scorecardresearch

ഇരുള്‍ഭവനത്തിലെ രഹസ്യങ്ങള്‍ അദ്ധ്യായം 9

"വാതില്‍ പുറത്ത് നിന്ന് അടച്ചിരിക്കുന്നു എന്നറിഞ്ഞതോടെ അവരുടെ രണ്ടുപേരുടെയും മുഖം വിളറി. ഇനി എന്ത് ചെയ്യും എന്ന ചോദ്യഭാവത്തില്‍ രണ്ടുപേരും ക്യാപ്റ്റനെ നോക്കി." പ്രവീൺ ചന്ദ്രൻ എഴുതിയ കുട്ടികളുടെ കുറ്റാന്വേഷണ നോവൽ “ഇരുള്‍ഭവനത്തിലെ രഹസ്യങ്ങള്‍” ഒൻപതാം അധ്യായം

"വാതില്‍ പുറത്ത് നിന്ന് അടച്ചിരിക്കുന്നു എന്നറിഞ്ഞതോടെ അവരുടെ രണ്ടുപേരുടെയും മുഖം വിളറി. ഇനി എന്ത് ചെയ്യും എന്ന ചോദ്യഭാവത്തില്‍ രണ്ടുപേരും ക്യാപ്റ്റനെ നോക്കി." പ്രവീൺ ചന്ദ്രൻ എഴുതിയ കുട്ടികളുടെ കുറ്റാന്വേഷണ നോവൽ “ഇരുള്‍ഭവനത്തിലെ രഹസ്യങ്ങള്‍” ഒൻപതാം അധ്യായം

author-image
Praveen Chandran
New Update
ഇരുള്‍ഭവനത്തിലെ രഹസ്യങ്ങള്‍  അദ്ധ്യായം 9

ചില രഹസ്യങ്ങള്‍

ക്യാപ്റ്റന്‍ അതിവേഗത്തില്‍ വൃദ്ധന് നേരെ തിരിഞ്ഞു. വൃദ്ധന്‍ തൊട്ടുമുന്നിലെ മുറിയിലേക്ക് കയറി. വാതിലടയ്ക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് ജിജിത്ത് എഴുന്നേറ്റ് വാതിലില്‍ തള്ളി. വൃദ്ധന്‍ പിന്നോട്ട് മാറി ജിജിത്തിന്റെ ചുമലില്‍ ശക്തിയായി ഇടിച്ചു. അയാളുടെ ഇടിയുടെ ശക്തിയില്‍ പ്രതീക്ഷിച്ചതിലും കായികബലമുള്ളയാളാണ് വൃദ്ധനെന്ന് ജിജിത്തിന് മനസ്സിലായി.

Advertisment

ക്യാപറ്റനും ജിജിത്തും ആ മുറിയിലേക്ക് തള്ളിക്കയറി. അകത്തെ കാഴ്ചകള്‍ കണ്ട് ജിജിത്ത് അമ്പരന്നുപോയി. മുറിക്കുള്ളില്‍ ഒരു മേശയും രണ്ട് കസേരകളും ഉണ്ടായിരുന്നു. പണ്ട് ഉപയോഗിച്ച് ഒഴിവാക്കിയ മേശ താല്‍ക്കാലികമായി അവിടെ കൊണ്ടുവച്ചതുപോലെ തോന്നിച്ചു.

മേശ വൃത്തിയായി തുടച്ചിട്ടുണ്ട്. അതിന് മുകളില്‍ ഏതാനും ചതുരപ്പെട്ടികള്‍. ഒരാള്‍ക്ക് എടുത്ത് പൊക്കാവുന്ന വലുപ്പമുള്ള തരത്തിലുള്ള പെട്ടികള്‍. ഏതോ ഇലക്ട്രോണിക്‌സ് ഉപകരണമാണത്. ആ പെട്ടികളിലൊന്നില്‍ കുറേ പേനകള്‍ കുത്തിനിര്‍ത്തിയതുപോലെ ചെറിയ ആന്റിനകള്‍. തൊട്ടടുത്ത് ഇന്റര്‍നെറ്റിനായുള്ള മോഡത്തിലെ പച്ച നിറത്തിലുള്ള എല്‍ ഇ ഡികള്‍ പ്രകാശിക്കുന്നുണ്ട്.

"ഇതൊക്കെയെന്താണ്?" ജിജിത്ത് അറിയാതെ ചോദിച്ചുപോയി. ചോദ്യം പൂര്‍ത്തിയാകുന്നതിന് മുമ്പേ വൃദ്ധന്‍ പുറത്ത് കടന്ന് വാതിലടച്ചിരുന്നു. ജിജിത്ത് ജനലുകള്‍ തുറക്കാന്‍ ശ്രമിച്ചു. വളരെ പ്രയാസപ്പെട്ട് ഒരു ജനല്‍ മാത്രമാണ് തുറക്കാന്‍ സാധിച്ചത്.

Advertisment

"വാതില്‍ ചവുട്ടിപ്പൊളിക്കണോ?" ജിജിത്ത് ചോദിച്ചു. ക്യാപ്റ്റന്‍ ചുറ്റും നോക്കി. ആ മുറിക്കുള്ളില്‍ മറ്റൊരു വാതിലുണ്ട്. ക്യാപറ്റന്‍ അതിന് മുന്നിലെത്തി ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചു.

publive-image


"അച്ചൂ" ക്യാപറ്റന്‍ വിളിച്ചു.

അച്ചു വിളി കേട്ടിരിക്കുന്നു. ഈ വാതിലിനപ്പുറം ഒരു പക്ഷേ, ഒരു ഇടനാഴിയായിരിക്കാം. ആ ഇടനാഴിക്കപ്പുറമുള്ള ഏതോ മുറിയിലാണ് അച്ചു.

ക്യാപ്റ്റന്‍ ആ വാതില്‍ ഇളക്കി നോക്കി. പഴയ രീതിയില്‍ സാക്ഷയുള്ള വാതിലാണ്. പുറത്ത് നിന്ന് അടച്ചതാണെങ്കിലും നന്നായി പൂട്ടിയിട്ടില്ല. ക്യാപ്റ്റന്‍ പതിയെ മുന്നോട്ടും പിന്നോട്ടുമായി തള്ളി. വാതില്‍ സാവധാനം തുറന്നു വന്നു.

വാതില്‍ തുറന്ന ഉടനെ ഏതാനും വവ്വാലുകള്‍ മുറിയിലെ ഇരുളില്‍ നിന്ന് പുറത്തേക്ക് പറന്നു. പ്രതീക്ഷിച്ചതുപോലെ വാതിലിനപ്പുറം നീണ്ട ഇടനാഴി. ചിലന്തിവലയും പൊടിയും നിറഞ്ഞിരിക്കുന്നു.
ജിജിത്ത് അതിനുള്ളില്‍ കയറി വീണ്ടും അച്ചുവിനെ വിളിച്ചു. ഇപ്പോള്‍ അവന്റെ ശബ്ദം വ്യക്തമായി കേള്‍ക്കാം. അവര്‍ പിന്നിലെ വാതില്‍ അടച്ച് അച്ചു ഇരിക്കുന്ന മുറി തിരയാന്‍ തുടങ്ങി.

ഓരോ വട്ടം വിളിക്കുമ്പോഴും അച്ചുവിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. പക്ഷെ മുറികള്‍ തമ്മില്‍ തെറ്റിപ്പോകുന്നത്ര സാമ്യത അവക്കുണ്ടായിരുന്നു. അവര്‍ക്ക് ഇരുട്ടില്‍ മുറികള്‍ വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ഓരോ മുറികളുടേയും വാതിലുകള്‍ തട്ടിനോക്കി അവര്‍ അച്ചുവിനെ വിളിച്ചു.

മൂന്നാമത്തെ മുറിയിലെത്തിയപ്പോള്‍ അച്ചുവിന്റെ ശബ്ദം വ്യക്തമായി കേട്ടു. ആ മുറി പുറത്ത് നിന്ന് സാക്ഷയിട്ടിരുന്നെങ്കിലും താക്കോലിട്ട് പൂട്ടിയിരുന്നില്ല. അതുകൊണ്ട് വാതില്‍ അവര്‍ എളുപ്പത്തില്‍ തുറന്നു.

മുറിയില്‍ വെളിച്ചമുണ്ടായിരുന്നു. ഒരു ജനല്‍ തുറന്നിട്ടിരുന്നു. അതിലൂടെ വിശാലമായ മറ്റൊരു മുറി കാണാമായിരുന്നു. വാതില്‍ തുറക്കുന്നത് കാത്തിരിക്കുകയായിരുന്നു അച്ചു. ജിജിത്ത് അവനെ കണ്ട ഉടനെ കെട്ടിപ്പിടിച്ചു.

"നീ എങ്ങനെ ഇതിനുള്ളില്‍ പെട്ടു?" ജിജിത്ത് ചോദിച്ചു.

"ഇന്നലെ കണ്ടത് പ്രേതത്തിനെയായിരുന്നോ എന്ന് പരിശോധിക്കാന്‍ വന്നതാണ്" അച്ചു കഥ പറയാന്‍ തുടങ്ങി.

"പ്രേതത്തിനെ നിനക്ക് പേടിയല്ലേ?" ക്യാപ്റ്റന്‍ ചോദിച്ചു.

"ഉണ്ട്. പക്ഷെ പ്രേതം രാത്രിയിലല്ലെ വരുള്ളൂ. പകല്‍ പേടിക്കാനെന്തിരിക്കുന്നു. ഇന്നലെ കണ്ടയാളെ പകല്‍ കണ്ടെങ്കില്‍ ജീവിച്ചിരിക്കുന്നയാളാണ് എന്നല്ലേ അര്‍ത്ഥം. ഞാന്‍ സാദിക്കിനേയും ജീവനേയും കൂട്ടി വന്നത് അത് നോക്കാനാ."

പ്രേതത്തിനെയും ഭൂതത്തിനെയും പറ്റിയെല്ലാം കുട്ടികള്‍ എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് കേട്ടപ്പോള്‍ ക്യാപറ്റന് ചിരി വന്നു. പക്ഷെ അതയാള്‍ പുറത്ത് കാണിച്ചില്ല.

"എന്നിട്ട്?" ക്യാപറ്റന്‍ പ്രോത്സാഹിപ്പിച്ചു.

"ഞങ്ങള്‍ വരുമ്പോള്‍ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. പറമ്പില്‍ കയറി ചുറ്റം നോക്കി. ഒരു ചേരയെക്കണ്ടപ്പോഴേ സാദിക്കിന് പേടിയായി. ഞങ്ങള്‍ വീടിനടുത്തെത്തി. പുറത്തൊന്നും ആരെയും കാണാതെ അകത്ത് കയറി നോക്കിയതാ. അപ്പോള്‍ ഇന്നലെ കണ്ട വൃദ്ധന്‍ ഉറക്കം തൂങ്ങിയിരിക്കുന്നത് കണ്ടു. ഞങ്ങള്‍ ആദ്യം തന്നെ കുറേ പെട്ടികള്‍ പോലെയുള്ള ഉപകരണങ്ങളുള്ള മുറിയിലെത്തി.

"എന്തൊക്കെയാണ് അവിടെയുള്ളത്?" ക്യാപ്റ്റന്‍ ചോദിച്ചു.

publive-image


"കുറേ പെട്ടികള്‍. ചെറിയ ആന്റിനകളുളള ഒരു പെട്ടി. തൊട്ടടുത്തായി നമ്മുടെ വീട്ടിലൊക്കെയുള്ളതു പോലെയുള്ള വൈ-ഫൈ മോഡം. അതൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാ തോന്നുന്നത്. പിന്നെ ഞങ്ങള്‍ ഓരോരോ മുറിയിലായി കയറി നോക്കി. മുകളിലേക്ക് കുറച്ച് കയറിയപ്പോള്‍ സാദിക്കും ജീവനും പേടിയാകുന്നു എന്നു പറഞ്ഞ് തിരിച്ചു പോയി.

എനിക്ക് അങ്ങനെ വിട്ടുകൊടുക്കാന്‍ തോന്നിയില്ല. അവര്‍ തിരിച്ചുപോയപ്പോള്‍ ഞാന്‍ മുകളിലെ നില പരിശോധിക്കാന്‍ കോണി കയറി. അപ്പോള്‍ ഒരു കസേര തട്ടിമറിഞ്ഞുപോയി. ആ ശബ്ദം കേട്ട് ആ വൃദ്ധൻ എഴുന്നേറ്റു. എന്നെ കണ്ടതും കസേരക്കടുത്ത് വച്ച വടിയെടുത്ത് അടിക്കാന്‍ വന്നു. ഞാന്‍ കോണി കയറി മുകളിലെത്തി. അവിടെ യാതൊന്നുമില്ലെന്ന് കണ്ട് പതിയെ താഴെയിറങ്ങി. ഇടനാഴിയിലുടെ നടന്ന് വരുമ്പോള്‍ അയാൾ കുറുകെ നില്‍ക്കുന്നു. അയാളെ കണ്ടപ്പോള്‍ ഞാന്‍ അകത്തേക്കോടി. ഈ മുറിയില്‍ വന്നു പെട്ടു. അയാള്‍ പുറത്ത് നിന്ന് വാതിലടച്ച് കളഞ്ഞു."

അച്ചു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ ഒറ്റ ശ്വാസത്തിലാണ് അത്രയും പറഞ്ഞത്.

"സാരമില്ല. രക്ഷപ്പെട്ടല്ലോ. ഞങ്ങളോടൊന്നും പറയാതെ ഒറ്റയ്ക്ക് ഇവിടേക്ക് വന്നത് ശരിയായില്ല."
ജിജിത്ത് ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

"ആ ഉപകരണങ്ങളെല്ലാം എന്താണ്?" അച്ചു ഷര്‍ട്ടിലും ട്രൗസറിലും പറ്റിപ്പിടിച്ച പൊടി തട്ടിക്കുടയുന്നതിനിടെ ചോദിച്ചു.

"അത് മൊബൈല്‍ സിംകാര്‍ഡുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാവുന്ന സംവിധാനമാണ്. അമ്പതും നൂറും മൊബൈല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരേ സമയം കോള്‍ ചെയ്യാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍. ഇന്റര്‍നെറ്റും സിം കാര്‍ഡുകളും ഉപയോഗിച്ച് അന്താരാഷ്ട്ര കോളുകള്‍ കൈകാര്യം ചെയ്യുകയാണിവര്‍." ക്യാപ്റ്റന്‍ അത് വിശദീകരിക്കുമ്പോഴും അയാളുടെ ശ്രദ്ധ പുറത്തു നിന്നുള്ള ശബ്ദങ്ങളിലായിരുന്നു.

ഒറ്റക്കണ്ണന്‍ ഇടനാഴിയിലുടെ നടക്കുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. എന്താണ് അയാളുടെ അടുത്ത നീക്കം എന്ന് ആലോചിച്ചുകൊണ്ടാണ് ക്യാപ്റ്റന്‍ സംസാരിച്ചത്.

"സാധാരണ ലാന്റ് ലൈന്‍ ഫോണ്‍ കോളുകളും മൊബൈല്‍ കോളുകളും കൃത്യമായ സംവിധാനത്തിലൂടെയാണ് കടന്നുപോകുന്നത്. ഓരോ കോളിന്റെയും വിവരങ്ങള്‍ ടെലികോം കമ്പനികള്‍ക്ക് കണ്ടെത്താനാകും. എന്നാല്‍ ഇങ്ങനെയുള്ള കള്ള ടെലിഫോണ്‍ കോളുകളുടെ വിവരങ്ങള്‍ കൃത്യമായിരിക്കില്ല. ആരാണ് വിളിക്കുന്നത് എന്നോ എവിടേയ്ക്കാണ് വിളിക്കുന്നതെന്നോ വ്യക്തമായി കണ്ടെത്താനാകില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വ്യാജ ടെലിഫോണ്‍ എക്‌സ്ചേഞ്ച്."

പുറത്ത് ഒരു കാര്‍ വന്ന് നില്‍ക്കുന്ന ശബ്ദം കേട്ടപ്പോള്‍ ക്യാപ്റ്റന്‍ സംഭാഷണം നിര്‍ത്തി. അയാള്‍ തുറന്ന് കിടക്കുന്ന ഇടനാഴിയിലേക്ക് നോട്ടമെത്തുന്ന ഒരു ജനവാതില്‍ തുറന്ന് നോക്കി. മൂന്ന് ചെറുപ്പക്കാര്‍ അകത്തേക്ക് കയറി വരുന്നത് ക്യാപ്റ്റന്‍ കണ്ടു. ജിജിത്തും അച്ചുവും തൊട്ടടുത്തുള്ള ജനലിലൂടെ പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു.

"അവര്‍ എപ്പോള്‍ വേണമെങ്കിലും നമ്മളെ ആക്രമിച്ചേക്കൂം." ജിജിത്ത് പറഞ്ഞു.

"ഇല്ല. അവരുടെ പദ്ധതി അതല്ല." ക്യാപ്റ്റന്‍ ആലോചനയോടെ പറഞ്ഞു. അയാള്‍ അകത്തേക്ക് കടന്ന് വാതിലിനടുത്തെത്തി. അത് പുറത്ത് നിന്ന് അടച്ചിരിക്കുകയാണ്.

അച്ചുവും ജിജിത്തും അപ്പോഴേക്കും വാതിലിനടുത്തെത്തിയിരുന്നു. വാതില്‍ പുറത്ത് നിന്ന് അടച്ചിരിക്കുന്നു എന്നറിഞ്ഞതോടെ അവരുടെ രണ്ടുപേരുടെയും മുഖം വിളറി. ഇനി എന്ത് ചെയ്യും എന്ന ചോദ്യഭാവത്തില്‍ രണ്ടുപേരും ക്യാപ്റ്റനെ നോക്കി.

Read More: പ്രവീണ്‍ ചന്ദ്രന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Children Malayalam Writer Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: