Latest News

സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ – 19

അലമേലു, ഡാനി യു.ടെ ഷെൽഫ് തുറന്ന് അവൻ്റെ പാവകൾക്കായി പരതാൻ തുടങ്ങി. ഒറ്റയെണ്ണത്തിനെയും കാണുന്നില്ലല്ലോ, അവരൊക്കെ എവിടെ എന്ന വളത്ഭുതപ്പെട്ടു

priya as , childrens novel, iemalayalam

വീഡിയോ കോള്‍

പിറ്റേന്ന് പാവകളുണര്‍ന്നതേ ഒരു ബഹളത്തിന്റൈ നടുവിലേക്കാണ്. മുറ്റത്താണ് ബഹളം.

ജാനകിയും മകളും, വേറെ കുറച്ചാള്‍ക്കാരെയും കൊണ്ടു വന്നിരിക്കുന്നു സുന്ദരം വീട്ടുവളപ്പിലേക്ക്. അവര് മുറ്റത്തുനിന്നു സംസാരത്തോടു സംസാരമാണ്.

അവരെല്ലാം, മൂക്കും വായും ഒക്കെ മൂടുന്ന ഒരു തുണി വലിച്ചു കെട്ടിയിട്ടുണ്ട് മുഖത്ത്.

ഇതാര്… ഇവര്‍ക്കിവിടെ എന്തു കാര്യം? എന്താണ് പ്രശ്‌നം? കാര്യം വല്ലതും കുഴപ്പമായോ എന്ന് പാവകളെല്ലാം അന്തം വിട്ടു. കിടന്നയിടങ്ങളില്‍ത്തന്നെ പതുങ്ങിക്കിടന്ന് അവര്‍, ജാനകിയുടെയും മകളുടെയും ആ വന്നവരുടേയും സംസാരം ശ്രദ്ധിച്ചു.

സുന്ദരംവീട്ടിലെ കുളം വെട്ടാനും കിണര്‍ തേകാനും മരങ്ങളുടെ കമ്പു വെട്ടി ഒതുക്കാനുമൊക്കെ ഡാനി അവന്റെ ദൂരനാട്ടില്‍ നിന്ന്, അപ്പുറത്തെ അലമേലുവിനെ വിളിച്ചു പറഞ്ഞിരിക്കുന്നു പോലും. പഞ്ചായത്തു പ്രസിഡണ്ട് അലമേലു പറഞ്ഞിട്ട് ജാനകിയും മകളും കൂടി വിളിച്ചു കൊണ്ടുവന്ന പണിക്കാരാണ് കൂടെയുള്ളവരെല്ലാം.

‘വീടൊന്നു കഴുകുകയും വേണെങ്കിലൊന്നു പെയിന്റടിക്കുകയും കൂടി ചെയ്യാം…’ എന്നു പറയുന്നുണ്ടായിരുന്നു അവര്‍ക്കൊപ്പം വന്ന അലമേലു.

ലോകം മുഴുവന്‍ കൊറോണ എന്ന ഒരു അസുഖം പടര്‍ന്നു പിടിക്കുകയാണ്, അതു പകരാതിരിക്കാനാണ് അവര്‍ മാസ്‌ക് വച്ചിരിക്കുന്നതു പോലും.

‘വീടിനകത്ത് എന്തെങ്കിലും റിപ്പയര്‍വേണമോ എന്നും നോക്കാം…’ എന്നു പറഞ്ഞ് അലമേലു വീട് തുറക്കുന്ന ഒച്ച കേട്ടപ്പോള്‍, പാവകളൊക്കെ പതുങ്ങി കിടന്നയിടത്തു തന്നെ കിടന്നു.

വീടിനകത്തു കയറിയതും ജാനകിയും മകളും, ചുറ്റും നോക്കി ‘ഇതിലാരോ കയറി പെരുമാറിയിട്ടുണ്ടല്ലോ,’ എന്ന് വെപ്രാളപ്പെടുന്നതാണ് പിന്നെ എല്ലാവരും കണ്ടത്.

‘ഇവിടുത്തെ സാധങ്ങളുടെയെല്ലാം സ്ഥാനം മാറിയിട്ടുണ്ടല്ലോ, ആരോ കര്‍ട്ടന്‍ മാറ്റിയിട്ടുണ്ടല്ലോ, പൂപ്പാത്രത്തിലാരാ ചെമ്പരത്തിപ്പൂക്കള്‍ വച്ചിരിക്കുന്നത്,’ എന്നെല്ലാം അത്ഭുതപ്പെട്ട് നടക്കാനും ‘ഞങ്ങളിന്നാള് വന്നപ്പോ ഈ വീട് ഇങ്ങനല്ലല്ലോ കിടന്നിരുന്നത്, ഏതെങ്കിലും കള്ളന്മാര് കയറിക്കാണും, പക്ഷേ കള്ളന്മാരാണെങ്കില്, അവര് വീടു വാരിവലിച്ച് അലങ്കോലമാക്കിയിട്ടിട്ടല്ലേ പോകൂ, ഇതിപ്പോ ഡാനിക്കുഞ്ഞു താമസിച്ചിരുന്നപ്പോഴത്തെക്കാള്‍ വൃത്തീം ഭംഗീമായല്ലോ,’ എന്ന് തന്നത്താന്‍ പറയാനും തുടങ്ങി.

priya as , childrens novel, iemalayalam

അതേ നിമിഷമാണ് ഡാനിയുടെ വീഡിയോ കോള്‍, അലമേലുവിന്റെ മൊബൈല്‍ ഫോണിലേക്കു വന്നത്.

അലമേലു പറഞ്ഞു, ‘ആ ഡാനീ, ഞാന്‍ പണിക്കാരുമായി ഇവിടുണ്ട് നിന്റെ വീട്ടില്‍. പക്ഷേ എന്തൊരത്ഭുതം ഡാനി, നീയീ വീടൊന്നു കണ്ടുനോക്ക. ഇത് നിങ്ങളുപയോഗിച്ചതിനേക്കാള്‍ ഭംഗിയായി ആരോ അടുക്കിപ്പെറുക്കി തൂത്തുതുടച്ച് ഫര്‍ണീച്ചറൊക്കെ അങ്ങോട്ടിങ്ങോട്ടെടുത്തുമാറ്റി കിടക്കവിരികളും കര്‍ട്ടനുകളുമൊക്കെ മാറ്റി അതിസുന്ദരവീടായി കാത്തുസൂക്ഷിച്ചുവച്ചിരിക്കുന്നു. ഒരു തരി പൊടിയോ മാറാലയോ ഇവിടെ കണികാണാന്‍ പോലുമില്ല. മുറ്റത്ത് ഒരു തരി കരിയിലയില്ല. ജാനകിയും മകളും ഓരോ മാസം വീടു തുടയ്ക്കാന്‍ വരുമ്പോഴും, അവരുടെ കൂടെ ഞാനും വന്നെത്തിനോക്കാറുണ്ട്. ഇതുവരെ കിടന്നപോലല്ല ഇപ്പോ ഈ വീട്. കണ്ണാടി പോലെ തിളങ്ങുന്നു നിലം. അടച്ചിട്ട വീടിന്റ മണം പോലുമില്ല ഇപ്പോ ഈ വീടിന്. നീ വന്നാല്‍ നേരെ കയറി താമസിക്കാം. അടുക്കളയിലെ പാത്രങ്ങള്‍ വരെ കഴുകി കമിഴ്ത്തി വച്ചിരിക്കുന്നു.’

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

എന്നിട്ട് അലമേലു, ഡാനിയെ വീടിന്റെ മുക്കും മൂലയും വരെ മൊബൈല്‍ ഫോണെടുത്തുപിടിച്ച് കാണിയ്ക്കാന്‍ തുടങ്ങി.

‘ങേ, നമ്മുടെ ഡാനി തിരിച്ചു വരുന്നോ…’ എന്ന് പാവകള്‍ക്ക് അത്ഭുതം സഹിക്കവയ്യാതായി. അവര്‍ക്ക് നൃത്തം ചെയ്യാന്‍ തോന്നി. പക്ഷേ അലമേലുവും കൂട്ടരും നില്‍ക്കുമ്പോ പറ്റുമോ, ഡാന്‍സും പാട്ടും ബഹളവും?

അതിനിടെ പാവകള്‍ ഏറുകണ്ണിട്ടുനോക്കി കണ്ടു, ഫോണിന്റെ സ്‌ക്രീനില്‍ ഡാനിക്കൊപ്പം ഒരു കുഞ്ഞുവാവയും പിന്നെ മറ്റേ കൈയില്‍ത്തൂങ്ങി ഒരു കുഞ്ഞിപ്പെണ്‍കുട്ടിയും!

‘ആഹാ, ഡാനിക്ക് രണ്ടുമക്കളായോ…’ എന്ന് അവര്‍ പരസ്പരം അടക്കം പറഞ്ഞു.

priya as , childrens novel, iemalayalam

വീടാകെ നോക്കി, ‘ഇതെന്ത് മറിമായം! പണ്ടത്തെ നമ്മുടെ കുട്ടിക്കാലക്കഥകളിലെ പോലെ വല്ല ജിന്നും ചെയ്തതായിരിക്കും’ എന്നു പറഞ്ഞ് ഡാനി കുടുകുടെ ചിരിക്കാന്‍ തുടങ്ങി.

അതിനിടെ അലമേലു, ഡാനിയുടെ മുറിയിലെ പൂമ്പാറ്റകര്‍ട്ടന്‍ അവനെ കാണിച്ചു കൊടുത്തു.

‘ഇതെല്ലാമിവിടെങ്ങനെ വന്നു! ഇതമ്മയുടെ കാല്‍പ്പെട്ടിയില്‍ ഇരുന്നതാണല്ലോ, എന്റെ കുട്ടിക്കാലത്ത് എന്റെ മുറിയിലിട്ടിരുന്ന കര്‍ട്ടനുകളാണല്ലോ അത്, അതൊക്കെ തപ്പിയെടുത്ത വീരന്മാര്‍ ആരായിരിക്കും…’ എന്നു അടക്കാനാവാത്ത അത്ഭുതത്തോടെ ഡാനി നില്‍ക്കുന്നത് പാവകള്‍ കാണുന്നുണ്ടായിരുന്നു.

പെട്ടെന്ന് താടിക്ക് കൈ കൊടുത്ത് ആലോചനക്കാരനായി നിന്ന് ഡാനി പറഞ്ഞു, ‘നീ നിന്റെ കൂടെ വന്നവരെ, പുറത്ത് കിണറു തേവാനും കുളം വെട്ടാനും ഒക്കെ പറഞ്ഞേല്പിച്ചിട്ട് വാ…

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

എല്ലാവരെയും പുറം പണിയ്ക്ക് പറഞ്ഞു വിട്ടിട്ട്, അവള്‍ വീണ്ടും ഡാനിയെ ഫോണ്‍ വിളിച്ചു. അപ്പോ ഡാനി പറഞ്ഞു, ‘എന്റെ മുറിയുടെ പുറത്ത് ഒരു ഷെല്‍ഫില്ലേ, അതില് എന്റെ പാവക്കുട്ടികളുണ്ടോ എന്നു നോക്ക്. അലമേലൂ, നീ ആ ഷെല്‍ഫ് എന്നെയൊന്ന് കാണിക്ക്.’

അവള്‍ ഷെല്‍ഫു തുറന്നുനോക്കി പറഞ്ഞു, ‘അതേയ്, ഇവിടെയൊന്നും നിന്റെ ഒരു പാവ പോലുമില്ല.’

പെട്ടെന്ന് ചുറ്റുമൊന്നു നോക്കി അലമേലു പറഞ്ഞു, ‘ദേ ഇവിടെ കട്ടിലിലും ചാരുകസേരയിലുമൊക്കെയാണ് നിന്റെ കുഞ്ഞന്നയും അച്യുതാനന്ദനും. ‘

ഡാനി അപ്പോ ഉറക്കെ ചിരിച്ചു. എന്നിട്ട് ചോദിച്ചു, ‘അപ്പു ജോര്‍ജ് നായരുടെ പോക്കറ്റൊന്നു തപ്പിയേ നീയ്.’

priya as , childrens novel, iemalayalam

അപ്പു ജോര്‍ജിനെ കണ്ടു പിടിച്ച് അവന്റെ പോക്കറ്റില്‍ കൈയിട്ടു നോക്കി, അവള്‍ പറഞ്ഞു, ‘ഇതില്‍ നിനക്കാരോ എഴുതിയ ഒരു കത്താണുള്ളത്.

അവന്‍ അവളോട് പറഞ്ഞു, ‘നീയാ കത്തൊന്ന് ഉറക്കെ വായിയ്ക്ക്.’

കത്തു കേട്ടു കഴിഞ്ഞപ്പോ ഡാനി പറഞ്ഞു, ‘ ഇതേ, എന്റെ പാവകളുടെ കത്താണ്. നിനക്കറിയാമോ കഴിഞ്ഞ തവണ വന്നപ്പോള്‍ അലമാരയിലെ പാവകളെയെടുത്ത് നോക്കി, ഞാനവരോട് കളിയായി ചോദിച്ചിരുന്നു, വെറുതെ കുത്തിയിരുപ്പല്ലേ ഇവിടെ, ഈ വീടൊക്കെ ഒന്നു നന്നായി നോക്കി നടത്തിക്കൂടേ എന്ന്. അവരതപ്പടി അനുസരിച്ചതാവും.’

അലമേലു പറഞ്ഞു, ‘നീ ചുമ്മാ ഓരോ കഥയുണ്ടാക്കല്ലേ ഡാനീ.’

‘നീ അന്ന് ആ തകഴിയപ്പൂപ്പനെ കണ്ടുവന്നശേഷം ,’ഞാനും കഥയെഴുതും’ എന്ന് ഒരു പേജു നിറയെ കുനുകുനാ എഴുതി വച്ചത് ഞാന്‍ മറന്നിട്ടില്ല,’ എന്നുകൂടി അവള്‍ ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.

പിന്നെ അവള്‍, ‘എന്തായാലും വേണ്ടില്ല സുന്ദരം വീട് കൂടുതല്‍ വൃത്തിയാവുകയാണല്ലോ ചെയ്തത്, സമാധാനം,’ എന്നു പറഞ്ഞ് പാവകളെ, ആ ഷെല്‍ഫില്‍ കൊണ്ടുചെന്നടുക്കി വച്ചു.

അപ്പോഴേക്ക് കുളം തേകുന്നതിന്റെ ഒച്ച, പുറത്തു കേട്ടു തുടങ്ങിയിരുന്നു…

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya a s childrens novel sundaramvettile visheshangal chapter 19

Next Story
സുന്ദരം വീട്ടിലെ വിശേഷങ്ങള്‍-18priya as, childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express