/indian-express-malayalam/media/media_files/uploads/2022/01/praveen-part-3-fi.jpg)
ഇരുട്ടിലെ തീക്കനല്‍
മുനിഞ്ഞ് കത്തുന്ന ചുവന്ന വെളിച്ചം. ഇടയ്ക്ക് തെളിയുകയും മറയുകയും ചെയ്യുന്നു. ഇടത്തോട്ടും വലത്തോട്ടുമുള്ള നീക്കത്തില്‍ അത് ഒരൽപ്പം പൊങ്ങുകയും താഴുകയും ചെയ്യുന്നുണ്ട്. ഒരാള്‍ നേരെ നടക്കുമ്പോള്‍ പൊങ്ങുകയും താഴുകയും ചെയ്യുമോ? അച്ചു സംശയിച്ചു. പക്ഷെ സംശയം ചോദിക്കാന്‍ അവന്റെ നാക്കു പൊങ്ങിയില്ല. അത് മരവിച്ചുപോയിരുന്നു.
"ആരോ സിഗരറ്റ് വലിച്ച് നടക്കുകയാണ്." ക്യാപ്റ്റന്‍ അച്ചുവിന്റെ ചെവിയില്‍ പറഞ്ഞു.
"അല്ല. വെറും തീ മാത്രമേയുള്ളൂ." അച്ചു ശ്രമപ്പെട്ട് പറഞ്ഞു. അവന്‍ പറഞ്ഞത് ക്യാപ്റ്റന്‍ ശരിക്കും കേട്ടുവോ എന്ന് ഉറപ്പില്ല.
ജിജിത്ത് ഗേറ്റിനടുത്തേക്ക് നടന്നു. ഗേറ്റില്‍ പിടിച്ചു കുലുക്കി. അത് അകത്ത് നിന്ന് പൂട്ടിയിരുന്നു. എങ്കിലും നിശ്ശബ്ദമായ അന്തരീക്ഷത്തില്‍ ആ ശബ്ദം അവിടെമാകെ കേള്‍ക്കാമായിരുന്നു. അതിനിടെ തണുത്ത കാറ്റ് അവരെ തഴുകി കടന്നുപോയി.
"ഹലോ. ആരുമില്ലേ?" ജിജിത്ത് ശബ്ദമുയര്‍ത്തി വിളിച്ചു ചോദിച്ചു. മറുപടിയില്ല.
ജിജിത്ത് വീണ്ടും ഗേറ്റില്‍ ആഞ്ഞ് കുലുക്കി. ചുവന്ന വെളിച്ചം നിന്നു. ആരോ ഒരാള്‍ നടത്തം നിര്‍ത്തി ഗേറ്റിലേക്ക് നോക്കുകയാകണം. അത് കണ്ട് ജിജിത്ത് ഗേറ്റ് പിന്നെയും കുലുക്കി ശബ്ദമുണ്ടാക്കി.
"ഗേറ്റ് പൊളിച്ച് ഞങ്ങള്‍ അങ്ങോട്ട് വരണോ?" ജിജിത്ത് ശബ്ദമുയര്‍ത്തിത്തന്നെ ചോദിച്ചു. അയാള്‍ക്ക് ഗേറ്റ് പൊളിക്കാനൊന്നും ഉദ്ദേശമില്ലെങ്കിലും വെറുതെ ഒരു ആവേശത്തിന് ചോദിച്ചതാണത്.
അത് കേട്ടിട്ടാവണം തീമുനമ്പ് അവരുടെ നേര്‍ക്ക് നടന്നു വന്നു. അച്ചു ക്യാപ്റ്റനടുത്തേക്ക് കുറേക്കൂടി ചേര്‍ന്ന് നിന്നു. അവന്റെ കൈ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
തീ അടുത്തടുത്ത് വരുന്നു. അത് ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്. കനത്ത ഇരുട്ട്. മഴക്കോളുണ്ട്. സിഗരറ്റ് തീ അടുത്തെത്തി. മുഖം കാണാന്‍ സാധിക്കുന്നില്ല. വലത് കാലിന് എന്തോ കുഴപ്പമുള്ളതിനാല്‍ അയാള്‍ ഞൊണ്ടിയാണ് നടന്നു വരുന്നത്. അയാള്‍ ഗേറ്റിന്റെ തൊട്ടടുത്ത് വന്നു നിന്നു. സിഗരറ്റ് ആഞ്ഞൊന്ന് വലിച്ചതിനാല്‍ അറ്റം നന്നായി തിളങ്ങി. എങ്കിലും അയാളുടെ മുഖം അവ്യക്തമായിരുന്നു.
/indian-express-malayalam/media/media_files/uploads/2022/01/praveen-part-3-1.jpg)
"ആരാ?" തകരപ്പാട്ട നിലത്തുരയുന്നതുപോലെ പരുപരുത്ത ശബ്ദം.
"ഞങ്ങളീ നാട്ടുകാരാ. നിങ്ങളാരാ?" ജിജിത്ത് ചോദിച്ചു.
അയാള്‍ മറുപടി പറയുന്നതിന് പകരം സിഗരറ്റ് ആഞ്ഞ് വലിച്ച് അവസാന പുകയെടുത്ത് നിലത്തേക്കെറിഞ്ഞു. നിലത്ത് കിടന്ന് എരിയുന്ന സിഗരറ്റ് കനല്‍ അയാള്‍ കാലുകൊണ്ട് ചവുട്ടിക്കെടുത്തി. പൂര്‍ണ്ണമായ ഇരുട്ട്. ആരും പരസ്പരം കാണുന്നില്ല.
ക്യാപ്റ്റന്‍ മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ തിരഞ്ഞു നോക്കി. അത് ബൈക്കില്‍ മറന്നു വച്ചിരിക്കുന്നു.
"ജിജിത്തേ നീ ആ മൊബൈലെടുത്ത് ടോര്‍ച്ചടിച്ച് നോക്ക്. ആളെ നമുക്കൊന്ന് കാണാമല്ലോ?"
ക്യാപ്റ്റന്‍ സന്ദീപ് പറഞ്ഞു.
ജിജിത്ത് മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ നിന്നെടുത്ത് അതിലെ ടോര്‍ച്ച് കത്തിക്കാന്‍ ശ്രമിച്ചു. അതൊന്ന് തിളങ്ങി. അപ്പോള്‍ തന്നെ അണഞ്ഞുപോയി.
"നാശം. ചാര്‍ജ്ജ് ചെയ്യാന്‍ മറന്നു." അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു. ദൗര്‍ഭാഗ്യമെന്നേ പറയേണ്ടൂ, അയാളെ കാണാന്‍ യാതൊരു മാര്‍ഗവുമില്ല. സന്ദീപ് ആകാശത്തേക്ക് നോക്കി. പെട്ടെന്നൊന്നും ആകാശം തെളിയുന്ന മട്ടില്ല.
"എന്തിനാ വന്നത്?" കുറച്ച് നേരത്തെ നിശ്ശബ്ദത തകര്‍ത്ത് പരുപരുത്ത ശബ്ദം ചോദിച്ചു.
"ഈ വഴി പോകുമ്പോള്‍ ഒരു വെളിച്ചം കണ്ട് നോക്കിയതാ." ജിജിത്ത് മറുപടി പറഞ്ഞു. അച്ചുവിന്റെ കൈ അപ്പോഴും സന്ദീപിനെ മുറുക്കിപ്പിടിച്ചിരിക്കുകയായിരുന്നു. മുന്നില്‍ നില്‍ക്കുന്നത് മരിച്ചുപോയ ആരോ ആണെന്ന് അവന് ഇടയ്ക്ക് തോന്നി. തന്നെ പേടിപ്പിക്കാതിരിക്കാന്‍ അച്ഛനും ക്യാപ്റ്റനും ഒരു നാടകം കളിക്കുകയാണെന്ന് അവന്‍ ഊഹിച്ചു.
"ഓ…" പുരുപരുത്ത ശബ്ദം നീട്ടിമൂളി.
/indian-express-malayalam/media/media_files/uploads/2022/01/praveen-part-3-2.jpg)
അപ്രതീക്ഷിതമായി അയാള്‍ ലൈറ്റര്‍ കത്തിച്ചു. ലൈറ്ററിലെ തീ ചുണ്ടില്‍ വച്ച പുതിയ സിഗരറ്റിനോടടുപ്പിച്ചു. അപ്പോള്‍ അയാളുടെ മുഖം തെളിഞ്ഞു കണ്ടു. മുഖം വലത് വശത്തേക്ക് കോടിയിരിക്കുന്നു. ചുണ്ടിന്റെ ഇടത്തേ കോണിലാണ് സിഗരറ്റ് വച്ചിരിക്കുന്നത്.
വലത് വശത്തെ കണ്ണില്‍ ചലനമറ്റ വെളുത്ത നിറം മാത്രം. ഒരു സ്ഫടികഗ്ലാസുപോലെ അനക്കമില്ലാത്ത കണ്ണ്. അതില്‍ കൃഷ്ണമണി കാണാനില്ല. മുഖത്തിന്റെ ആ ഭാഗമത്രയും നിശ്ചലമാണെന്ന് തോന്നി. സിഗരറ്റിന് തീ കൊടുക്കാനായി ലൈറ്റര്‍ മുഖത്തോടടുപ്പിച്ചപ്പോള്‍ ഇടത് കണ്ണിലെ കൃഷ്ണമണി ഇടത് ഭാഗത്തേക്ക് ഒരല്പം നീങ്ങി. വെളുത്ത മീശ ലൈറ്ററിന്റെ വെളിച്ചത്തില്‍ ചുവന്നതായി തോന്നി. നെറ്റിയിലേക്ക് പാറിവീണ നരച്ച മുടികളും അതേപോലെ ചുവന്ന നിറത്തില്‍ കാണപ്പെട്ടു. തണുപ്പ് കാരണം അയാള്‍ കറുത്ത കമ്പിളിപ്പുതപ്പ് തലവഴി മൂടിയിരുന്നു.
ലൈറ്റര്‍ ഓഫ് ചെയ്തപ്പോള്‍ ചുക്കിച്ചുളിഞ്ഞ ആ മുഖം പെട്ടെന്ന് ഇരുട്ടില്‍ ലയിച്ചു. വീണ്ടും സിഗരറ്റ് തുമ്പിലെ ചുവന്ന തീ മാത്രം. ആ വലിയ വീടിന്റെ ഭാഗത്തുളള കട്ടി പിടിച്ച ഇരുട്ടിനെ ലക്ഷ്യമാക്കി അയാള്‍ നടന്നകന്നു.
ഇനിയെന്ത് ചെയ്യണം എന്ന മട്ടില്‍ അവര്‍ മൂന്നുപേരും കുറച്ച് നേരം അവിടെ നിന്നു.
"അയാള്‍ക്ക് ശരിക്കും ജീവനുണ്ടോ?" അച്ചു ചോദിച്ചു.
അച്ചുവിന്റെ മനസ്സിലെ ചോദ്യത്തിന് ഉത്തരമായിട്ടില്ല എന്ന് ക്യാപ്റ്റന്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. കാരണം അവന്റെ കൈയ്യിലെ വിറയല്‍ അയാള്‍ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് ഒട്ടും ശമിച്ചിട്ടില്ല. മാത്രമല്ല അച്ചുവിന്റെ ശരീരം പേടികൊണ്ട് വല്ലാതെ തണുത്തിരുന്നു.
"പേടിക്കണ്ട. അയാള്‍ ജീവനുള്ള ആളാണോ എന്ന് ഉറപ്പാക്കിയിട്ടേ നമ്മള്‍ ഇന്ന് വീട്ടില്‍ പോകുന്നുള്ളൂ."
ക്യാപ്റ്റന്‍ പ്രഖ്യാപിച്ചു. അയാളെന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് അച്ചുവിനും അച്ഛനും ഒരു ധാരണയുമില്ലായിരുന്നു.
Read More: പ്രവീണ്‍ ചന്ദ്രന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.