scorecardresearch

ഇരുള്‍ഭവനത്തിലെ രഹസ്യങ്ങള്‍ അദ്ധ്യായം 11

'"അല്ല. അയാള്‍ വെറും കാവല്‍ക്കാരന്‍ മാത്രം. ഇത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാനും കോളുകള്‍ കൈമാറ്റം ചെയ്യാനും ഒന്നും ആരുടേയും സഹായം വേണ്ട. അടച്ചിട്ട മുറികളിലും ഇത് സുഖമായി പ്രവര്‍ത്തിക്കും."പ്രവീൺ ചന്ദ്രൻ എഴുതിയ കുട്ടികളുടെ കുറ്റാന്വേഷണ നോവൽ “ഇരുള്‍ഭവനത്തിലെ രഹസ്യങ്ങള്‍” അവസാനിക്കുന്നു.

'"അല്ല. അയാള്‍ വെറും കാവല്‍ക്കാരന്‍ മാത്രം. ഇത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാനും കോളുകള്‍ കൈമാറ്റം ചെയ്യാനും ഒന്നും ആരുടേയും സഹായം വേണ്ട. അടച്ചിട്ട മുറികളിലും ഇത് സുഖമായി പ്രവര്‍ത്തിക്കും."പ്രവീൺ ചന്ദ്രൻ എഴുതിയ കുട്ടികളുടെ കുറ്റാന്വേഷണ നോവൽ “ഇരുള്‍ഭവനത്തിലെ രഹസ്യങ്ങള്‍” അവസാനിക്കുന്നു.

author-image
Praveen Chandran
New Update
ഇരുള്‍ഭവനത്തിലെ രഹസ്യങ്ങള്‍  അദ്ധ്യായം 11

ഒരു സംഘട്ടനം

ബുള്ളറ്റില്‍ നിന്ന് ഇറങ്ങി ഓടി ആ കാറിനെ പിടിക്കണമെന്ന് അച്ചുവിന് തോന്നി. പക്ഷെ താന്‍ എത്ര വേഗത്തില്‍ ഓടേണ്ടിവരും. ഒരു കണക്കുമില്ല. അവന്‍ ബുള്ളറ്റിന്റെ പിന്നിലിരുന്ന തല നീട്ടി മുന്നോട്ട് നോക്കിയിരുന്നു. നീലപ്പൊട്ട് വലുതായി വരുന്നു. അതിവേഗത്തില്‍ സഞ്ചരിച്ചതിനാല്‍ കാറ്റ് കണ്ണില്‍തട്ടി അച്ചുവിന്റെ കണ്ണ് അടഞ്ഞു പോകുന്നുണ്ടായിരുന്നു. പക്ഷെ ആവേശത്താല്‍ അവന്‍ കണ്ണ് തുറന്നുപിടിച്ചു.

Advertisment

ബൈക്ക് വേഗത്തില്‍ സഞ്ചരിച്ചു. ഇപ്പോള്‍ അത് കാറിന്റെ തൊട്ടടുത്ത് എത്തിയിരിക്കുന്നു. ആ സമയത്താണ് ഒരു ബസ് കുറുകെയുള്ള റോഡില്‍ നിന്ന് നിരത്തിലേക്ക് കയറിയത്. ബസ് കടന്നുപോകുന്നത് വരെ ക്യാപറ്റന് ബൈക്ക് നിര്‍ത്തേണ്ടി വന്നു. ബസ് കടന്നുപോയ ഉടനെ ബുള്ളറ്റ് അതിവേഗത്തില്‍ ഓടിച്ചു. അച്ചുവിന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടി. കള്ളന്‍മാരെ അടിച്ചുവീഴ്ത്തുന്ന കാഴ്ച അവന്‍ മനസ്സില്‍ സങ്കൽപ്പിച്ചു.

ബസ് കടന്നുപോയ അവസരത്തില്‍ നീല കാര്‍ ഒരു പാട് മുന്നോട്ട് പോയിരുന്നു. മാത്രമല്ല തങ്ങളെ ബൈക്കും ബുള്ളറ്റും പിന്‍തുടരുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു എന്ന് തോന്നുന്നു.
ക്യാപ്റ്റന്‍ ബൈക്കിന്റെ വേഗം കൂട്ടി. നീല കാറിന്റെ തൊട്ടടുത്തെത്തി. പരമാവധി വേഗത്തില്‍ പോയി അവര്‍ കാറിന്റെ മുന്നിലെത്തി.

ബൈക്കുകള്‍ അവരെ കടന്നുപോയപ്പോള്‍ അവര്‍ തങ്ങളെ പിന്‍തുടരുകയല്ല എന്ന് സംശയിച്ച് അവര്‍ കാറിന്റെ വേഗത കുറച്ചു. ക്യാപറ്റന്‍ പിന്നെയും കുറേ ദൂരം മുന്നോട്ട് പോയി ബുള്ളറ്റ് റോഡിന് കുറുകെ നിര്‍ത്തി അച്ചുവിനെ തൂക്കിയെടുത്ത് അതില്‍ നിന്ന് ഇറങ്ങി. കുറേക്കൂടി മുന്നില്‍ ചെന്ന് ജിജിത്തും അതുപോലെ ബൈക്ക് നിര്‍ത്തി. ക്യാപ്റ്റന്‍ പെട്ടെന്ന് ഫോണെടുത്ത് സുഹൃത്തായ പൊലീസ് ഓഫീസറെ വിളിച്ചു.

Advertisment
publive-image


"ഞാന്‍ പറഞ്ഞ ആളുകളെ പിടിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പൊലീസിനെ ഇവിടെ എത്തിക്കണം."

ക്യാപ്റ്റന്‍ കൃത്യമായ സ്ഥലം ഫോണിലൂടെ പറഞ്ഞു കൊടുത്തു .നേരത്തെ പറഞ്ഞുറപ്പിച്ച സംഭാഷണത്തിന്റെ തുടര്‍ച്ചപോലെയാണ് ക്യാപ്റ്റന്‍ സംസാരിച്ചത്. അച്ചുവിനെ കണ്ടെത്തിയതിന് ശേഷം ആദ്യമായാണ് ക്യാപ്റ്റന്‍ ഫോണില്‍ സംസാരിക്കുന്നത്. ക്യാപ്റ്റന്‍, ഇവര്‍ കള്ളന്‍മാരാണെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നോ? അച്ചുവിന് അദ്ഭുതമായി.

അവര്‍ കാറ് നിര്‍ത്തി. "റോഡിന് നടുവിലാണോ വണ്ടി പാര്‍ക്ക് ചെയ്യുന്നത്?" കാറില്‍ നിന്ന് ഒരാള്‍ തല പുറത്തേക്കിട്ടുകൊണ്ട് ചോദിച്ചു.

അച്ചുവിനെ ഒഴിഞ്ഞ ഭാഗത്തേക്ക് നിര്‍ത്തി ക്യാപ്റ്റന്‍ കാറിനടുത്തേക്ക് നടന്നു. കാറിനുള്ളില്‍ നാലുപേരുണ്ടായിരുന്നു. അതില്‍ ഒറ്റക്കണ്ണുള്ള വൃദ്ധനെ അയാള്‍ തിരിച്ചറിഞ്ഞു.

"അതെ."

കാര്യം പന്തികേടാണെന്ന് മനസ്സിലാക്കിയ ഉടനെ കാറില്‍ നിന്ന് ഡ്രൈവറടക്കം മൂന്ന് ചെറുപ്പക്കാര്‍ പുറത്തിറങ്ങി.

"നിങ്ങള്‍ ബൈക്കെടുത്ത് മാറ്റണം. അല്ലെങ്കില്‍ അനുഭവിക്കേണ്ടി വരും." കാര്‍ ഓടിച്ചിരുന്നയാള്‍ ഒച്ചത്തില്‍ പറഞ്ഞു.

ക്യാപ്റ്റന്‍ അതിന് മറുപടി പറഞ്ഞില്ല. അവരിലൊരാള്‍ ബുള്ളറ്റെടുത്ത് മാറ്റാനായി അതിനടുത്തേക്ക് നടന്നു. പൊലീസ് വരുന്നത് വരെയുള്ള സമയം അവരെ തടഞ്ഞു നിര്‍ത്തണം എന്ന ലക്ഷ്യത്തോടെ ക്യാപ്റ്റന്‍ ബുള്ളറ്റിനടുത്തേക്ക് നടന്നു. അതിന് മുന്നില്‍ നിന്നു.

ആ ചെറുപ്പക്കാരന്‍ ക്യാപ്റ്റനെ അടിക്കാന്‍ കൈയ്യോങ്ങി. ക്യാപ്റ്റന്‍ കൈമുട്ടില്‍ തന്ത്രപൂര്‍വ്വം പിടിച്ച് തിരിച്ചു. അയാള്‍ വേദനകൊണ്ട് പുളഞ്ഞ് പിന്നോട്ട് നീങ്ങി. അങ്ങനെയൊരു നീക്കം ആ ചെറുപ്പക്കാരന്‍ പ്രതീക്ഷിച്ചിരുന്നില്ല.

അത് കണ്ട് മറ്റുള്ളവര്‍ നോക്കി നിന്നില്ല. ബാക്കി രണ്ടുപേര്‍ അടുത്ത് വന്നു. ജിജിത്തും അവിടേക്ക് വന്നു. അവര്‍ തമ്മില്‍ വാക്കേറ്റവും അടിപിടിയും നടന്നു. അപ്പോഴേക്കും ഒന്ന് രണ്ട് വാഹനങ്ങള്‍ വന്ന് റോഡ്‌ ബ്ലോക്കായി തുടങ്ങിയിരുന്നു.

അതോടെ ചെറുപ്പക്കാര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടാനായി ശ്രമിക്കുന്നതായി ക്യാപ്റ്റന് തോന്നി. ക്യാപ്റ്റനും ജിജിത്തും അവര്‍ രക്ഷപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചു. അൽപ്പ സമയത്തിനകം പൊലീസ് വന്നു. നാല് പേരെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. സിനിമയില്‍ കാണുന്നതുപോലെ വലിയൊരു സംഘട്ടനം പ്രതീക്ഷിച്ച അച്ചുവിന് നിരാശ തോന്നി. എങ്കിലും കള്ളന്‍മാരെ പിടികൂടിയതില്‍ അവന്‍ സന്തോഷിച്ചു.

പൊലീസ് അവരുടെ കാറും ഉപകരണങ്ങളും പിടിച്ചെടുത്തു. പിറ്റേന്ന് പത്രത്തില്‍ കള്ള ടെലിഫോണ്‍ എക്‌സേഞ്ച് നടത്തിയ ആളുകളെ പിടിച്ചതിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ നാല് പേര്‍ അന്ന് മുറിയില്‍ കണ്ട പെട്ടികളുമായി നില്‍ക്കുന്ന ഫോട്ടോയാണ് എല്ലാ പത്രത്തിലും വന്നത്. പത്രത്തിലെവിടെയും ക്യാപ്റ്റന്റെ പേര്‍ കാണാഞ്ഞ് അച്ചുവിന് സങ്കടം വന്നു. അച്ചു അക്കാര്യം ക്യാപ്റ്റനോട് പറഞ്ഞു.

publive-image


"പേര് വരുന്നതിലല്ല അവരെ പിടിക്കുന്നതിലാണ് കാര്യം." ക്യാപ്റ്റന്‍ മറുപടി പറഞ്ഞു.

"ഒരു സംശയം. ഇന്നലെ പോലീസിനെ ഫോണ്‍ ചെയ്തപ്പോള്‍ എല്ലാം പറഞ്ഞുറപ്പിച്ചതുപോലൊണല്ലോ അങ്കിൾ സംസാരിച്ചത്. ഇവരെ നേരത്തെ അറിയാമായിരുന്നോ?" അച്ചു ചോദിച്ചു.

"നമ്മള്‍ രാത്രി അവിടെ പോയപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു. ആ വീട്ടില്‍ ആളുകളെ കണ്ട് തുടങ്ങിയത് മുതലാണ് ഇവിടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ കിട്ടാതായത്. നമ്മള്‍ ടവറിനടുത്തേക്ക് പോയപ്പോഴും രാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞല്ലോ? ഇങ്ങനെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരേ സമയം നൂറുകണക്കിന് ടെലിഫോണ്‍ കോളുകള്‍ ഇതില്‍ നിന്ന് പുറപ്പെടും. അതും തുടര്‍ച്ചയായി കോള്‍ വരും. ഓരോ മൊബൈല്‍ ടവറിനും കൈകാര്യം ചെയ്യാവുന്ന പരമാവധി കോളുകള്‍ ഉണ്ട്. ഈ കള്ള എക്‌സേഞ്ചുകാരുടെ സിമ്മില്‍ നിന്നുള്ള കോളുകള്‍ കാരണം മറ്റാര്‍ക്കും വിളിച്ചാല്‍ കിട്ടില്ല."
ക്യാപ്റ്റന്‍ വിശദീകരിച്ചു.

പട്ടാളത്തില്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തിലായതിനാല്‍ ക്യാപ്റ്റന് അക്കാര്യത്തില്‍ മുന്‍പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മറുപടി കേട്ട് അച്ചു അമ്പരപ്പോടെ നോക്കി.

"അത് പ്രവര്‍ത്തിപ്പിക്കാന്‍ ആള് വേണ്ടേ. ഒറ്റക്കണ്ണുള്ളയാളായിരുന്നോ എല്ലാം നോക്കിയത്?" അച്ചു ചോദിച്ചു.

"അല്ല. അയാള്‍, വെറും കാവല്‍ക്കാരന്‍ മാത്രം. ഇത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാനും കോളുകള്‍ കൈമാറ്റം ചെയ്യാനും ഒന്നും ആരുടേയും സഹായം വേണ്ട. അടച്ചിട്ട മുറികളിലും ഇത് സുഖമായി പ്രവര്‍ത്തിക്കും. ഇന്നലെ പകല്‍ ഞാന്‍ ഇത് സംബന്ധിച്ച് സംശയങ്ങള്‍ പൊലീസിനേയും ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനേയും അറിയിച്ചിരുന്നു. അവര്‍ ടവറിലെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുയായിരുന്നു. അവര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കും. പക്ഷെ അച്ചു ഇന്നലെ അവിടെ കയറിച്ചെന്നതിലാണ് അവര്‍ ഇന്നലെ തന്നെ കടന്നുകളഞ്ഞത്. ഇല്ലെങ്കില്‍ കുറേ ദിവസം കൂടി ഇവിടെ കണ്ടേനേ." ക്യാപ്റ്റന്‍ പറഞ്ഞു.

"അപ്പോ അച്ചുവാണ് കള്ളന്‍മാരെ പിടിച്ചത്."

"അതെ. അച്ചു തന്നെ." ക്യാപ്റ്റന്‍ അവനെ അഭിനന്ദിച്ചു.

അച്ചു തല ഉയര്‍ത്തിപ്പിടിച്ച് ചുറ്റും നോക്കി. അത് കണ്ട് ക്യാപ്റ്റന് ചിരിവന്നെങ്കിലും അയാള്‍ അത്പുറത്ത് കാണിച്ചില്ല.

"അണലിയുടെ മരണവുമായി ഇവര്‍ക്കെന്താണ് ബന്ധം." ജിജിത്ത് ചോദിച്ചു.

"അണലിക്ക് ലഹരി മരുന്ന് കൊടുത്തവര്‍ ഈ കള്ള ടെലിഫോണ്‍ എക്‌സേഞ്ച് വഴിയാണ് കോളുകള്‍ ചെയ്തത്. അതുകൊണ്ടു തന്നെ ആരെ വിളിച്ചു എന്നും മറ്റുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ബുദ്ധിമുട്ടാണ്. എല്ലാ കോളുകളും അങ്ങനെയുള്ളവയായിരുന്നില്ല. അതുകൊണ്ട് പൊലീസുകാര്‍ക്ക് ചിലരെപ്പറ്റിയുള്ള വിവരങ്ങള്‍ കിട്ടിയിരുന്നു. എന്തൊക്കെയായാലും അണലിക്കും മറ്റും ലഹരി മരുന്ന് എത്തിക്കുന്നവരെ പൊലീസ് തീര്‍ച്ചയായും പിടിക്കും. പക്ഷേ, അത് ശ്രമകരമാണ്. ഇത്തരം വ്യാജ ടെലിഫോണ്‍ സംവിധാനങ്ങള്‍ ആരെയൊക്കെ മരണത്തിലേക്കും അപകടത്തിലേക്കും കൊണ്ടു ചെന്നെത്തിക്കും എന്ന് പറയാന്‍ സാധിക്കില്ല." ക്യാപ്റ്റന്‍ പറഞ്ഞു.

കള്ളന്‍മാരെ പിടിക്കാനുള്ള ശ്രമത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷം അച്ചുവിന് അപ്പോഴും അടക്കാന്‍ സാധിച്ചില്ല.

"ക്യാപ്റ്റന്‍ അടുത്ത കള്ളനെ പിടിക്കുമ്പോള്‍ എന്നെയും കൂട്ടണം."

"തീര്‍ച്ചയായും..." അദ്ദേഹം അച്ചുവിന് ഉറപ്പുകൊടുത്തു. അച്ചു വീട്ടിലേക്ക് തലയയുര്‍ത്തിപ്പിടിച്ച് തിരിച്ചുപോയി.

പത്രവാര്‍ത്ത വന്ന ദിവസം വൈകീട്ട് ബസാറില്‍ വച്ച് കേളുവേട്ടന്‍ മീന്‍കാരന്റെ അടുത്ത് നിന്ന് നാട്ടുകാരോടായി ചോദിച്ചു.

"ഞാനപ്പഴേ പറഞ്ഞില്ലേ. ഇവിടെ എന്തെങ്കിലും സംഭവിക്കും എന്ന്. കണ്ടില്ലേ ഞാന്‍ പറഞ്ഞതുപോലെ സംഭവിച്ചില്ലേ?" പത്രം ഉയര്‍ത്തിക്കാട്ടിയാണ് കേളുവേട്ടന്‍ സംസാരിച്ചത്.

"'ഇപ്രാവശ്യം ചക്കവീണ് മുയല്‍ ചത്തു. അല്ലേ?" മീന്‍കാരന്‍ പോക്കര്‍ക്ക പറഞ്ഞു. കേളുവേട്ടന്‍ അത് കേള്‍ക്കാത്ത ഭാവത്തില്‍ തന്റെ വീരസാഹസങ്ങള്‍ വിശദീകരിച്ചുകൊണ്ടിരുന്നു. ബസാറിലൂടെ സാധാരണപോലെ ആളുകള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഒരു കഥ അവസാനിച്ച സന്തോഷത്തില്‍ ക്യാപ്റ്റന്‍ സന്ദീപ് ഒരു നോവല്‍ വായിക്കാനെടുത്തു. അയാള്‍ പുസ്തകവുമായി കസേരയിലേക്ക് ചാഞ്ഞിരുന്നു.

നോവല്‍ അവസാനിച്ചു

Read More: പ്രവീണ്‍ ചന്ദ്രന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Children Malayalam Writer Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: