സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ -16

കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു കായലിലെ വിളക്കുമരം കണ്ണടച്ചു എന്ന പാട്ട് വീണ്ടും വീണ്ടും ഡാനി, റെക്കോഡ് പ്ലെയറിലൂടെ കേട്ടു. മനുഷ്യരെപ്പോലെ, വിളക്കുമരവും കണ്ണടക്കും എന്നു പാട്ടിൽപറയുന്നതു കേട്ട് ഡാനി അത്ഭുതപ്പെട്ടു

priya as, childrens novel , iemalayalam

പാടത്തെ ഓരോരോ കളികള്‍

പണ്ട് നെല്‍ക്കൃഷിക്കാലം കഴിഞ്ഞാലും പാടം വലിയ തിരക്കിലായിരുന്നു എന്നു അപ്പു ജോര്‍ജ് ഓര്‍ത്തു. ഇടവിളയായി മത്തയും മധുരക്കിഴങ്ങും നടും.

മത്തപ്പൂവുകള്‍ വലിയ മഞ്ഞ കോളാമ്പികള്‍ പോലെ വിടര്‍ന്ന് നില്‍ക്കും. പെണ്‍പൂവിനു താഴെ ചെറിയൊരു പച്ചപ്പന്തുരൂപത്തില്‍ കിളുന്നു മത്തങ്ങ കണ്‍മിഴിച്ചു ഭൂമിയെ നോക്കുന്നുണ്ടാവും. ആണ്‍മത്തപ്പൂ പറിച്ച് ഡാനിയമ്മ തോരന്‍ വയ്ക്കും. ചിലപ്പോ മത്തയിലയും കൂടി ചേര്‍ക്കും.

മധുരക്കിഴങ്ങു വള്ളികള്‍ തടം മുഴുവന്‍ മൂടിക്കിടക്കും. അതിന്റെ തളിരിലകള്‍ കാണുമ്പോള്‍, ‘സ്വപ്‌നങ്ങളുടെ നിറം ഇങ്ങനെയാണെന്നാണ് എനിക്കു തോന്നാറ്’ എന്ന് ഡാനിയമ്മ പറയും.

ഭൂമിക്കടിയിലെ മധുരക്കിഴങ്ങു മൂക്കുമ്പോള്‍, ഡാനിയച്ഛന്‍ തലയിലൊരു തോര്‍ത്തുകെട്ടും കെട്ടി കുനിഞ്ഞുനിന്നതു പറിച്ചെടുത്ത് കൊട്ടയിലേക്കിടും.

അത് ഡാനിയച്ഛന്‍ പുഴുങ്ങും. കാന്താരിയും ചുവന്നുള്ളിയും ഇത്തിരി ഉപ്പും ചേര്‍ത്ത് ചതച്ചെടുത്ത ചമ്മന്തിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത്, തൊലി കളഞ്ഞ് അതില്‍ മുക്കി ഡാനി മധുരക്കിഴങ്ങ് തിന്നും.

കുട്ടയില്‍, ബാക്കി ഒരുപാട് മധുരക്കിഴങ്ങ് ഉണ്ടാവും. ദേവകിയമ്മയും കല്യാണിയമ്മയും അവര്‍ക്കാവശ്യമുള്ളത് കൊണ്ടുപോയാലും പിന്നെയും ബാക്കിയുണ്ടാവും.

അതെടുത്ത് ഓരോ ചെറുകുട്ടയിലാക്കി, തെക്കേതിലും കിഴക്കേതിലും വടക്കേതിലുമൊക്കെ കൊടുക്കാനായി ഡാനിയെയും പാവകളെയും അമ്മ ഏല്‍പ്പിക്കും.

വലിയൊരു കൃഷിക്കാരനാണെന്ന മട്ടില്‍ അതുമായി അങ്ങനെ ഓരോ വീട്ടിലേക്കും പോകാന്‍ ഡാനിക്കിഷ്ടമാണ്. പാവകള്‍ക്കും.

