scorecardresearch

ഇരുള്‍ഭവനത്തിലെ രഹസ്യങ്ങള്‍- അധ്യായം 5

"സ്ട്രക്ചറില്‍ വിറക് കൊള്ളിപോലെ കിടക്കുന്ന ആ മുഷിഞ്ഞ മനുഷ്യക്കോലത്തെ ആംബുലന്‍സില്‍ കയറ്റി അതിന്റെ വാതിലടയ്ക്കുന്നത് വരെ ആളുകള്‍ നോക്കി നിന്നു. ആംബുലന്‍സ് ലൈറ്റിട്ട് സൈറണ്‍ മുഴക്കി നീങ്ങിത്തുടങ്ങിയപ്പോള്‍ ആളുകള്‍ പല വഴിക്ക് തിരിഞ്ഞു. അവിടം വീണ്ടും ശൂന്യമായി." പ്രവീൺ ചന്ദ്രൻ എഴുതിയ കുട്ടികളുടെ കുറ്റാന്വേഷണ നോവൽ “ഇരുള്‍ഭവനത്തിലെ രഹസ്യങ്ങള്‍” അഞ്ചാം അധ്യായം

"സ്ട്രക്ചറില്‍ വിറക് കൊള്ളിപോലെ കിടക്കുന്ന ആ മുഷിഞ്ഞ മനുഷ്യക്കോലത്തെ ആംബുലന്‍സില്‍ കയറ്റി അതിന്റെ വാതിലടയ്ക്കുന്നത് വരെ ആളുകള്‍ നോക്കി നിന്നു. ആംബുലന്‍സ് ലൈറ്റിട്ട് സൈറണ്‍ മുഴക്കി നീങ്ങിത്തുടങ്ങിയപ്പോള്‍ ആളുകള്‍ പല വഴിക്ക് തിരിഞ്ഞു. അവിടം വീണ്ടും ശൂന്യമായി." പ്രവീൺ ചന്ദ്രൻ എഴുതിയ കുട്ടികളുടെ കുറ്റാന്വേഷണ നോവൽ “ഇരുള്‍ഭവനത്തിലെ രഹസ്യങ്ങള്‍” അഞ്ചാം അധ്യായം

author-image
Praveen Chandran
New Update
praveen chandran, novel, iemalayalam

ഒരു മരണം

പിറ്റേ ദിവസം രാവിലെ നാട്ടില്‍ ഒരു മരണവാര്‍ത്ത പരന്നു. അണലി മരിച്ചിരിക്കുന്നു. അച്ചുവിന്റെ വീട്ടിലേക്കുള്ള വഴിയിലുള്ള കാട് പിടിച്ച പറമ്പില്‍ അയാള്‍ മരിച്ചു കിടക്കുകയായിരുന്നു. പട്ടികള്‍ ബഹളം വെക്കുന്നത് കണ്ട് കേളുവേട്ടനാണ് പറമ്പില്‍ കയറി നോക്കിയത്.

Advertisment

അണലി ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നു. അയാളുടെ വായില്‍ നിന്ന് നുരയും പതയും പുറത്തേക്ക് വന്നിട്ടുണ്ട്. കേളുവേട്ടന്‍ നേരെ ബസാറിലേക്ക് ചെന്ന് മറ്റുള്ളവരെ വിവരമറിയിച്ചു. നാട്ടുകാര്‍ പൊലീസിനെ ഫോണ്‍ ചെയ്തു. അപ്പോഴേക്കും സംഭവസ്ഥലത്ത് ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടിരുന്നു.

തൊട്ടടുത്ത സ്‌റ്റേഷനില്‍ നിന്നുള്ള എസ്.ഐയും രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരും സ്ഥലത്തെത്തി. അവര്‍ ശവത്തിനടുത്തേക്ക് നടന്നു. സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ പ്രാഥമിക വിവരങ്ങള്‍ അവര്‍ അറിഞ്ഞിരുന്നു. പക്ഷെ, മരിച്ചയാളുടെ പേരിന്റെ കാര്യത്തില്‍ ആര്‍ക്കും ഒരു തീരുമാനമില്ലായിരുന്നു.

"ഇയാളുടെ പേര്‍ ആര്‍ക്കെങ്കിലുമറിയുമോ?" ആള്‍ക്കൂട്ടത്തെ നോക്കി എസ് ഐ ചോദിച്ചു.

Advertisment

"ആര്‍ക്കും അറിയാന്‍ വഴിയില്ല സാറേ, പത്ത് പതിനഞ്ച് കൊല്ലം മുമ്പ് ഇവിടെ തിരിഞ്ഞ് കളിക്കാന്‍ തുടങ്ങിയതാ. കുട്ടന്‍ എന്നാണ് ഞങ്ങളൊക്കെ വിളിച്ചുകൊണ്ടിരുന്നത്. നാട് തെക്കെവിടെയോ ആണെന്ന് അവന്‍ ചിലരോടൊക്കെ പറഞ്ഞിട്ടുണ്ട്. ആര്‍ക്കറിയാം. പേരും അങ്ങനെത്തന്നെ," കേളുവേട്ടന്‍ പറഞ്ഞു.

തനിക്ക് അറിയാത്ത കാര്യങ്ങള്‍ മറ്റാര്‍ക്കറിയാനാണ് എന്നൊരു ഭാവമായിരുന്നു കേളുവേട്ടന്റെ മുഖത്ത്. ഇത്തരം കാര്യങ്ങളില്‍ കേളുവേട്ടന് പ്രത്യേക താൽപ്പര്യമാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മുന്നോട്ട് വന്ന് മറുപടി പറയുന്നതില്‍ അയാള്‍ അഭിമാനിച്ചിരുന്നു. അണലി എന്ന പേര് അവിടെ വച്ച് ആരും പറഞ്ഞില്ല. മരിച്ച മനുഷ്യനെ അങ്ങനെ വിളിക്കുന്നത് അയാളെ അപമാനിക്കലാകും എന്ന് നാട്ടുകാര്‍ക്ക് ബോധ്യമുണ്ടായിരുന്നു.

praveen chandran, novel, iemalayalam


"എങ്ങനെയാ മരിച്ചതെന്ന് വല്ല വിവരവും?" എസ് ഐ ഒന്നുമറിയാത്ത മട്ടിലാണത് ചോദിച്ചത്. ആള്‍ക്കൂട്ടത്തിനിടയില്‍ തങ്ങി നടന്ന് പൊലീസുകാര്‍ വിവരം തിരക്കുന്നത് കേളുവേട്ടന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ചോദ്യം ചോദിക്കുന്നത് എസ് ഐ ആണ്. തന്റെ ഭാഗം വിശദീകരിക്കാന്‍ കിട്ടിയ അവസരം മുതലാക്കി കേളുവേട്ടന്‍ തുടര്‍ന്നു.

"ഇവന്‍ ഉച്ച കഴിഞ്ഞാല്‍ വെള്ളത്തിലാണ്. കള്ള് ഷാപ്പില്‍ നിന്ന് തുടങ്ങും കുടി. പിന്നെ നാടന്‍ ചാരായം തേടി അലയും. ഒടുവില്‍, വൈകീട്ട് ഏതെങ്കിലും പീടിക കോലായില്‍ വീണ് കിടക്കും. ഈയിടെയായി മറ്റെന്തൊക്കെയോ ലഹരി മരുന്നുകള്‍ കൂടി കഴിക്കുന്നുണ്ട് എന്നൊരു സംശയമുണ്ട്. എന്താണെന്ന് ചോദിച്ചാല്‍ പറയാന്‍ വയ്യ."

"ആരാണ് ലഹരി മരുന്ന് എത്തിക്കുന്നതെന്ന് അറിയാമോ?" എസ് ഐ കുത്തിച്ചോദിച്ചു.

"മുമ്പൊക്കെ ടൗണിലെവിടെയോ പോയി സംഘടിപ്പിക്കുകയായിരുന്നു. ഈയിടെയായി അവന്റെ സംഘക്കാര്‍ ഈ നാട്ടിലും കറങ്ങാന്‍ തുടങ്ങിയിട്ടുണ്ടോ എന്നൊരു സംശയം." കേളുവേട്ടന്റെ മറുപടി കേള്‍ക്കാന്‍ ചുറ്റും ആളുകള്‍ കൂടിയിട്ടുണ്ട്. അതയാളെ ആവേശത്തിലാക്കിയിട്ടുണ്ട്. ഒരു പൊതുപ്രസംഗത്തില്‍ സംസാരിക്കുന്ന ഭാവത്തോടെയാണ് കേളവേട്ടന്‍ മറുപടി പറഞ്ഞത്.

"ആളുകളെ കണ്ടാലറിയമോ?" എസ് ഐ യുടെ കൂടെ നിന്ന പൊലീസുകാരനാണ് ആ ചോദ്യം ചോദിച്ചത്.

"ഇടയ്ക്ക് ബൈക്കിലും മറ്റും വരുന്നുണ്ട്. അവരെന്തോ കൊടുത്തു കാണും. അല്ലെങ്കില്‍ ഇവനിങ്ങനെ ഒറ്റയടിക്ക് ചത്തുപോകാന്‍ സാധ്യതയില്ല," കേളുവേട്ടന്‍ മറുപടി പറഞ്ഞു. അടുത്ത ചോദ്യത്തിനായി അയാള്‍ എസ്ഐ യുടെ മുഖത്ത് നോക്കി.

എന്തോ ഇനിയും ചോദിക്കുന്നതില്‍ യുക്തിയില്ലെന്ന് കണ്ട് എസ് ഐ ശവം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലേക്ക് തിരിഞ്ഞു.

ഒരു ആംബുലന്‍സ് വന്ന് നിന്നപ്പോഴാണ് അച്ചുവും അച്ഛന്‍ ജിജിത്തും സംഭവസ്ഥലത്തെത്തിയത്. നാട്ടുകാരായ നാലുപേര്‍ അണലിയുടെ ശരീരം ഒരു ഇരുമ്പ് തട്ടിലേക്ക് എടുത്ത് കയറ്റുന്നത് കണ്ടുകൊണ്ടാണ് അച്ചു എത്തിയത്.

അണലിയുടെ പൊടിയും മണ്ണും നിറഞ്ഞ മുഷിഞ്ഞ വേഷം കുറേക്കൂടി വൃത്തികേടായിരുന്നു. തല ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു. കണ്ണ് പാതി തുറന്ന് കിടന്നിരുന്നു. തലേ ദിവസം തന്നോട് സംസാരിച്ച ആ മനുഷ്യനെ അച്ചു മനസ്സിലോര്‍ത്തു.

മൃതദേഹത്തിന്റെ ഉണങ്ങിയ മുഖവുമായി ഓര്‍മ്മയെ ബന്ധപ്പെടുത്താന്‍ അവന് സാധിച്ചില്ല. സ്ട്രെച്ചറില്‍ വിറക് കൊള്ളിപോലെ കിടക്കുന്ന ആ മുഷിഞ്ഞ മനുഷ്യക്കോലത്തെ ആംബുലന്‍സില്‍ കയറ്റി അതിന്റെ വാതിലടയ്ക്കുന്നത് വരെ ആളുകള്‍ നോക്കി നിന്നു. ആംബുലന്‍സ് ലൈറ്റിട്ട് സൈറണ്‍ മുഴക്കി നീങ്ങിത്തുടങ്ങിയപ്പോള്‍ ആളുകള്‍ പല വഴിക്ക് തിരിഞ്ഞു. അവിടം വീണ്ടും ശൂന്യമായി.

praveen chandran, novel, iemalayalam


"നമുക്ക് തിരിച്ചു പോകാം," ജിജിത്ത് അച്ചുവിനോട് പറഞ്ഞു. അച്ഛന്റെ കൈ പിടിച്ച് വീട് ലക്ഷ്യമാക്കി നടക്കുമ്പോള്‍ അവന്‍ പിന്നോട്ട് തിരിഞ്ഞു നോക്കി. കാട്ടിനുള്ളില്‍ നിന്നും അണലി തന്നെ കൈകൊട്ടി വിളിക്കുന്നത് പോലെ ഒരു തോന്നല്‍. മരിച്ചു പോയവര്‍ സ്ഥലം വിട്ടുപോകാന്‍ പിന്നെയും സമയമെടുത്തേക്കും. അച്ചു ഊഹിച്ചു.

കുറച്ച് ദൂരം നടന്നപ്പോള്‍ കാട് പിടിച്ച ആ സ്ഥലം കാഴ്ചയില്‍ നിന്ന് മറഞ്ഞു. ഒപ്പം അണലിയുടെ മുഖവും.

Read More: പ്രവീണ്‍ ചന്ദ്രന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Children Malayalam Writer Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: