Latest News

സുന്ദരം വീട്ടിലെ വിശേഷങ്ങള്‍-18

കുഞ്ഞന്നപ്പാവ നിലത്ത് കാൽ നീട്ടിയിരുന്നു.കാലിലേക്ക് റൈറ്റിങ്ങ് ബോർഡെടുത്തു വച്ചു.എന്നിട്ടെഴുതാൻ തുടങ്ങി

priya as, childrens novel, iemalayalam

ചാരുകസേരയുറക്കം

അങ്ങനെ കണ്ണടച്ചു കിടന്നു കിടന്ന് ഒടുക്കം കുഞ്ഞന്നയൊഴിച്ച് എല്ലാവരും പിന്നെയുമുറങ്ങിപ്പോയി. അവരെല്ലാം ഉറങ്ങുന്നതിനിടയിലൂടെ, ആരെയും ഉണര്‍ത്താതെ കാലു കവച്ചു വച്ച് എല്ലാവരെയും കടന്ന് അവള്‍, ചാരുകസേരയില്‍ വന്നു കിടപ്പായി.

എങ്ങനെ ഉറക്കം വരാനാണവള്‍ക്ക്! അവളല്ലേ ഡാനിയുടെ ആദ്യത്തെ പാവ. അവള്‍ക്കല്ലേ ഡാനിയെ കുറിച്ചേറ്റവും കൂടുതലോര്‍മ്മ! ഏറ്റവും കുഞ്ഞായിരുന്ന പ്രായത്തില്‍ ഡാനിയെ കണ്ടിട്ടുള്ളത് അവളല്ലേ?

ഡാനി ജനിച്ച് രണ്ടുദിവസമേ ആയിട്ടുണ്ടായിരുന്നുള്ളു. അപ്പോ ഡാനിക്കുഞ്ഞുവാവയെ കാണാന്‍ വന്ന, ഡാനിയമ്മയുടെ കൂട്ടുകാരിയും കുഞ്ഞുമകളും കൂടി ഡാനിക്കായി കൊണ്ടുവന്നതാണ് കുഞ്ഞന്നയെ.

‘കുഞ്ഞന്നയെന്നു പേരിടാം ഈ പാവക്കുട്ടിക്ക്,’ എന്നു പറഞ്ഞത് ആ കുഞ്ഞുചേച്ചിയാണ്.

അപ്പു ജോര്‍ജ് സ്വപ്നത്തില്‍ കണ്ട കാര്യങ്ങളൊക്കെ ശരിയായിരിക്കുമോ എന്നാലോചിച്ച്, ഒരു പഴയ മാസികയെടുത്ത് അതുമറിച്ചുനോക്കിക്കൊണ്ട് അവളിരുന്നു.

‘ഞങ്ങള്‍ക്കും കാണണ്ടേ ഡാനിയുടെ കുഞ്ഞുവാവയെയും ആ കുഞ്ഞുവാവയുടെ അമ്മയെയും,’ എന്നവള്‍ ആകാശത്ത് തെളിഞ്ഞുനിന്ന അമ്പിളിയമ്മാവനോടു ചോദിച്ചു.

കുഞ്ഞുഡാനിയ്ക്ക് അമ്പിളിയമ്മാവനെ പേടിയായിരുന്നു എന്നവളോര്‍ത്തു. എന്നാലോ അമ്പിളി അമ്മാവനെ നോക്കാതിരിക്കാന്‍ കുഞ്ഞു ഡാനിയ്ക്കൊട്ട് പറ്റുകയുമില്ല. എന്നിട്ടവന്‍ മുഖം പൊത്തി കൈ വിരലുകള്‍ അകറ്റി വച്ച്, വിരലുകളുടെ വിടവിലൂടെ പേടിച്ചു പേടിച്ച് അമ്പിളിയമ്മാവനെ നോക്കും, എന്നിട്ട് ‘ശടോ’ന്ന് മുഖം കുഞ്ഞന്നയുടെ തുണിത്തൊപ്പിയുടെ മറവില്‍ ഒളിപ്പിക്കും, അപ്പോ ഡാനിയമ്മ, ഡാനിവാവയുടെ കവിളില്‍ത്തട്ടി ചോദിച്ചു ചിരിക്കും ‘പേടിയാണ് എന്നാല്‍ കാണുകയും വേണം അല്ലേ?’

അതൊക്കെ ഓര്‍ത്തപ്പോള്‍, ഡാനിയമ്മ തനിക്ക് തന്റെ സ്വര്‍ണ്ണത്തലമുടി പിന്നിത്തരുന്നതും ഡാനിയമ്മ മുടിയില്‍ പൂ വയ്ക്കുമ്പോള്‍ തനിക്കും മുല്ലപ്പൂവച്ചു തരുന്നതും അവളോര്‍ത്തു.

priya as, childrens novel, iemalayalamപെട്ടെന്ന് അവളെുന്നേറ്റ് മേശവലിപ്പു തപ്പാന്‍ തുടങ്ങി. ‘ഒരു കടലാസും പേനയും അത്യാവശ്യമായിരുന്നല്ലോ,’ എന്ന് തന്നത്താനെ പറഞ്ഞ് അവളങ്ങനെ അവിടെയുമിവിടെയുമൊക്കെ തപ്പിത്തിരഞ്ഞ് നടന്നു.

