം വീടിനു പുറത്ത് മരക്കൊമ്പ് വെട്ടിയൊതുക്കലും കുളം തേകലും തോട് വെട്ടിക്കേറ്റലും കിണര്‍ വൃത്തിയാക്കലും ഒക്കെ തകൃതിയായി നടന്നു.
എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍, അവര്‍ ഷെല്‍ഫില്‍ നിന്ന് പുറത്തു വന്നു.
എന്നിട്ട് പരസ്പരം കെട്ടിപ്പിടിച്ചു, തുള്ളിച്ചാടി.
എന്നിട്ട് ഓടിനടന്ന് കര്ട്ടനുകളോടും പൂപ്പാത്രങ്ങളോടും കിടക്കവിരികളോടും ഒക്കെ ഉറക്കെ വിളിച്ചു പറഞ്ഞു, ‘നമ്മുടെ ഡാനി വരും, അച്ഛനെയും അമ്മയെയും കുഞ്ഞുമക്കളെയും ഡാനിഭാര്യയെയുമൊക്കെ കൂടെകൂട്ടി അവന് നാളെ വരും.’
അവര്‍ വീടിന്റെ ചുമരുകളോട് വിളിച്ചു പറഞ്ഞു, ‘അറിയാമോ, ഇനി ഡാനി ആ ദൂരനാട്ടിലേക്ക് തിരിച്ചു പോകുന്നില്ല. ഇനി ഡാനി, ഡാനിയച്ഛനെപ്പോലെ ഇവിടെത്തന്നെ കൃഷിക്കാരനാകും. കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്ന പാടങ്ങളെല്ലാം, ഇനി ഡാനി വന്ന് വീണ്ടും കൃഷിയിടങ്ങളാക്കും. അവന് നാട്ടുകാരെയെല്ലാം വിളിച്ചു കൂട്ടി, ഇനിയും നമുക്ക് കൃഷി ചെയ്യണം, നമുക്ക് കഴിക്കാനുള്ള നെല്ല് പാടത്തും, പച്ചക്കറികള്‍ മുറ്റത്തുമായി കൃഷി ചെയ്തു തുടങ്ങിയാലേ നമുക്കിനി രക്ഷയുള്ളൂ എന്നു പറയും. പുറം നാടുകളിലെ ജോലികളൊന്നും എന്നും ഉണ്ടാവില്ല, അതു തീര്‍ച്ചയാണ്, നമുക്ക് പഴയ നമ്മളാവണം. ഞാനവിടെ നിന്നു പഠിച്ച പുതിയ കൃഷിപാഠങ്ങളും കൂടിച്ചേര്‍ത്ത്, നമുക്കിനി ഒറ്റക്കെട്ടായി ചേര്‍ന്ന് ഇവിടെ കൃഷിചെയ്യണം എന്നവന് വിശദീകരിക്കും.’
അങ്ങനെ ഓടിനടന്നും ഓരോന്നുപറഞ്ഞ് ഒച്ചവെച്ചാഹ്ളാദ പ്രകടനം നടത്തിയും അവര്‍ ക്ഷീണിച്ചു.
പിന്നെ അവര്‍ നിലത്ത് വട്ടം കൂടിയിരുന്നു ഓരോന്നു പറഞ്ഞു.
‘പാടങ്ങളും തോടുകളും കുളങ്ങളും കായലുകളും പഴയതുപോലെ നമ്മളുപയോഗിക്കാന്‍ തുടങ്ങും. ഇപ്പോ ഉപയോഗിക്കാതെ കരയ്ക്കെടുത്തു വച്ചിരിക്കുന്ന തോണികളെല്ലാം കേടുപാടുകള്‍ തീര്‍ത്ത് നമ്മളെല്ലാവരും നീറ്റിലിറക്കും. ഇനീം നെല്ക്കളങ്ങളുണ്ടാവും, വൈയ്ക്കോലും പശുക്കളും ഉണ്ടാവും, കൊയ്തു കഴിഞ്ഞ പാടത്ത് ഫുട്ബോള്‍കളിയും പട്ടംപറത്തലുമുണ്ടാവും, ഇടയ്ക്ക് കായലില്‍ വള്ളംകളി നടക്കും.
അപ്പോഴാണവരോര്ത്തത്, വീടിനു മുന്നിലെ കുഞ്ഞുതോടു കടന്ന് പാടത്തേക്കു പോകാന്‍ ഡാനിയച്ഛനുപയോഗിച്ചിരുന്ന ആ കുഞ്ഞന്‍ വള്ളം ‘വീരഭാസ്ക്കര’നല്ലേ അലങ്കാരവസ്തുവായി ഇപ്പോ സ്വീകരണമുറിയിലെടുത്തുവച്ചിരിക്കുന്നത്?’
അവരോടി അതിന്റടുത്തേക്ക്. എന്നിട്ടവരതില് ചാടിക്കയറി ഇരിപ്പായി. എന്നിട്ട് അവര്‍ ഉറക്കെ പാടി:
‘കുട്ടനാടന്‍ പുഞ്ചയിലെ
തൈതൈ തകതൈതൈതോം
കൊച്ചുപെണ്ണേ കുയിലാളേ
തിത്തത്താതക തൈതൈ
കൊട്ടുവേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തക തൈതൈതോം
വരവേല്ക്കാനാളു വേണം കൊടിതോരണങ്ങള്‍ വേണം…’
പാട്ടു കൊഴുത്തപ്പോള്‍, ഇടയ്ക്ക് കുഞ്ഞന്ന ഓടിപ്പോയി അടുക്കളയില്‍നിന്ന് ചട്ടുകമെടുത്തു കൊണ്ടുവന്നതു പങ്കായമാക്കി.
പതിവുപോലെ മിന്നാമിന്നികള്‍, സുന്ദരം വീട്ടിലെ വിശേഷമന്വേഷിച്ചു വന്നു പോയി. ഡാനിയും കൂട്ടരും വരുന്നുണ്ടെന്നു തവളകളോടും ചീവീടുകളോടും നിശാശലഭങ്ങേളാടും പറയാന്‍ അവര്‍ മിന്നാമിന്നികളെ ഏല്‍പ്പിച്ചു.
Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം
രാവിലെ എണീറ്റാലുടന്‍ അണ്ണാരക്കണ്ണേനാടും തേന്കുരുവികളോടും സുന്ദരം വീട്ടിലെ പുതിയ വിശേഷങ്ങള്‍ പറയാന്‍ ആ കാക്കച്ചിയെ പറഞ്ഞേല്‍പ്പിക്കണം എന്ന് തീരുമാനിച്ച് പിന്നെയും അവിടവിടെയായി കിടന്ന് അവര്‍ ഉറങ്ങിപ്പോയി.
ഒരു കുഞ്ഞുവാവച്ചിരി കേട്ടാണ് അവര്‍ രാവിലെ ഉണര്‍ന്നത്. സ്വപ്നത്തിലാണ് കുഞ്ഞുവാവക്കൊഞ്ചല് എന്നാണ് കുഞ്ഞന്ന ആദ്യം വിചാരിച്ചത്.
നോക്കുമ്പോഴല്ലേ, അവളിരിക്കുന്നത് ആ കുഞ്ഞുവാവയുടെ കൈയിലാണ്.
ആ കുഞ്ഞുവാവയോട്, ഡാനി പറയുകയാണ്, ‘മോള്‍ക്ക് മനസ്സിലായില്ലേ, ഇതല്ലേ അപ്പ കാണിച്ചു തന്ന കുഞ്ഞന്ന.’
അപ്പോഴേക്കുണ്ടല്ലോ, അവര്‍ വീഡിയോ കോളില്‍ കണ്ട ആ നാലു വയസ്സുകാരിക്കുഞ്ഞിപ്പെണ്കുട്ടി അപ്പുജോര്ജിനെയും കൈയിലെടുത്തു പിടിച്ചു കൊണ്ട് ഓടി വന്നു ചോദിച്ചു, ‘ഇവനല്ലേ അപ്പേ, താക്കോല്ക്കാരന് അപ്പുജോര്ജ്?’ എന്നിട്ടവളവന്റെ പോക്കറ്റ് കിലുക്കിനോക്കി.
അപ്പോള്‍ സുന്ദരം വീടിന്റ മൂന്നാങ്കൂട്ടത്താക്കോല് അവന്റെ പോക്കറ്റില്‍ കിടന്നു കിലുങ്ങി.
ഡാനി, അവനെ എടുത്തു കെട്ടിപ്പിടിച്ചു ചേര്‍ത്തുനിര്‍ത്തി. അവന് സന്തോഷം കൊണ്ട് ഗമയും സങ്കടവും ഒന്നിച്ചുവന്നു.
അപ്പോ ഡാനിയുടെ ഭാര്യക്കൂട്ടുകാരി അന്നു വന്ന്, ‘ഞാനീ വീടൊക്കെ ചുറ്റി നടന്നു കാണുകയായിരുന്നു, ശരിക്കുമെന്തൊരു സുന്ദരംവീട്,’ എന്നു പറഞ്ഞു. അപ്പു ജോര്‍ജിനെയും കുഞ്ഞന്നയെയും കണ്ട് ‘ഇവരാണല്ലേ നിന്റെ കൂട്ടുകാര്‍, കഥാനായകര്‍,’ എന്നു ചോദിച്ച് അന്നു അവരെ തലോടി.
ഡാനിയച്ഛന് ചാരുകസേര കൊണ്ടുവന്ന് മുന്‍വശത്തിട്ട് പാടത്തുനിന്നു വരുന്ന കാറ്റും കൊണ്ട് രസിച്ചിരുന്നു ഡാനിയോട് പറഞ്ഞു, ‘നീ വേണം ഇനിയീ പാടങ്ങളെ വീണ്ടും ജീവന് വയ്പിക്കാന്‍, അവിടെ പഠിച്ചതും ഇവിടെ പഠിച്ചതുമെല്ലാം ചേര്‍ത്ത് നമുക്ക് പുതിയ കൃഷി പാഠങ്ങളുണ്ടാക്കണം. നൂല് മുറിഞ്ഞു പോയ പട്ടങ്ങളെപ്പോലും മിനുക്കിയെടുത്തിരുന്നവരല്ലേ നമ്മള്?’
ഡാനി അതെല്ലാം കേട്ടുകൊണ്ട് മക്കളുമായി നിലത്ത് തൂണുംചാരി കാല്‍നീട്ടിയിരുന്നു.
Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
അലമേലു വന്നു വീടിനു പുറത്തെ വഴിയില്‍ നിന്നുകൊണ്ട് അവരെ കൈവീശിക്കാണിച്ചു. ‘ക്വാറന്റൈന് കാലത്തേക്കു വേണ്ട അരിയും പല ചരക്കുകളും പച്ചക്കറിയും ഗ്യാസും ഇപ്പോ എത്തും, പിന്നാലെ ക്വാറന്റൈന്‍കാലത്ത് എങ്ങനെ വേണം എന്നു വിശദീകരിച്ചു പറഞ്ഞുതരാന്‍ ആരോഗ്യ പ്രവര്‍ത്തകരും എത്തും,’ എന്നുപറഞ്ഞു പിന്നെ അവള്.
‘നമുക്കീ മുറ്റം മുഴുവന്‍ വെണ്ടയും മുളകും തക്കാളിയും ഇഞ്ചിയും നടണം പഴയതുപോലെ, വിത്തു കിട്ടാനുണ്ടാവുമോ പഞ്ചായത്ത് പ്രസിഡണ്ടേ, ഇതിന്റെയൊക്കെ,’ എന്നു ചോദിച്ചു അലമേലുവിനോട് ഡാനിയച്ഛന്.
‘ഒരു പഞ്ചായത്തു പ്രസിഡണ്ട് വിചാരിച്ചാലാണോ അതിനൊക്കെ പ്രയാസം,’ എന്ന് ഡാനി, അലമേലുവിനെ കളിയാക്കി.
‘ക്വാറന്റൈന് കാലം കഴിയുമ്പോഴേക്ക് അതെല്ലാം കായ്ച്ചു തുടങ്ങണം’ എന്ന പ്ളാന്‍ പറഞ്ഞു ഡാനിയച്ഛന്, ഡാനിയമ്മയോട്.
ക്വാറന്റൈന് എന്നു വച്ചാലെന്താണെന്നു ചോദിച്ചു ഡാനിയുടെ നാലുവയസ്സുകാരി. ഡാനിയച്ഛന് അവളെ എടുത്തു മടിയില്‍ വച്ച് വിശദീകരിച്ചു കൊടുത്തു.
ഡാനിയമ്മ മുറ്റത്തേക്കിറങ്ങി മുല്ലയിലെ പൂ പറിച്ച്, രണ്ടുമൂന്നെണ്ണം തന്റെയും കുഞ്ഞന്നയുടെയും കുഞ്ഞുമറിയത്തിന്റെയും തലമുടിയില്‍ തിരുകി.
കാക്കകള്‍, അണ്ണാരക്കണ്ണന്മാര് എന്നിവര്‍ ബാക്കിവിശേഷങ്ങളറിയാന് മുറ്റത്തു കൂടെ അങ്ങോട്ടിങ്ങോട്ട് കവാത്തുനടത്തി…
അലമേലു മതിലിനപ്പുറത്തുനിന്ന് പറഞ്ഞു. ‘ഈ കാലവും കടന്നു പോകും, അന്നേരം, എന്റെ കൊച്ചുവള്ളം തരാം നിങ്ങള്‍ക്കൊന്നു ചുറ്റിക്കറങ്ങാന്‍.’
എത്രനാളായി ഒന്നു പുറത്തു കറങ്ങാന്‍ പോയിട്ട് എന്നു കുഞ്ഞന്നയ്ക്കതു കേട്ട് കൊതിയൂറി.
‘എനിക്കറിയാം, ആ വള്ളത്തിന്റെ പേരല്ലേ സുന്ദരിപ്പാത്തുമ്മ?’ എന്നു ചോദിച്ചു ചിരിച്ചു മറിയ.
‘അന്നൂ, ഡാനി തുഴയാന്‍ മറന്നു കാണുമോ?’ എന്നു ചോദിച്ചു അലമേലു.
‘ഏയ്, ഇല്ലില്ല അവിടുത്തെ തുഴയല്‍ ക്ളബ്ബില്‍ ഡാനി താരമായിരുന്നു,’ എന്നു പറഞ്ഞു അന്നു.
ഡാനിയുടെ കുഞ്ഞുമകള്‍ മറിയ അപ്പോഴേക്ക് ഓടിപ്പോയി നാലു പാവകളെയും എടുത്ത് അടുക്കിപ്പിടിച്ചു കൊണ്ടുവന്നു. അവളതില്‍ നിന്നു കുഞ്ഞന്നയെയെടുത്ത്, കുഞ്ഞുവാവയ്ക്ക് നീട്ടി.
Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
‘നിനക്ക് ഡാനിയുടെ അതേ ഛായയാണെ’ന്നു പറഞ്ഞു അപ്പുജോര്ജ്, മറിയത്തിനോട്.
‘ഇവരെന്തോ പറയണു അപ്പേ’ എന്നു പറഞ്ഞു മറിയം.
‘കുറച്ചുദിവസം കഴിയുമ്പോള്‍ നിനക്കും അപ്പയെപ്പോലെ അവര്‍ പറയുന്നതു മനസ്സിലാകാന്‍ തുടങ്ങും,’ എന്നു പറഞ്ഞു ഡാനി.
‘എന്റെ പാവകളും കൂടി ചേര്‍ന്നപ്പോഴാണ് എന്റെ ഫാമിലി മുഴുവനായത്,’ എന്നു ചിരിച്ചു അന്നുവിനോട് ഡാനി.
