ഇരുള്ഭവനം സന്ദര്‍ശിക്കുന്നു
അച്ചു വീട്ടില്‍ കാര്യം പറഞ്ഞു. അത് കേട്ടപ്പോള്‍ അച്ചുവിന്റെ അച്ഛന് ജിജിത്തും ഒപ്പം വരുന്നെന്ന് പറഞ്ഞു. അച്ചുവിന്റെ അമ്മയ്ക്കാവട്ടെ സംഗതി തീരേ ഇഷ്ടപ്പെട്ടില്ല. ആളൊഴിഞ്ഞ വീട്ടില്‍ ആരോ വരുന്നു എന്ന് പറഞ്ഞ് ഇവര്‍ പോയി നോക്കേണ്ട കാര്യമെന്താണെന്ന് അമ്മ സംശയിച്ചു.
“പ്രേതങ്ങള്‍ അവിടെ കയറിയിറങ്ങുന്നു എന്നാണ് അച്ചു ധരിച്ചിരിക്കുന്നത്. ആ ധാരണ തിരുത്താന്‍ പറ്റില്ല. നേരില്‍ പോയി കണ്ട് ബോധ്യപ്പെടട്ടെ.” ജിജിത്ത് ഭാര്യ രാധികയോട് പറഞ്ഞു.
“അച്ഛാ, ഇത് വെറുതെ പറയുന്നതല്ല. സംഗതി സത്യമാണ്. പ്രേതങ്ങളുണ്ട്.” അച്ചു ഉറപ്പിച്ച് പറഞ്ഞു.
“കേട്ടോ, അവന് ഉറപ്പാണ്. അങ്ങനെയുണ്ടെങ്കില്‍ ഞങ്ങളൊന്ന് കണ്ട് വരട്ടെ.”
അച്ചുവിന്റെ അച്ഛന്റെ എടുത്തുചാട്ടം അമ്മയ്ക്ക് തീരെ ഇഷ്ടമല്ല. നീണ്ടുമെലിഞ്ഞ ആ മനുഷ്യന്, നിവര്‍ന്ന് നില്ക്കാന് കൂടിയുള്ള ആരോഗ്യമില്ലല്ലോ എന്ന് അമ്മ കളിയാക്കാറുണ്ട്. രണ്ടുവട്ടം ചിന്തിക്കാതെ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് അവന്റെ അമ്മയ്ക്ക് അച്ഛനെ ഇത്തരം കാര്യങ്ങള്‍ക്ക് പുറത്ത് വിടാന്‍ പേടിയാണ്. എവിടുന്നെങ്കിലും അടി വാങ്ങിച്ച് വന്നേക്കും എന്ന് അമ്മ പരിഹസിക്കാറുണ്ട്. അടി കൊള്ളാനുള്ള ആരോഗ്യമുണ്ടെങ്കില്‍ എടുത്തുചാട്ടം കുഴപ്പമില്ലായിരുന്നു. ഇതങ്ങനെയല്ലല്ലോ? അമ്മ പറയും.
ക്യാപറ്റന്റെ കൂടെയാണ് പോകുന്നതെന്ന് കേട്ടപ്പോള്‍ അമ്മക്ക് സമാധാനമായി. അവര്‍ പിന്നെ തര്‍ക്കത്തിന് വന്നില്ല.
അപ്പോള്‍ സമയം പത്ത് മണി കഴിഞ്ഞിരുന്നു. ക്യാപ്റ്റന്‍ സന്ദീപ് തന്റെ ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കി. അച്ചുവിന് ബുള്ളറ്റ് വലിയ ഇഷ്ടമാണ്. അതുകൊണ്ട് അവന് ക്യാപ്റ്റന്റെ ബുളളറ്റിന്റെ പിന്നില്‍ കയറി.
അച്ചുവിന്റെ അച്ഛന് ജിജിത്ത് പിന്നലെ മറ്റൊരു ബൈക്കില്‍ യാത്ര തുടങ്ങി. അച്ചുവിന്റെ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമേ ആളൊഴിഞ്ഞ ആ വീട്ടിലേക്കുള്ളൂ. അടുത്തൊന്നും ആള്‍ത്താമസമില്ല.
