സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ – 11

പണ്ടു പണ്ടുണ്ടല്ലോ, കുഞ്ഞന്ന എന്ന പാവയേക്കാൾ ചെറുതായിരുന്നു ഡാനി. അതോർക്കുമ്പോത്തന്നെ ചിരി വരണു, അല്ലേ?

priya as ,childrens novel , iemalayalam

മിന്നാമിന്നിപ്പാടം

പാടത്തു നിന്നു വരുന്ന കാറ്റിന്റെ പച്ചനെല്ലുമണം ഓര്‍ത്തപ്പോ അച്യുതാനന്ദന് കിടക്കപ്പൊറുതിയില്ലാതായി. അവനെണീറ്റ് ജനല്‍ തുറന്നിട്ട് പാടത്തേക്കു നോക്കി നിന്നു.

ഇപ്പോ പാടങ്ങളിലൊന്നും ആരും കൃഷി ചെയ്യുന്നില്ല. കൃഷിക്കാരുടെ മക്കളൊക്കെ ഓഫീസ് ജോലിക്കാരായിപ്പോയി. നാട്ടിലെ പാടങ്ങളായ പാടങ്ങളെല്ലാം വെറുതെ ഉണങ്ങി തരിശായിക്കിടക്കുകയാണ്.

നിറയെ മിന്നാമിനുങ്ങുകള്‍ പറന്നു കളിക്കുന്നുണ്ട് ഇപ്പോഴും.ഇതു പോലെ ജനലരികത്തു വന്നു നിന്ന്, പച്ചപ്പാടത്തിലെ ഇളകിമറിയുന്ന നെല്‍നാമ്പുകള്‍ക്ക് മൂക്കുത്തിയിട്ടു കൊടുക്കും പോലെ വെളിച്ചപ്പൊട്ടുകളായി വന്നിരിക്കുന്ന മിന്നാമിന്നിക്കൂട്ടത്തിനെ നോക്കി പണ്ടെത്ര സമയം നിന്നിരിക്കുന്നു ഡാനിയും താനും എന്നവനോര്‍ത്തു!

ഡാനിയച്ഛന്‍, അവരുടെ ആ നില്‍പ്പ് ക്‌ളിക് ചെയ്ത് ക്യാമറയിലെ ഫിലിമിലാക്കിയതും പിന്നെയത് ഫ്രെയിം ചെയ്ത് ഭിത്തിയില്‍ തൂക്കിയതും ഓര്‍മ്മ വന്നതും, ആ ഫോട്ടോ അന്വേഷിച്ച് അവനെണീറ്റ് ആ വീടുമുഴുവന്‍ നടന്നു.

എല്ലായിടത്തും ആ ഫോട്ടോ പരതി നടന്ന് ക്ഷീണിച്ചു് അച്യുതാനന്ദന്‍ തിരികെ വരുമ്പോ കണ്ടതോ, കോണിപ്പടിയില്‍ താടിക്കു കൈയും കൊടുത്തിരിക്കുന്നു കുഞ്ഞന്ന.
അവളാണ് ഡാനിയുടെ ആദ്യത്തെ പാവ.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

അന്ന് ഡാനി, വലുപ്പത്തില്‍ കുഞ്ഞന്നയേക്കാള്‍ ചെറുതായിരുന്നു.

‘ഇപ്പോഴാലോചിക്കാനേ വയ്യ, നീയ് ഡാനിയേക്കാള്‍ വലുതായിരുന്ന കാലം,’ എന്നു പറഞ്ഞ് കുഞ്ഞന്നയുടെ കൈയും പിടിച്ച് കോണിപ്പടിയിലിരുന്നു അച്യുതാനന്ദന്‍.

പഴയ കാലം ഓര്‍ത്തോര്‍ത്ത് ഉറങ്ങാന്‍ കിടന്ന്, പിന്നെ ഉറക്കം മുറിഞ്ഞ് എണീറ്റുപോന്നതാണ് താനും എന്നവള്‍ പറഞ്ഞു.

‘അമ്പടീ കള്ളീ, ഞാന്‍ നിന്റെ ദേഹത്ത് താളമിട്ട്, ഉറങ്ങിക്കോ എന്നൊക്കെ പറഞ്ഞപ്പോ നീ കള്ളഉറക്കം നടിക്കുകയായിരുന്നല്ലേ,’ എന്നു ചോദിച്ച് കുഞ്ഞന്നയുടെ ചെവിയില്‍ പിടിച്ചു അച്യുതാനന്ദന്‍.

‘നിന്നെ പറ്റിക്കാന്‍ നല്ല രസാ,’ എന്നു പറഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചു.

priya as ,childrens novel , iemalayalam

‘ഇവിടെയെവിടെയെങ്കിലും നീ കണ്ടോ ആ പഴയ മിന്നാമിന്നിപ്പാടത്തിന്റെയും എന്റെയും ഡാനിയുടെയും കൂടിയുള്ള ഫോട്ടോ, അതു തപ്പി നടക്കുവായിരുന്നു ഞാന്‍ ഇവിടൊക്കെ,’ എന്നു പറഞ്ഞു അച്യുതാനന്ദന്‍.

‘നിനക്കൊരോര്‍മ്മയുമില്ല, പോകാന്‍ നേരം ഡാനിയമ്മ അത് പെട്ടിയിലെടുത്ത് വയ്പിച്ചില്ലേ ഡാനിയെക്കൊണ്ട്,’ എന്നു ചോദിച്ചു കുഞ്ഞന്ന. അതു ശരിയാണല്ലോ എന്നോര്‍ത്തു അച്യുതാനന്ദന്‍.

‘ചെലപ്പോ, ഡാനിയമ്മ ആ ഫോട്ടോയിലേക്കു നോക്കി നമ്മളെയും ഈ വീടിനെയും നമ്മടെ പാടത്തിനെയും ഓര്‍ത്തോര്‍ത്ത് ഉറങ്ങാതെ കിടക്കുന്നുണ്ടാവും നമ്മളെപ്പോലെ തന്നെ’ എന്ന് കുഞ്ഞന്ന പറഞ്ഞു.

‘ഇപ്പോ അവര് താമസിക്കണ നാട്ടില് നേരം വെളുത്തു തുടങ്ങുന്നതേയുണ്ടാവൂ,’ എന്നു പറഞ്ഞു ക്‌ളോക്കില്‍ നോക്കി അന്നാട്ടിലെ സമയം കണക്കു കൂട്ടി പറഞ്ഞു അച്യുതാനന്ദന്‍.

പിന്നെ അവരും സുന്ദരം വീടുമുറങ്ങി, കോഴി കൂവി അവരെ എണീപ്പിക്കും വരെ. രാവിലെ എണീക്കാന്‍ നേരം ഓരോരുത്തരും മടിപിടിച്ച് കുറേനരം കൂടി പുതച്ചു മൂടി കിടന്നു.

പണ്ടായിരുന്നെങ്കില്‍ ഡാനിയെ സ്‌ക്കൂളിലേക്കയയ്ക്കാന്‍ വേണ്ടി രാവിലെ വീടുണരുമായിരുന്നു. ഡാനി രാവിലത്തെ ആഹാരം കഴിച്ചു കഴിയുമ്പോഴേക്ക് അമ്മ, വാഴയില വാട്ടി അവനുച്ചത്തേക്കുള്ള ചോറ് റെഡിയാക്കും. അമ്മ കൊടുത്ത ഇലപ്പൊതി, കുഞ്ഞിപ്പഞ്ഞി ആനബാഗിലിട്ട് ഡാനി സ്‌ക്കൂളില്‍ കൊണ്ടു പോകും.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

ഡാനിയുടെ സ്‌ക്കൂള്‍-തോണി വരുന്ന എട്ടുമണി നേരമാകുമ്പോഴേക്ക് അടുക്കളക്കാര്യങ്ങള്‍ എല്ലാം ശരിയാവണം. അതിനിടെ ഡാനിയെ കുത്തിപ്പൊക്കി എണീപ്പിക്കണം, അവനെ കുളിപ്പിക്കണം, യൂണിഫോമിടീക്കണം.

ചിലപ്പോ തിരക്ക് കൂടുമ്പോ ഡാനിയമ്മ വിളിച്ചു പറയും, ‘കുഞ്ഞന്നേ, നാണീ, അപ്പു ജോര്‍ജേ എല്ലാവരും കൂടി നമ്മടെ ഡാനിയെ ഒന്നെണീപ്പിച്ചു വിട്ടേ.’

ഡാനിയുടെ ചുറ്റും, തലങ്ങും വിലങ്ങുമായിക്കിടക്കുന്ന പാവകള്‍ അതോടെ അവനെ ഇക്കിളിയിട്ടുണര്‍ത്താനുള്ള ശ്രമമാവും.

‘അമ്മേ, ഇവരെല്ലാം കൂടി എന്നെ ഇക്കിളിയിട്ട് ചിരിപ്പിച്ചുണര്‍ത്താന്‍ നോക്കണു, ഇനി മതിയാക്കാന്‍ പറയമ്മേ, ചിരിച്ചു ചിരിച്ചെന്റെ വയറ് നോവണു,’ എന്നു വിളിച്ചു കൂവും ഡാനി.

പിന്നെ അവന്‍ കുഞ്ഞന്നയെയും കൈയിലെടുത്തു കെട്ടിപ്പിടിച്ച് അടുക്കളയില്‍ പ്രത്യക്ഷപ്പെടും.

അന്നൊക്കെ അവനേതു കാര്യത്തിനും കുഞ്ഞന്ന വേണമായിരുന്നു.

priya as ,childrens novel , iemalayalamഇപ്പോ ഡാനി വലുതായല്ലോ, മീശക്കാരനും താടിക്കാരനും മസിലുകാരനും ഒക്കെയായല്ലോ. ഇപ്പോ രാവിലെ എഴുന്നേല്‍ക്കാറ് ഡാനിയാണ്. എന്നിട്ടവന്‍ ചക്കരക്കാപ്പിയുണ്ടാക്കി കൊണ്ടുചെന്ന് അച്ഛനെയും അമ്മയെയും ഉണര്‍ത്തമായിരിക്കും, അവരുടെ നെറ്റിയിലൊരുമ്മയും കൊടുക്കുമായിരിക്കും.

‘ഡാനി ഇത്രയും വലുതായെന്ന് വിശ്വസിക്കാന്‍ പറ്റണില്ലല്ലേ,’ എന്നു അമ്മയും അച്ഛനും കൂടി പരസ്പരം പറഞ്ഞ് ചിരിക്കുമായിരിക്കും.

‘ഇന്നലെ സുന്ദരംവീടു വൃത്തിയാക്കല്‍ പണിയിലേര്‍പ്പെട്ട് ആകപ്പാടെ തളര്‍ന്നു പോയി, എണീക്കാന്‍ തോന്നണേയില്ല,’ എന്ന് അവരെല്ലാവരും ഓര്‍മ്മകള്‍ക്കിടയില്‍ കിടന്നു കൊണ്ടുതന്നെ പരസ്പരം പറഞ്ഞു. ഓരോരുത്തരും കാലു വേദന, മേലുവേദന, കൈയുളുക്കി, കാലു പൊട്ടി എന്നൊക്കെ പറഞ്ഞ് വീണ്ടും വീണ്ടും കിടന്നു.

‘നമുക്കിന്നൊരു ബ്രേക്കെടുക്കാം. ഇന്നു നമുക്ക് ജോലിയൊന്നും ചെയ്യണ്ട. നമുക്ക് പത്തായപ്പുറത്ത് നാടകം കളിച്ചാലോ പണ്ട് ഡാനിയും കൂട്ടുകാരും അവന്റെ കസിന്‍സും ചെയ്തിരുന്നതു പോലെ,’ എന്നു ചോദിച്ചു അപ്പു ജോര്‍ജ്.

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya a s childrens novel sundaramvettile visheshangal chapter 11

Next Story
സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ – 10priya as , childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com