Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ – 10

നെൽച്ചെടിക്ക് ഞാറ് എന്നാണു പറയുക.ഞാറ് വലുതാകുമ്പോൾ, കുഞ്ഞിക്കിളികൾ അതിൽ വന്നിരിക്കും. നെൽച്ചെടി ‘റ’ പോലെ വളയും. ഡാനി അതു കാണിച്ച് പാവകളെ ‘റ’ എഴുതാൻ പഠിപ്പിക്കും

priya as , childrens novel, iemalayalam

റ പോലുള്ള നെല്‍ച്ചെടികള്‍

പാടത്തേക്ക് ഡാനിയുടെ അച്ഛന്‍ പോകുമ്പോ മിക്കവാറും കുഞ്ഞുഡാനിയെയും കൂട്ടത്തില്‍ കൂട്ടും. ഡാനിയോ, ഓരോ ദിവസം അവന്റെ ഓരോ പാവകളെ മാറിമാറി കൂട്ടും, കൂട്ടത്തില്‍.

മുളപൊട്ടിയ നെല്ലിന്റെ മണമെല്ലാം നീട്ടി വലിച്ചെടുത്ത് പാടത്തിന്റെ കരയില്‍, തെങ്ങിന്‍ ചോട്ടില്‍ താനെത്ര നാള്‍ ഇരുന്നിരിക്കുന്നു എന്ന് കിടക്കയിലെഴുന്നേറ്റിരുന്ന് അച്യുതാനന്ദനോര്‍ത്തു.

ഇടക്ക് പണിക്കാരെല്ലാം ചേര്‍ന്ന് പാടത്തുനിന്ന് കരക്കു കയറിയിരുന്ന് മുറുക്കാന്‍ പൊതി അഴിച്ച് ഒന്നു മുറുക്കാന്‍ വട്ടം കൂട്ടും. മുറുക്കിക്കഴിയുമ്പോ, വായും പല്ലും ചുണ്ടുമൊക്കെ ചുവക്കും. അപ്പോ കുഞ്ഞന്‍ പെണ്ണിനെ ‘ചോപ്പുപെണ്ണ് മൂപ്പത്തീ ‘എന്നു വിളിക്കും ചിരിച്ചോണ്ട് ഡാനി.

ഡാനി, ഇടക്ക് പോക്കറ്റീന്ന് ഉണ്ണിയപ്പമോ അച്ചപ്പമോ എടുത്തു തിന്നും. ഒപ്പം ഒരെണ്ണം കുഞ്ഞന്‍പെണ്ണുമൂപ്പത്തിക്കും നീട്ടും. അത് കുഞ്ഞന്‍പെണ്ണ് മൂപ്പത്തി തിന്നില്ല, ‘വീട്ടിച്ചെല്ലുമ്പോ എന്റെ പുഷ്പന്‍ കൊച്ചിന് കൊടുക്കാം’ എന്നു പറഞ്ഞ് മടിയില്‍ തിരുകും.

പുഷ്പന്‍ അവരുടെ കുഞ്ഞുമകനാണ്. അവന്‍ നീന്തിനടക്കാറേ ആയിട്ടുള്ളൂ.

കുഞ്ഞന്‍പെണ്ണ് കൈലിയാണുടുക്കുക. അതിന്റെ നീണ്ടു കിടക്കുന്ന മടിയിലാണ് കുഞ്ഞന്‍പെണ്ണിന്റെ ശേഖരങ്ങളെല്ലാം. കശുവണ്ടി, മാങ്ങ, ഡാനിയമ്മ കൊടുക്കുന്ന അരി, പലഹാരം അതൊക്കെ ആ തുണി നീട്ടിപ്പിടിച്ച് അതിലിട്ടു തെറുത്തു കേറ്റി വയ്ക്കും.

‘അഴിഞ്ഞു പോകില്ലേ മൂപ്പത്തീ…’ എന്നു സംശയിക്കും ഡാനി.