ഗ്രാമപ്രദേശമായതിനാലും കോവിഡ് കാരണവും കടകളും മറ്റും ഒന്‍പത് മണിക്കു തന്നെ അടയ്ക്കുന്നതിനാല്‍ റോഡില്‍ ആളുകള്‍ കുറവായിരുന്നു. അങ്ങനെയൊരു അവസ്ഥയില്‍ ആളൊഴിഞ്ഞ ഈ വീട്ടില്‍ രാത്രികളില്‍ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ എന്തോ ദൂരൂഹതയുണ്ടെന്ന് സന്ദീപ് ഊഹിച്ചു. അതുകൊണ്ടുകൂടിയാണ് അയാള്‍ പാതിരാത്രി ഇറങ്ങിപ്പുറപ്പെട്ടത്.

നല്ല നിലാവുള്ള രാത്രിയായിരുന്നു അത്. മഴക്കോളുളളതിനാല് കറുത്ത മേഘങ്ങള്‍ ഇടക്കിടെ തിളങ്ങുന്ന ചന്ദ്രന്റെ മുഖം മറയ്ക്കുന്നതൊഴിച്ചാല്‍ നീണ്ട വഴിയും വലിയ കോട്ടപോലുള്ള വീടും ദൂരെ നിന്നേ കാണാന്‍ കഴിയുമായിരുന്നു. ഈ വീടിന് തൊട്ടുപിന്നില്‍ പഴയൊരു ഓട്ടുകമ്പനിയാണ്. ഇപ്പോഴത് പ്രവര്‍ത്തിക്കുന്നില്ല. ഓട്ടുകമ്പനിയുടെ വലിയ പുകക്കുഴല്‍ വീടിന് പിന്നിലായി കാണാമായിരുന്നു.
“നമ്മള് ബുള്ളറ്റുമായി അവിടേക്ക് ചെന്നാല്‍ പ്രേതങ്ങള്‍ ഓടിക്കളയുമോ?” രാത്രിയില്‍ ഒഴിഞ്ഞ റോഡ് നോക്കിക്കൊണ്ട് ബൈക്കിന്റെ പിന്‍വശത്ത് ഇരിക്കുന്ന അച്ചു ശബ്ദമുയര്‍ത്തി ചോദിച്ചു. അച്ചുവിന് പ്രേതങ്ങളെ പേടിയാണെങ്കിലും ക്യാപ്റ്റന്റെ കൂടെ സഞ്ചരിക്കുമ്പോള്‍ ധൈര്യം തോന്നി. മാത്രമല്ല പ്രേതങ്ങളെ കാണാനുള്ള അവസരം നഷ്ടപ്പെടരുതേ എന്നും ആഗ്രഹിച്ചു.
“അത് ശരിയാ. നമുക്ക് വണ്ടി ഇവിടെ വെക്കാം,” എന്നും പറഞ്ഞ് ക്യാപ്റ്റന്‍ ബുള്ളറ്റ് റോഡിന്റെ വലത് വശത്തെ പറമ്പിനടുത്തേക്ക് തിരിച്ചു നിര്‍ത്തി. ആ പറമ്പിന് ചുറ്റും കമ്പി വേലി കെട്ടിയിട്ടുണ്ട്. അകത്തേക്ക് കടക്കാന്‍ ഒരു ഗേറ്റുമുണ്ട്. ആ പറമ്പിനുള്ളിലെ ചെറിയ കുന്നിനുമുകളിലായി മൊബൈല്‍ ടവറുണ്ട്. സന്ദീപ് വണ്ടി ഓഫാക്കി. പിന്നില്‍ വരുന്ന ജിജിത്തിനെ കാത്തു നിന്നു. ജിജിത്ത് അത്ര അകലത്തിലല്ലായിരുന്നു.
“ഇവിടെ നിര്‍ത്തുകയാണോ?” ജിജിത്ത് ചോദിച്ചു.
“വണ്ടിയുടെ ഒച്ചകേട്ട് പ്രതങ്ങള്‍ ഒഴിഞ്ഞു മാറിയാലോ എന്ന് അച്ചുവിനൊരു പേടി.” അതുകേട്ട് ചിരിച്ചുകൊണ്ട് ജിജിത്തും അവിടെ വണ്ടി നിര്‍ത്തി.
“രാധാകൃഷ്ണേട്ടാ…” ടവറിനുള്ളിലെ ഷെഡിലേക്ക് നോക്കി ജിജിത്ത് ഒന്ന് വിളിച്ചു. ടവറിന് കീഴിലുള്ള നീല പെയ്ന്റടിച്ച ഷെഡില്‍ വെളിച്ചമുണ്ടായിരുന്നു. അതിനര്‍ത്ഥം രാധാകൃഷ്ണന് അവിടെയുണ്ടെന്നാണ്. അയാള്‍ മൊബൈല്‍ ടവറിലെ ടെക്നീഷ്യനാണ്. എല്ലാം നോക്കി നടത്തുന്നയാള്‍ എന്ന് പറയുന്നതാകും നല്ലത്. ആ ടവര്‍ മാത്രമല്ല, പഞ്ചായത്തില്‍ പലയിടങ്ങളിലുള്ള ഇരുപത് മൊബൈല്‍ ടവറുകളുടെ നോട്ടച്ചുമതല അയാള്‍ക്കാണ്. ടവറില്‍ ഡീസല്‍ ഒഴിക്കുക, എന്തെങ്കിലും അലാം ഉണ്ടോയെന്ന് നോക്കുക, കറണ്ട് പോയാല്‍ ഇലക്ട്രിസിറ്റിബോര്‍ഡില്‍ അറിയിക്കുക ഇങ്ങനെ പലതും ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ജോലിയാണ്. കുറേ ടവറുകള്‍ നോക്കാനുള്ളതുകൊണ്ട് എപ്പോഴും അവിടെത്തന്നെ ഉണ്ടായിരിക്കണമെന്നില്ല.
“എന്തോ?” ടവറിന് കീഴെയുള്ള ഷെഡിലെ വെളിച്ചത്തിലേക്ക് ഇറങ്ങിവന്ന് രാധാകൃഷ്ണന് വിളി കേട്ടു.
“ഞങ്ങള്‍ വണ്ടി ഒന്ന് ഇവിടെ വെക്കുന്നുണ്ട്. ഒരു കണ്ണ് വേണം.” ജിജിത്ത് ഒച്ചത്തില്‍ പറഞ്ഞു. അത് അയാളുടെ ശീലമാണ്. രാത്രിയിലെ നിശ്ശബ്ദതയില്‍ അത്ര ശബ്ദം ആവശ്യമില്ല.
“ആയിക്കോട്ടേ.” മറുപടി പറഞ്ഞുകൊണ്ട് അയാൾ തിരികെ ഷെഡിലേക്ക് കയറി.

അവര്‍ മൂന്നുപേരും ഒഴിഞ്ഞ റോഡിലൂടെ നടന്നു. ആ നടത്തത്തില്‍ അച്ചുവിന് രസം പിടിച്ചു. റോഡിന്റെ രണ്ടുഭാഗത്തും കതിരിട്ട നെല്‍ നിറഞ്ഞ വയല്‍. വയല്‍ അവസാനിക്കുന്നത് ദൂരെ കവുങ്ങും തെങ്ങും നിറഞ്ഞ പറമ്പ്. രാത്രിയില്‍ കവുങ്ങുകളും തെങ്ങുകളും താളത്തില്‍ തലയാട്ടുന്നുണ്ട്. നേര്‍ത്ത കാറ്റ് നെല്ത്തലപ്പുകളെ തലോടി ഒരു വശത്തേക്ക് ഒതുക്കുന്നു. അടുത്ത നിമിഷം മറുവശത്തേക്ക് നെല്ലുകള്‍ ചായുന്നു.
ഇത്രയും വിജനമായ ഒരിടത്തുകൂടി അച്ചു ഇതുവരെ നടന്നിട്ടില്ല. റോഡ് വളയുന്നിടത്താണ് കേളുവേട്ടന് പറഞ്ഞ പ്രേതഭവനം. രാത്രിയില്‍ നിലാവില് അത് മനോഹരമായ കാഴ്ചയായിരുന്നു. അതിനടുത്തേക്ക് നടന്നെത്തുന്തോറും കെട്ടിടം വലുതായി വരുന്നതായി അച്ചുവിന് തോന്നി.
ജിജിത്ത് ഒരു മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു. അച്ചു ക്യാപ്റ്റന്റെ കൈപിടിച്ചാണ് നടക്കുന്നത്. ക്യാപ്റ്റനാകട്ടെ ചുറ്റുപാടും നോക്കി ഗൗരവത്തില്‍ നടക്കുകയാണ്. അവര്‍ ആ വീടിന്റെ ഗേറ്റിനടുത്തെത്താറായി. ഇപ്പോള്‍ പിന്നിലെ ഓട്ടുകമ്പനി വ്യക്തമായി കാണാം. അതിന്റെ മതില് ഓടുകള്‍ അടുക്കിവച്ച് നാലാള്‍പൊക്കത്തില്‍ നിര്‍മ്മിച്ചതാണ്. മുഴുവന്‍ പച്ചിലപ്പടര്‍പ്പുകള്‍ വളര്‍ന്ന് കറുത്ത നിറമായിരിക്കുന്നു. മതിലിന് പിന്നില്‍ ഓട്ടുകമ്പനിയുടെ കെട്ടിടങ്ങളുടെ മുകള്ഭാഗം കാണാം. ആ കെട്ടിടങ്ങളുടെ വലുപ്പം കണ്ടപ്പോള്‍ അച്ചുവിന് പേടി തോന്നി.
അവര്‍ ആളൊഴിഞ്ഞ വീടിന്റെ മുന്നിലെത്തി. ഗേറ്റില്‍ നിന്ന് നോക്കുമ്പോള്‍ എങ്ങും ചെടികള്‍ പടര്‍ന്ന് കിടക്കുന്നു. ഉള്ളിലേക്കുള്ള വഴി ഇലകള്‍ പടര്‍ന്നതിനാല്‍ അവ്യക്തമായിരുന്നു. വീടിന്റെ ഉമ്മറത്ത് വലിയ തുണുകള്‍ കാണുന്നുണ്ട്. വെള്ളനിറമുളള കെട്ടിടം നിലാവില് തിളങ്ങുന്നുണ്ടായിരുന്നു.
അവര്‍ സൂക്ഷമമായി നോക്കി. ആ പറമ്പില്‍ വീട് കൂടാതെ പിന്നെയും കെട്ടിടങ്ങളുണ്ട്. ഒരു വശത്ത് വലിയ കാര്‍ ഷെഡ്. മറുവശത്ത് പണിക്കാര്‍ക്ക് താമസിക്കാനുള്ള മറ്റൊരു കെട്ടിടം. പിന്‍ഭാഗത്ത് എന്തെങ്കിലുമൊക്കെ കാണണം. പക്ഷെ വീടിന്റെ വലുപ്പം കാരണം ഒന്നും കാണാന്‍ പറ്റുന്നില്ല.
അവര്‍ നോക്കി നില്‍ക്കെ ആകാശം ഇരുണ്ടു തുടങ്ങി. അച്ചു ആകാശത്തേക്ക് നോക്കി. വലിയ മേഘപാളി ചന്ദ്രനെ മറയ്ക്കാന്‍ തുടങ്ങുന്നു. അവര്‍ പെട്ടെന്ന് കൂരാക്കൂരിരുട്ടില്‍ എത്തിപ്പെട്ടതുപോലെയായി.
“ഇത് വെറുതെയാണ്. ഇവിടെയെങ്ങും ആരുമില്ല.” ജിജിത്ത് നിരാശനായി പറഞ്ഞു.
ഇരുട്ട് പരന്നപ്പോള്‍ അച്ചുവിന് പേടി തോന്നി. അവന് ക്യാപ്റ്റന്റെ കൈ മുറുക്കിപ്പിടിച്ചു. അയാളെ നോക്കി. കാണാനാകുന്നില്ല. അത്രക്ക് ഇരുട്ട് പരന്നിരുന്നു.
ജിജിത്തിന്റെ അഭിപ്രായത്തിന് ക്യാപ്റ്റന്‍ മറുപടി പറഞ്ഞില്ല. കാരണം അയാള്‍ എന്തോ കാണാന്‍ തുടങ്ങിയിരുന്നു. വീടിനുമുന്നിലൂടെ ഒരു ചുവന്ന വെളിച്ചം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ആരെയും കാണുന്നില്ല. ചുവന്ന വെളിച്ചം മാത്രം. അത് കണ്ട് അച്ചു വിറയ്ക്കാന്‍ തുടങ്ങി. അവന് ക്യാപ്റ്റനോട് ചേര്‍ന്ന് നിന്നു.