സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ – 12

വീട് വൃത്തിയാക്കി ക്ഷീണിച്ചപ്പോൾ,പത്തായപ്പുറത്ത് നാടകം കളിക്കാൻ തീരുമാനിക്കുന്നു പാവകൾ. വസ്ത്രാലങ്കാരവും മേക്കപ്പും അച്യുതാനന്ദൻ പാവ

priya as ,childrens novel, iemalayalam

പത്തായനാടകം

നാടകം, എന്നൊക്കെ കേട്ടതോടെ എല്ലാവരും ഉത്സാഹത്തിലായി.
ചടുപടാ എന്ന് ചാടിയെണീറ്റല്ലോ അതു വരെ മടിപിടിച്ചു കിടന്നിരുന്ന എല്ലാവരും.

ഏതു നാടകം കളിക്കണം, ഓരോരുത്തരും ഏത് വേഷം ചെയ്യണം എന്നൊക്കെ ചര്‍ച്ചയായി പിന്നെ അവരെല്ലാവരും കൂടി കട്ടിലില്‍ എഴുന്നേറ്റിരുന്ന്.

ഡാനിയച്ഛന്റെ കാല്‍പ്പെട്ടിയിലാണ് കുഞ്ഞുഡാനിയും കൂട്ടരും സ്‌ക്കൂള്‍ക്കാലത്തെഴുതിയ നാടകങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് എന്നവരോര്‍ത്തു.

പിന്നെ പെട്ടി കണ്ടു പിടിച്ച് പെട്ടിക്കുള്ളില്‍ പരതലായി. ഒടുക്കം എല്ലാവര്‍ക്കും ഇഷ്ടമായതോ, ബഷീറുപ്പാപ്പയുടെ ‘ന്റുപ്പുപ്പാപ്പയ്ക്കൊരാനേണ്ടാര്‍ന്ന്. ‘

പണ്ടുപണ്ട്, സുന്ദരം വീട് ഉച്ചമയക്കത്തിലാഴുന്ന നേരത്താണ് ഡാനിയും കൂട്ടരും പത്തായപ്പുറത്ത് നാടകം കളിക്കുമായിരുന്നത്. കാണികളായി ഡാനി, പാവകളെ കൊണ്ടിരുത്തും.

കുറേ ദിവസം ഒരേ നാടകമാണ് കളിക്കുക. ‘ഡയലോഗൊക്കെ കേട്ടു കേട്ട് മനപ്പാഠമായി എന്റെ പാവകള്‍ക്കു വരെ. അവരോടു ചോദിച്ചാല്‍ തെറ്റിയ ഡയലോഗ് അവര് തിരുത്തിത്തരും’ എന്നു വീമ്പു പറയും അപ്പുറത്തെ ഹാരിസിനോട്, ഡാനി.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

ഡയലോഗ് തെറ്റിക്കുന്നതില്‍ ഒരു മഹാവീരനായിരുന്നു ഹാരിസ്. ഉറക്കത്തില്‍ വിളിച്ചഴുന്നേല്‍പ്പിച്ച് ഡയലോഗ് ചോദിച്ചാല്‍പ്പോലും തെറ്റാതെ പറയുക, താഴത്തെ വീട്ടിലെ ഗീവര്‍ഗ്ഗീസാണ്.

‘ന്റുപ്പുപ്പാപ്പയ്ക്കൊരാനേണ്ടാര്‍ന്നു’വിലെ ‘ക്ലും ച്ലും പ്ലും’ എന്നു കിലുങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങളിട്ട് നടക്കുന്ന, കവിളില്‍ ഭാഗ്യമറുകുള്ള കുഞ്ഞുപാത്തുമ്മയുണ്ടല്ലോ, അവളായി വേഷം കെട്ടിയത് തെക്കേതിലെ അലമേലുക്കുട്ടിയാണ്. അവളെ തട്ടമിടീച്ചൊരുക്കി നാടകത്തിനായി റെഡിയാക്കിയിരുന്നത് ഡാനിയമ്മയാണ്. ഡാനിയമ്മയുടെ മുത്തുമാലകളൊക്കെ ഇട്ട് അങ്ങനെ കുഞ്ഞുപാത്തുമ്മയായി നടക്കുമ്പോ എന്തൊരു ഗമയായിരുന്നു അവള്‍ക്ക്.

priya as ,childrens novel, iemalayalam‘ഭൂലോക സുന്ദരിയാന്നാ ഭാവം,’ എന്ന് അവളെ ഗീവര്‍ഗ്ഗീസ് കളിയാക്കും. അവള്‍ പിണങ്ങിക്കരയും. അപ്പോ ഡാനിയമ്മ വരും വൈകുന്നേരത്തെ ചക്കരക്കാപ്പിയുമായി.

‘നാടകം കളിച്ചു കളിച്ചു വഴക്കായോ?’ എന്നു ചോദിച്ച് എല്ലാവരെയും കളിയാക്കും ഡാനിയമ്മ, എന്നിട്ട് അലമേലുവിനെ സമാധാനിപ്പിക്കാനായി അവളെ എടുത്തു മടിയിലിരുത്തും. അപ്പോ ഡാനിക്ക് അസൂയ വരും. പിന്നെ ഡാനിയമ്മക്ക് അവനെ സമാധാനിപ്പിക്കലാവും പണി.

ചിലപ്പോ കാപ്പിയുടെ കൂടെ ചക്ക വറുത്തതുണ്ടാവും, അല്ലെങ്കില്‍ ഉണ്ണിയപ്പം. അതുമല്ലെങ്കില്‍, പഴുക്കാനായി ഡാനിയച്ഛന്‍ പറമ്പില്‍ നിന്നു വെട്ടികൊണ്ടുവച്ചിരിക്കുന്ന പഴക്കുല എടുത്തു നോക്കി, പഴുത്ത പഴങ്ങളുരിഞ്ഞ് ഡാനിയമ്മ അവര്‍ക്കെല്ലാവര്‍ക്കും കൊടുക്കും. അതൊക്കെ ഓര്‍ത്തോര്‍ത്ത് പാവക്കൂട്ടം ഉഷാറായി.

കുഞ്ഞന്ന കുഞ്ഞുപാത്തുമ്മയാകാം, അപ്പു ജോര്‍ജ് കുഞ്ഞുപാത്തുമ്മയുടെ ഉപ്പയാകാം, നാണി കുഞ്ഞുപാത്തുമ്മയുടെ ഉമ്മ കുഞ്ഞുതാച്ചുമ്മയാകാം, നിസാറഹമ്മദാവാനും മേക്കപ്പും വസ്ത്രാലങ്കാരവും സ്‌റ്റേജൊരുക്കലും ചെയ്യാനും അച്യൂതാനന്ദന്‍ മതി എന്നൊക്കെ തീരുമാനമായതോടെ എല്ലാവരും, വീടിനകം മുഴുന്‍ ഓടി നടപ്പായി അതുമിതുമൊക്കെ ചെയ്തു കൊണ്ട്.

ഡയലോഗു പഠിച്ച് തെറ്റിച്ചു കൊണ്ടിരുന്നു കുഞ്ഞന്ന. ‘നീയാണ് ഹീറോയിന്‍, നീ ഇങ്ങനെ തെറ്റിച്ചാല്‍ എങ്ങനെയാ നാടകം തട്ടേക്കേറ്റുക,’ എന്നു ദേഷ്യപ്പെട്ടു അപ്പു ജോര്‍ജ്.

കുഞ്ഞന്ന അതു കേട്ട് കരച്ചിലായി, വഴക്കായി. രംഗം ശാന്തമാക്കാന്‍ ഡാനിയമ്മ ഇല്ലാത്തത് ഓര്‍ത്തപ്പോ അവര്‍ക്കൊക്കെ സങ്കടമായി.

priya as ,childrens novel, iemalayalamപിന്നെ അച്യുതാനന്ദന്‍, മടക്കിവയ്ക്കാവുന്ന ലാഡറുന്തി കൊണ്ടുവന്ന് ബെഡ്റൂമില്‍ വച്ചു. എന്നിട്ട് ഡാനിയമ്മയുടെ അലമാരയിലാകെ പരതാന്‍ തുടങ്ങി. കുപ്പായങ്ങളും മാലകളും വളകളും ഒക്കെയെടുത്ത്, ‘നാടകത്തിനായി ഉപകരിക്കുന്നതെന്തെങ്കിലും ഡാനിയമ്മയുടെ അലമാരയില്‍ കാണാതിരിക്കില്ല,’ എന്നവന്‍, താഴെ ഏണിയും താങ്ങി നില്‍ക്കുന്ന കുഞ്ഞന്നയോട് പറഞ്ഞു.

‘നോക്കിക്കോ, മേക്കപ്പും വസ്ത്രാലങ്കാരവും ഉഗ്രനാകും’ എന്നവന്‍ തന്നത്താന്‍ പറയുന്നതു കേട്ടു ചെവി പൊട്ടാറായി കുഞ്ഞന്നയ്ക്ക്.

‘നീയൊന്നു വീമ്പു പറയാതിരിക്കുന്നുണ്ടോ,’ എന്നു ദേഷ്യപ്പെട്ടു അവളവനെ.

നാടക ഐഡിയ വന്നതോടെ, വീടു വൃത്തിയാക്കുന്നതു പോയി നാടകത്തിലായി പിന്നെ എല്ലാവരുടെയും ശ്രദ്ധ.

ഒരാള്‍ ഡയലോഗ് ഉരുവിട്ടു പഠിക്കുന്നു, ഒരാള്‍ കഥാപാത്രമായി നടന്നു നോക്കുന്നു, ഒരാള്‍ പത്തായസ്റ്റേജ് ഒരുക്കുന്നു, ഒരാള്‍ നാടകത്തിലെ കര്‍ട്ടന്റെ ചുളിവ് നിവര്‍ത്തുന്നു.
ആകെ ബഹളമയം.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

അപ്പോഴതു വഴി ഒരു തവിട്ടുപൂച്ച വന്നു. വീടിനകത്തെ ബഹളം കേട്ട്, അവന്‍ ജനലില്‍ക്കൂടി എത്തിവലിഞ്ഞകത്തേക്കു നോക്കി. അകത്ത് എന്തെങ്കിലും തിന്നാനിരിപ്പുണ്ടോ എന്നു പരിശോധിക്കാന്‍ ജനലഴികള്‍ക്കിടയിലൂടെ അകത്തേക്കു കയറിപ്പറ്റാന്‍ അവന്‍ നടത്തുന്ന ശ്രമം കണ്ട് പാവക്കൂട്ടത്തിന് ചിരിവന്നു.

‘എടാ തടിമാടാ, വൈക്കോല്‍ത്തുറുപോലത്തെ തടിയും വച്ചു കൊണ്ട് നീ ഈ ജനലഴി എങ്ങനെയാ നൂണ്ടു കടക്കുക? തന്നെയുമല്ല ഇവിടെ പാചകമൊന്നുമില്ലല്ലോ, നീയറിഞ്ഞില്ലേ ഡാനിയമ്മ ഇവിടില്ല. പുറത്തു വീഴുന്ന ഓരോരോ പഴങ്ങളാ ഞങ്ങടെ ആഹാരം’ എന്നൊക്കെ ജനലരികത്ത് ചെന്നുനിന്നു വിളിച്ചു പറഞ്ഞു നാണി.

അതു കേട്ടിട്ടോ എന്തോ, തവിട്ടു പൂച്ച പെട്ടെന്ന് സ്ഥലം വിട്ടു.

priya as ,childrens novel, iemalayalam

അവന്‍ നടന്നു പോകുന്നത് നോക്കി നിന്നപ്പോ നാണിക്ക് പിന്നെയും ചിരി വന്നു. അവള്‍ പറഞ്ഞു, ‘അവന്റെയാ തവിട്ടുനിറവും കൂടിയായപ്പോ, അവന്‍ ശരിക്കുമൊരു വൈക്കോല്‍ത്തുറു തന്നെ.’

അതു കേട്ട് അപ്പു ജോര്‍ജും ഓടി വന്നു ജനലരികിലേക്ക്. എന്നിട്ട് നാണിയുടെ തോളത്തുകൂടി കൈയിട്ട് ‘ദാ അവിടല്ലേ പണ്ടു വൈക്കോല്‍ത്തുറു നിന്നിരുന്നത്?’ എന്നു ചോദിച്ചു.
‘വൈയ്ക്കോല്‍ എന്നു പറഞ്ഞാലെന്താ?’ എന്ന് അപ്പോള്‍ ഭിത്തിയിലിരുന്ന് പല്ലിത്താന്‍ അവരോടു ചോദിച്ചു.

‘നീ ഒന്നും പാടത്തെ വിതയും കൊയ്യലും മെതിയും കണ്ടിട്ടില്ല അല്ലേ,’ എന്നു പാവം തോന്നി നാണിക്കവനോട്.

ദൂരത്തേക്കു കൈ ചൂണ്ടി പാടം കാണിച്ചു കൊടുത്തു നാണി അവന്.

‘എനിക്കറിയാം പാടം. നിങ്ങളെല്ലാം കൂടിയിരുന്ന് പാടത്തെ വിത്തുവിതയെക്കുറിച്ചോരോന്നു പറയുന്നത് ഞാനീ ഭിത്തിയിലിരുന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. ബാക്കി കേള്‍ക്കാന്‍ പിറ്റേ ദിവസം ഞാന്‍ വന്നപ്പോ നിങ്ങള് നാടകത്തിന്റെ കോലാഹലത്തിലായി,’ എന്നു പറഞ്ഞു പല്ലിത്താന്‍.

‘എന്നാ ഇനി ബാക്കി പറഞ്ഞിട്ടു തന്നെ കാര്യം’ എന്നു പറഞ്ഞു അപ്പു ജോര്‍ജ്.

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya a s childrens novel sundaramvettile visheshangal chapter 12

Next Story
സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ – 11priya as ,childrens novel , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com