അവരെല്ലാവരും കൂടി അങ്ങനെ നില്ക്കുമ്പോള്, അലമേലു അവളുടെ മൈബൈല്‍ഫോണ്‍ തുടരെത്തുടരെ ക്ളിക് ചെയ്തു.
ഡാനിയച്ഛന് കണ്ണിനു മീതെ കൈ വിടര്‍ത്തിപ്പിടിച്ച് ദൂരേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു അതിനിടെ, ‘അല്ലാ ആരാ ആ വരുന്നത്, തേവന് മൂപ്പനും കണ്ടന് മൂപ്പനുമല്ലേ?’
‘എത്ര നാളായി കണ്ടിട്ട്, ദൂരെ നിന്നേലും ഒന്നു കാണാല്ലോ എന്നു കരുതി വരുന്നതാവും അവര്‍’ എന്നു പറഞ്ഞു അലമമേലു.
‘ഇക്കാലം ഒന്നു കഴിഞ്ഞോട്ടെ… കരയിലെ ആളുകളെ ഒക്കെ വിളിച്ചു കൂട്ടി കൃഷി തുടങ്ങണ്ടേ തേവമ്മൂപ്പാ,’ എന്നു വിളിച്ചു ചോദിച്ചു ഡാനി.
‘ഡാനിക്കുഞ്ഞു തിരിച്ചുവരുന്നെന്നു കേട്ടപ്പോഴേ നമ്മടെ കൂട്ടരെല്ലാം വല്യ ഉത്സാഹത്തിലാണ്,’ എന്നു പറഞ്ഞു കണ്ടന്മുപ്പന്.
‘ദേ, മൂന്നു പുതിയ ആളുകളും കൂടിയുണ്ടേ ഇവിടെ,’ എന്നു കൂട്ടിച്ചേര്‍ത്ത് അന്നുവിനെയും മക്കളെയും വിളിച്ചു പരിചയപ്പെടുത്തിക്കൊടുത്തു ഡാനി അവര്‍ക്ക്.
‘കുഞ്ഞന്പെണ്ണിന്റെ മൂക്കുത്തിയുടെ കഥ ഇവന് പറയുന്നതു കേട്ടു കേട്ട് ഇവള്‍ക്കു മോഹമായിരിക്കുകയാ കുഞ്ഞന്‍ പെണ്ണിനെ കാണാന്‍, സുഖമായിരിക്കുന്നല്ലോ അല്ലേ കുഞ്ഞന്‍പെണ്ണ്,’ എന്നു ചോദിച്ചു അപ്പോ ഡാനിയമ്മ.
‘കുഞ്ഞന്‍ പെണ്ണുും മൂക്കുത്തീം എപ്പഴേ റെഡി’ എന്നു തേവമ്മൂപ്പന് ചിരിച്ചു കൊണ്ട് പറഞ്ഞു.
കുഞ്ഞുവാവയെ തോളിലെടുത്തു വച്ചു കൊണ്ട് ഡാനിയപ്പോള് പറഞ്ഞു,’ഇവളെ വിളിക്കുന്നത്, കുഞ്ഞന്‍പെണ്ണ് എന്നാണ് കേട്ടോ തേവമ്മൂപ്പാ…’
ഹൃദയം നിറഞ്ഞു ചിരിക്കുന്ന തേവമ്മൂപ്പനെ അപ്പോള്‍ വന്നുരുമ്മി നിന്നു ആ വൈയ്ക്കോല്‍ത്തുറു പോലത്തെ പൂച്ച.
അവസാനിച്ചു
- പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ് 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലിന്റെ അവസാന ഭാഗം. പ്രശസ്ത സാഹിത്യകാരന്മാരുടെ പന്ത്രണ്ടു ബാലസാഹിത്യകൃതികൾ അടങ്ങുന്ന സമ്മാനപ്പൊതിയിൽ രണ്ടു കഥാസമാഹാരങ്ങൾ, രണ്ടു കവിതാസമാഹാരങ്ങൾ, എട്ടു നോവലുകൾ എന്നിവയാണ് ഉൾപെടുത്തിയിരിക്കുന്നത്.