ഇടക്കെപ്പോഴോ ഒരു പേന കിട്ടി.  കുഞ്ഞുഡാനി കുത്തിവരച്ചതും അക്ഷരമെഴുതിപ്പഠിച്ചതുമൊക്കെയായ ബുക്കുകളും കടലാസ്സുതാളുകളും ഡാനിയമ്മ ആ കാല്‍പ്പെട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ടാവുമല്ലോ എന്ന് പെട്ടെന്ന് അവള്‍ക്കോര്‍മ്മ വന്നു.

ശരിയായിരുന്നു അവളുടെ ഊഹം. കുഞ്ഞുഡാനി, ഒരു അച്ഛന്‍ പാമ്പിനെയും അമ്മപ്പാമ്പിനെയും കുഞ്ഞന്‍പാമ്പിനെയും വരച്ച കടലാസിന്റെ താഴെ ഉണ്ടായിരുന്ന സ്ഥലത്ത് അവള്‍ ഡാനിക്ക് കത്തെഴുതി.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

ഡാനിയച്ഛന്‍, ഡാനിയെ വീട്ടിലെ ബോര്‍ഡില്‍ എഴുത്തു പഠിപ്പിച്ചപ്പോള്‍ കൂടെ പഠിച്ചത് എത്ര നന്നായി എന്നവളിടക്കിടക്ക് ഓര്‍ത്തു. ബാക്കിയാര്‍ക്കും അറിയില്ല അവളോളം നന്നായി എഴുതാന്‍. അപ്പു ജോര്‍ജിന് എപ്പഴും ഡാനിയിലെ ‘ഡ’ തെറ്റും.

അവള്‍ കാല്‍ നീട്ടി നിലത്തിരുന്ന്, റൈറ്റിങ് ബോര്‍ഡെടുത്ത് മടിയില്‍ വച്ച് എഴുതാന്‍ തുടങ്ങി, അവളുടെ മുത്തുമണി അക്ഷരത്തില്‍.

“പ്രിയ ഡാനി,

സുന്ദരം വീട്ടില്‍ നിങ്ങളാരുമില്ലാതെ എത്രനാളെന്നു വച്ചാണ് ഞങ്ങളിങ്ങനെ കഴിയുക?

നിങ്ങള്‍ക്കും ഞങ്ങളെ മിസ് ചെയ്യുന്നുണ്ടാവും, ഞങ്ങളെയെല്ലാം കാണണമെന്നു തോന്നുന്നുണ്ടാവും, ഞങ്ങള്‍ നിങ്ങളെ സ്വപ്നം കാണുന്നതു പോലെ ഞങ്ങളെയും സ്വപ്നം കാണുന്നുണ്ടാവും നിങ്ങള്‍ എന്നു തന്നെയാണ് ഞങ്ങള്‍ക്കു തോന്നുന്നത്.

ഞങ്ങളിന്നലെ ഡാനിയുടെ കുഞ്ഞുവാവയെയും കുഞ്ഞുവാവയുടെ അമ്മയെയും സ്വപ്നം കണ്ടു. അക്കാര്യങ്ങളെല്ലാം സത്യമായിരിക്കും എന്നു ഞങ്ങള്‍ക്കുറപ്പാണ്. 

ഞങ്ങളീ വീട് വൃത്തിയാക്കി വയ്ക്കുന്നതൊക്കെ അറിയുന്നുണ്ടാവും നിങ്ങളും ഏതെങ്കിലും സ്വപ്നത്തിലൂടെ എന്നു കരുതട്ടെ.

priya as, childrens novel, iemalayalam

വന്നു കയറുമ്പോള്‍ ആരാണീ വീട് ഇത്ര സുന്ദരമായി പൊടി തുടച്ച്, ഓരോ വിരിപ്പും കര്‍ട്ടനുമൊക്കെ മാറ്റി ,ചാരുകസേരയും ദീവാനുമൊക്കെ അങ്ങോട്ടിങ്ങോട്ടും ഭംഗിയായി സ്ഥാനം മാറ്റി, പൂപ്പാത്രത്തിലൊക്കെ പൂ വച്ച് സൂക്ഷിക്കുന്നതെന്ന് അത്ഭുതപ്പെടണം എന്നാണ് ഞങ്ങളുടെ വിചാരം.

പക്ഷേ ഡാനീ, നിനക്ക് നിന്റെ പവാക്കൂട്ടുകാരുടെ വേലയാണിതെന്ന് പെട്ടെന്നു തന്നെ മനസ്സിലാവും. ഞങ്ങളെ നിന്നോളം നന്നായി വേറെയാര്‍ക്കാണറിയുക? ഇതെല്ലാം ചെയ്തു, ചെയ്ത്, ഞങ്ങളുടെ പാവക്കൈയും പാവദേഹവും പാവക്കാലും ഒക്കെ നൊന്തിട്ടും മുറിഞ്ഞിട്ടും, ഞങ്ങള്‍ പിന്നെയും അതുതന്നെ ചെയ്യുന്നത് തീര്‍ച്ചയായും നിങ്ങള്‍ തിരിച്ച് വരും എന്നു വിചാരിച്ചാണ്.

നിങ്ങള്‍ വേഗം വരണേ. കാണാന്‍, ഒരുമ്മ വയ്ക്കാന്‍ കൊതിയാവുന്നു. ഡാനിക്കുഞ്ഞന്റെ കുഞ്ഞിന്റെ കൂടെയും ഞങ്ങള്‍ക്ക് കളിക്കണം.

ഇവിടെ നമ്മുടെ പാടത്തിനും, ആരും വിതക്കാനും കൊയ്യാനുമില്ലാതെ എപ്പഴും സങ്കടമാണ്.

ഇവിടെയിങ്ങനെ ജനലും തുറന്നിട്ടിരിക്കുമ്പോള്‍, എങ്ങുനിന്നോ, ഡാനിയമ്മയ്ക്കിഷ്ടമുള്ള ആ പാലപ്പൂമണം വരുന്നുണ്ട്. അത് ഡാനിയമ്മയോടു പറയണം.

ഡാനിയച്ഛന്‍ നട്ട നേന്ത്രവാഴക്ക് ഒത്തിരി വാഴക്കന്നുകളുണ്ടായി, ഇപ്പോ കുളക്കര മുഴുവന്‍ വാഴകള്‍ ആര്‍ത്തുവളരുന്നുണ്ടെന്നു പറയണം.

കുഞ്ഞുവാവയ്ക്ക് ഞങ്ങളുടെയെല്ലാം ഓരോ ഉമ്മ കൊടുക്കണം. ഡാനി ഇപ്പഴും ആ മിന്നാമിന്നിപ്പാടത്തിന്റെ ഫോട്ടോ നോക്കാറുണ്ടോ ഇടക്കിടക്ക്?

എന്ന്

ഡാനിയുടെ സ്വന്തം കുഞ്ഞന്ന

അവളാ കത്തെഴുതി മടക്കി വച്ചു.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

 

priya as, childrens novel, iemalayalam

എന്നിട്ട് ആ കടലാസുശേഖരത്തിലെ ഒരു പച്ചനിറക്കടലാസെടുത്തു.

പച്ചപ്പുല്‍ച്ചാടിയെയോ പച്ചത്തവളയെയോ വരയ്ക്കാന്‍ ഡാനി മാറ്റി വച്ച കടലാസായിരിക്കും അതെന്നവള്‍ വിചാരിച്ചു.

ഒരു കത്രികയും പശയും എവിടുന്നൊക്കെയോ കണ്ടുപിടിച്ച് അവളൊരു പച്ചക്കവറുണ്ടാക്കി.
എന്നിട്ട് അലമാരയിലെ അഡ്രസ് ബുക്ക് എടുത്തു നോക്കി, കവറിന്മേല്‍ ഡാനിയുടെ അഡ്രസെഴുതി അതൊട്ടിച്ചു വച്ചു.

ഡാനി താക്കോലുപോലും സൂക്ഷിക്കാനേല്‍പ്പിച്ചത്, അപ്പു ജോര്‍ജിനെയല്ലേ എന്നു വിചാരിച്ച് പിന്നെ അവളവന്റെയടുത്തേക്കു തന്നെ പോയി.

ഉറങ്ങുന്ന അവനെ ചരിച്ചുകിടത്തി അവന്റെ പോക്കറ്റില്‍ത്തന്നെ ആ താക്കോല്‍ക്കൂട്ടത്തിനൊപ്പം അവളാ കത്തു സൂക്ഷിച്ചുവച്ചു.

അപ്പോഴേക്കവള്‍ക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു. അവളാ ചാരുകസേരയില്‍ വന്നു കിടന്നു ഉറക്കം തൂങ്ങിക്കൊണ്ട്, കാക്കച്ചിയുടെ കൈയിലേല്പിക്കാം കത്തെന്നവള്‍ തീരുമാനിച്ചു.

ഡാനിയുടെ നാട്ടിലേക്കു പറക്കുന്ന ഏതെങ്കിലും ദേശാടനപ്പക്ഷിയുടെ കൈയില്‍ കൊടുത്തവള്‍ അത് ഭദ്രമായി ഡാനിയെ ഏല്‍പ്പിക്കാതിരിക്കില്ല, കത്തു കിട്ടിയാല് ഡാനി വരാതിരിക്കില്ല എന്നു കരുതി, ചിരിച്ചു കൊണ്ട് അവള്‍ പെട്ടെന്നുതന്നെ നല്ല ഉറക്കമായി.

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya a s childrens novel sundaramvettile visheshangal chapter 18

Next Story
സുന്ദരം വീട്ടിലെ വിശേഷങ്ങള്‍-17priya as , childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express