സ്വപ്‌നം കണ്ടുണരുമ്പോള്‍

കര്‍ട്ടനുകള്‍ ഊരിയെടുത്തു വലിച്ചു പൊക്കി വാഷിങ് മെഷീനില്‍ പല തവണയായി നനക്കാനിട്ടപ്പോഴത്തേക്ക് തന്നെ പാവകളാകെ ക്ഷീണിച്ചു വശം കെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

അനങ്ങാന്‍ പോലുമാകാതാവും അപ്പണി ചെയ്തു കഴിയുമ്പോള്‍ എല്ലാവര്‍ക്കും എന്നറിയാവുന്നതു കൊണ്ട് നാണി മാത്രം ആ പണിയിലെങ്ങും കൂടിയില്ല.

അവളങ്ങനെ മടിപിടിച്ചിരിക്കുകയൊന്നുമായിരുന്നില്ല കേട്ടോ. അവളതിനകം മുറ്റത്തു പോയി നല്ല പഴുത്ത പേരക്കകള്‍ പാവാടത്തുമ്പു വിടര്‍ത്തിപ്പിടിച്ച് അതില്‍ പറിച്ചിട്ടു കൊണ്ടുവന്നു കഴിഞ്ഞിരുന്നു. അതെല്ലാം കഴുകി അവള്‍ ഡൈനിങ്ങ്‌റ്റേബിളില്‍ കൊണ്ടു വന്നു ഭംഗിയായി അടുക്കി വച്ചിട്ടുമുണ്ടായിരുന്നു.

കര്‍ട്ടന്‍ പണി കഴിഞ്ഞെത്തിയതും അവരോരുത്തരും ഓരോ പേരക്കയെടുത്തു കാരിത്തിന്നു കൊണ്ട് ഡൈനിങ്‌റൂമിന്റെ ഒരു വശത്തിട്ടിരിക്കുന്ന ദീവാനില്‍ ചാരിക്കിടപ്പായി.

അങ്ങനെ തലങ്ങും വിലങ്ങുമായി, ഒരാള്‍ മറ്റേയാളുടെ മേല്‍ കൈയും കാലുമൊക്കെ എടുത്തു വച്ചു് ഉള്ള ഇത്തിരി സ്ഥലത്ത് തിങ്ങിനിറഞ്ഞു കിടക്കുന്നതു കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു.

പേരക്ക തിന്ന് വിശപ്പും മാറി, വെള്ളം കുടിച്ച് ക്ഷീണവും മാറിയതോടെ അവരെല്ലാം അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. ഉറക്കത്തില്‍ അപ്പു ജോര്‍ജ്, ഡാനിയെ സ്വപ്‌നം കണ്ടു.

കുഞ്ഞുഡാനിയെയല്ല വല്യ ഡാനിയെയാണവന്‍ സ്വപ്‌നം കണ്ടത്.

അങ്ങു ദൂരെ ഡാനിയുടെയാ ദൂരരാജ്യത്തിരുന്ന്, ഡാനി അവന്റെ ലാപ്‌റ്റോപ്പില്‍ അവന്റെ കുട്ടിക്കാല ചിത്രങ്ങള്‍ അച്ഛനുമമ്മക്കുമൊപ്പമിരുന്നു നോക്കുന്നു.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

അവന്‍ ആദ്യമായി കമിഴ്ന്നു വീണതും മുട്ടിലിഴഞ്ഞതും പിടിച്ചു നിന്നതും പിച്ചവച്ചതും ആദ്യമായി ഒരു പാവയെ കിട്ടിയപ്പോഴുള്ള അവന്റെ മട്ടും ഭാവും ‘എന്റെ ഫാമിലിയുടെ ഫോട്ടോ എടുത്തേ’ എന്നു പറഞ്ഞവന്‍ എല്ലാ പാവകളെയും ചൂരല്‍ സെറ്റിയിലെടുത്തു വച്ച് അവരെ കെട്ടിപ്പിടിച്ച് ഫോട്ടോക്കായി പോസു ചെയ്തതും ഒക്കെ ലാപ്‌റ്റോപ്പിലൂടെ മിന്നിമാഞ്ഞു കൊണ്ടിരുന്നു.

priya as, childrens novel ,iemalayalam

അപ്പോഴൊക്കെ അവന്‍ തന്നത്താന്‍ ചിരിക്കുന്നുണ്ടായിരുന്നു. ‘ദേ നാണി, ദേ കുഞ്ഞന്ന, അപ്പുറത്തിരിക്കുന്നത് അപ്പു ജോര്‍ജല്ലേ?’ എന്നൊക്കെ ആവേശത്തോടെ പറയുന്നുമുണ്ടായിരുന്നു.

സൂക്ഷിച്ചു സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ അപ്പു ജോര്‍ജ് കാണുന്നത്, ഡാനിയുടെ മടിയില്‍ ഒരു കുഞ്ഞു വാവ!

ആ കുഞ്ഞുവാവയ്ക്കാണ് ഡാനി തന്റെ കുട്ടിക്കാലവും കളിപ്പാട്ടങ്ങളും കുഞ്ഞുസൈക്കിളും ഒക്കെ കാണിച്ചു കൊടുക്കുന്നത്! ഡാനിയച്ഛന്റെയും ഡാനിയമ്മയുടെയും അരികത്ത് താഴെ മുട്ടുകുത്തി ആ ചിത്രങ്ങള്‍ കണ്ടു കൊണ്ട്, കുഞ്ഞുവാവയുടെ അമ്മ ഇരിക്കുന്നുണ്ട്.

‘ആഹാ, അമ്പടാ വീരാ ഡാനീ, നീ ഞങ്ങളെ അറിയിക്കാതെ, ഞങ്ങളെയൊന്നും വിളിച്ച് സദ്യ തരാതെ കല്യാണം കഴിച്ചോ,’ എന്നു ഉറക്കത്തില്‍ ഉറക്കെ വിളിച്ചു ചോദിച്ചു കൊണ്ട് അപ്പു ജോര്‍ജ്, ഡാനിയോടു പിണങ്ങി തിരിഞ്ഞു കിടന്നു.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

‘നീ എന്താണ് ഉറക്കത്തില്‍ പിച്ചും പേയും പറയുന്നതു,’ എന്നു ചോദിച്ച് നാണി അവനെ കുലുക്കി വിളിച്ചു.

ഉറക്കപ്പിച്ചോടെ കണ്ണും തിരുമ്മി എണീറ്റിരുന്ന് അവന്‍ അവളോടു പറഞ്ഞു, ‘നമ്മുടെ ഡാനിയുടെ കല്യാണം കഴിഞ്ഞു. ഒരു വാവയൊക്കെ ആയി ഇപ്പോ അവന്. ഞാന്‍ ഡാനിയുടെ ഭാര്യയെും കുഞ്ഞുവാവയെയും കണ്ടു.’

ഇവനിതെന്തൊക്കെയാണ് പറയുന്നതെന്ന് മനസ്സിലാകാതെ നാണി അന്തം വിട്ടിരുന്നു. സ്വപ്നത്തിലാണ് താനിതൊക്കെ കണ്ടത് എന്ന് അപ്പു ജോര്‍ജ് പറഞ്ഞപ്പോ, സ്വപ്നത്തെ വിശ്വസിക്കാമോ, സ്വപ്‌നത്തില്‍ കാണുന്ന കാര്യങ്ങള്‍ സത്യമായിരിക്കുമോ എന്നൊക്കെ സംശയമായി നാണിക്ക്.

അതിനകം ഓരോരുത്തരും ഉറക്കം വിട്ടെഴുന്നേല്‍ക്കാന്‍ തുടങ്ങിയിരുന്നു.

സ്വപ്‌നത്തിന്റെ കഥ കേട്ടപ്പോള്‍ അവരെല്ലാവരും ഒരു കാര്യം സമ്മതിച്ചു. നല്ല ഒന്നാന്തരം സ്വപ്‌നം.

‘ചിലപ്പോ നമ്മുടെ ഇവിടെ പ്രളയം വന്ന് എല്ലാക്കാര്യങ്ങളും അലങ്കോലമായിക്കിടക്കുന്ന നേരത്തായിരിക്കും ഡാനിയുടെ കല്യാണം നടന്നത്,’ എന്നു കുഞ്ഞന്ന പറഞ്ഞു.

priya as , childrens novel, iemalayalamഅതു ശരിയായിരിക്കും എന്നവര്‍ക്ക് തോന്നി. മുറ്റത്തു വരെ വെള്ളം വന്നതും വെള്ളക്കെട്ടു കാരണം നടന്നുവരാന്‍ വഴിയില്ലാതായതും സുന്ദരം വീടിന്റെ സ്ഥിതി അന്വേഷിക്കാന്‍ തേവന്‍മൂപ്പന്റെയും കുഞ്ഞന്‍പെണ്ണിന്റെയും മക്കള്‍ തോണി തുഴഞ്ഞു വന്നതും വീടിനു കുഴപ്പമില്ല എന്നു കണ്ട് തിരിച്ചു പോയതും അവരോര്‍ത്തു.

‘ഡാനിയുടെ കുഞ്ഞു മകളെ കണ്ടാല്‍ ഡാനിയുടെ കുട്ടിക്കാലത്തെ അതേ ഛായ’ എന്നു അപ്പു ജോര്‍ജ് വിസ്തരിച്ചു… ‘കുഞ്ഞന്നയെ ലാപ് റ്റോപ് സ്‌ക്രീനില്‍ കണ്ടപ്പോള്‍, ആ കുഞ്ഞുവാവ കൈ നീട്ടി കുഞ്ഞന്നയെ എടുക്കാന്‍ മുന്നോട്ടായുന്നുണ്ടായിരുന്നു,’ എന്നു അപ്പു ജോര്‍ജ് പറഞ്ഞതു കേട്ടപ്പോള്‍ കുഞ്ഞന്ന എണീറ്റ്, പാവാടത്തുമ്പു വിടര്‍ത്തിപ്പിടിച്ച് വട്ടത്തില്‍ കറങ്ങി ഒരു സന്തോഷനൃത്തം പാസ്സാക്കി.

priya as , childrens novel, iemalayalam‘അങ്ങനെ നമ്മുടെ പടം കണ്ടു കണ്ട്, കുഞ്ഞുവാവയ്ക്കു നമ്മളോട് വലിയ ഇഷ്ടമാവുന്നതു കാണുമ്പോള്‍, സുന്ദരം വീട്ടില്‍ ഒന്നു വന്നു പോകാന്‍ ഡാനിക്ക് തോന്നാനും മതി’ എന്നായി പിന്നെ അവരുടെ ചിന്ത.

‘ഏതായാലും നമ്മള്‍ വീടു വൃത്തിയാക്കി വയ്ക്കാന്‍ തീരുമാനിച്ചത് നല്ല നേരത്താണെന്നു തോന്നുന്നു,’ എന്നു പറഞ്ഞു കുഞ്ഞന്ന.

Read More: ‘ഭൂമിയുടെ അലമാര’: കുട്ടികളുടെ നോവല്‍ വായിക്കാം

‘ഇപ്പോ കഴുകി ഉണക്കാനിട്ടിരിക്കുന്ന കര്‍ട്ടനുകള്‍ തിരിച്ചിടണ്ട നമുക്ക്. ഡാനിയുടെ മുറിയിലെ ജനാലകള്‍ക്ക്, അവന്‍ കുഞ്ഞായിരുന്നപ്പോ ആ മുറിക്കിട്ടിരുന്ന താറാക്കുഞ്ഞിന്റെയും കോഴിക്കുഞ്ഞിന്റെയും കര്‍ട്ടന്‍ ഇടാം പകരം നമുക്കെന്നു,’ പറഞ്ഞു അപ്പുജോര്‍ജ്.

അതെവിടെയാണെന്നു അലമാര തുറന്ന് പരതലായി പിന്നെ അവരെല്ലാം.

‘അല്ലാ, ഡാനിയുടെ ആദ്യത്തെ ഉടുപ്പും തളയും അരയിലെ ചരടും കുഞ്ഞു ഷൂവും ആ മുറിയിലെ കര്‍ട്ടനും ഒക്കെ അമ്മ സൂക്ഷിച്ചിരിക്കുന്നത് ആ കാല്‍പ്പെട്ടിയിലല്ലേ,’എന്ന് പിന്നെ അവര്‍ക്ക് ഓര്‍മ്മ വന്നു.

അവരോടിപ്പോയി കാല്‍പ്പെട്ടി തുറന്നു. അവന്റെ പീപ്പിയെടുത്ത് അവര്‍ ഉറക്കെയൂതി. അവന്റെ കുഞ്ഞിക്കാറിനു കീ കൊടുത്ത് അത് മുറിയിലൂടെ ഓടിച്ച് അവരതിന്റെ പുറകെ ഓടി. അവന്റെ കുഞ്ഞു കെട്ടുടുപ്പെടുത്ത് അവര് ഡാനിയുടെ പഴയ കുഞ്ഞുവാവ മണത്തിനായി മൂക്കുവിടര്‍ത്തി.

അവര്‍ക്ക് ഡാനിയുടെ വാവക്കുഞ്ഞിനെ കാണാന്‍ തിടുക്കമായി. ‘നമ്മളുറങ്ങിയാല്‍, നമ്മുടെ ഉറക്കത്തിലേക്ക് ഡാനി വന്നേക്കും അവന്റെ കുഞ്ഞുവാവയുമായി,’ എന്നു വിചാരിച്ച് അവര്‍ പിന്നെയും ആ ദീവാനില്‍കയറി കണ്ണുമടച്ചുകിടന്നു.

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook