ചക്കരക്കാപ്പി
‘നമുക്ക് ചാരുകസേരയെടുത്ത് വരാന്തയിലിടാം, എന്നിട്ടതില്‍ കിടന്ന് ഓരോന്നു പറയാം, അങ്ങനെയല്ലേ ഡാനിയച്ഛന്, ഡാനിയമ്മയോടു വൈകുന്നേരനേരത്ത് വര്‍ത്തമാനം പറഞ്ഞിരുന്നതെ’ന്നു ചോദിച്ചു അപ്പോ നാണി. അതും പറഞ്ഞു വാതില്‍ തുറന്നു അവള്.
വാല് വളച്ചു പിടിച്ചു കൊണ്ട് ഉടനെ എണീറ്റു നിന്നു പൂച്ച. അവന്റെ നില്പ്പു കണ്ട് നാണി പറഞ്ഞു, ‘നിന്നെ ഉപദ്രവിക്കാന്‍ വരുകയാണ് ഞങ്ങളെന്നു വിചാരിച്ച് ഓടാന്‍ തയ്യാറായാണോ നീയിങ്ങനെ വാല് വളച്ചു നില്‍ക്കുന്നത്? നീ ഇത്തിരി മാറി നില്ക്ക്. ഡാനിയച്ഛന്റെ ചാരുകസേര കൊണ്ടിടട്ടെ ഞങ്ങളിവിടെ.’
അവള് പറഞ്ഞത് മനസ്സിലായിട്ടാണോ എന്തോ പൂച്ച ഒരരികത്തേക്കു മാറി നിന്നു. നാണിയും കൂട്ടരും കൂടി ചാരുകസേര കൊണ്ടുവന്ന് അവിടിട്ടു.
അപ്പു ജോര്‍ജ് ഉടനെ അതില്‍ക്കയറി ചാരിക്കിടപ്പായി. ബാക്കിയുള്ളവരൊക്കെ ഓരോ തൂണും ചാരിയിരിപ്പായി. പൂച്ചച്ചാര് അവിടെ ചുമ്മാ കുത്തിയിരുന്നു.
അപ്പു ജോര്‍ജ് ചുറ്റുമുള്ളവരോട് ചോദിച്ചു, ‘കുഞ്ഞുഡാനി ഇതില്‍ കിടന്ന് രാവിലെ ചക്കരക്കാപ്പി ഊതിയൂതിക്കുടിച്ചു രസിച്ചുു കിടക്കുന്നത് ഓര്‍മ്മയുണ്ടോ?’
അവരോരുത്തരും ആ പഴയ ചക്കരക്കാപ്പിക്കാലമൊക്കെ ഓര്‍ക്കാന്‍ തുടങ്ങി.
ഡാനിയമ്മ കാപ്പിയില്‍ ഒരു കുഞ്ഞുസ്പൂണ് നെയ് ഒഴിച്ചു കൊടുത്തിട്ടുണ്ടാവും. ചൂടു കാപ്പിയില്‍ വീണ നെയ്യ് ഉരുകിയുരുകി പല പല രസികന്‍ രുപങ്ങളില്‍ സ്വര്‍ണ്ണനിറത്തില്‍ തിളങ്ങി കാപ്പിയില്‍ പരക്കുന്നത് നോക്കിനോക്കിയിരിക്കാന്‍ ഡാനിയ്ക്ക് വലിയ ഇഷ്ടമായിരുന്നു. അതിനാണവന് അമ്മയോട്, ‘നെയ്യ് ഒഴിച്ചു താ കാപ്പിയില്‍ ‘എന്നു ദിവസവും പറഞ്ഞിരുന്നത്.
കാപ്പിയൂതിയൂതിക്കുടിച്ചു കൊണ്ട് ചുറ്റുമുള്ള ഇലയനക്കങ്ങളെയും കാറ്റിന്റെ ഒച്ചയെയും കിളിപറക്കലിനെയും പൂ കൊഴിയലിനെയും നോക്കിനോക്കി മയങ്ങിമയങ്ങി ഡാനി ഇരിക്കുന്നതു കണ്ട് ഡാനിയച്ഛന് കളിയാക്കും,’ഡാനി അങ്ങേക്കരയിലെ തകഴിയപ്പൂപ്പനെപ്പോലെ കഥയോ നോവലോ എഴുതാനുള്ള പുറപ്പാടാണെന്നു തോന്നുന്നു’.
തകഴിയപ്പൂപ്പന്റെ ‘ചെമ്മീന്‍’ എന്നു പറഞ്ഞ സിനിമയിലെ, ‘കാണാത്ത മീനിനു പോണൊരു തോണിക്കാരാ’ എന്ന പാട്ട് ഡാനിയച്ഛന് വലിയ ഇഷ്ടമാണ്. അത് ഡാനിയച്ഛന് ഇടക്ക് ഡാനിയമ്മയെക്കൊണ്ട് പാടിക്കും.
കൊയ്ത്തുകാലത്ത് അങ്ങനെ രസിച്ചുരസിച്ചു ചാരുകസേരയില്‍ കിടന്നാല്‍പ്പിന്നെ കുഞ്ഞുഡാനിക്ക് എഴുന്നേല്ക്കാന് തോന്നുകയേയില്ല.
പല ദിവസങ്ങളായി ദേവകിയമ്മയും കല്യാണിയമ്മയും ചെല്ലപ്പമ്മാമനും ചേര്‍ന്ന് മുറ്റത്തു നിരത്തി ഉണക്കിയെടുത്തു കൊണ്ടിരിക്കുന്ന വൈക്കോല്‍, മുറ്റത്തിന്റെ മൂലയില്‍ കൂന കൂട്ടി ഇട്ടിട്ടുണ്ടാവും. വൈക്കോലിന്റെ ചൂട്, ആവിയായി അതിന്റെ അറ്റത്തു കൂടി ഉയരുന്നുണ്ടാവും.
ഡാനി വിചാരിക്കും, ഇതാണ് സ്ക്കൂളില്‍ പഠിച്ച അഗ്നിപര്‍വ്വതം. ലാവ ഒഴുകുന്നതിനു മുമ്പ് പര്‍വ്വതം പുകയുകയാണ്.
Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം
ഡാനി അത് പറയുമ്പോ, ‘എന്തൊരു ഭാവന! തകഴിയപ്പൂപ്പന്റെ കൊച്ചുമകന് ആകാനുള്ള പുറപ്പാടാണെന്നു തന്നെ തോന്നുന്നു,’ എന്നു പിന്നെയും കളിയാക്കും ഡാനിയച്ഛന്.
കുറേ തോടുകള്‍ക്കും പാടങ്ങള്ക്കുമപ്പുറമാണ് തകഴിയപ്പൂപ്പന്റെ വീട്. അവിടെ പോയിട്ടുണ്ട് ഡാനി പലതവണ അച്ഛന്റെ കൂടെ.
മിക്കവാറും തന്നെ, ഷര്‍ട്ടിടാതെ കഴുത്തില്‍ ഒരു വലിയ രുദ്രാക്ഷമാലയുമായി മുന്‍വശത്തെ ചാരുകസേരയില്‍ കിടക്കുകയയാവും തകഴിയപ്പൂപ്പന്‍.
തകഴിയപ്പൂപ്പന്റെ വീട്ടില്‍ ചെല്ലുമ്പോഴൊക്കെ, ഡാനിക്ക് കായ ഉപ്പേരി വറുത്തത് കൊടുക്കും അവിടുത്തെ കാത്തയമ്മൂമ്മ.
ഒരു ദിവസം കുഞ്ഞുഡാനിയെ മടിയിലിരുത്തി തകഴിയപ്പൂപ്പന്‍ ചോദിച്ചു, ‘മോനച്ഛനെ പോലെ കൃഷിക്കാരനാകുമോ അതോ ഈ അപ്പൂപ്പനെപ്പോലെ കഥയെഴുത്തുകാരനാകുമോ?’
‘രണ്ടുമാകും,’ എന്നു പറഞ്ഞതു കേട്ട് തകഴിയപ്പൂപ്പന്‍ മുറുക്കാന്‍ കറ പിടിച്ച പല്ലു കാണിച്ച്, വയറു കുലുക്കിച്ചിരിച്ചു, എന്നിട്ട് ഡാനിയുടെ തലയില്‍ കൈ വച്ചനുഗ്രഹിച്ചു.
എല്ലാവരും ഡാനിയുമായി ബന്ധപ്പെട്ട പല പല ഓര്‍മ്മകളിലും പറച്ചിലിലും ആണെന്നു കണ്ട് പൂച്ചച്ചാര്, രണ്ടുകാലില്‍ എണീറ്റു നിന്ന് ചാരുകസേരയിലെ അപ്പു ജോര്‍ജ്ജിനെ ചെറുതായൊന്നു മാന്തി.
‘ഓഹോ, നിന്നോട് വൈക്കോല്ക്കാര്യം പറയാമെന്നേറ്റത് ഞാന്‍ മറന്നേ പോയി, സോറി’ എന്നു പറഞ്ഞു അപ്പു ജോര്‍ജ്.
വൈക്കോല്ക്കാര്യത്തിന് ഒരു തുടക്കം എന്ന പോലെ, അവന് തുടര്‍ന്നു ചോദിച്ചു, ‘ഇവിടെ സുന്ദരം വീട്ടിലിപ്പോ പശുക്കളൊന്നുമില്ലെങ്കിലും നീ എവിടെയെങ്കിലുമൊക്കെ വച്ച് പശുക്കളെ കണ്ടിട്ടില്ലേ?’
‘ഉവ്വ്’ എന്നു മ്യാവൂ ഭാഷയില്‍ പൂച്ച പറഞ്ഞു.
‘പശുക്കളെന്താ തിന്നുക എന്നു ശ്രദ്ധിച്ചിട്ടുണ്ടോ നീയ്,’ എന്നു ചോദിച്ചു നാണി.
എന്നെപ്പോലെ മീനായിരിക്കുമോ അവരും തിന്നുക എന്ന ആലോചനാഭാവത്തില്‍ അവനിരിക്കുന്നതു കണ്ട് നാണി പറഞ്ഞു,
Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
‘നീ എന്തെങ്കിലും മണ്ടത്തരം പറയുന്തിനു മുമ്പ് ഞാന്‍ തന്നെ പറഞ്ഞേക്കാം ഉത്തരം, പുല്ലും വൈയ്ക്കോലും ആണ് പശുക്കള്‍ തിന്നുക. മെതിച്ച് നെല്ലെടുത്തു കഴിയുമ്പോ മെതിപ്പായയില് ബാക്കിയാവുന്ന നെല്ച്ചെടിക്കഷണങ്ങളെല്ലാം വെയിലത്തിട്ട് പല ദിവസങ്ങളിലായി ഉണക്കിയെടുക്കുമ്പോഴാണ് വൈക്കോല്‍ കിട്ടുക.’
ഒരു നീണ്ട മരത്തടി തയ്യാറാക്കി, അത് നെടുനീളത്തില്‍ കുഴിച്ചിട്ടിട്ട് അതിനു ചുറ്റുമായി ഒരു തട്ടിട്ട്, ഒന്നോ രണ്ടോ ആളുകള്‍ കയറിനിന്ന് വെയ്ക്കോല്‍ ചവിട്ടിയമര്‍ത്തി ആഴ്ത്തിത്താഴ്ത്തി വയ്ക്കുന്നതിനാണ് വൈയ്ക്കോല്‍ത്തുറു എന്നു പറയുക.
താഴേക്ക് വരുന്തോറും അതിന്റെ വലിപ്പം കൂടും. അത് ഒരു രാക്ഷസന്റെ കുമ്പ പോലെയാവും.അതില്‍ നിന്ന് വൈയ്ക്കോല്‍ വലിച്ചെടുത്താണ് ഓരോ ദിവസവും പശുക്കള്‍ക്ക് തിന്നാനിട്ടു കൊടുക്കുക.
വെള്ളം അതിനുള്ളിലേക്ക് ഒലിച്ചിറങ്ങാതിരിക്കാന്‍ തടിത്തലപ്പത്ത് ഒരു പഴയ മണ്‍ചട്ടി കമഴ്ത്തി വയ്ക്കും.
ഒരു ദിവസം, വൈയ്ക്കോല്‍ത്തുറു ഇട്ടു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു .
‘എനിക്ക് തന്നത്താന്‍ വൈയ്ക്കോല്‍ വലിച്ചെടുക്കണം, എന്നിട്ട് നന്ദിനിപ്പശുവിന് തിന്നാന്‍ കൊടുക്കണം,’ എന്നു വാശിപിടിച്ചു ഡാനി. പുതിയ വൈക്കോലല്ലേ, ഒരാഴ്ചയല്ലേ ആയുള്ളു ഉണക്കിയെടുത്തിട്ട്! വൈയ്ക്കോലിനിപ്പോ അരം കാണും, കൈയ് മുറിയും,’ എന്നു പറഞ്ഞ് ചെല്ലപ്പമ്മാമന്‍ ഡാനിയെ എടുത്തു കൊണ്ടു വീട്ടിനകത്തിരുത്തി.
ചെല്ലപ്പമ്മാമന്‍ കാപ്പി കുടിക്കാന്‍ പോയ തക്കത്തിന്, ഡാനി പാത്തു പതുങ്ങി ചെന്ന് വൈക്കോല്‍ വലിച്ചെടുത്തു തുറുവില്‍ നിന്ന്. പുതിയ വൈക്കോലിന്റെ മൂര്‍ച്ച കൊണ്ട് ഡാനിയുടെ കുഞ്ഞു കൈ മുഴുവന്‍ മുറിഞ്ഞു. മുറിവില്‍ നിന്നൊക്കെ ചോര പൊടിഞ്ഞു.
ഡാനി വലിയ വായില്‍ കരഞ്ഞു. കരച്ചില് കേട്ടെല്ലാവരും ഓടി വന്നു. ‘പറഞ്ഞാല്‍ കേക്കാഞ്ഞിട്ടല്ലേ?’എന്നു ചോദിച്ച്, പാണലിന്റെ ഇല പിഴിഞ്ഞു മുറിവില്‍ പുരട്ടി ചെല്ലപ്പമ്മാമന്‍.
അപ്പോ ഡാനിക്കു നീറി. അപ്പോ ഡാനി പിന്നെയും കരഞ്ഞു. പക്ഷേ പിറ്റേന്നായപ്പോഴേക്ക് ആ പാണല്‍ പ്രയോഗം കാരണം ഡാനിയുടെ മുറിവ് ഉണങ്ങാന്‍ തുടങ്ങിരുന്നു.
പിന്നെ വൈയ്ക്കോല്ത്തുറുവില് നിന്ന് വൈയ്ക്കോല്‍ വലിച്ചെടുക്കുമ്പോഴെല്ലാം, ‘എന്റെ കുഞ്ഞിക്കൈ മുറിച്ച ആളല്ലേ നീയ്?’ എന്ന് ഡാനി തുറുവിനോട് കളിയായി പിണങ്ങി.
വൈയ്ക്കോല്ത്തുറുക്കഥ അങ്ങനെ മുന്നേറിക്കൊണ്ടിരിക്കെ മീന്കാരന് ‘പൂഹോയ്’ എന്നു വിളിച്ച് ഇടവഴിയിലൂടെ പോയി. അതോടെ പൂച്ചച്ചാര് കഥക്കാര്യമൊക്കെ മറന്ന് ഒറ്റയോട്ടം മീന്കാരന്റെ പറകേ. പിന്നെ അവന്റെ പൊടി പോലും കാണാനുണ്ടായിരുന്നില്ല.
തുടരും…
- പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ് 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook