/indian-express-malayalam/media/media_files/uploads/2022/01/praveen-part-6-fi-1.jpg)
എങ്ങുമെത്താത്ത അന്വേഷണങ്ങള്‍
അണലിയുടെ മരണം നാട്ടിലെങ്ങും ചര്‍ച്ചയായി. അണലി മാത്രമല്ല വേറെയും ചില ചെറുപ്പക്കാര്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നതായി ആളുകള്‍ സംസാരിക്കാന്‍ തുടങ്ങി. ചെറുപ്പക്കാരായ ആണ്‍മക്കളുള്ള ഓരോ അച്ഛനമ്മമാരും തങ്ങളുടെ മക്കളെപ്പറ്റി അന്വേഷിക്കാന്‍ തുടങ്ങി.
അണലി മരിച്ചതിന്റെ തൊട്ടുടുത്ത ദിവസം വൈകിട്ട് കൂട്ടുകാരോടൊത്തുളള കളി കഴിഞ്ഞ് അച്ചു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ക്യാപ്റ്റനും ജിജിത്തും തമ്മില്‍ ഗൗരവമായ എന്തോ സംസാരിക്കുകയായിരുന്നു. രണ്ടുപേരും മുറ്റത്തെ മാവിന്റെ ചുവട്ടില്‍ നിന്നാണ് സംസാരിച്ചുകൊണ്ടിരുന്നത്. അച്ചു അവരുടെ അടുത്തേക്ക് ചെന്നു. ജിജിത്ത് അവനെ കൂടെ നിര്‍ത്തി.
"ക്യാപ്റ്റന്‍ പറഞ്ഞു വരുന്നത് അണലി ലഹരി മരുന്ന് അധിക ഡോസ് കഴിച്ചാണ് മരിച്ചതെന്നാണോ?"
ജിജിത്ത് അതുവരെ നടന്ന സംഭാഷണത്തിന്റെ തുടര്‍ച്ചയെന്നോണം ചോദിച്ചു.
"അതെ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അങ്ങനെയാണ് എഴുതിയിരിക്കുന്നത്. പ്രശ്‌നം അതല്ല. ഇനിയും ചെറുപ്പക്കാര്‍ ലഹരി മരുന്ന് സംഘത്തിന്റെ വലയില്‍ പെട്ടിട്ടുണ്ട്. അവരെ രക്ഷിക്കണം,"
ക്യാപ്റ്റന്‍ സന്ദീപ് പറഞ്ഞു.
"ലഹരിമരുന്ന് എത്തിക്കുന്നവരെ പിടിച്ചാല്‍ പോരെ?" അച്ചു ഇടക്ക് കയറി ചോദിച്ചു.
"അതുമാത്രം പോര. അവരെ പിടിക്കുന്നത് കൊണ്ട് മാത്രം പ്രശ്‌നം തീരില്ല. പൊലീസ് ചിലരെ സംശയിക്കുന്നുണ്ട്. നമ്മുടെ ഗ്രാമത്തിന് പുറത്ത് നിന്നുള്ള ചിലര്‍ ഇവിടെ വരുന്നുണ്ട്. അവരാണ് ലഹരി മരുന്ന് നമ്മുടെ നാട്ടിലെത്തിക്കുന്നത്," ക്യാപ്റ്റന്‍ തനിക്ക് ലഭിച്ച ഇൻഫർമേഷൻ പറഞ്ഞു.
അച്ചുവിനെ കണ്ടപ്പോള്‍ ഒരു പൂച്ച അടുത്തേക്ക് നടന്നു വന്നു. വാല്‍ മുകളിലേക്ക് ഉയര്‍ത്തി പൂച്ച അച്ചുവിനെ തൊട്ടുരുമ്മി. അച്ചു അവനെ ഒരു നോട്ടം നോക്കിയെങ്കിലും അവന്‍ ജിജിത്തിന്റെ സംസാരത്തിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടു.
"മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ട്രാക്ക് ചെയ്ത് പുറത്ത് നിന്ന് ഇവിടേക്ക് വരുന്നവരെ കണ്ടെത്താവുന്നതല്ലേയുള്ളൂ? സംശയം തോന്നുന്നവരുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് കേട്ട് നോക്കിയാല്‍ ലഹരിമരുന്ന് ലോബിയെ എളുപ്പത്തില്‍ പിടിക്കാമല്ലോ?" ജിജിത്ത് ഒരു സംശയം ചോദിച്ചു.
അതുകേട്ട് ക്യാപ്റ്റന്‍ ചെറുതായൊന്ന് ചിരിച്ചു. അപ്പോൾ തന്റെ ചോദ്യത്തില്‍ എന്തോ പിഴവ് പറ്റി എന്ന് ജിജിത്തിന് മനസ്സിലായി.
/indian-express-malayalam/media/media_files/uploads/2022/01/praveen-part-6-1-1.jpg)
"മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ആളുകള്‍ സംസാരിക്കുന്നതൊക്കെ റെക്കോര്‍ഡ് ചെയ്ത് വെക്കുന്നുണ്ട് എന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. ഒന്നാമതായി എല്ലാവരുടേയും സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണമെങ്കില്‍ വലിയ ഡാറ്റ സ്‌റ്റോറേജ് സംവിധാനം വേണം. അത് ചെലവേറിയതും അനാവശ്യവുമാണ്. അതിലും പ്രധാനപ്പെട്ട കാര്യം നമ്മുടെ സംഭാഷണങ്ങള്‍ നമ്മുടെ സ്വകാര്യതയാണ് എന്നതാണ്. അതില്‍ കടന്ന് കയറാന്‍ ആരെയും നിയമം അനുവദിക്കുന്നില്ല. മൊബൈല്‍ ഉപയോഗിക്കുന്നവരുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് വ്യക്തികളുടെ സ്വകാര്യത ലംഘിക്കലാണ്. അതിന് ഒരു മൊബൈല്‍ കമ്പനിക്കും അനുവാദമില്ല.
ടെലിഫോണ്‍ കമ്പനികള്‍ ഫോണ്‍ വിളിക്കുന്നയാളുടെ നമ്പറും സ്വീകരിക്കുന്നയാളുടെ നമ്പറും സൂക്ഷിച്ചു വെക്കും. അത് ഏത് സമയത്താണ് വിളിച്ചതെന്നും എത്ര സമയം വിളിച്ചെന്നും കമ്പനി സൂക്ഷിക്കുന്ന രേഖയിലുണ്ടായിരിക്കും. മൊബൈല്‍ ഫോണുകളുടെ കാര്യത്തില്‍ ഓരോ സമയത്തും മൊബൈല്‍ ഏത് ടവറിന് കീഴിലായിരുന്നു എന്നും മറ്റുമുള്ള വിവരങ്ങളും സൂക്ഷിച്ചുവെക്കും."
അച്ചുവും ജിജിത്തും ശ്രദ്ധാപൂര്‍വ്വം ക്യാപ്റ്റനെ നോക്കി നില്‍ക്കുകയായിരുന്നു. അച്ചുവിനെ തൊട്ടുരുമ്മി നിന്ന് പൂച്ച അതിനേക്കാള്‍ ഗൗരവത്തില്‍ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
"റെക്കോര്‍ഡ് ചെയ്ത സംഭാഷണം കിട്ടിയില്ലെങ്കിലെന്താ? മൊബൈല്‍ ഫോണിനെ സംബന്ധിച്ച ഇത്രയും വിവരങ്ങള്‍കൊണ്ടു തന്നെ പോലീസിന് ആളെ പിടിക്കാന്‍ സാധിക്കില്ലേ?" ജിജിത്ത് ചോദിച്ചു.
"സാധിക്കും. അങ്ങനെയാണ് പല കുറ്റകൃത്യങ്ങളും തെളിയിക്കുന്നത്. പുറത്ത് നിന്ന് വന്ന് ലഹരി മരുന്ന് വില്‍ക്കുന്നവര്‍ നമ്മുടെ അണലിയെപ്പോലുള്ള പാവങ്ങള്‍ തന്നെയാണ്. യഥാര്‍ത്ഥത്തില്‍ ഇതിന്റെ മുകളിലുള്ള ആളുകളെയാണ് പിടിക്കേണ്ടത്. ഞാന്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസില്‍ വിവരം തിരക്കിയിരുന്നു. ചില വിവരങ്ങള്‍കൂടി കിട്ടാനുണ്ട്. നാളെ എനിക്ക് ചില തിരക്കുകളുണ്ട്. എത്രയും പെട്ടെന്ന് ഇതിലും പ്രശ്‌നക്കാരായ ചിലരെ പിടികൂടാനുണ്ട് എന്ന് എനിക്ക് തോന്നുന്നു."
ക്യാപ്റ്റന്‍ സാധാരണ കാര്യം പറയുന്നതുപോലെയാണ് അത് പറഞ്ഞത്. പക്ഷെ ജിജിത്തിന്റെയും അച്ചുവിന്റെയും കണ്ണുകള്‍ വികസിച്ചു.
/indian-express-malayalam/media/media_files/uploads/2022/01/praveen-part-6-2-1.jpg)
"അതെ, ഈ ലഹരി മരുന്ന് സംഘം വിളിച്ചതെല്ലാം നമ്മുടെ ഇവിടുത്ത മൊബൈല്‍ ടവറിന് ചുവട്ടിലെ നമ്പറുകളിലേക്കാണ്. ആ നമ്പര്‍ ഉപയോഗിക്കുന്ന ആളുകളെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ആരൊക്കെയോ എന്തൊക്കെയോ കളവുകള്‍ ചെയ്യുന്നു. ചിലര്‍ കുറ്റകൃത്യങ്ങള്‍ക്ക് സഹായം ചെയ്യുന്നു. ഒടുവില്‍ അണലിയെപ്പോലുള്ള പാവങ്ങളുടെ മരണത്തിന് അവര്‍ കാരണക്കാരാകുന്നു."
"അപ്പോള്‍ അണലിയെ കൊന്നതാണോ?" അച്ചു ആകാംക്ഷയോടെ ചോദിച്ചു.
"ഒരര്‍ത്ഥത്തില്‍ അതെ എന്ന് പറയാം. പലതരം കുറ്റകൃത്യങ്ങളുടെ ഒരു ഇരയാണ് അണലി. അവനെപ്പോലെ ഇനിയും ചെറുപ്പക്കാര്‍ കൊല്ലപ്പെടരുത്."
"അതിന് നമുക്കെന്ത് ചെയ്യാന്‍ പറ്റും?" ജിജിത്ത് ചോദിച്ചു.
"പലതും ചെയ്യാന്‍ പറ്റും. നമ്മളതിന് സധൈര്യം ഇറങ്ങണമെന്ന് മാത്രം."
അത് കേട്ട് അച്ചു ആവേശത്തോടെ ഒരു കാല്‍ ശക്തിയില്‍ നിലത്ത് ചവുട്ടി. ആ ചവിട്ട് പൂച്ചയുടെ വാലിലാണ് കൊണ്ടത്. അത് അച്ചുവിനെ നോക്കി മുരണ്ടു. ദേഷ്യത്തില്‍ സ്ഥലം വിട്ടു.
"പൂച്ച അച്ചുവിനെ ശരിയാക്കിയേനെ," ജിജിത്ത് പറഞ്ഞു.
"ഭാഗ്യത്തിന് മറ്റൊരു അപകടം ഒഴിവായി." ക്യാപ്റ്റന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
പക്ഷേ, അച്ചുവിനെ കാത്തിരിക്കുന്നത് അതിലും വലിയ മറ്റൊരപകടമായിരുന്നു.
Read More: പ്രവീണ്‍ ചന്ദ്രന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.