കള്ളന്മാരെ പിന്തുടരുന്നു
ക്യാപ്റ്റന്‍ അവിടെ വന്ന് കയറിയ മൂന്നുപേരും എന്താണ് ചെയ്യുന്നത് എന്ന് വാതില്‍ വിടവില്‍ ചെവി അടുപ്പിച്ച് വച്ച് ശ്രദ്ധിച്ചു. പല തരം ശബ്ദങ്ങള്‍. ആ മൂന്നു പേരും തൊട്ടടുത്ത മുറിയില്‍ നിന്ന് എന്തൊക്കെയോ എടുത്തു മാറ്റുന്നതിന്റെ ശബ്ദം.
ക്യാപ്റ്റന്‍ അപകടം മനസ്സിലായി. അപ്പോള്‍ വന്ന ചെറുപ്പക്കാര്‍ എല്ലാ ഉപകരണങ്ങളും എടുത്ത് മാറ്റി അവിടെ നിന്ന് രക്ഷപ്പെടാന്‍ പോകുന്നു. അവര്‍ ഇവയെല്ലാം കൊണ്ടുപോയി മറ്റെവിടെയെങ്കിലും സ്ഥാപിക്കും. ഫോണ്‍ വിളിച്ചത് ആരാണെന്നോ എവിടേക്കാണെന്നോ അറിയാത്ത വിധം ഇനിയും ഇവ പ്രവര്‍ത്തിപ്പിക്കും. അതിന് അനുവദിച്ചുകൂട. ക്യാപ്റ്റന്‍ മനസ്സില്‍ പറഞ്ഞു.
“നമുക്ക് കാത്തിരിക്കാന്‍ സമയമില്ല. അവര്‍ രക്ഷപ്പെടുന്നതിന് മുമ്പ് പിടിക്കണം.” ക്യാപ്റ്റന്‍ പറഞ്ഞുകൊണ്ട് വാതിലില്‍ ചവുട്ടി.
“ഇത് പൊളിച്ചിട്ടാണെങ്കിലും പുറത്ത് കടക്കണം. അവരെ വിട്ടുകൂട.”
ജിജിത്തും ക്യാപറ്റനും ശക്തിയില്‍ വാതിലില്‍ ചവുട്ടി. വാതില്‍ ഇളകുന്നുണ്ടെങ്കിലും തുറന്നില്ല. പുറത്ത് നിന്നുളള ചുവടുവെപ്പുകള്‍ക്ക് ആക്കം കൂടി. ക്യാപ്റ്റന്‍ വാതിലില്‍ ഒരിക്കല്‍ കൂടി വാതിലില്‍ ആഞ്ഞു ചവുട്ടി. വാതില്‍ തുറന്ന് വന്നു. അപ്പോള്‍ മുറ്റത്ത് നിന്ന് കാര്‍ പുറത്തേക്ക് പോയി.
അവര്‍ വാതില്‍ തുറന്ന് നേരത്തെ ഉപകരണങ്ങള്‍ കണ്ട മുറിയിലെത്തി. എല്ലാം ശൂന്യം. ഒന്നും കാണാനില്ല. ക്യാപ്റ്റന്‍ കണക്ക് കൂട്ടിയതുപോലെ എല്ലാം എടുത്ത് മാറ്റി അവര്‍ രക്ഷപ്പെട്ടിരിക്കുന്നു.

“ഇനി എന്ത് ചെയ്യും?” ജിജിത്ത് ചോദിച്ചു.
അച്ചുവിന് കള്ളന്മാരെ പിടിക്കണമെന്നുണ്ട്. അവന് ആകാവന്നത്ര വേഗം ഓടാന്‍ സാധിക്കും. മറ്റെന്ത് ചെയ്യാനാകും. അവന് നിസ്സഹായതയോടെ ക്യാപ്റ്റനേയും അച്ഛനേയും മാറി മാറി നോക്കി.
“ആ ഒറ്റക്കണ്ണുള്ള വൃദ്ധനെ പിടിക്കണം. അയാള്‍ക്ക് തീര്‍ച്ചയായും ആരാണ് അവരെന്ന് പറയാനാകും.”
ജിജിത്ത് പറഞ്ഞു.
“ഇല്ല. അയാളും അവരുടെ ആള്‍ക്കാരാണ്. വേണമെങ്കില്‍ നോക്കിക്കോ. അയാളും അവരോടൊപ്പം രക്ഷപ്പെട്ടിട്ടുണ്ടാകും.”
ജിജിത്ത് വളരെവേഗം അവിടെ പരിശോധിച്ചു. ക്യാപ്റ്റന്‍ പറഞ്ഞത് ശരിയാണ്. അയാളെ എവിടെയും കാണാനില്ല. അയാളും ഉപകരണങ്ങളോടൊപ്പം അപ്രത്യക്ഷനായിരിക്കുന്നു.
“ഇവിടെ നിന്ന് സമയം കളയണ്ട. നമുക്ക് അവരെ പിന്തുടരാം.” പുറത്ത് സൂര്യന്റെ വെളിച്ചം അവസാനിച്ചിട്ടില്ലായിരുന്നു.
“എത്രയും പെട്ടെന്ന് അവരെ പിടികൂടണം. അല്ലെങ്കില്‍ അവര്‍ ഇരുട്ടില്‍ മറഞ്ഞുപോകും.”
ക്യാപ്റ്റന്‍ അതും പറഞ്ഞ് വീടിന്റെ ഗേറ്റിന് മുന്നിലേക്ക് കുതിച്ചു. ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്തു. അച്ചു പിന്നില്‍ കയറിയിരുന്നു. പിന്നാലെ ജിജിത്തും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
അവര്‍ പോകാനിടിയുള്ള വഴി ഊഹിച്ചെടുത്ത് ക്യാപ്റ്റന്‍ ബസാറിലേക്ക് വണ്ടി ഓടിച്ചു. അവര്‍ അവിടെയെത്തിയപ്പോള്‍ കേളുവേട്ടന് ആ വഴിക്ക് വരുന്നത് കണ്ടു. ക്യാപറ്റന് ബൈക്ക് നിര്‍ത്തി.
“ഒരു നീല കാറ് ഈ വഴി പോകുന്നത് കണ്ടോ?”
കേളുവേട്ടന് ബീഡി വലിച്ചുകൊണ്ടിരിക്കുയായിരുന്നു. അയാള്‍ പുക നന്നായൊന്ന് ഊതി പുറത്തേക്ക് വിട്ട് അവരെ നോക്കി.
“കേളുവേട്ടാ, ചോദിച്ചത് കേട്ടില്ലേ?”
ക്യാപ്റ്റന്‍ ശബ്ദമുയര്‍ത്തി. ആ ചോദ്യം പന്തിയല്ല എന്ന് കണ്ട് കേളുവേട്ടന് പെട്ടന്നു തന്നെ മറുപടിക്ക് തയ്യാറായി.
“കണ്ടു. ഈ കേളുവേട്ടന് കാണാതെയും അറിയാതെയും ഇവിടെ ഒന്നും സംഭവിക്കില്ല.”
അയാള്‍ പറഞ്ഞു.
“ഏത് ഭാഗത്തേക്കാണ് പോയത്?”
അയാള്‍ നഗരത്തിലേക്കുള്ള ദിശ കാണിച്ചു.
“പിന്നെ…” കേളുവേട്ടന് എന്തോ പറയാന്‍ നാവെടുത്തു. അത് കേള്‍ക്കാന്‍ നില്‍ക്കാതെ ക്യാപ്റ്റന്‍ ബുള്ളറ്റിന്റെ ആക്സിലേറ്റര്‍ ശക്തിയില്‍ തിരിച്ചു. വണ്ടി അതിവേഗം ആ ഗ്രാമപാതയിലൂടെ മുന്നോട്ടു പോയി. ഇനി നാലഞ്ച് കിലോമീറ്ററിനിടക്ക് മറ്റൊരു ഭാഗത്തേക്ക് പോകാന്‍ സാധിക്കില്ല.
അഞ്ച് കിലോമീറ്റര്‍ കഴിഞ്ഞുള്ള നാല്ക്കവലയില് പിന്നെയും അവര്‍ക്ക് വണ്ടി നിര്‍ത്തേണ്ടി വന്നു. ക്യാപ്റ്റന്‍ ബൈക്കില്‍ നിന്ന് ഇറങ്ങി റോഡില്‍ നില്ക്കുന്ന ഒരാളോട് നീല കാറിനെപ്പറ്റി അന്വേഷിച്ചു. അതിവേഗം പോയതിനാല്‍ അയാളത് ശ്രദ്ധിച്ചിരുന്നു. അയാള്‍ കാറ് വലത് ഭാഗത്തേക്കാണ് പോയത് എന്ന് കാണിച്ചു. നഗരത്തിലേക്കല്ല. മറ്റൊരു ഉള്‍ഗ്രാമത്തിലേക്കാണ് ആ വഴി ചെന്നെത്തുന്നത്.

“അങ്കിള്‍, വേഗം വിട്…” അച്ചു ആവേശം കൂട്ടി. അവന് എന്തെന്നറിയാത്ത ദേഷ്യം അവരോടുണ്ടായിരുന്നു. അവനെ മുറിയിലടച്ചതുകൊണ്ട് മാത്രമായിരുന്നില്ല. എന്തോ കുറ്റകൃത്യം ചെയ്യുന്നവരാണ് അവര്‍ എന്ന കാര്യമാണ് അവന് അവര്‍ക്കെതിരെ ചിന്തിക്കാന്‍ കാരണമായത്.
ക്യാപ്റ്റന്‍ ബുള്ളറ്റ് നേരത്തേതുപോലെ വേഗത്തിലാക്കി. ഇടക്കിടെ ജിജിത്തിന്റെ വണ്ടി വല്ലാതെ പിന്നിലാകുന്നുണ്ടായിരുന്നു. ക്യാപ്റ്റന്‍ ആ സമയത്ത് വേഗം കുറയ്കുന്നുണ്ടോ എന്ന് സംശയിച്ച് അച്ചു പറഞ്ഞു “വേഗത്തിലാവട്ടെ. അച്ഛന് മെല്ലെ വന്നോട്ടെ.”
ക്യാപ്റ്റന്‍ അതിവേഗം സഞ്ചരിച്ചു. റോഡിന്റെ നേരെ നീണ്ട് കിടക്കുന്ന ഭാഗത്തെത്തിയപ്പോള്‍ ദൂരെ ഒരു നീല പൊട്ട് ധൃതഗതിയില്‍ മുന്നോട്ട് നീങ്ങുന്നു. അതെ ആ കാറ് തന്നെ.
“വേഗം, സ്പീഡ് കൂട്ട് അങ്കിള്‍.” അച്ചു അലറി. ക്യാപ്റ്റന്‍ ബുള്ളറ്റിന്റെ വേഗം പിന്നെയും കൂട്ടി. ജിജിത്ത് ക്യാപ്റ്റന്റെ അടുത്തെത്താന്‍ നന്നേ പാടുപെട്ടു. ക്യാപ്റ്റനും ജിജിത്തും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുത്തുകൊണ്ട് അതിവേഗം കുതിച്ചു.