ആ വീടുകളില്‍ ചെല്ലുമ്പോഴോ, അവിടെ കൃഷി ചെയ്ത എന്തെങ്കിലും ആ വീട്ടുകാര്‍ തിരികെ ഡാനിയുടെ കൈയില്‍ കൊടുത്തയക്കും. ചിലപ്പോ അത് ചീര ആയിരിക്കും, ചിലപ്പോ കുമ്പളം, മറ്റു ചിലപ്പോ ഒരു പടല പാളയങ്കോടന്‍ പഴമായിരിക്കും.

അങ്ങനെ ഇടക്കൃഷിയും കഴിയുമ്പോള്‍ പാടം പിന്നെ നാട്ടുകാരുടേതാവും.

priya as, childrens novel , iemalayalamവൈകുന്നേരം പന്തു കളിക്കുന്നവര്‍ വന്നു പാടം കൈയടക്കും. വേറെ ചിലപ്പോള്‍ കബഡി കളിക്കാരാവും പാടത്തിലെ കളിയുടെ ഉടമകള്‍.

കളിക്കാരല്ലാതെയും ഒരു കൂട്ടരുണ്ടാവും അവിടെ. കളി കാണാന്‍ വന്നവര്‍…

പാടവരമ്പത്തും തെങ്ങുകളുടെ ചുവട്ടിലും ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും അവര്‍. അക്കൂട്ടത്തിലാണ് ഡാനിയും അച്ഛനും പാവക്കുട്ടികളും പെടുക.

കളിക്കുന്നവരുടെയും കളി കാണുന്നവരുടെയും ബഹളവും തിമിര്‍ക്കലും പാടത്തു നിന്നുയര്‍ന്നു പൊങ്ങി അങ്ങ് മാനം തൊടുന്നുവെന്നുതോന്നും.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

അപ്പോഴേക്ക് സ്‌ക്കൂള്‍ കുട്ടികളുടെ ഒഴിവു കാലവും വരും. അവരും ചേരും കളിക്കാന്‍. ഡാനിയെ എടുത്തുയര്‍ത്തി, ‘നിനക്ക് കളിക്കണ്ടേ, ഇങ്ങനെ വെറും കാഴ്ചക്കാരനായി ഇരുന്നാല്‍ മതിയോ?’ എന്നു ചോദിച്ച്, പ്‌ളെഗ്രൗണ്ടായി മാറിയ പാടത്തിലേക്ക് ആദ്യമായി ഡാനിയെ ഇറക്കിയത് ആ കൊച്ചുചേട്ടന്മാരാണ്.

കബഡി കളിക്കാര്‍ ചിലപ്പോള്‍ പാടത്തു മലര്‍ന്നടിച്ചു വീഴുന്നതു കാണാം. ഡാനിയച്ഛന്‍ കൂടുമായിരുന്നു കബഡി കളിക്കാന്‍. ‘വീഴുന്നവരെ കൈ കൊടുത്ത് എണീക്കാന്‍ സഹായിച്ചിട്ടേ, എതിര്‍കളിക്കാര്‍ വീണ്ടും കളിക്കാന്‍ തുടങ്ങൂ. അതാണ് കളിയിലെ മാന്യത’ എന്ന് ഡാനിയച്ഛന്‍ ഡാനിയോട് പറഞ്ഞു.

പട്ടം പറത്തലുകാര്‍ക്കും പാടം വലിയ ഇഷ്ടമാണ്. പരുന്തുകളും പട്ടങ്ങളും കൂടി ആകാശം കൈയടക്കും.

ഏറ്റവും നന്നായി പട്ടം ഉണ്ടാക്കുന്നയാളായിരുന്നു ഹമീദിക്ക. പല പല ആകൃതികളില്‍ വിവിധതരം പട്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഹമീദിക്കക്ക്, ‘പട്ടമുണ്ടാക്കാനുള്ള ഈര്‍ക്കില്‍ സംഭരിച്ചു കൊടുക്കുന്നയാള്‍’ എന്നുള്ള ഗമപ്പദവിയില്‍ ഡാനിയങ്ങനെ വിലസും.

priya as, childrens novel , iemalayalam

പട്ടങ്ങള്‍ തമ്മില്‍ മത്സരിച്ച്, കെട്ടിപ്പിണഞ്ഞ് ചിലപ്പോള്‍ പട്ടങ്ങളിലൊന്നിന്റെ ചരട് പൊട്ടും. ജയിച്ച പട്ടത്തിന്റെ ഉയരങ്ങളിലേക്കുള്ള പറക്കലില്‍ അസൂയ വന്നാണോ എന്തോ ചില കാക്കകള്‍ അത് കൊത്തിക്കീറാന്‍ ശ്രമിക്കും.

കേടായ പട്ടങ്ങളുടെ ഡോക്റ്റര്‍ ഡാനിയച്ഛനായിരുന്നു. എത്ര പെട്ടെന്നാണ് അച്ഛന്‍, പൊട്ടിയ പട്ടങ്ങളെ ചില മിനുക്കുപണികളിലൂടെ, സൂത്രവിദ്യകളിലൂടെ പിന്നെയും പഴയ മിടുക്കരായ പട്ടങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നത്!

‘കേടായവയൊന്നും കളയാനുള്ളവയല്ല, മിനുക്കിയെടുക്കാനുള്ളവയാണെ’ന്ന് ഡാനിയച്ഛന്‍ എല്ലാവരോടും എപ്പഴും പറഞ്ഞു.

രാത്രിയായാല്‍ പാടം, ഇടക്കിടെ ഗ്രാമത്തില്‍ വരാറുള്ള നാടകസംഘം കൈയടക്കും. പുറമേ നിന്നു വരുന്ന നാടകസംഘം, പാടത്ത് സ്റ്റേജും മൈക്കും വെളിച്ചവും ഒക്കെ ഒരുക്കും. ഏതെങ്കിലുമൊക്കെ ക്‌ളബുകളാവും അവരെ വിളിച്ചുവരുത്തിയിട്ടുണ്ടാവുക.

റാന്തല്‍ പിടിച്ചോ കത്തിച്ച ചൂട്ടുകറ്റ വീശിയോ വഴിയില്‍ ഇഴജീവികള്‍ വല്ലതുമുണ്ടോ എന്നു നോക്കിനോക്കി കാഴ്ചക്കാര്‍ എത്തിച്ചേരും. സ്ത്രീകളും പുരുഷന്മാരും കുട്ടികളും പ്രായമായവരുമൊക്കെ കാണും കാഴ്ചക്കാരില്‍. കൈയില്‍ പായും തലയിണയും ഒക്കെ കരുതിയിരിക്കും അവര്‍. നാടകം കണ്ടുകണ്ട് ചെറ്യ കുട്ടികള്‍ പായില്‍ കിടന്നുറങ്ങിപ്പോവും.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

‘കാട്ടുകുതിര’യായിരുന്നു ഡാനി ആദ്യം അങ്ങനെ കണ്ട നാടകം. നാടകങ്ങളില്‍, ആദ്യം കൊട്ടാരം വരുന്നതും പിന്നെയതു മാറി കുടില്‍ വരുന്നതും അതും മാറി പള്ളി വരുന്നതും അതും കഴിഞ്ഞ് ചന്ത വരുന്നതും ഒക്കെ കുഞ്ഞു ഡാനിക്ക് വലിയ അത്ഭുതമായിരുന്നു.

സെറ്റുകള്‍ മാറ്റി മാറ്റി നാടകത്തിന് രംഗസജ്ജീകരണം നടത്തുന്ന ഒരാളാവണം വലുതായാല്‍ എന്നു തീരുമാനിച്ചതായിരുന്നു ഡാനി അതോടെ.

ലൈറ്റ് ആന്റ് സൗണ്ട്കാരുടെ അടുത്തു കൂടി നിന്ന് റെക്കോഡ് പ്‌ളെയര്‍ എന്ന അത്ഭുത വിദ്യ ഡാനി മതിയാവോളം കണ്ടു. ഓരോ പ്‌ളേറ്റിടുമ്പോഴും ഓരോ പാട്ട്. ഒരേ പ്‌ളേറ്റ് പിന്നെയും പിന്നെയുമിട്ടാല്‍ അതേ പാട്ട് തന്നെ വീണ്ടും വരുന്ന മായാജാലം.

‘കാറ്റടിച്ചു, കൊടുങ്കാറ്റടിച്ചു ,കായലിലെ വിളക്കു മരം കണ്ണടച്ചു…’ എന്ന പാട്ട് അവര്‍ ഡാനിക്കു വേണ്ടി വീണ്ടും വീണ്ടും വച്ചു കൊടുത്തു. മനുഷ്യരെപ്പോലെ വിളക്കുമരവും കണ്ണടക്കും എന്നു പാട്ടില്‍ പറയുന്ന ആ വരി ഡാനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു.

priya as, childrens novel , iemalayalam

ഇടക്കിടെ സിനിമാ ഷോയും വന്നുപോകും. അന്നിപ്പോഴത്തെപ്പോലെ സിനിമാകകൊട്ടകയും ടാക്കീസുമൊന്നുമില്ലല്ലോ. വെള്ളമുണ്ട് വലിച്ചു കെട്ടി അതിനുമുന്നില്‍ കുറച്ചുമാറി ഒരു പ്രൊജക്റ്റര്‍ വച്ച് സിനിമ കാണിക്കുന്ന വിദ്യ. രൂപങ്ങള്‍, നിഴലുകള്‍ പോലെ അങ്ങനെ ഒഴുകി നടക്കും ആ വെള്ളത്തുണിയിലൂടെ.

അങ്ങനെയാണ് ഡാനി, ആദ്യമായി ‘ചെമ്മീന്‍’ കണ്ടത്. അക്കഥയെഴുതിയ തകഴിയപ്പൂപ്പനെ കൊണ്ടുവന്ന് മുന്‍വശത്തെ കസേരയിലിരുത്തി അന്ന് ആ പ്രൊജക്റ്റര്‍ മാമന്‍.

തകഴിയപ്പൂപ്പന്‍ വളഞ്ഞു കുനിഞ്ഞ് കുഞ്ഞുഡാനിക്കു മുമ്പില്‍ മാലയിടാന്‍ പാകത്തില്‍ ചിരിച്ചോണ്ട് നില്‍ക്കുന്നതു കണ്ട് അന്ന് എല്ലാവരും ചിരിച്ചു. കുഞ്ഞലമേലുവാണന്ന് പൂച്ചെണ്ടു കൊടുത്തത്.

എന്തിനാണാളുകള്‍ ചിരിച്ചതെന്ന് ഡാനിക്ക് മനസ്സിലായില്ല. അപ്പോ ഡാനിക്ക് കരച്ചില്‍ വന്നു. അപ്പോ ആ പ്രൊജക്റ്റര്‍ മാമന്‍ മാധവന്‍, അവനെ എടുത്ത് തോളിലിരുത്തി.

Read More: ‘ഭൂമിയുടെ അലമാര’: കുട്ടികളുടെ നോവല്‍ വായിക്കാം

പിന്നെ ഡാനി വലുതായ കാലത്ത്, ആ പ്രൊജക്റ്റര്‍ മാമനെ കുറിച്ചു ‘കാഴ്ച’ എന്ന ഒരു സിനിമ വന്നു.

മലയാളമല്ലാത്ത സിനിമകള്‍ കാണിക്കുമ്പോള്‍ ആ മാധവന്‍ മാമന്‍, ഡാനിയുടെ സഹായം തേടി.

തെല്ലു നാണത്തോടെയും അഭിമാനത്തോടെയും ഡാനി സിനിമാവെളിച്ചത്തില്‍ മുങ്ങി നിന്ന്, മറുഭാഷാസിനിമകളുടെ കഥാസാരം, ആള്‍ക്കൂട്ടത്തിനെ പറഞ്ഞുകേള്‍പ്പിച്ചു.

ഡാനി കോളേജു കുമാരനായപ്പോള്‍ വീടിനടുത്തുള്ള പാടത്തു നിന്ന് മറ്റു കരകളിലേക്ക് ‘ഇരുട്ടുംമുമ്പ് വേഗം തിരിച്ചു കൊണ്ടുവരാം കൊച്ചിനെ’ എന്നു ഡാനിയച്ഛനോട് പറഞ്ഞ്, മാധവമ്മാമന്‍ തന്റെ സൈക്കിളിന്റെ പുറകില്‍ വച്ചു കൊണ്ടുപോയി ഡാനിയെ.

priya as, childrens novel , iemalayalamആ മാമനു വേണ്ടി ‘ദേര്‍സു ഉസാല’ യും ‘ബൈസിക്കിള്‍ തീവ്‌സും’ ഡാനി കാണികള്‍ക്കു വേണ്ടി തത്സമയപരിഭാഷ ചെയ്തു.

കഥയെഴുതണോ നാടകം കളിക്കണോ സിനിമാ പിടിക്കണോ തര്‍ജ്ജമക്കാരനാകണോ കൃഷി ചെയ്യണോ എന്ന് ഡാനിക്ക് അതോടെ സംശയമായി.

ഡാനിയച്ഛന്‍ പറഞ്ഞു, ‘ഇതൊക്കെ നിനക്ക് എവിടെയെങ്കിലുമൊക്കെ വച്ച് ഗുണമേ ചെയ്യൂ’.

പിന്നെ പഠിച്ച് സ്‌ക്കോളര്‍ഷിപ്പോടെ ദൂരേക്കു പോയി അന്നാട്ടിലെ നെല്ലു ഗവേഷണകേന്ദ്രത്തില്‍ ഡാനി കൃഷികാര്യ വിദഗ്ധനായത് ഓര്‍ത്തപ്പോള്‍ അപ്പു ജോര്‍ജിന് വലിയ അഭിമാനം തോന്നി.

ഡാനിയെയൊക്കെ കണ്ടിട്ടെത്ര നാളായെന്ന് ഇത്തിരികഴിഞ്ഞപ്പോ അവന് സങ്കടം വന്നു. അവന്‍ ജനലിലൂടെ പുറത്തേക്കു നോക്കി.

അവന് തോന്നി, പാടവും അവനെപ്പോലെ സങ്കടപ്പെട്ടു നില്‍ക്കുകയാണ്. ഇപ്പോള്‍ പാടത്തു, ഫുട്‌ബോള്‍കളിയും നാടകവും സിനിമയും ഒന്നുമില്ലല്ലോ.

‘നീയെന്താ ഓരോന്നോര്‍ത്തോര്‍ത്തു മയങ്ങിയ പോലെ ഒരിരുപ്പ്… കര്‍ട്ടന്‍ ഊരാന്‍ കൂടുന്നില്ലേ,’ എന്നു ചോദിച്ചു അപ്പോ കുഞ്ഞന്ന.

‘ഉവ്വുവ്വ്’ എന്നു ഞെട്ടിയെണീറ്റു പറഞ്ഞ്, ജനലില്‍ പിടിച്ചു പാടത്തിനെയും നോക്കിയുള്ള ആ നില്‍പ്പ് മതിയാക്കി, അവന്‍ കര്‍ട്ടനുകള്‍ ഊരാന്‍ തുടങ്ങി.

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya a s childrens novel sundaramvettile visheshangal chapter 16

Next Story
പെരുമഴയത്തെ കുഞ്ഞിതളുകള്‍-കുട്ടികളുടെ നോവൽ ഒന്നാം ഭാഗംpriya a s, novel
The moderation of comments is automated and not cleared manually by malayalam.indianexpress.com