മീനറ, നെല്ലറ

മീന്‍കാരന്‍ മോറിസിന്റെ കൈയില്‍ എന്തൊക്കെ മീനുണ്ടാവും എന്ന ആലോചനക്കാരിയായി നാണി നിമിഷ നേരം കൊണ്ട്. വഴിയിലേക്കു തല നീട്ടി നോക്കിയുള്ള അവളുടെ തൂണുംചാരിയിരുപ്പു കണ്ട് അപ്പു ജോര്‍ജിനും കുഞ്ഞന്നയ്ക്കുമൊക്കെ ചിരി വന്നു.

മീന്‍വറുക്കുന്ന മണം സുന്ദരംവീട്ടില്‍ നിറയുമ്പോള്‍ തുള്ളിച്ചാടുന്ന ശീലക്കാരിയായിരുന്നല്ലോ നാണി എന്ന് അവരൊക്കെ ഓര്‍ത്തു. അങ്ങനെ തുള്ളിച്ചാടി ഒരു ദിവസം അവള്‍, അവളെ വച്ചിരുന്ന ഷെല്‍ഫില്‍ നിന്നു താഴെ വീണിട്ടു പോലുമുണ്ട്.

‘നിനക്കും ഓടാന്‍ തോന്നണുണ്ട് അല്ലേ ആ മീന്‍കൊതിയന്‍ പൂച്ചയുടെ കൂടെ മോറിസിന്റെ പുറകേ,’ എന്നവരെല്ലാം ചേര്‍ന്നു കളിയാക്കിയപ്പോ നാണി കള്ളപ്പിണക്കം നടിച്ചു നിലത്ത് കമിഴ്ന്നു കിടന്നു.

ആ പിണക്കക്കിടപ്പിലും അവള് ഏറുകണ്ണിട്ട് മീന്‍കാരനെ നോക്കുകയാവും എന്ന് അവര്‍ക്കൊക്കെ ഉറപ്പായിരുന്നു. ഡാനിയമ്മ മീന്‍ വാങ്ങിക്കുമ്പോത്തുടങ്ങി കുഞ്ഞുഡാനി, നാണിയെ എളിയിലെടുത്തിരുത്തും.

‘അമ്മേ, എന്റെ പാവക്കൂട്ടത്തില് ഇവള്‍ക്കാണ് മീന്‍ വറക്കുന്ന മണമേറ്റവുമിഷ്ടം എന്നമ്മയ്ക്കറിയാല്ലോ അല്ലേ, അതാണ് മീന്‍ വാങ്ങുമ്പോഴേ ഞാനിവളെയും എടുത്ത് അമ്മ മീന്‍ വെട്ടുന്നിടത്ത് വരുന്നത്,’ എന്നു പറയും ഡാനി.

അമ്മ മീന്‍ വെട്ടുന്നതും നോക്കി പൂച്ചകളും കാക്കകളും ഇരിക്കും.

തലയും വാലും വെട്ടിക്കളഞ്ഞ് ചട്ടിയിലിട്ട മീന്‍കഷണങ്ങള്‍, കല്ലുപ്പും കൂട്ടി വട്ടത്തില്‍ വട്ടത്തില്‍ കൈ കൊണ്ട് അമ്മ ഇളക്കുമ്പോള്‍ വെള്ളിനിറത്തില്‍ ചെതുമ്പലുകള്‍ തെറിക്കുന്നത് കാണാനാണ് ഡാനി ഇരിക്കുന്നത്. ഓരോ തവണയും അങ്ങനെ ചെതുമ്പലുകള്‍ ചിതറുമ്പോള്‍, ഡാനി കുടത്തില്‍ നിന്ന് ചട്ടിയിലേക്ക് വെള്ളമൊഴിച്ചു കൊടുക്കും. പിന്നെയും പിന്നെയും കഴുകി അമ്മ അത് വൃത്തിയാക്കിക്കൊണ്ടേയിരിക്കും.priya as , childrens novel, iemalayalamഅതിനിടെ അമ്മ, മീന്‍ തലയും വാലുമൊക്കെ തെങ്ങിന്‍ ചുവട്ടിലേക്കെറിഞ്ഞിട്ടുണ്ടാവും. പൂച്ചയും കാക്കയും അത് കഴിക്കുന്ന തിരക്കും ബഹളവുമാവും. ‘തല്ലുകൂടാതെ, ബഹളം വയ്ക്കാതെ,’ എന്നുപറഞ്ഞ് അമ്മ ചട്ടിയിലെ മീന്‍കഷണങ്ങളുമായി അടുക്കളയിലേക്ക് നടക്കും.

പുറകേ പോകും ഡാനിയും നാണിയും. കുളങ്ങളിലും കായലിലും തോട്ടിലും നിറയെ നിറയെ മീനായിരുന്നല്ലോ അന്നൊക്കെ എന്ന് നാണിയോര്‍ത്തു.

ഇപ്പഴോ കായലുമാത്രമുണ്ട് ബാക്കി. തോടെല്ലാം നികത്തി, കുളമെല്ലാം നികത്തി, പാടമെല്ലാം നികത്തി ആളുകള്‍ കെട്ടിടങ്ങളുണ്ടാക്കിയിട്ടാണ് ഇക്കണ്ട പ്രളയമൊക്കെ വന്നത് എന്ന് നാണിക്ക് ദേഷ്യം വന്നു.

ശരിയാണ്, ശരിയാണ്, മഴവെള്ളത്തിനൊഴുകിപ്പോകാന്‍ സ്ഥലമില്ലാതെ വന്നപ്പോഴാണ് എല്ലാക്കൊല്ലവും പ്രളയം വരാന്‍ തുടങ്ങിയത്, ഒരു തവണ വെള്ളം സുന്ദരംവീടിന്റെ മുറ്റം വരെ എത്തിയതറിഞ്ഞപ്പോഴാണ് ‘ഇനി അച്ഛനും അമ്മയും ഒറ്റക്കിവിടെ പോയി താമസിക്കണ്ട’ എന്നു ഡാനി പറഞ്ഞതും സുന്ദരം വീടിങ്ങനെ അടച്ചിട്ട വീടായി കിടക്കാന്‍ തുടങ്ങിയതെന്നുമോര്‍ത്തപ്പോള്‍ അവര്‍ക്കൊക്കെ സങ്കടമായി.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

അതിനിടെ മീന്‍കാരന്‍ മോറിസ് തിരിച്ചു പോയി. ആ തവിട്ടുപൂച്ചയെ അയാളുടെ കൂടെയൊന്നും കണ്ടില്ല. ഏതോ വീട്ടിലെ അമ്മ, മീന്‍ വെട്ടുന്നതും നോക്കി അവനങ്ങനെ നില്‍പ്പാവും. അതു കഴിഞ്ഞു കിട്ടുന്ന മീന്‍തലയും മീന്‍വാലുമൊക്കെ ആയിരിക്കും ഇപ്പോ അവന്റെ സ്വപ്‌നങ്ങളില്‍.

നാണി എഴുന്നേറ്റിരുന്നു ചോദിച്ചു ‘ഡാനിക്കിപ്പോ അവനേറ്റവുമിഷ്ടമുള്ള കൊഴുവയും കക്കയിറച്ചിയും കിട്ടുന്നുണ്ടാവുമോ അന്നാട്ടില്‍…’

‘കൊടമ്പുളിയിട്ടു വച്ച മീന്‍കറി കൂട്ടി ചോറുണ്ണാന്‍ ഇപ്പോള്‍ കൊതിവരുന്നുണ്ടാവുമോ ഇപ്പോ ഡാനിയച്ഛന്? കരിമീന്‍ പൊള്ളിച്ചെടുക്കാന്‍ അവിടെ വാഴയിലയും കരിമീനും കിട്ടുന്നുണ്ടാവുമോ ഡാനിയമ്മക്ക്?’

‘ഇതുപോലെ കുളങ്ങളും തോടുകളും കായലുകളും മീനുകളും ഉള്ള ഏതെങ്കിലും നാടുകാണുമോ ലോകത്തില്‍,’ എന്നു കൂടി ചോദിച്ചു നാണി. ‘ഇല്ലില്ല’ എന്നുറപ്പിച്ചു പറഞ്ഞു അപ്പുജോര്‍ജ്.

അവരങ്ങനെ ആലോചിക്കുന്നതിനിടെ, കുടമ്പുളിമരത്തില്‍ നിന്ന് രണ്ടുമൂന്നു പഴുത്ത കുടമ്പുളികള്‍ താഴെ വീണു. അപ്പു ജോര്‍ജ് പോയി അതെടുത്തു കൊണ്ടുവന്നു. എന്നിട്ട് രണ്ടു കൈപ്പത്തിയുടെയും നടുക്കു വച്ച് ഞെരിച്ച് പൊട്ടിച്ച് അതിലേക്ക് നാവിട്ട്, ഉള്ളിലെ ദശയില്‍ നിന്നു പുളിരസച്ചാറ് വലിച്ചു കുടിച്ചു. പുളിരസം, അവന്റെ മുഖത്തു ചുളിച്ചുപിടിക്കലുകളായി പടരുന്നത് കണ്ട് നാണിക്ക് ചിരി പൊട്ടി.

priya as , childrens novel, iemalayalamഅവരുടെ സങ്കടം പെട്ടെന്ന് മാഞ്ഞുപോയി.

‘നമുക്ക് നാളെ തോട്ടില്‍ നിന്ന് ചൂണ്ടയിട്ട് മീന്‍ പിടിക്കണം, വരാലിനെയാവുമോ കിട്ടുക , അതോ കാരിയെ ആവുമോ, ആമയും വന്ന് ചുണ്ടക്കൊളുത്തില്‍ കുരുങ്ങുമോ, ചൂണ്ടയിര ആയിട്ട് ഞാഞ്ഞൂലിനെ വേണോ അതോ വിട്ടിലിനെ മതിയോ,’ എന്നൊക്കെ ചര്‍ച്ചയായി അവര്‍ പിന്നീട്.

അതിനിടെ അപ്പു ജോര്‍ജ് കസേരയില്‍ നിന്നെഴുന്നേറ്റു പോയി തെങ്ങിന്‍ ചുവട്ടില്‍ നിന്ന് കുറച്ചു വെള്ളയ്ക്കകളും തൈത്തെങ്ങില്‍ നിന്ന് പച്ചീര്‍ക്കിലിയും കൊണ്ടുവന്ന് വെള്ളയ്ക്കവണ്ടി ഉണ്ടാക്കാന്‍ തുടങ്ങി.

അവരങ്ങനെ വെള്ളയ്ക്കവണ്ടി ഉരുട്ടിക്കളിക്കുന്നതു കണ്ടപ്പോള്‍, ‘ഞാനാകാം അതിലെ യാത്രക്കാരന്‍’ എന്നു പറഞ്ഞ് ഒരു പൂമ്പാറ്റ വന്നു. അവരതിനെ വണ്ടിയില്‍ പിടിച്ചിരുത്തി വണ്ടി ഓടിച്ചു കളിച്ചു.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

‘ഇത്തരം വെള്ളയ്ക്ക വണ്ടി വച്ച് ഡാനി വലുതായതില്‍പ്പിന്നെ നമ്മള് കളിച്ചിട്ടേയില്ല അല്ലേ?’ എന്നു ചോദിച്ചു അവര് തമ്മില്‍ത്തമ്മില്‍.

പൂമ്പാറ്റവണ്ടി ഇഷ്ടപ്പെടാതെ ഭിത്തിയിലിരുന്ന് ചിലച്ചു, നേരത്തേ നമ്മള് കണ്ട പല്ലിത്താന്‍.

‘ഇത് നിനക്കു തിന്നാനൊന്നുമുള്ള പക്കിയല്ല, ഞങ്ങളുടെ ഗസ്റ്റാ’ എന്നു പറഞ്ഞ് അവനെ കര്‍ട്ടനില്‍ നിന്നോടിച്ചു, അവരെല്ലാം കൂടി.

‘നമുക്കീ കര്‍ട്ടനുകളും ഒന്നു കഴുകി വൃത്തിയാക്കണ്ടേ? അപ്പടി പൊടിയാ ഇതിന്മേലൊക്കെ’ എന്നു പറഞ്ഞ് പല്ലി ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ കൂട്ടുകൂടാന്‍ വന്നു. പാവം തോന്നി അവരവനെ കൂട്ടത്തില്‍ ചേര്‍ത്തു. അതിനിടെ തന്നെ കളി മതിയാക്കി പുറത്തേക്കു പറന്നു പോയിക്കഴിഞ്ഞിരുന്നു പൂമ്പാറ്റ.

ചാരുകസേര പഴയപോലെ അകത്തു കൊണ്ടുവന്നിട്ട്, കര്‍ട്ടനുകള്‍ ഊരിമാറ്റാന്‍ പോയി പാവകള്‍.

‘ആ വൈക്കോല്‍ത്തുറുപ്പൂച്ച വന്നിരുന്നുവെങ്കില്‍ അവനെയും സഹായത്തിനു വിളിക്കാമായിരുന്നു’ എന്ന് അപ്പോള്‍ അപ്പു ജോര്‍ജ് പറഞ്ഞു.

അവന്‍ വഴിയേ പോകുന്നുണ്ടോ എന്നു കര്‍ട്ടന്‍ ഊരുന്നതിനിടയില്‍ അവര്‍ ഇടക്കൊക്കെ ജനാലയിലൂടെ എത്തി വലിഞ്ഞുനോക്കി. പാടം, ഈയിടെയായി എപ്പഴും ഉറക്കമാണ്, ഉണരാറേയില്ല എന്നു അപ്പു ജോര്‍ജിനു തോന്നി.

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook