/indian-express-malayalam/media/media_files/uploads/2022/01/praveen-part-4-fi.jpg)
ചില മായക്കാഴ്ചകള്‍
"നാം ഇനിയും ഇവിടെ നില്‍ക്കുന്നതില്‍ കാര്യമില്ല." ക്യാപ്റ്റന്‍ സന്ദീപ് പ്രഖ്യാപിച്ചു.
സന്ദീപ് തിരിച്ചു നടന്നു. അച്ചുവിന്റെ ഒരു കൈ സന്ദീപിന്റെ കൈക്കുള്ളില്‍ മുറുകിക്കിടന്നു. മറുകൈ വെറുതെയിടാന്‍ അച്ചുവിന് ധൈര്യം വന്നില്ല. കണ്ടത് ഒരു മനുഷ്യനെയാണെന്ന് ഉറപ്പിക്കാതെ തിരിച്ചുപോകാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും എന്തോ ചില പന്തികേടുണ്ട് എന്ന് അവന് തോന്നി.
അച്ചു പേടിച്ചിരിക്കുകയാണെന്ന് ജിജിത്ത് തിരിച്ചറിഞ്ഞു. അയാള്‍ അവന്റെ മറുകൈ പിടിച്ചു. രണ്ട് വലിയ മനുഷ്യന്മാർക്ക് നടുവിലായി അച്ചു നടന്നു. തിരിച്ചു നടക്കുമ്പോള്‍ ആകാശം തെളിഞ്ഞു തുടങ്ങിയിരുന്നു. അവന്‍ ആകാശത്തേക്ക് നോക്കി. ഇല്ല. മേഘം മുഴുവനായി നീങ്ങിപ്പോയിട്ടില്ല.
ആകാശം തെളിഞ്ഞെങ്കിലും യാത്ര തുടങ്ങുമ്പോഴുണ്ടായിരുന്ന തിളക്കം അതിനില്ലായിരുന്നു.
ദൂരെ മൊബൈല്‍ഫോണ്‍ ടവറിന്റെ അസ്ഥികൂടം പോലുള്ള കമ്പികള്‍ പാതിമേഘം നിറഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തിലും കാണാമായിരുന്നു. തെങ്ങിന്‍തലപ്പുകള്‍ക്കിടയില്‍ ഭൂമി ഇരുണ്ട് കിടന്നു. അവര്‍ നടന്ന് ചെന്ന് ടവറിന്റെ മുന്നിലെത്തി. അവിടെയെത്തുന്നതിനിടയ്ക്ക് പിന്നോട്ട് തിരിഞ്ഞു നോക്കണമെന്ന് അച്ചു പലവട്ടം ആഗ്രഹിച്ചിരുന്നു. പക്ഷെ അവന് അതിനുള്ള ധൈര്യം വന്നില്ല.
"രാധാകൃഷ്‌ണേട്ടാ..." ജിജിത്ത് പഴയതുപോലെ വീണ്ടും വിളിച്ചു.
"പോവുകയാണോ?" ഷെഡില്‍ നിന്ന് രാധാകൃഷ്ണന്റെ മറുപടി കേട്ടു.
"കുറച്ച് നേരം ഇവിടെ ഇരിക്കാമെന്ന് വിചാരിക്കുന്നു." ക്യാപ്റ്റനാണ് അതിന് മറുപടി പറഞ്ഞത്.
അത് കേട്ടപ്പോള്‍ മെലിഞ്ഞ് നീണ്ട ഒരു മനുഷ്യന്‍ ഷെഡില്‍ നിന്ന് പുറത്ത് കടന്നു. അയാള്‍ ടവര്‍ നില്‍ക്കുന്ന ചെറിയ കുന്നിറങ്ങി താഴേക്ക് വന്നു. അയാള്‍ വേലിയുടെ വാതില്‍ തുറന്നു കൊടുത്തു. മൂന്നുപേരും അകത്ത് കയറി.
"ഇതെന്താ പാതിരാത്രിയില്‍?" രാധാകൃഷ്ണന്‍ ചോദിച്ചു.
"ഞങ്ങളൊരു കാര്യം അന്വേഷിച്ചിറങ്ങിയതാ..." ജിജിത്ത് പറഞ്ഞു.
"ഇന്നെന്താ വീട്ടില്‍ പോകുന്നില്ലേ?" ജിജിത്ത് തുടര്‍ന്ന് ചോദിച്ചു.
മൊബൈല്‍ ടവറിനുമുന്നിലൂടെ പോകാറുണ്ടെങ്കിലും ആദ്യമായാണ് അച്ചു അതിനകത്തേക്ക് കയറുന്നത്.
"ഒന്നും പറയണ്ട. ഇന്നിവിടെ പെട്ടു. എന്തോ തകരാറുണ്ട്. കുറച്ച് ദിവസമായി ഇവിടെ ആര്‍ക്കും നേരെ ചൊവ്വേ ഫോണ്‍ കിട്ടുന്നില്ല. അത് നോക്കിക്കൊണ്ടിരിക്കുകയാണ്."
അതും പറഞ്ഞ് അയാള്‍ ഉപകരണങ്ങള്‍ വച്ച ഷെഡിലേക്ക് നടന്നു. അച്ചുവും ജിജിത്തും ക്യാപ്റ്റന്‍ സന്ദീപും അയാളെ അനുഗമിച്ചു.
/indian-express-malayalam/media/media_files/uploads/2022/01/praveen-part-4-1.jpg)
അച്ചു ഉപകരണങ്ങള്‍ വച്ച മുറിയിലേക്ക് നോക്കി. അതൊരു ചതുരപ്പെട്ടിപ്പോലെ തോന്നിച്ചു. മുറിയില്‍ വെളിച്ചമുണ്ട്. വയറുകളും കുറേ പെട്ടികളും ചുമരില്‍ കാണാമായിരുന്നു. നിലത്ത് ഉറപ്പിച്ച എതാനും ഇരുമ്പ് ഫ്രെയിമുകളില്‍ വേറെയും കുറേ ഉപകരണങ്ങളുണ്ട്.
പല വലുപ്പത്തിലുള്ള പെട്ടികള്‍. അതില്‍ പച്ചയും ചുവപ്പും മജന്തയും നിറത്തിലുളള ചെറിയ എല്‍ ഇ ഡികള്‍ കത്തുന്നുണ്ട്. ചിലത് മിന്നിക്കൊണ്ടിരിക്കുന്നു. രാധാകൃഷ്ണന്‍ അകത്ത് കയറി ഏതൊക്കെയോ ചില ഉപകരണങ്ങള്‍ ഓഫാക്കുകയും പിന്നെ ഓണാക്കുകയും ചെയ്യുന്നുണ്ട്. കുറച്ച് നേരം കഴിഞ്ഞ് അയാള്‍ പുറത്തേക്ക് വന്നു.
മൂന്നുപേരും ഷെഡിന്റെ മുന്‍ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്ത് ഇരുന്നു. രാധാകൃഷ്ണന്‍ അവരുടെ കൂടെ നിലത്തിരുന്നു.
"നിങ്ങള്‍ പറഞ്ഞത് ശരിയാ, കുറച്ച് ദിവസമായി ഫോണ്‍ കിട്ടാന്‍ വലിയ പാടാണ്. മൊബൈലില്‍ റേഞ്ച് കാണിക്കുന്നുണ്ടെങ്കിലും ഫോണ്‍ കിട്ടുന്നില്ല. എപ്പോഴും നെറ്റ്‌വര്‍ക്ക് ബിസിയാണ് എന്ന അനൗണ്‍സ്‌മെന്റാണ് വരുന്നത്," ജിജിത്ത് പറഞ്ഞു.
ക്യാപറ്റന്‍ അത് ശരിവച്ചുകൊണ്ട് തലയാട്ടി. പക്ഷേ, അയാള്‍ ഗൗരവത്തില്‍ ചുറ്റും നോക്കിക്കൊണ്ടിരുന്നു.
"ഓരോ ടവറിനും അതിന്റെ കപ്പാസിറ്റിയുണ്ട്. ഒരു പ്രത്യേക എണ്ണം കോളുകളേ ഒരു സമയം വിളിക്കാന്‍ സാധിക്കുകയുള്ളൂ. അത്രയും ആളുകള്‍ ഫോണ്‍ ചെയ്ത് തുടങ്ങിയാല്‍ അടുത്ത ആള്‍ക്ക് കോള്‍ കിട്ടില്ല. അവരെ ആരെങ്കിലും വിളിച്ചാല്‍ അവര്‍ സിഗ്നല്‍ റേഞ്ചിലാണെങ്കിലും നെറ്റ്‌വര്‍ക്ക് ബിസി എന്ന സന്ദേശം ലഭിക്കും," രാധാകൃഷ്ണന്‍ വിശദീകരിച്ചു.
"ഇവിടെ അത്രയധികം ആളുകളുണ്ടോ?" അച്ചു ചോദിച്ചു. അപ്പോഴാണ് രാധാകൃഷ്ണന്‍ അച്ചുവിനെ ശ്രദ്ധിച്ചത്.
"ഇവിടെ എന്നു വച്ചാല്‍ ഈ ടവറിന്റെ റേഞ്ച് കിട്ടുന്ന പരിധിയില്‍ എന്നാണ് ഉദ്ദേശിക്കുന്നത്. പക്ഷെ ഈ ദിവസത്തിനിടക്ക് അത്രക്ക് ആളുകള്‍ കൂടാന്‍ ഒരു സാധ്യതയുമില്ല. വലിയ വല്ല സമ്മേളനങ്ങളോ മറ്റോ വന്നാലേ അങ്ങനെ പെട്ടെന്ന് തിരക്കാവൂ. ഈ കൊറോണക്കാലത്ത് അങ്ങനെ പെട്ടെന്ന് ആളുകള്‍ കൂടുന്നതെങ്ങനെ? അതാ ഇതിലെന്തെങ്കിലും തകറാറുണ്ടോ എന്ന് നോക്കുന്നത്." രാധാകൃഷ്ണന്‍ പിന്നെയും വിശദീകരിച്ചു. അതിനിടെ ആകാശം വീണ്ടും തെളിഞ്ഞു.
മൊബൈല്‍ ടവര്‍ അല്പം ഉയര്‍ന്ന സ്ഥലത്തായതിനാല്‍ അവിടെ നിന്ന് നോക്കിയാല്‍ നേരത്തെ കണ്ട വീടും സ്ഥലവും തെളിഞ്ഞ് കാണാമായിരുന്നു. ഷെഡിന് മുമ്പിലുള്ള ഒഴിഞ്ഞ തിണ്ണയില്‍ മൂന്നുപേരും ഇരുന്നു. ഒപ്പം രാധാകൃഷ്ണനും.
/indian-express-malayalam/media/media_files/uploads/2022/01/praveen-part-4-2.jpg)
ഈ സംസാരം നടക്കുന്നതിനിടയിലും ക്യാപ്റ്റന്‍ സന്ദീപ് ദൂരെയുള്ള വീടും ചുറ്റുപാടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജിജിത്തും അച്ചുവും മൊബൈല്‍ ടവറും അനുബന്ധ ഉപകരണങ്ങളും ആദ്യമായി കാണുന്നതിന്റെ കൗതുകത്തില്‍ അതൊന്നും നോക്കുന്നുണ്ടായിരുന്നില്ല.
പെട്ടെന്ന് എവിടെ നിന്നോ കൂമന്‍ മൂളി. ആ മൂളല്‍ കേട്ടപ്പോള്‍ അച്ചു ഞെട്ടി. അവന്‍ ജിജിത്തിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
ആ ശബ്ദം കേട്ടതോടെ മൊബൈല്‍ ടവറിന്റെ കൗതുകത്തില്‍ നിന്നും ഒഴിഞ്ഞ വീടിന്റെ രഹസ്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞു. അച്ചുവും ജിജിത്തും ആ കെട്ടിടത്തിന്റെ ദിശയിലേക്ക് നോക്കി.
നിലാവില്‍ ആ കെട്ടിടം മങ്ങിയ ഗ്ലാസിലൂടെ കാണുന്നതുപോലെ കാണാമായിരുന്നു. അത്രയും നേരം ഇരുന്നിട്ടും അവിടെ യാതൊരു അനക്കവും ഇല്ലായിരുന്നു. ആ സമയത്ത് ടവറിന് മുന്നിലെ റോഡിലൂടെ ഒരു കാര്‍ കടന്നുപോയി.
നിലാവെളിച്ചത്തില്‍ റോഡിലൂടെ കാറ് പോകുന്ന കാഴ്ച അച്ചു അദ്ഭുതത്തോടെ നോക്കി. കാറ് ആ വീടിന് മുന്നില്‍ നിന്നു. ആ സമയത്ത് വീടിന്റെ മുറ്റത്ത് നിന്ന് കരിമ്പടം പുതച്ച മനുഷ്യന്‍ ഇറങ്ങി ഗേറ്റിനടുത്തേക്ക് നടക്കുന്നത് കണ്ടു. അയാള്‍ കാലിന്റെ ബുദ്ധിമുട്ടുകൊണ്ടായിരിക്കും പതുക്കെയാണ് നടന്നത്.
അവര്‍ മൂന്നുപേരും ആ അദ്ഭുതക്കാഴ്ച നോക്കിയിരുന്നു. അവരുടെ നോട്ടം കണ്ട് രാധാകൃഷ്ണനും അത് ശ്രദ്ധിച്ചു. കാര്‍ അകത്തേക്ക് കയറിപ്പോയി. കുറച്ച് സമയം കൊണ്ട് എല്ലാം ശാന്തമായി. അൽപ്പ സമയം, മുമ്പത്തേത് പോലെ അവിടം നിശ്ചലമായി. വീണ്ടും ആകാശം ഇരുണ്ടു. അപ്രതീക്ഷിതമായി മഴ പെയ്യാന്‍ തുടങ്ങി.
മഴ തോര്‍ന്നിട്ട് പോകാമെന്ന് അവര്‍ തീരുമാനിച്ചു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും മഴ തോര്‍ന്നില്ല. എന്നാല്‍ അതിനിടെ മറ്റൊന്ന് സംഭവിച്ചു. ആ കാര്‍ വീട്ടില്‍ നിന്നു പുറത്തേക്ക് കടന്നു. ടവറിനു മുന്നിലെ റോഡിലൂടെ അത് കടന്നുപോയി.
"ആ വീട്ടിലിപ്പോള്‍ താമസക്കാര്‍ വന്നോ?" ക്യാപ്റ്റൻ, രാധാകൃഷ്ണനോട് ചോദിച്ചു.
"നാലഞ്ച് ദിവസമായി രാത്രിയില്‍ ചിലര്‍ വരികയും പോവുകയും ചെയ്യുന്നുണ്ട്. അല്ലാതെ താമസക്കാരുണ്ടെന്ന് തോന്നുന്നില്ല. വല്ല സെക്യൂരിറ്റിയോ മറ്റോ ഉണ്ടോ എന്ന് ആര്‍ക്കറിയാം," അയാള്‍ പറഞ്ഞു.
"അവര്‍ എപ്പോഴാണ് വരുന്നത്?" ക്യാപ്റ്റന്‍ ചോദിച്ചു.
"ഞാന്‍ ഇവിടെ പലസമയത്തായാണ് വരുന്നത്. നാല് ദിവസം മുമ്പ് രാത്രിയില്‍ ഇതുപോലെ കാറ് വന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പകല്‍ ആരെയും കാണാറില്ല."
രാധാകൃഷ്ണന് ക്യാപ്റ്റന്റെ ചോദ്യത്തില്‍ അദ്ഭുതം തോന്നി. ക്യാപ്റ്റന് അത് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി അയാള്‍ കൂടുതല്‍ ചോദിച്ചില്ല.
മഴ തോര്‍ന്നപ്പോള്‍ അവര്‍ തിരിച്ചിറങ്ങി.
"കണ്ടോ അച്ചൂ. അവിടെ ഭൂതവും പ്രേതവുമൊന്നുമില്ലെന്ന് മനസ്സിലായില്ലേ?" ജിജിത്ത് ചോദിച്ചു.
അച്ചു അതിന് മറുപടി പറഞ്ഞില്ല.അവന് ആ കാഴ്ച വെറും മായക്കാഴ്ചയായിട്ടാണ് തോന്നിയത്. സ്വപ്‌നം പോലെ. എങ്കിലും എന്തിനാണ് അവര്‍ രാത്രിയില്‍ വന്നത് എന്ന ചോദ്യം അവന്റെ മനസ്സിലുണ്ടായിരുന്നു. അവനത് ആരോടും ചോദിച്ചില്ല. അവര്‍ വന്നതുപോലെ വീട്ടിലേക്ക് തിരിച്ച് വണ്ടിയോടിച്ചുപോയി.
Read More: പ്രവീണ്‍ ചന്ദ്രന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.