ഇരുണ്ട മുറികളിലെ അന്വേഷണം
രണ്ട് ദിവസം മുമ്പ് പോയ അതേ റോഡിലൂടെ ജിജിത്ത് ശരവേഗത്തില്‍ ബൈക്കോടിച്ചു. വൈകുന്നേരമായതിനാല്‍ സൂര്യപ്രകാശം റോഡില്‍ ചരിഞ്ഞ് പതിക്കുന്നുണ്ടായിരുന്നു. നീണ്ട റോഡും ഇരുവശത്തുമുള്ള നെല്‍ വയലുകളും ആ യാത്രയില്‍ അവരുടെ കണ്ണില്‍ പെട്ടില്ല.
എതിരെ വന്ന ലോറിക്ക് സൈഡ് കൊടുത്തപ്പോള്‍ റോഡില്‍ നിന്ന് തെന്നി വയലിലേക്ക് വീണുപോകുമോ എന്നുപോലും ജിജിത്ത് ഭയന്നു. ജിജിത്തിന്റെ കൈ വിറയ്കുന്നുണ്ടായിരുന്നു. പക്ഷെ ക്യാപ്റ്റന്‍ അക്ഷോഭ്യനായി തന്റെ ബുള്ളറ്റില്‍ തൊട്ടു പിന്നില്‍ അയാളെ പിന്തുടര്ന്നു.
അവര്‍ ഒഴിഞ്ഞ വീടിന്റെ ഗേറ്റിന് മുന്നിലെത്തി.
ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. ബൈക്ക് മതിലിന് ഒരു വശത്തേക്ക് നിര്‍ത്തി ജിജിത്ത് ഇറങ്ങി. ഒരൽപ്പം മാറി ക്യാപ്റ്റന്‍ തന്റെ ബുള്ളറ്റ് നിര്‍ത്തി. മുന്‍വശത്തെ ഗേറ്റ് അടച്ചിട്ടിരിക്കുന്നു. സാദിക്ക് പറഞ്ഞത് വാതില്‍ തുറന്നു കിടക്കുകയായിരുന്നു എന്നായിരുന്നല്ലോ? കുട്ടികള്‍ തിരിച്ചുപോന്നതിന് ശേഷം ആരോ വാതിലടച്ചിരിക്കുന്നു. ക്യാപ്റ്റന്‍ ആലോചിച്ചു. അവര്‍ രണ്ടുപേരും മതില് ചാടിക്കടന്ന് അകത്തെത്തി.
ചെടിയും വള്ളികളും അവിടെമാകെ പടര്‍ന്നുപിടിച്ചിരുന്നു. എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നെങ്കിലും ഒരു പാമ്പ് ഇഴഞ്ഞു വന്നേക്കും എന്ന് മട്ടിലായിരുന്നു വീട്ടിലേക്കുള്ള വഴി. വഴിയിലേക്ക് വീണുകിടക്കുന്ന ചെടികളെ വകഞ്ഞ് മാറ്റി അവര്‍ അതിവേഗത്തില്‍ വീടിന് മുന്നിലെത്തി. അവിടെ ആളനക്കമില്ല.
സന്ദീപ് ചുറ്റും നോക്കി. പൊടിപിടിച്ച നിലത്ത് അച്ചുവിന്റെ കൊച്ചുകാല്‍പ്പാടുകള്‍ വ്യക്തമായി കാണാമായിരുന്നു. അച്ചുവിന്റെ മാത്രമല്ല മറ്റ് രണ്ട് കുട്ടികള്‍ നടന്നതിന്റെ പാടുകളും കാണാനുണ്ട്. പക്ഷെ രണ്ട് കുട്ടികള്‍ തിരിച്ച് നടന്നതിന്റെ അടയാളം ക്യാപ്റ്റന്‍ ശ്രദ്ധിച്ചു. അച്ചു ഇതിനകത്ത് എവിടെയോ ഉണ്ട്. അവന് പുറത്ത് പോയിട്ടില്ല. സാദിക്കും പറഞ്ഞത് ശരിയാണ്.
“അച്ചൂ…” ജിജിത്ത് നീട്ടിവിളിച്ചു.
മറുശബ്ദത്തിനായി കാതോര്‍ത്തു. പകരം പെട്ടെന്ന് മുന്‍വശത്തെ വാതില്‍ തുറന്നു. വാതിലിന്റെ മുകളില്‍ പറ്റിപ്പിടിച്ച പൊടി ആ ശക്തിയില്‍ ചുറ്റും പരന്നു. പഴയ വിജാഗിരിയുടെ ശബ്ദം അവരുടെ കാതില്‍ കുത്തിക്കയറി.

“ആരാണ്?”
പരുപരുത്ത ശബ്ദം. പൊടി താഴെ വീണടിഞ്ഞപ്പോള്‍ അവര്‍ അയാളുടെ മുഖം കണ്ടു. തലേ ദിവസം കണ്ട ഒറ്റക്കണ്ണന്‍ വൃദ്ധന്. അയാള്‍ വലത് കാലിന്റെ തുടയില്‍ വലത് കൈ അമര്‍ത്തിക്കൊണ്ട് താളത്തില്‍ പുറത്തേക്കിറങ്ങി.
“നിങ്ങള്‍ക്കെന്താണ് വേണ്ടത്?” അയാള്‍ ചോദിച്ചു.
“ഇവിടെക്ക് വന്ന ഒരു കുട്ടിയെ തിരഞ്ഞ് വന്നതാണ്…” ക്യാപ്റ്റന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. ക്യാപ്റ്റന്റെ ശാന്തമായ ശബ്ദം കേട്ടപ്പോള്‍ ആക്രമിക്കാന്‍ വന്നതല്ല എന്ന് തോന്നിയതുകൊണ്ടാവാം അയാളുടെ മുഖത്തെ രൂക്ഷത ഒരൽപ്പം കുറഞ്ഞു.
“ഇവിടേക്കാരും വന്നിട്ടില്ല.” വൃദ്ധന് പറഞ്ഞു. പക്ഷെ അയാള്‍ പെട്ടെന്നു തന്നെ ദേഷ്യത്തിലായി.
“ഗേറ്റ് അടച്ചിട്ടതാണല്ലോ? നിങ്ങളത് കുത്തിത്തുറന്നോ?” അയാള്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.
“അതിരിക്കട്ടെ. കുട്ടിയെ നിങ്ങള്‍ എന്ത് ചെയ്തു?” ജിജിത്ത് ദേഷ്യത്തോടെ ചോദിച്ചു.
“ഇവിടെ ആരും കുട്ടിയെ തടഞ്ഞ് വച്ചിട്ടും മറ്റുമില്ല. നശൂലങ്ങള്.” അയാള്‍ രണ്ടുപേരെയും പ്രാകി.
വൃദ്ധന് വാതില്ക്കല് തടസ്സം പോലെ നിന്നു. അത് കണ്ടപ്പോള്‍ ജിജിത്ത് അയാളെ തള്ളിമാറ്റി അകത്ത് കടന്നു. ഒപ്പം ക്യാപ്റ്റനും.
സാദിക്ക് പറഞ്ഞത് ശരിയാണ്. വിശാലമായ ഇടനാഴി. അതിന്റെ ഒരു വശത്ത് കുറേ മുറികള്‍. ഇടനാഴിയുടെ അറ്റത്ത് ഒരു കോണിപ്പടി. ക്യാപ്റ്റനും ജിജിത്തും മുന്നോട്ടു നടന്നു. ക്യാപ്റ്റന്റെ ശ്രദ്ധ മുഴുവന്‍ പൊടിപിടിച്ച നിലത്തും ചുമരുകളിലുമായിരുന്നു. അവര്‍ ഇടക്കിടെ പിന്നോട്ട് നോക്കി. ഇല്ല. വൃദ്ധന് തങ്ങളെ പിന്തുടരാനുള്ള ഭാവമില്ല.
അവര്‍ ആ ഇടനാഴിയിലെ ഓരോ മുറികളും ശ്രദ്ധിച്ച് മുന്നോട്ടു നീങ്ങി. ചുമരുകളില്‍ കുട്ടികളുടെ കയ്യടയാളങ്ങള്‍ അവിടെവിടെ കാണാമായിരുന്നു. കോണിപ്പടി ലക്ഷ്യമാക്കി രണ്ടുപേരും നടന്നു. ക്യാപ്റ്റനാണ് മുന്നില്‍ നടന്നത്.
“കുട്ടികള്‍ കോണിപ്പടി കയറിയ ലക്ഷണമുണ്ട്.” മരഗോവണിയുടെ കൈവരിയിലെ കൈപ്പാടുകള്‍ കാണിച്ചുകൊണ്ട് ക്യാപ്റ്റന്‍ ജിജിത്തിനോട് പറഞ്ഞു. അപ്പോള്‍ മാത്രമാണ് പൊടിയിലെ പാടുകള്‍ ജിജിത്ത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പക്ഷെ ജിജിത്തിന് അതൊന്നും ശ്രദ്ധിക്കാവുന്ന മാനസികാവസ്ഥയായിരുന്നില്ല. അവന് എങ്ങനെയെങ്കിലും അച്ചുവിനെ രക്ഷിക്കണമായിരുന്നു.
അവര്‍ മുകളിലെ നിലയിലേക്ക് കയറി. ആകെ ഇരുള് മൂടിക്കിടക്കുന്ന അവസ്ഥ. മരത്തിന്റെ കോണിപ്പടികള്‍ കയറുമ്പോള്‍ ഓരോ ചുവടുവെപ്പും ശബ്ദമുണ്ടാക്കി. അവിടെമാകെ പെടിയും ചിലന്തിവലയും പിടിച്ച് കിടന്നു. മുകളിലത്തെ നില കുറേക്കാലമായി ആരും അവിടെക്ക് കയറിയിട്ടില്ല എന്ന് തോന്നിക്കും വിധം അലങ്കോലമായിക്കിടക്കുകയായിരുന്നു . ജനലുകള്‍ എല്ലാം അടച്ചിട്ടിരുന്നിതിലാല് നിലത്തെ കാല്‍പ്പാടുകള്‍ കാണാന്‍ സാധിക്കുമായിരുന്നില്ല. അതിനിടെ ഒരു പെരുച്ചാഴി കുറുകെ പോയി.

“അച്ചൂ… അച്ചൂ…” ജിജിത്ത് വിളിച്ചു. ശബ്ദം മുറിയില്‍ പ്രതിധ്വനിച്ചു. ജിജിത്തിന്റെ ശബ്ദം തിരിച്ച് വരുന്നത് പോലെ. അച്ചുവിന്റെ ശബ്ദം എവിടെയും കേള്‍ക്കാനില്ല.
“എടാ, അച്ചുവിനെ കാണാനില്ലല്ലോ?” ജിജിത്തിന്റെ ശബ്ദം നേര്‍ത്തു. എന്ത് ചെയ്യണമെന്നറിയാതെ അയാള്‍ വിതുമ്പാന്‍ തുടങ്ങി. ക്യാപ്റ്റന്‍ വളരെ ശ്രദ്ധയോടെ മുറിയിലെ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കുകയായിരുന്നു. ഇടനാഴികളും മുറികളും നിറഞ്ഞ ആ വീട്ടിനുള്ളിലെ ഉള്‍ഭാഗത്തെ മുറികളിലേതോ ഒന്നില്‍ നിന്ന് അച്ചു വിളി കേള്‍ക്കുന്നതായി ക്യാപ്റ്റന്‍ തോന്നി.
“അച്ചൂ…” ക്യാപറ്റന് വിളിച്ചു. ശരിയാണ് അച്ചു വിളി കേള്‍ക്കുന്നുണ്ട്. ഏത് മുറിയില്‍ നിന്നാണെന്ന് മനസ്സിലാകുന്നില്ല. വെളിച്ചം കുറവായതിനാല്‍ ഇതിലെ മുറികള്‍ എവിടെയൊക്കെയാണെന്ന് മനസ്സിലാകുന്നില്ല.
ക്യാപറ്റന് തൊട്ടടുത്തുള്ള ജനവാതില്‍ തുറന്നു. വര്‍ഷങ്ങളായി ജനലില്‍ പറ്റിപ്പിടിച്ച പൊടി അവിടെമാകെ പരന്നു. ഒരു നിമിഷം. ഒന്നും കാണുന്നില്ല. പൊടിക്കുള്ളിലൂടെ പ്രകാശം അകത്തേക്ക് കടന്നു വന്നു. നീണ്ടു കിടക്കുന്ന ഇടനാഴി കാണാന്‍ സാധിക്കുന്നുണ്ട്. ഇടനാഴിക്കപ്പുറം മറ്റൊരു കോണിപ്പടി. ഒരു പക്ഷെ അച്ചു താഴേ നിലയില്‍ നിന്ന് തന്നെയാവും വിളി കേള്‍ക്കുന്നത് എന്ന് ക്യാപ്റ്റന്‍ തോന്നി.
ജനലിലൂടെ കടന്നു വന്ന വെളിച്ചത്തില്‍ അയാള്‍ നിലത്തെ കാല്‍പ്പാടുകള്‍ നോക്കി. അവിടെ ഒരു കുട്ടിയുടെ കാല്‍പ്പാടുകള്‍ കാണുന്നുണ്ട്. അത് അച്ചുവിന്റെ കാൽപ്പാടുകളാകണം എന്ന നിഗമനത്തിൽ ക്യാപ്റ്റന്‍ അതിനെ പിന്തുടര്ന്ന് അടുത്ത കോണിപ്പടിയിലെത്തി. അവിടെ നിന്ന് അച്ചുവിനെ വിളിച്ചു. അതെ. അച്ചു താഴെ എവിടെ നിന്നോ ആണ് വിളി കേള്‍ക്കുന്നത്.
“നമുക്ക് എത്രയും പെട്ടെന്ന് അച്ചുവിനെ കണ്ടെത്തി രക്ഷപ്പെടണം.” ജിജിത്ത് അതും പറഞ്ഞ് മുന്നില്‍ കണ്ട മരക്കോണിയുടെ പടികളിറങ്ങി. അവിടെയും വെളിച്ചം കുറവാണ്. ക്യാപ്റ്റന്‍ തൊട്ടടുത്ത് കണ്ട ജനല്‍ തുറന്നു. അദ്ഭുതമെന്ന് പറയട്ടെ. ആ മുറിയുടെ നിലം വൃത്തിയുള്ളതായിരുന്നു. ഒട്ടും പൊടിയില്ല.
“ശ്രദ്ധിക്കണം, ഇവിടെ ആരോ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.” ക്യാപ്റ്റന്‍ രഹസ്യമെന്നതുപോലെ ജിജിത്തിന്റെ ചെവിയില്‍ പറഞ്ഞു.
ആ നിമിഷം ക്യാപ്റ്റന്‍ ജിജിത്തിനെ തള്ളിവീഴ്ത്തി. ജിജിത്ത് എന്താണ് സംഭവിച്ചത് എന്നറിയാതെ വീണിടത്ത് നിന്ന് നോക്കുമ്പോള്‍ ഒരു ഇരുമ്പ് കമ്പിയുമായി ഒറ്റക്കണ്ണന്‍ വൃദ്ധന് നില്ക്കുന്നു. ക്യാപറ്റന് അയാളുടെ സാന്നിധ്യം ശബ്ദം കൊണ്ട് മനസ്സിലാക്കിയാണ് അത് ചെയ്തത്.
ക്യാപ്റ്റന്‍ തിരിഞ്ഞു നിന്നു. വൃദ്ധന് അയാള്‍ക്ക് നേരെ ഇരുമ്പ് വടിയോങ്ങി. ക്യാപ്റ്റന്‍ തെന്നി മാറി.
വലിയ അപകടം വരാനിരിക്കുന്നു എന്ന് ക്യാപ്റ്റന്‍ മനസ്സിലായി.