‘ഇതിനു കൊച്ചിന്റെ അമ്മയുടെ ബാഗിനേക്കാള്‍ ഉറപ്പാ’ എന്നു പറയും കുഞ്ഞന്‍പെണ്ണുമൂപ്പത്തി.

priya as , childrens novel, iemalayalam

അതു കണ്ടുകണ്ട് ഹരം പിടിച്ച്, ഡാനി ഒരു ദിവസം ഒരു കുഞ്ഞന്‍ കൈലി അച്ഛനെക്കൊണ്ട് വാങ്ങിപ്പിച്ചുടുത്തു. എന്നിട്ട് മടിയില്‍ കളിപ്പാട്ടക്കുഞ്ഞിക്കാറുകള്‍, പീപ്പി അതൊക്കെ തിരുകി നടന്നു.

ശീലമില്ലാത്തതുകൊണ്ട് ഡാനിയുടെ മടിക്കുത്ത് എപ്പോഴും അഴിഞ്ഞുപോയി. ‘അതിനൊക്കെ നല്ല പരിചയം വേണം’ എന്ന് അന്ന് കണ്ടന്‍ മൂപ്പനും തേവന്‍ മൂപ്പനും കൂടി ചിരിച്ചു.

ശ്ശെ, നമ്മള് പറഞ്ഞുവന്നത് അതല്ലല്ലോ. വെള്ളം വറ്റിച്ച പാടം ഉണങ്ങിക്കിടക്കുന്നതില് കുഞ്ഞുകുഞ്ഞു തടങ്ങള്‍, കൃത്യമായ അകലത്തില്‍ എടുത്തു വച്ചിട്ടുണ്ടാവും പണിക്കാര് നേരത്തേ തന്നെ. ആ കുഞ്ഞുതടങ്ങള്‍ക്ക് ‘കണ്ണികള്‍’ എന്നാണു പറയുക.

Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം

ചെളിക്കട്ടകളായിരിക്കും കണ്ണികള്‍. വെയിലു കൊള്ളാതിരിക്കാന്‍ തൊപ്പിക്കുട തലയില്‍ വച്ച് കണ്ടനും തേവനും കൂട്ടരും കൈ കൊണ്ടു കണ്ണികളിളക്കി, വേരു വന്നുതുടങ്ങിയ നെല്ലുങ്കട്ടകള്‍ പാകും.

ഒരു രസത്തിന് അവര്‍, ‘ഹൊയ് ഹൊയ്’ എന്നു തുടങ്ങുന്ന ഒരു വിത്തുവിതപ്പാട്ടു പാടും. കുനിഞ്ഞുനിന്നുള്ള പണിയുടെ പ്രയാസമറിയാതിരിക്കാനാണ് പാട്ട്.

ഉച്ചയൂണു നേരമാവുമ്പോ, പാടക്കരയില്‍ ചടഞ്ഞിരുന്ന് അവര്‍ തൂക്കു ചോറ്റുപാത്രത്തില്‍ കൊണ്ടുവന്ന കഞ്ഞി കോരിക്കോരി കുടിക്കും. ഡാനിയമ്മ അവര്‍ക്ക്, ഡാനിയുടെ കൈയില്‍ കറി കൊടുത്തയയ്ക്കും. അപ്പോഴും ഡാനിക്ക് തോന്നും ഡാനി വലിയ ആളായെന്ന്.

ഡാനി, അവരുടെ തൂക്കുപാത്രത്തില്‍ നിന്ന് ചില ദിവസം കഞ്ഞികുടിക്കും. സുന്ദരം വീട്ടിലെ കഞ്ഞിയേക്കാള്‍ അവരുടെ പാത്രത്തിലെ കഞ്ഞിക്കാണ് സ്വാദെന്ന് അപ്പോ ഡാനിക്ക് തോന്നും.

priya as , childrens novel, iemalayalam

മുറ്റത്തെ പ്ളാവില എടുത്ത് മടക്കി ഈര്‍ക്കിലി കുത്തി പ്ളാവിലക്കുമ്പിള്‍ ഉണ്ടാക്കിയാല്‍ സ്പൂണിനേക്കാള്‍ ഭംഗിയായി അതില്‍ കഞ്ഞി കുടിക്കാമെന്നു ഡാനിയെ പഠിപ്പിച്ചതവരാണ്.

പിന്നെ കളിക്കുമ്പോഴൊക്ക, ഡാനി പാവകള്‍ക്കോരോന്നിനും ഓരോ പ്ളാവില കുത്തിക്കൊടുക്കുമായിരുന്നു.

ദിവസം ചെല്ലുന്തോറും, പണിക്കാര് നട്ട നെല്ലെല്ലാം കിളിര്‍ക്കും, പുറ്റു പോലെ. നെല്‍ച്ചെടിക്കു ‘ഞാറ്’ എന്നാണ് പറയുക.

നെല്ല്, കാറ്റിലാടുന്ന ‘കാറ്റാടിപ്പരുവ’ത്തിലാകുമ്പോള്‍, പുറ്റുപോലെ നില്‍ക്കുന്ന ഞാറു പറിച്ച് അത് പിരിച്ചെടുത്ത് ചെറിയ ചെറിയ കൂട്ടങ്ങളായി കെട്ടി കൈയില്‍ പിടിക്കും പണിയാളുകള്‍.
ഈരണ്ടും മുമ്മൂന്നും ഞാറുകള്‍, പിന്നെ പാടം മുഴുവനും ഒരേ ദൂരത്തില്‍ അകത്തിയകത്തി നടണം.

അപ്പോഴവര്‍ പാടും

‘തിന്തിമിത്താര തിന്തിമിത്താര തിന്താരാ
തിന്തിമിത്താര തിന്തിമിത്താര തിന്താര
താളത്തില്‍ താളത്തില്‍ നട്ടുകരേറെടീ
നീളത്തില്‍ നീളത്തില്‍ പെണ്ണാളേ…’

അപ്പോഴേക്ക് , മഴ കാരണം പാടത്തിലൊക്കെ വെള്ളമായിട്ടുണ്ടാവും ചെറിയ തോതില്‍.
മഴ കാരണം, കണ്ണികളൊക്കെ മാഞ്ഞ് പാടം ഒരേ നിരപ്പിലായിട്ടുണ്ടാവും.

Read More: സുന്ദരം വീട്ടിലെ വിശേഷങ്ങള്‍ നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

പാടം പെട്ടെന്നാണ് പച്ചയ്ക്കുക. ഞാറിന്‍ തലപ്പുകള്‍ കാറ്റിലാടും. ഞാറ് പരുവം മാറി, നെല്‍ത്തൈകള്‍ പൂവിടും.

ഇടക്ക് നെല്‍ച്ചെടികള്‍ക്കിടയില്‍ കളകള്‍ വരും. കളകള്‍ എന്നാല്‍ പാഴ്‌ച്ചെടികള്‍. അതെല്ലാം പറിച്ചു കളയണം. പൂവില്‍നിന്ന് മെല്ലെമെല്ലെ നെല്‍ക്കതിര് വിരിഞ്ഞുതുടങ്ങും.

നെല്‍ക്കതിരിലെ പാല് കുടിക്കാന്‍ ചെറുപ്രാണികളും കിളിവിരുതന്മാരും എത്തും. ‘ഞങ്ങക്ക് ചോറുണ്ണാനുള്ള അരിയുണ്ടാകാനുള്ളതാ, മതി മതി നെല്ലിന്റെ പാലു കുടിച്ചത്’ എന്നു പറഞ്ഞ് ഡാനി അവരെയൊക്കെ വഴക്കു പറയും.

കുഞ്ഞിക്കിളി വന്നിരിക്കുമ്പോ നെല്‍ച്ചെടിയുടെ അറ്റം വളഞ്ഞ് താഴെ മണ്ണില്‍ തൊടും, നെല്‍ച്ചെടി ‘റ’ പോലെയാവും, ഡാനി അതു കാണിച്ച്, ‘റ’ എഴുതാന്‍ പാവകളെ പഠിപ്പിക്കും.

തുടരും…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Priya a s childrens novel sundaramvettile visheshangal chapter 10

Next Story
സുന്ദരം വീട്ടിലെ വിശേഷങ്ങള്‍-9priya as ,childrens novel , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com