വൈയ്ക്കോല്ത്തുറുപോലത്തെ പൂച്ച
അപ്പു ജോര്‍ജ്, പല്ലിത്താനോട് പറഞ്ഞു, ‘പശുവിന് തിന്നാനാണ് വൈയ്ക്കോല്‍. ഇപ്പോ ഡാനിയമ്മയുടെ ചെടിച്ചെട്ടിയൊക്കെ പെറുക്കിക്കൂട്ടി അട്ടിയട്ടിയായി വച്ചിരിക്കുന്നത് പണ്ടത്തെ തൊഴുത്തിലാണ്. തൊഴുത്തെന്നു പറഞ്ഞാല്‍ പശുവിനെ വളര്‍ത്തുന്ന ഇടം. നമ്മുടെ തൊഴുത്തില്‍ എപ്പഴും മൂന്നു പശുക്കളുണ്ടായിരുന്നു.’
ആ പശുക്കളെ കറന്ന് പാലെടുക്കാന്‍ രാവിലെയും വൈകുന്നേരവും കറവക്കാരന് മാമന് വരുമായിരുന്നതും ആ പാല് ഉറയൊഴിച്ച് തൈരാക്കി ഡാനിയമ്മ മാറ്റുന്നതും കട്ടത്തൈരു നക്കിനക്കിക്കുടിച്ച് കുഞ്ഞുഡാനി ഇരിക്കുന്നതും അവരോര്‍ത്തു.
പാടത്തെ നെല്ലു വളര്‍ന്നു മൂപ്പെത്തുമ്പോള്‍, കൊയ്യാറാകുന്നതിന്റെ തിരക്കാവും സുന്ദരം വീട്ടില്‍.
കരുണമ്മാമന് വന്ന്, ഉണക്കി വച്ചിരിക്കുന്ന മെടഞ്ഞ ഓലയില്‍ നിന്ന് കുറച്ചെണ്ണെമടുക്കും. എന്നിട്ടോ, കൊയ്തു കൊണ്ടുവരുന്ന കറ്റ വയ്ക്കാനായി മേല്‍ക്കൂരയില്ലാത്ത ഒരു ‘കള’മുണ്ടാക്കും. അതിന് ഒരു ഓല വാതിലും കാണും. കൊയ്തു കൊണ്ടു വച്ച കറ്റ, ഭദ്രമായി അടച്ചു പൂട്ടി വയ്ക്കാനാണ് കളം.
Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം
വിളഞ്ഞു പാകമായ നെല്‍ച്ചെടി അരിവാളു കൊണ്ട് താഴെവച്ചേ മുറിക്കും. എന്നിട്ട് ഒരു പിടിയെടുത്ത്, ഒരു നെല്ത്തണ്ടു കൊണ്ടു തന്നെ കെട്ടി വയ്ക്കും. അതാണ് ‘കറ്റ.’
കൊയ്ത്ത് ഒരു ഉത്സവം പോലെയാണ്. പാടത്തും മുറ്റത്തും നിറയെ ആളായിരിക്കും. കൊയ്ത്താളുകളെല്ലാം ചേര്‍ന്ന് പാടും…
‘അത്തിന്തോ തിന്താരോ തക തിന്തായിത്താരോ
തന്തിന്തോ തിന്താരോ തക തിന്തായിത്താരോ…’
കറ്റ കൊയ്ത് വള്ളത്തില്‍ വച്ചു, വള്ളം തുഴഞ്ഞുവേണം, പാടത്തിനു മുമ്പിലെ തോടു കടത്തി സുന്ദരംവീടിനു മുന്നിലെ കടവത്തെത്തിക്കാന്.
കടവത്തുനിന്ന് അഞ്ചും ആറും കെട്ട് കറ്റ തലയില്‍വച്ച്, താളത്തില്‍ നടന്നുവന്ന് പണിക്കാര് കളത്തിലാകെ കറ്റ കൂനകൂനകളായി നിറയ്ക്കും .
കുഞ്ഞന്പെണ്ണു കൊയ്തത് ഒരു കൂട്ടം. വള്ളി കൊയ്തത് വേറൊരു കൂട്ടം. ചീരു കൊയ്തത് മറ്റൊരു കൂട്ടം.
എപ്പഴും കൂടുതല്‍ കൊയ്യുന്നത് കുഞ്ഞന്പെണ്ണൂം വീട്ടുകാരുമായിരിക്കും. കുഞ്ഞന്പെണ്ണും തേവനും മൂന്നു മക്കളും കൂടി കൊയ്യുന്നതു കൊണ്ടാണങ്ങനെ.
തോണിയില്‍ നിന്നു ചുമന്നു കൊണ്ടുവരുന്ന ഒരു കറ്റക്കെട്ടിന് ഇത്ര കൂലി എന്നുണ്ട്.
ഡാനിക്കൊച്ചാണ് കണക്കെഴുതാന്‍ ഇരിക്കുക. അങ്ങനെ കടലാസും പേനയും ആയി ഇരിക്കുമ്പോള്‍, ഡാനിയുടെ ഗമ ഒന്നു കാണേണ്ടതു തന്നെയാണ്. വലിയ ഒരു കാരണവരെപ്പോലെ, ചിരിക്കാതെ ഗൗരവത്തിലിരുന്ന് ‘പേര്-കറ്റ-എണ്ണം’ എന്ന് തലക്കെട്ടിട്ട്, ഡാനി എഴുതിക്കൊണ്ടേയിരിക്കും.
അവസാനം ഡാനിയച്ഛന് വന്ന് ഒരു കറ്റക്കിത്ര പൈസ എന്നു കണക്കുകൂട്ടി എല്ലാവര്ക്കും കൂലി കൊടുക്കും.
Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
പണപ്പെട്ടിയില്‍ നിന്ന് ഓരോരുത്തര്‍ക്കും കൊടുക്കാനുള്ളതെടുത്ത് ഡാനിയച്ഛന്, ഡാനിയുടെ കൈയിലാണ് കൊടുക്കുക. ഡാനി എന്നിട്ടത് ഓരോരുത്തരെയും ഏല്‍പ്പിക്കും. ഹോ! ഈ ലോകത്തിന്റെ മുഴുവന്‍ ഉടമസ്ഥനാണ് എന്ന പോലെയാണ് ഡാനി അപ്പോ നില്ക്കുക.
കളം, കറ്റ കൊണ്ട് നിറഞ്ഞു കഴിഞ്ഞാല്‍ പിന്നെ പിറ്റേന്നു മുതല്‍ മെതിയാണ്.
ഓരോരുത്തരും അവരവരുടെ പായ കൊണ്ടു വരും. അതില്‍ കുറച്ചു കെട്ട് കറ്റകൊണ്ടുവന്നിടും. എന്നിട്ട് ഓരോ കറ്റക്കെട്ടിന്റെയും മേല്‍ കയറിനില്ക്കും. പിന്നെ ഓരോ കറ്റക്കെട്ടിനെയും കാലു കൊണ്ട് ചവിട്ടിവളച്ച് തിരിക്കും.
മെതിക്കുമ്പോള്‍ അതിലെ നെല്ലെല്ലാം ഊര്‍ന്ന് പായയില്‍ വീഴും. അതിനാണ് ‘മെതി’ എന്നു പറയുക.
‘നെല്ലിന്റെ ആരു കൊണ്ട് കാലു നോവില്ലേ,’ എന്നു ഡാനി അവരോട് ചോദിക്കും.
‘ചെയ്തു ചെയ്തു ശീലമായി ഞങ്ങക്കിത്,’ എന്നവര്‍ ചിരിക്കും.
കറ്റമെതിക്കുന്നതും നോക്കി അങ്ങനെ നില്ക്കുന്നതിനെടേല് ഒരു കറ്റ മെതിച്ചു നോക്കാന്‍ ഡാനിക്ക് കൊതിയാകും. അങ്ങനെ ഡാനിയും പോയി ഒരു കറ്റയെടുത്ത് മെതിച്ചു നോക്കും. അവന്റെ കുഞ്ഞിക്കാല് നോവും. നെല്ലിന്റെ ആരു കൊണ്ട് ചിലപ്പോ മുറിഞ്ഞെന്നുമിരിക്കും. എന്നാലോ, നെല്ലൊന്നും ഉതിരുന്നുമുണ്ടാവില്ല.
‘ഡാനിക്കൊച്ചിന് പറ്റിയ പണിയല്ല ഇത്. മതി മതി മെതിച്ചത്…’ എന്ന് തേവമ്മൂപ്പന് ഡാനിയോടു പറയും. എന്നിട്ട് ഡാനിയെ വത്സല്യത്തോടെ എടുത്തു മാറ്റി നിര്‍ത്തും.
‘ഞങ്ങക്ക് ഇത്തിരി കഞ്ഞിവെള്ളം കൊണ്ടെത്തന്ന് സഹായിച്ചാ മതി, മെതിച്ചു സഹായിക്കണ്ട,’ എന്നു പറഞ്ഞ് പിന്നെ ഡാനിയെ അടുക്കളയിലേക്ക് പറഞ്ഞുവിടും.
മെതിച്ചു മെതിച്ച് വിയര്‍ത്തൊഴുകുന്ന അവരൊക്കെ, ഡാനി കഞ്ഞിവെള്ളം കൊണ്ടു കൊടുക്കുമ്പോ ‘ഗള്‍പ് ,ഗള്‍പ് ‘എന്ന് കഞ്ഞിവെള്ള മൊന്തയെടുത്തു പൊക്കി, ചുണ്ടില്‍ തൊടാതെ വായിലേക്കൊഴിച്ച് കുടിക്കും. അപ്പോഴവരുടെ തൊണ്ടയില്‍ മുഴകള്‍ ഓടിക്കളിക്കുന്നതു കൊച്ചുഡാനി കൗതുകത്തോടെ നോക്കി നില്ക്കും.
മെതിക്കലിന്റെ ആയാസം കുറക്കാനായി, ഉണങ്ങിയ മുളകൊണ്ട് നെടുകയും കുറുകെയും മുറ്റത്ത് കെട്ടിയിട്ടുണ്ടാവും. അതില്‍ പിടിച്ച് മെതിച്ചാല്‍ കുറച്ചു കൂടി ശക്തിയും കിട്ടും, നടുവു വളച്ചു നില്‍ക്കുന്നതിലെ പ്രയാസം കുറക്കാനും പറ്റും.
അന്ന് ഡാനിയുടെ അമ്മയുണ്ടാക്കിയ ഊണും കൂട്ടാനുകളും അമ്മ അവര്‍ക്കു വിളമ്പിക്കൊടുക്കും. ഡാനിയും അവരുടെ പായുടെ മൂലയിലിരുന്ന് വാഴയിലയില്ത്തന്നെയാണ് ചോറുണ്ണുക.
നാരകയിലയും കരിവേപ്പലിയും ഇഞ്ചിയും പച്ചമുളകും ചതച്ചിട്ട് ഉപ്പും ചേര്‍ത്ത് അമ്മയുണ്ടാക്കിയ സംഭാരം,അവരെല്ലാം കൈയില്‍ വാങ്ങി ഊണിനവസാനം ‘ശര്’ എന്ന ഒച്ചയോടെ വലിച്ചു കുടിക്കും. ഡാനിയും അതു തന്നെ ചെയ്യും, പാതി സംഭാരം അതിനകം കൈയില്നിന്നൊഴുകിപ്പോയിട്ടുണ്ടാവുമെങ്കിലും.
ഓരോ ദിവസത്തെ മെതി കഴിയുമ്പോഴും, നെല്ലാണ് അവര്‍ക്ക് കൂലി. എത്ര മെതിച്ചു നെല്ലെന്ന് അളന്നു നോക്കി, അതനുസരിച്ചാണ് ഓരോരുത്തര്‍ക്കും കൊടുക്കുക.
ഇടങ്ങഴി കൊണ്ടും പറ കൊണ്ടുമൊക്കെ ചെല്ലപ്പമ്മാമന്‍ അവര്‍ക്ക്, ‘പൊലി വാ പൊലി നിറപൊലി…’ എന്ന വായ്ത്താരിയോടെ അളന്നു കൊടുക്കുന്നതു കാണാന്‍ ഡാനി കണ്ണിമ ചിമ്മാതെ കുത്തിയിരിക്കും ഡാനിയച്ഛന്റെ മടിയില്‍.
അവര്‍, പാവകളങ്ങനെ കൊയ്ത്തുകാര്യം ഓരോന്നോര്ത്തിരിക്കുമ്പോഴേക്ക് വീണ്ടും വന്നല്ലോ ആ വൈക്കോല്‍ത്തുറു പോലത്തെ പൂച്ച.
അകത്തേക്കു ജനല്‍ വഴി നൂണ്ടു കയറാന്‍ പറ്റാഞ്ഞിട്ടാവും അവന് വരാന്തയില്‍ കിടപ്പായി.
‘വൈക്കോല്‍ത്തുറു എന്നാലെന്താണെന്ന് അവനും അറിയില്ല, അതു കേള്‍ക്കാന്‍ വന്നതാണവനെന്ന് തോന്നുന്നു,’ എന്ന് പറഞ്ഞു പല്ലിത്താന്‍.
‘അതു ശരിയായിരിക്കും’ എന്നു പറഞ്ഞു നാണി.
തുടരും…
- പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ് 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook